56 ഇഞ്ചിന്റെ തൊലിക്കട്ടി തുളയാൻ 79 ദിവസം; മോദിയുടെ ‘മുതല’ക്കണ്ണീരിനെ പരിഹസിച്ച് ദി ടെലഗ്രാഫ്

മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ട്‌ 79 ദിവസത്തിനുശേഷം മൗനം വെടിഞ്ഞ് ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ‘ദി ടെലഗ്രാഫ്‌’ പത്രം. 56 ഇഞ്ചിന്റെ തൊലിക്കട്ടിയിൽ വേദനയും നാണക്കേടും തുളച്ചുകയറാൻ 79 ദിവസമെടുത്തു എന്ന് ക്യാപ്ഷനോടെ കരയുന്ന മുതലയുടെ ചിത്രം ആദ്യ പേജിൽ കൊടുത്താണ് പരിഹാസം. മണിപ്പൂരിൽ കലാപം തുടങ്ങിയ മെയ് മൂന്ന് മുതൽ 78 ദിവസം കണ്ണീർ പൊഴിക്കാത്ത മുതലയും 79-ാം ദിവസത്തെ മുതലക്കണ്ണീരുമാണ് പത്രത്തിലുള്ളത്. ഒരോ ദിവസം ഒരോ കള്ളിയിൽ മുതലചിത്രം സഹിതം കൊടുത്തിട്ടുണ്ട്.

മണിപ്പുരിൽ അക്രമിസംഘം കുക്കി സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും ക്രൂരമായി ആക്രമിക്കുകയും ബലാൽസംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനോട് “ഹൃദയത്തിൽ വേദനയും രോക്ഷവും നിറയുന്നു. പുറത്തുവന്ന സംഭവം പരിഷ്‌കൃത സമൂഹത്തിന് ലജ്ജാകരം. മണിപ്പൂരിന്റെ പെൺമക്കൾക്ക് സംഭവിച്ചത് പൊറുക്കാനാകില്ല. രാജ്യത്തിനാകെ നാണക്കേട്”- എന്നാണ് മോദി പാർലമെന്റിന് പുറത്ത് പ്രതികരിച്ചത്‌.

കലാപം തുടങ്ങിയ നാൾ മുതൽ പ്രധാനമന്ത്രി ഇതേ കുറിച്ച് ഒരുവാക്ക്പോലും പ്രതികരിച്ചിട്ടില്ല. ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇന്ത്യയുടെ സ്‌ത്രീത്വമൊന്നാകെ തെരുവുകളിൽ വലിച്ചുചീന്തപ്പെട്ട വീഡിയോ ലോകമാകെ പടർന്നപ്പോൾ ഹൃദയം നുറുങ്ങുന്നുവെന്ന് പ്രതികരിച്ച മോദിയെയാണ് ടെലഗ്രാഫ് കണക്കറ്റ് പരിഹസിച്ചത്.
9-1100575