മനോരമയുടെ ലക്ഷണമൊത്ത കള്ളങ്ങൾ..... രാജ്ഭവൻ കെട്ടിട നികുതി നൽകാതായിട്ട് നാലു വർഷമായെന്ന് ഇന്നലെയാണ് (22-02-2023) മനോരമ വാർത്ത നൽകിയത്

മനോരമയുടെ ലക്ഷണമൊത്ത കള്ളങ്ങൾ…

ഒരു വർഷം പഴക്കമുള്ള വാർത്ത യാതൊരു അടിസ്ഥാനവുമില്ലാതെ ആവർത്തിക്കുക. എന്നിട്ട് അതു പൊളിയുമ്പോൾ തങ്ങൾ സൃഷ്ടിച്ച കള്ളക്കണക്കിന്റെ ഉത്തരവാദിത്തം വേറെ ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കുക… മനോരമയുടെ ലക്ഷണമൊത്ത ലീലാവിലാസങ്ങൾ തുടരുകയാണ്

രാജ്ഭവൻ കെട്ടിട നികുതി നൽകാതായിട്ട് നാലു വർഷമായെന്ന് ഇന്നലെയാണ് (22-02-2023) മനോരമ വാർത്ത നൽകിയത്. ( ചിത്രം 2 )

2018-19 സാമ്പത്തിക വർഷത്തിലെ രണ്ടാം അർധവർഷം മുതലുള്ള 7.26 ലക്ഷം രൂപയാണ് രാജ്ഭവന്റെ കുടിശ്ശികയെന്നും ജി.കെ. രഞ്ജിത് പേരു വച്ചെഴുതിയ ഈ വാർത്തയിലുണ്ട്. ഇന്നായപ്പോൾ മനോരമ നേരേ മലക്കം മറിഞ്ഞു. കോർപ്പറേഷന്റെ കണക്ക് ‘രാജ്ഭവൻ തള്ളി’ എന്നാണ് തലക്കെട്ട്. ( ചിത്രം 3) അതായത് രാജ്ഭവൻ ഈ ഇനത്തിൽ കുടിശ്ശികയൊന്നും നൽകാനില്ലെന്നും തങ്ങൾ പണം മുഴുവനും അടച്ചതാണെന്നും രാജ്ഭവൻ വ്യക്തമാക്കിയപ്പോൾ വാർത്തയുടെ ഉത്തരവാദിത്തം ലേഖകൻ നേരേ കോർപ്പറേഷന്റെ തലയിലേക്കു വച്ചു.

കോർപ്പറേഷന്റെ കണക്കാണോ മനോരമയുടെ കണക്കാണോ രാജ്ഭവൻ തള്ളിയത്? രാജ്ഭവൻ കെട്ടിട നികുതി ഇനത്തിൽ ഏഴേകാൽ ലക്ഷം രൂപ അടയ്ക്കാനുണ്ടെന്ന് നഗരസഭയിൽ നിന്ന് ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കിയോ? മേയറോ സെക്രട്ടറിയോ ഔദ്യോഗികമായി അറിയിച്ചതിന്റെ എന്തെങ്കിലും രേഖ നിങ്ങളുടെ കയ്യിലുണ്ടോ? കുറഞ്ഞപക്ഷം വിവരാവകാശം വഴി കിട്ടിയതെങ്കിലും? ഇല്ലെങ്കിൽ പിന്നെ നിങ്ങളെഴുതി പിടിപ്പിച്ച കള്ളക്കണക്കിന്റെ ഉത്തരവാദിത്തം എങ്ങനെ കോർപ്പറേഷന്റെ തലയിൽ വയ്ക്കും? അതങ്ങ് കോട്ടയത്തെ കല്ലറയിൽ പോയി പറഞ്ഞാൽ മതി രഞ്ജിത്ത്‌ സാറേ…!

ഇനി ഈ വാർത്തയിലെ തട്ടിപ്പ് പറയാം. അതിനുള്ള തെളിവ് 2022 ജനുവരി 21ന് മനോരമയിൽ വന്ന വാർത്തയാണ്. ( ചിത്രം 1) അതായത് ഒരു വർഷം മുൻപ്. ആ വാർത്തയിലും പറയുന്നു രാജ്ഭവൻ 7,26,012 രൂപ കെട്ടിട നികുതിയിനത്തിൽ കുടിശ്ശികയാക്കിയിട്ടുണ്ടെന്ന്. ഒരു വർഷം കഴിഞ്ഞ് എഴുതിയ വാർത്തയിലും തുകയ്ക്ക് ഒരു മാറ്റവുമില്ല. അപ്പോൾ ഈ ഒരു വർഷം കെട്ടിട നികുതി കുടിശ്ശികയൊന്നും വന്നില്ലേ? അതോ അതുമാത്രമായി അടച്ചോ?

അന്നത്തെ ആ വാർത്തയിൽ ടെലകോം വകുപ്പിന്റെ വിവിധ കെട്ടിടങ്ങൾ 67.3 ലക്ഷവും വാട്ടർ അതോറിറ്റി 5,54,09222 രൂപയും കുടിശ്ശിക വരുത്തിയതായി എഴുതിവച്ചിരുന്നു. ഇന്നലെ വന്ന വാർത്തയിലും അത് അതേപടി ആവർത്തിക്കുന്നുണ്ട്. വാട്ടർ അതോറിട്ടിയുടെ കണക്കിൽമാത്രം രഞ്ജിത് ഒരു ആറുലക്ഷം രൂപ സ്വന്തം നിലയ്ക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. പക്ഷേ, ജലഭവന്റെ 5.18 ലക്ഷത്തിനുമാത്രം മാറ്റമൊന്നുമില്ല.

മാനോരമയുടെ എഡിറ്റർമാരേയും വായനക്കാരേയും ഒരുപോലെ 3G ആക്കുകയാണ് ഈ ലേഖകൻ ചെയ്തിരിക്കുന്നത്. അതായത് ഒരു വർഷം മുൻപ് എഴുതിയ വാർത്ത എടുത്ത് മുൻപിൻനോക്കാതെ വീണ്ടും അങ്ങടിച്ചു. ആരും കണ്ടുപിടിക്കത്തില്ലെന്നാണ് കക്ഷി കരുതിയത്. ഇതൊക്കെ കണ്ണടച്ചുവിശ്വസിക്കുന്ന കാലം പോയെന്ന് കക്ഷി ഓർത്തില്ല. പുള്ളി ഇപ്പോഴും മാമൻ മാപ്പിളയുടെ കാലത്താണല്ലോ.

സംഗതി കള്ളക്കണക്ക് കണ്ട് രാജ്ഭവൻ കണ്ണുരുട്ടിക്കാണണം. അപ്പോൾ മനോരമ നിക്കറിൽ മുള്ളി. ഇല്ലെങ്കിൽ ഇ.ഡി കേറി നിരങ്ങുമെന്ന് അവർക്കറിയാം. അങ്ങനെ തങ്ങളെഴുതിയ കള്ളത്തിന്റെ ഉത്തരവാദിത്തം മനോഹരമായി കോർപ്പറേഷന്റെ നെഞ്ചത്തോട്ട് പൂശി. വൈകല്യത്തോടെ ജനിക്കുന്ന കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കുന്ന സ്വഭാവം പണ്ടേ മനോരമയ്ക്കില്ലല്ലോ.

തിരുവനന്തപുരം കോർപ്പറേഷനെതിരെ ഈ ലേഖകൻ കള്ളങ്ങൾ പടച്ചുവിടാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. പലതും പൊളിച്ചടുക്കിയിട്ടുണ്ട്. പിന്നെപ്പിന്നെ അവസരം കിട്ടുമ്പോഴൊക്കെ ഒളിസേവയിലായി പത്ഥ്യം. അതിന്റെ തുടർച്ചയായിരുന്നു ഈ കള്ളവാർത്തയും