1,69,896 കോടിയുടെ വായ്പയ്ക്ക് കണക്കില്ലെന്ന് സിഎജി; റിപ്പോർട്ട് പാർലമെന്റിൽ

ബജറ്റേതര വായ്പയുടെ പേരിൽ കിഫ്ബിയെ പൂട്ടിക്കാൻ നടക്കുന്ന കേന്ദ്രം, 1,69,698 കോടിയുടെ വായ്പാക്കണക്കുകൾ മറച്ചുവെച്ചെന്ന് സിഎജി. 2019-20 സാമ്പത്തിക വർഷത്തിൽ കേന്ദ്രസർക്കാരിന്റെ വിവിധ സ്ഥാപനങ്ങൾ കൈപ്പറ്റിയ ഭീമമായ വായ്പ ബന്ധപ്പെട്ട സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പരാമർശം. റിപ്പോർട്ട് കഴിഞ്ഞ ദിവസം പാർലമെന്റിന്റെ മേശപ്പുറത്തു വെച്ചു.

എയർ ഇന്ത്യ അസെറ്റ് ഹോൾഡിംഗ് ലിമിറ്റഡ് സർക്കാർ ഗ്യാരണ്ടിയോടെ കൈപ്പറ്റിയ 14985 കോടി സിവിൽ ഏവിയേഷൻ മന്ത്രാലയം കണക്കിൽ കൊള്ളിച്ചിട്ടില്ല. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ കണക്കിൽക്കൊള്ളിക്കാതെ മറച്ചുവെച്ചത് 36440 കോടിയുടെ വായ്പ. മുൻവർഷത്തെ മാറ്റിവെയ്ക്കപ്പെട്ട ബാധ്യതയായ 43483 കോടിയും നാഷണൽ ഹൈവേ അതോറിറ്റി സമാഹരിച്ച 74988 കോടിയും ബന്ധപ്പെട്ട സ്റ്റേറ്റ്മെന്റിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്നാണ് സിഎജി പരാമർശം.

കേന്ദ്രബജറ്റിന്റെ സ്റ്റേറ്റ്മെന്റ് 27 എന്ന രേഖയിലാണ് ബജറ്റിനു പുറത്തു നിന്നെടുക്കുന്ന വായ്പകളെ സംബന്ധിക്കുന്ന വിവരങ്ങളുള്ളത്. ബോണ്ടുകൾ, നാഷണൽ സോഷ്യൽ സെക്യൂരിറ്റി ഫണ്ടിൽ (NSSF) നിന്നുള്ള ലോൺ തുടങ്ങിയവ സംബന്ധിച്ച കണക്കുകളാണ് ഈ സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തേണ്ടത്. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും സ്വീകരിച്ച 22006.3 കോടിയുടെ വായ്പയും എൻഎസ്എസ്എഫിൽ നിന്ന് സ്വീകരിച്ച 126310 രൂപയുടെ വായ്പയും മാത്രമാണ് കണക്കിലുള്ളത്.

ഇതിനു പുറമെ 1.70 ലക്ഷം കോടിയോളം രൂപയും വായ്പയിനത്തിൽ കൈപ്പറ്റിയിട്ടുണ്ട്. എന്നാൽ ഇത് ബജറ്റ് രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സിഎജി പരാമർശം.