സംസ്ഥാനത്തിന്റെ തനതുവരുമാനം പ്രതിവര്‍ഷം കുതിച്ചുയരുന്നെങ്കിലും കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നികുതിവിഹിതമായി സംസ്ഥാനത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത് അഞ്ചുവര്‍ഷം മുമ്പ് നല്‍കിയതിനേക്കാള്‍ 777 കോടി രൂപ കുറവ്. 2018–-19ൽ കേന്ദ്രത്തിൽനിന്ന് നികുതിവിഹിതമായി കേരളത്തിന് 19,038.17 കോടി രൂപ ലഭിച്ചിടത്ത് 2022–-23ൽ ഇത് 18260.68 കോടി രൂപയായി വെട്ടിക്കുറച്ചു. 2019–-20ൽ 16,401.05 കോടി, 2020–-21ൽ 11,560.40 കോടി, 2021–-22ൽ 17,820.09 കോടി രൂപ എന്നിങ്ങനെ മാത്രമാണ് കേരളത്തിന് ലഭിച്ചത്.
അതേസമയം, ബിജെപി ഭരണമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം അഞ്ചു വർഷത്തിനിടെ കുതിച്ചുയര്‍ന്നു. ഉത്തർപ്രദേശിന് 33,000 കോടി രൂപയും ഗുജറാത്തിന് ആയിരം കോടിയും ബംഗാളിന് 16,000 കോടി രൂപയും തമിഴ്‌നാടിന് 8000 കോടി രൂപയും കേന്ദ്രം വർധിപ്പിച്ചുനൽകി. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് ധനസഹമന്ത്രി പങ്കജ് ചൗധരി നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്.
അഞ്ചുവർഷംമുമ്പ് കേന്ദ്ര നികുതി വരുമാനത്തിന്റെ 2.5 ശതമാനം കേരളത്തിന് ലഭിച്ചെങ്കിൽ ഇപ്പോൾ ഇത് 1.93 ശതമാനമായി. അതേസമയം, 2016–-17ൽ സംസ്ഥാനത്തിന്റെ തനതു വരുമാനം 51,876.36 കോടി രൂപയായിരുന്നത് 2022–-23 ആയപ്പോഴേയ്‌ക്കും 85,867.35 കോടി രൂപയായി ഉയർത്താൻ സാധിച്ചു.
ജനസംഖ്യ, ജനസംഖ്യാ നിയന്ത്രണത്തിലെ മുന്നേറ്റം, തനതു വിഭവസമാഹരണം, വനം–- പരിസ്ഥിതി, വരുമാനത്തിലെ അന്തരം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സംസ്ഥാനങ്ങൾക്ക് വിഹിതം നിശ്ചയിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സാമൂഹികമുന്നേറ്റ സൂചികയില്‍ മുമ്പിലായതിനാല്‍ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള വിഹിതം കേരളത്തിന് നിഷേധിക്കപ്പെടുന്നു.
10–-ാം ധന കമീഷന്റെ കാലത്ത് കേരളത്തിന് ലഭിച്ച കേന്ദ്ര നികുതിവിഹിതം 3.875 ശതമാനമായിരുന്നു. ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നത് തുടരാനോ കടമെടുപ്പ് പരിധി ഉയർത്താനോ സംസ്ഥാനങ്ങളെ അനുവദിക്കാത്തത് സ്ഥിതി സങ്കീർണമാക്കുന്നു.കേന്ദ്രനികുതി വിഹിതത്തിൽ വന്ന കുറവ് കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തം.
കേന്ദ്രത്തിന്റേത് ക്രൂരമായ അവഗണന: മുഖ്യമന്ത്രി
കേരളത്തോട് ക്രൂരമായ അവഗണനയാണ് കേന്ദ്ര സർക്കാരിൽനിന്ന് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് ഉതകുന്ന നടപടികളിൽ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. അത് തിരുത്താൻ തയ്യാറാകണം. കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കുന്നതാണ് കേന്ദ്രനയം.
അതേസമയം, ദേശീയപാത അതോറിറ്റി പോലുള്ള സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾ കേന്ദ്രത്തിന്റെ കടമായി കണക്കാക്കുന്നുമില്ല. അവിടെ അങ്ങനെയാകാം. ഇവിടെ അത് നടക്കില്ലെന്ന പക്ഷപാതപരമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പറഞ്ഞു.