മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ്-18 -05-2024

മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ
മുഖ്യമന്ത്രിയുടെ ഓഫീസ്
18.01.2024

തേനീച്ച-കടന്നൽ ആക്രമണം; ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം

തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കാവുന്നതാണെന്ന് വ്യക്തത വരുത്തി, 25.10.2022-ലെ ഉത്തരവ് ഭേദഗതി ചെയ്തു. ഭേദഗതിക്ക് 25.10.2022 മുതൽ മുൻകാല പ്രാബല്യം നൽകി.

നെ​ഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് കേസുകളുടെ വിചാരണക്ക് കൊല്ലത്ത് പ്രത്യേക കോടതി

നെ​ഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് കേസുകളുടെ വിചാരണക്കായി കൊല്ലത്ത് പ്രത്യേക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കും. എൽഡി ടൈപ്പിസ്റ്റ്, അറ്റന്‍റന്‍റ്, ക്ലർക്ക് എന്നീ തസ്തികകൾ വർക്കിങ്ങ് അറേജ്മെന്‍റ് മുഖേനയോ റീ ഡിപ്ലോയിമെന്‍റ് വഴിയോ നികത്തണമെന്നും സ്വീപ്പിങ്ങ് ജോലികൾക്കായി ഒരു ക്യാഷ്വൽ സ്വീപ്പറിനെ എംപ്ലോയിമെന്‍റ് എക്സചേഞ്ച് വഴി നിയമിക്കണമെന്നുമുള്ള വ്യവസ്ഥകൾക്ക് വിധേയമായി 10 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.

തസ്തിക സൃഷ്ടിക്കും

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നീ നാല് മെന്‍റൽ ഹെൽത്ത് റിവ്യു ബോർഡുകളിൽ തസ്തികകൾ സൃഷ്ടിക്കും. അസിസ്റ്റന്‍റ് - നാല്, സ്റ്റെനോ ടൈപ്പിസ്റ്റ് - നാല്, ഓഫീസ് അറ്റന്‍റന്‍റ് - നാല്, സെക്യൂരിറ്റി പേഴ്സണൽ - മൂന്ന്, ക്യാഷ്വൽ സ്വീപ്പർ - നാല് എന്നിങ്ങനെയാണ് തസ്തികകള്‍.

വിനോദസഞ്ചാര വകുപ്പിലെ പദ്ധതികളുടെ നിർവ്വഹണത്തിനും മേൽനോട്ടത്തിനുമായി വിനോദസഞ്ചാര വകുപ്പിൽ ഒരു എഞ്ചിനീയറിംഗ് വിഭാഗം സൃഷ്ടിക്കും. 10 തസ്തികകൾ 3 വർഷത്തേയ്ക്ക് താൽക്കാലികമായി സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനങ്ങൾ നടത്തും. അസിസ്റ്റന്റ് എഞ്ചിനീയർ - 2, അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ - 7, എക്സിക്യൂട്ടീവ് എഞ്ചിനീയർ -1 എന്നിങ്ങനെയാണ് തസ്തികകൾ.

ഡോ. ബി സന്ധ്യ റിയൽ എസ്റ്റേറ്റ് റ​ഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറി

കേരള റിയൽ എസ്റ്റേറ്റ്
റ​ഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയായി റിട്ട. ഐ പി എസ് ഉദ്യോ​ഗസ്ഥ ഡോ. ബി സന്ധ്യയെ നിയമിക്കാൻ തീരുമാനിച്ചു.

ഒറ്റതവണ ശിക്ഷ ഇളവ് ; മാർ​ഗനിർദേശങ്ങളുടെ കരട് അം​ഗീകരിച്ചു

ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ട് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ച, പകുതി തടവ് ശിക്ഷ (ശിക്ഷായിളവ് ഉൾപ്പെടാതെ ) പൂർത്തിയാക്കിയ കുറ്റവാളികൾക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിന് മാർ​ഗനിർദേശങ്ങള്‍ അം​ഗീകരിച്ചു.

കളമശ്ശേരി സ്ഫോടനം; അഞ്ച ലക്ഷം വീതം നഷ്ടപരിഹാരം

കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രതിനിധി യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെട്ട 3 പേരുടെ കുടുംബങ്ങൾക്ക് കൂടി 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കും.

ഭിന്നശേഷിക്കാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് അകാല വിടുതൽ നൽകില്ല

ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് അകാല വിടുതൽ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. സംരക്ഷകൻ എന്ന് നടിച്ച് ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തി കൊലപ്പെടുത്തിയ പ്രതി പ്രകാശന്‍റെ അകാല വിടുതൽ ശുപാർശ ചെയ്യേണ്ടതില്ലെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പലതരത്തിൽ ചൂഷണം ചെയ്തശേഷം നിഷ്കരുണം കെലപ്പെടുത്തുകയാണ് പ്രതി ചെയ്തത് എന്നത് വിലയിരുത്തിയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും വിടുതൽ ഹർജി നിരസിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്തത്.

നിയമനം

ഹൈക്കോടതിയിലെ നിലവിലെ ഒരു സീനിയർ ​ഗവ. പ്ലീഡറുടെയും മൂന്ന് ​ഗവ. പ്ലീഡർമാരുടെയും ഒഴിവുകളിൽ നിയമനം നടത്തും. സീനിയർ ​ഗവൺമെന്റ് പ്ലീഡറായി അഡ്വ. ഇ. ജി. ​ഗോർഡനെ നിയമിക്കും. മൂന്ന് ​ഗവൺമെന്റ് പ്ലീഡർമാരുടെ തസ്തികകളിലേക്ക് അഡ്വ. അജിത് വിശ്വനാഥൻ, അഡ്വ. ബിനോയി ഡേവിസ്, അഡ്വ. ടോണി അ​ഗസ്റ്റിൻ എന്നിവരെയും നിയമിക്കും.

തുടരാൻ അനുവദിക്കും

പൊതുവദ്യാഭ്യാസ വകുപ്പിൽ നിന്നും വർക്കിംഗ് അറേഞ്ച്‌മെൻ്റ് വ്യവസ്ഥയിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാരായി നിയമിച്ച അധ്യാപകരെ 2024 - 2025 അധ്യയന വർഷം ആരംഭിക്കുന്നതു വരെ (31.05.2024 വരെ) തുടരാൻ അനുവദിക്കും. അധ്യാപകരെ വർക്കിംഗ് അറേഞ്ച്‌മെൻ്റിൽ നിയോഗിക്കുമ്പോൾ സ്കൂളുകളിൽ നിയമിക്കുന്നതിന് പ്രൊട്ടക്ടഡ് അധ്യാപകരെ ലഭിക്കാത്ത അവസരങ്ങളിൽ അധിക സാമ്പത്തിക ബാദ്ധ്യത ഇല്ലാതെ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കാവുന്നതും ഇതിനുള്ള വേതനം കൈറ്റ് സ്കൂളുകൾക്ക് നൽകേണ്ടതുമാണ് എന്ന് വ്യവസ്ഥ ചെയ്യും. ഇതുപ്രകാരം 28.07.2023 ലെ ഉത്തരവ് ഭേദ​ഗതി ചെയ്യും.

പുനർവിന്യസിക്കും

പവർഗ്രിഡിന്റെ 400 കെ.വി ഇടമൺ - കൊച്ചി ട്രാൻസ്മിഷൻ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്പെഷ്യൽ തഹസിൽദാർ (എൽ.എ) പവർഗ്രിഡ്, കൊല്ലം യൂണിറ്റിന്റെ പ്രവർത്തനം നിർത്തലാക്കി പ്രസ്തുത യൂണിറ്റിൽ ജോലി ചെയ്യുന്ന 11 ജീവനക്കാരെ പുനർവിന്യസിക്കും. ഇടുക്കി ജില്ലയിൽ രവീന്ദ്രൻ പട്ടയം റദ്ദാക്കലും, അർഹമായ കേസുകളിൽ പുതിയ പട്ടയങ്ങൾ അനുവദിക്കുന്നതിനുമുള്ള ലാൻഡ് അസൈൻമെൻ്റ് യൂണിറ്റ് താൽക്കാലികമായി ഒരുവർഷത്തേയ്ക്ക് രൂപീകരിച്ചാണ് പുനർവിന്യസിക്കുക.

ടെണ്ടറിന് ​അംഗീകാരം

31.03.2024ന് അമൃത് പദ്ധതി അവസാനിക്കുന്നത് പരി​ഗണിച്ച് ആലപ്പുഴ ന​ഗരസഭയിൽ അമൃത് പദ്ധതിയുടെ അർബൻ ട്രാൻസ്പോർട്ട് സെക്റ്ററിനു കീഴിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് അറ്റ് നെഹ്റു ട്രോഫി സ്റ്റാർട്ടിങ്ങ് പോയിന്റ് എന്ന പ്രവൃത്തിക്ക് 20.48% മുകളിൽ ക്വോട്ട് ചെയ്തിട്ടുള്ള ടെണ്ടർ എക്സസിന് അംഗീകാരം നല്കി. ടെണ്ടർ എക്സസ്സിൻ്റെ 50% നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും ബാക്കി 50% അമൃതിന്റെ സംസ്ഥാന വിഹിതത്തിൽ നിന്നും വഹിക്കുന്നതിനു അനുമതി നൽകി