സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന 10-08-2023,14-08-2023

10.08.2023
(പ്രസിദ്ധീകരണത്തിന്‌)14

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്ക്‌ യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്‌. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ്‌ പണം നല്‍കിയത്‌. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്‌. ഇതിന്‌ വിശ്വാസ്യത ലഭിക്കുന്നതിനാണ്‌ മാസപ്പടിയാക്കി ചിത്രീകരിച്ചത്‌. നിന്ദ്യമായ ഈ നടപടി കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ച്‌ മരിക്കുമെന്ന്‌ പ്രഖ്യാപിച്ച മലയാള മനോരമയില്‍ നിന്ന്‌ വന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

രണ്ട്‌ കമ്പനികള്‍ തമ്മില്‍ ഉണ്ടാക്കിയ കരാര്‍ സുതാര്യമായ ഒന്നാണ്‌. അതിന്റെ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം ബാങ്ക്‌ മുഖേനയാണ്‌ നടന്നിട്ടുള്ളത്‌. ഇങ്ങനെ നിയമാനുസൃതമായി രണ്ട്‌ കമ്പനികള്‍ തമ്മില്‍ നടത്തിയ ഇടപാടിനെയാണ്‌ മാസപ്പടിയെന്ന്‌ ചിത്രീകരിച്ചത്‌.

സി.എം.ആര്‍.എല്‍ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ്‌ ഇന്ററിം സെറ്റില്‍മെന്റ്‌ ബോര്‍ഡിന്‌ മുമ്പിലേക്ക്‌ പോയത്‌. ഈ വിഷയത്തില്‍ വീണയുടെ കമ്പനി ഇതില്‍ കക്ഷിയേ അല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല. എന്നിട്ടും അവരെ ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ്‌ പുതുപ്പള്ളി ഇലക്ഷന്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെയുണ്ടായിട്ടുള്ളത്‌.

രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ മക്കള്‍ക്ക്‌ നിയമാനുസൃതമായ ഏത്‌ തൊഴിലും ചെയ്യുന്നതിന്‌ മറ്റെല്ലാ പൗരന്മാര്‍ക്കുമെന്ന പോലെ അവകാശമുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ വീണയും ഒരു കണ്‍സള്‍ടിംഗ്‌ കമ്പനി ആരംഭിച്ചത്‌. അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യവുമാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ യാതൊരു തെറ്റായ കാര്യങ്ങളും ഉണ്ടായിട്ടില്ലെന്ന്‌ പണം നല്‍കിയ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്‌. മുഖ്യമന്ത്രിക്ക്‌ ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന കാര്യവും വ്യക്തമാണ്‌.

ആദായ നികുതിയുമായി ബന്ധപ്പെട്ട്‌ ഒരു കമ്പനിയുമായിട്ടുണ്ടായ പ്രശ്‌നത്തെ രാഷ്‌ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്ന രീതിയാണ്‌ ഇവിടെ ഉണ്ടായിട്ടുള്ളത്‌. കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി കേന്ദ്ര ഗവണ്‍മെന്റും, അതിന്റെ വിവിധ ഏജന്‍സികളും രാഷ്‌ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നതിന്‌ കുടുംബാംഗങ്ങള്‍ക്ക്‌ നേരെ തിരിയുന്ന രീതി ഉയര്‍ന്നുവന്നിട്ടുണ്ട്‌. തെലങ്കാനയിലും, ബീഹാറിലുമെല്ലാം ഇത്തരം ഇടപെടലുകള്‍ നടന്നുവരുന്നുമുണ്ട്‌. ഈ സെറ്റില്‍മെന്റ്‌ ഓഡറില്‍ അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര്‌ വലിച്ചിഴച്ചതിന്‌ പിന്നിലുള്ള ഗൂഢാലോചന വ്യക്തമാണ്‌. വീണയുടെ അഭിപ്രായം ആരായാതെയാണ്‌ പരാമര്‍ശം നടത്തിയെന്നതും ഇതിലേക്ക്‌ തന്നെയാണ്‌ വിരല്‍ ചൂണ്ടുന്നത്‌. സെറ്റില്‍മെന്റിനായി വിളിച്ച കമ്പനിയെ പൂര്‍ണ്ണമായി കോടതി നടപടികളില്‍ നിന്നും, പിഴയില്‍ നിന്നും ഒഴിവാക്കിയ സെറ്റില്‍മെന്റ്‌ ഓര്‍ഡറിലാണ്‌ ഇത്തരം പരാമര്‍ശം നടത്തിയത്‌ എന്നതും വിസ്‌മയിപ്പിക്കുന്നതാണ്‌.

കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്നതും, അല്ലാത്തതുമായ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ച്‌ അവതരിപ്പിക്കുന്ന രീതി വലതുപക്ഷ മാധ്യമങ്ങള്‍ കേരളത്തില്‍ വികസിപ്പിച്ചിട്ട്‌ കുറേക്കാലമായി. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇത്തരക്കാര്‍ തയ്യാറാവാറുമില്ല. അതിന്റെ ഭാഗമെന്ന നിലയിലാണ്‌ ഈ മാധ്യമ വാര്‍ത്തകളേയും വിലയിരുത്തേണ്ടത്‌.

കമലാ ഇന്റര്‍നാഷണല്‍, കൊട്ടാരം പോലുള്ള വീട്‌, ടെക്കനിക്കാലിയ, നൂറ്‌ വട്ടം സിംഗപ്പൂര്‍ യാത്ര, കൈതോലപ്പായ ഇങ്ങനെയുള്ള നട്ടാല്‍പ്പൊടിക്കാത്ത നുണകളെല്ലാം പൊലിഞ്ഞുപോയ മണ്ണാണ്‌ കേരളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യംവെച്ചുകൊണ്ട്‌ നടത്തിയ പ്രചരണങ്ങളും കാറ്റുപിടിക്കാതെ പോയി. അതിന്റെ തുടര്‍ച്ചയായിത്തന്നെ ഈ കള്ളക്കഥയും കാലത്തിന്റെ ചവറ്റുകൊട്ടയില്‍ തന്നെ സ്ഥാനം പിടിക്കുമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.


14.08.2023

(പ്രസിദ്ധീകരണത്തിന്‌)

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

പുറപ്പെടുവിക്കുന്ന പ്രസ്‌താവന

രാജ്യത്തെ പൊതു ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

ലൈബ്രറികളെ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കി സംഘപരിവാര്‍ പ്രസിദ്ധീകരണ ശാലയുടെ പുസ്‌തകങ്ങള്‍ക്കൊണ്ട്‌ ലൈബ്രറികള്‍ നിറക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌. ശാസ്‌ത്രീയ ബോധവും, പുരോഗമന ചിന്തയും ലൈബ്രറികളില്‍ നിന്ന്‌ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്‌.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച ഫെസ്റ്റ്‌വെല്‍ ഓഫ്‌ ലൈബ്രറീസിലാണ്‌ ലൈബ്രറികളെ നിയന്ത്രിക്കാനുള്ള പ്രഖ്യാപനം വന്നത്‌. ഭരണഘടനയുടെ 7-ാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാന നിയന്ത്രണത്തിലുള്ള ലൈബ്രറികളെ സമവര്‍ത്തി പട്ടികയില്‍ കൊണ്ടുവരാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ ലൈബ്രറികളില്‍ ഇടപെടുന്നതോടെ പ്രാദേശികമായി തീരുമാനമെടുക്കാനുള്ള അവകാശങ്ങളില്ലാതാകും. സ്വയംഭരണം ഇല്ലാതാകുന്നതോടെ എന്ത്‌ വായിക്കണം, എങ്ങനെ വായിക്കണം, ഏതൊക്കെ പുസ്‌തകങ്ങള്‍ വായിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇത്തരം ഇടപെടലുകളുണ്ടാകും. പ്രാദേശികമായ ആവശ്യങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇല്ലാതായിത്തീരുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ പ്രചരണ ഉപാധിയും, ആവിഷ്‌ക്കാരത്തിനുള്ള മേഖലയുമായി ഇത്‌ മാറും.

കേരളത്തിന്റെ സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌കാരിക മുന്നേറ്റത്തില്‍ സജീവമായ പങ്കാളിത്തമാണ്‌ ലൈബ്രറികള്‍ വഹിച്ചിട്ടുള്ളത്‌. കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളായാണ്‌ ലൈബ്രറികള്‍ മാറിയിട്ടുള്ളത്‌. 1829-ല്‍ തിരുവനന്തപുരത്ത്‌ ഒരു പബ്ലിക്ക്‌ ലൈബ്രറി ആരംഭിച്ചുകൊണ്ട്‌ രാജ്യത്ത്‌ തന്നെ ഈ രംഗത്ത്‌ ആദ്യമായി കാലുറപ്പിച്ച സംസ്ഥാനമാണ്‌ കേരളം. നവോത്ഥാന ആശയങ്ങളുടേയും, സ്വാതന്ത്ര്യ സമരത്തിന്റെ കാഴ്‌ചപ്പാടുകളുമെല്ലാം ജനങ്ങളിലെത്തിക്കുന്നതിന്‌ മുമ്പന്തിയില്‍ തന്നെ ഗ്രന്ഥശാലകളുണ്ടായിരുന്നു. ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുത്തുകൊണ്ട്‌ മുന്നോട്ടുപോകുന്ന ലൈബ്രറി സംവിധാനത്തെ തകര്‍ക്കുന്നതിനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്‌. വായിക്കുക വളരുകയെന്ന ശീലം കേരളത്തില്‍ വളര്‍ത്തിയെടുത്ത പ്രസ്ഥനമാണ്‌ ഇത്‌. ഈ മേഖലയില്‍ ഇടപെട്ട്‌ വര്‍ഗ്ഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കേണ്ടതുണ്ട്‌.

ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ തുടര്‍ച്ചയാണ്‌ ഇത്തരം നടപടികള്‍. സംസ്ഥാന പട്ടികയിലുള്ള സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയത്തിന്‌ രൂപം നല്‍കുകയുണ്ടായി. കാര്‍ഷിക മേഖല സംസ്ഥാന പട്ടികയിലായിരുന്നിട്ടും കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്ന കാര്‍ഷിക നയമാണ്‌ കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്നത്‌. ഇത്തരത്തില്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെപ്പോലും ഇല്ലാതാക്കി തങ്ങളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Xerox Scan_23082023175119.PDF (33.4 KB)
04092023 - State Secretary StatementPDF_230904_122011.pdf (23.2 KB)
press cpim 24.9.pdf (35.5 KB)
16092023 - LED Statement - LDF Satyagraha Samar_230916_141737.pdf (1.0 MB)
19092023 - Secretariat Statement_230919_205107.pdf (288.2 KB)
annexure 1 2.pdf (1.8 MB)
05102023 - Secretariate Statement - Anathalavatt_231005_223800.pdf (976.9 KB)