സംസ്ഥാനത്ത് ഒരു വർഷത്തിനകം 60,000 സ്ത്രീകൾക്ക് വിജ്ഞാനത്തൊഴിൽ ലക്ഷ്യവുമായി നോളജ് ഇക്കോണമി മിഷന്റെ തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നു. 398 തദ്ദേശസ്ഥാപനത്തിലാണ് പദ്ധതി നടപ്പാക്കുക. നിലവിൽ 14 ജില്ലയിൽ 2,77,750 സ്ത്രീ തൊഴിലന്വേഷകരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 38,355 പേരുള്ള തൃശൂർ ജില്ലയിൽനിന്നാണ് കൂടുതൽ തൊഴിലന്വേഷകരുള്ളത്. അടുത്ത മാർച്ച് 31നു മുമ്പ് പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തിയാകും.
നോളജ് മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) വഴി രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും തൊഴിൽ തയ്യാറെടുപ്പിനുള്ള പിന്തുണ മിഷൻ നൽകും. ഒരു ലക്ഷം പേർക്ക് നൈപുണ്യ പരിശീലനം നൽകിയാണ് 60,000 പേരെ തൊഴിലിലേക്കെത്തിക്കുക. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18നും 59നും ഇടയിലുള്ള സ്ത്രീ തൊഴിലന്വേഷകരാണ് ഗുണഭോക്താക്കൾ. തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ആദ്യഘട്ടത്തിൽ രണ്ടുമാസത്തെ തീവ്രയജ്ഞ പരിപാടി വഴി 1189 പേർക്ക് ഓഫർ ലെറ്റർ കൈമാറിയിരുന്നു. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് നിയമന ഉത്തരവ് നൽകിയത്. ഈ പദ്ധതിയുടെ രണ്ടാംഘട്ടത്തിനാണ് ഇപ്പോൾ തുടക്കം കുറിക്കുന്നത്.
നോളജ് ജോബ്യൂണിറ്റുകൾ
വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിലന്വേഷകരെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് നോളജ് ജോബ് യൂണിറ്റുകൾ രൂപീകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. ഒന്നാംഘട്ടത്തിൽ രൂപീകരിക്കപ്പെട്ടതുൾപ്പെടെയുള്ള നോളജ് ജോബ് യൂണിറ്റുകൾ സജീവമാക്കി ആയിരിക്കും കൂടുതൽ പ്രവർത്തനങ്ങളിലേക്ക് കടക്കുക. ഉദ്യോഗാർഥികളുടെ അഭിരുചിയും ആഭിമുഖ്യവും മനസ്സിലാക്കി ആവശ്യാനുസരണം കരിയർ കൗൺസലിങ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനിങ്, വർക്ക് റെഡിനസ് പ്രോഗ്രാം, റോബോട്ടിക് ഇന്റർവ്യൂ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിനുള്ള ഇംഗ്ലീഷ് സ്കോർ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളിലൂടെ തൊഴിൽ സജ്ജരാക്കി തൊഴിൽമേളകളിലും അഭിമുഖങ്ങളിലും പങ്കെടുപ്പിച്ച് ഓഫർ ലെറ്റർ ലഭ്യമാക്കുന്നതുവരെയുള്ള പ്രവർത്തനങ്ങളാണ് മിഷൻ നടത്തുക.