കുട്ടിക്കടത്തലില്‍ ഏറ്റവും മുന്നിൽ യുപി; 2021–-22 കാലയളവിൽ 1214 കുട്ടികളെ കടത്തി

രാജ്യത്ത്‌ ബാലവേലയ്‌ക്കും മറ്റുമായി ഏറ്റവും കൂടുതൽ കുട്ടികൾ കടത്തപ്പെടുന്നത്‌ യുപി, ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങളിലെന്ന്‌ പഠനറിപ്പോർട്ട്‌. 2016 മുതൽ 2022 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ കൈലാഷ്‌ സത്യാർഥി ചിൽഡ്രൻസ്‌ ഫൗണ്ടേഷനും ഗെയിംസ്‌ 24x7 നും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ കുട്ടികൾ ഏറ്റവും കൂടുതൽ കടത്തപ്പെടുന്നത്‌ യുപിയിലാണെന്ന കണ്ടെത്തൽ. കോവിഡിന്‌ ശേഷം യുപിയിൽ കുട്ടികളുടെ കടത്തിൽ വലിയ വർധനവുണ്ടായി. 2016–-19 കാലയളവിൽ 267 കുട്ടികളാണ്‌ സംസ്ഥാനത്ത്‌ കടത്തപ്പെട്ടതെങ്കിൽ 2021–-22 കാലയളവിൽ 1214 കുട്ടികൾ കടത്തപ്പെട്ടു.

തലസ്ഥാനമായ ഡൽഹിയിൽ കുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന സംഭവങ്ങളിൽ 68 ശതമാനം വർധനവ്‌ വന്നതായി റിപ്പോർട്ട്‌ പറയുന്നു. പതിനെട്ട്‌ വയസ്സിൽ താഴെ പ്രായക്കാരിൽ 13,549 പേരെ ബാലവേലയിൽ നിന്നും മറ്റുമായി മുക്തരാക്കാൻ കഴിഞ്ഞു. തട്ടിക്കൊണ്ടു പോകപ്പെടുന്നവരിൽ 13 ശതമാനവും ഒമ്പത്‌ മുതൽ 12 വയസ്സുവരെയുള്ളവരാണ്‌.

ബാലവേലയ്‌ക്ക്‌ നിർബന്ധിതരാകുന്ന കുട്ടികളിൽ 15.6 ശതമാനം ഹോട്ടലുകളിലും ദാബകളിലുമാണ്‌ തൊഴിൽ ചെയ്യുന്നത്‌. ഓട്ടോമൊബൈൽ മേഖലയിൽ 13 ശതമാനവും ഗാർമെന്റ്‌ മേഖലയിൽ 11.18 ശതമാനവും പേർ തൊഴിലെടുക്കുന്നു. കോസ്‌മെറ്റിക്‌ മേഖലയിൽ തൊഴിലെടുക്കുന്ന കുട്ടികളിൽ അഞ്ച്‌ മുതൽ എട്ടുവയസ്സുവരെ പ്രായക്കാരുണ്ട്‌.

രാജ്യത്ത് 3 വർഷത്തിനിടെ കാണാതായത്‌ 10.6 ലക്ഷം സ്‌ത്രീകളെ, 2.5 ലക്ഷം പെണ്‍കുട്ടികളെ

മൂന്ന്‌ വർഷത്തിനിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ പെൺകുട്ടികളും സ്‌ത്രീകളുമടക്കം 13.13 ലക്ഷം പേരെ കാണാതായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്‌. 18 വയസ്സിനു മുകളിലുള്ള 10,61,648 സ്‌ത്രീകളും 18 വയസ്സിനു താഴെയുള്ള 2,51,430 പെൺകുട്ടികളെയുമാണ്‌ കാണാതായത്‌. 2019നും 2021നും ഇടയിലെ കണക്കാണിത്. അഭ്യന്തരമന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കിലാണ് ഈ വിവരമുള്ളത്.

മധ്യപ്രദേശിലാണ്‌ കൂടുതൽ പേരെ കാണാതായത്‌. 1,60,180 സ്‌ത്രീകളെയും 38,234 പെൺകുട്ടികളെയും കാണാതായി. 1,56,905 സ്‌ത്രീകളെയും 36,606 പെൺകുട്ടികളെയും കാണാതായ പശ്ചിമ ബംഗാളാണ്‌ പട്ടികയിൽ രണ്ടാമത്‌. മഹാരാഷ്‌ട്ര, ഒഡിഷ, ഛത്തീസ്‌ഗഢ്‌ എന്നീ സംസ്ഥാനങ്ങളാണ്‌ ആദ്യ അഞ്ച്‌ സ്ഥാനത്തുള്ളത്.രാജ്യതലസ്ഥാനമായ ഡൽഹിയിൽ 61,054 സ്‌ത്രീകളെയും 22,919 പെൺകുട്ടികളെയും കാണാതായി.