കഞ്ചിക്കോട്‌ കിൻഫ്രയിൽ 6000 കോടി നിക്ഷേപം; 2200 പേർക്ക് തൊഴിൽ

●91 സംരംഭം ●19 സംരംഭം ഉടൻ ●169ൽ 118 ഏക്കർ കെെമാറി
കഞ്ചിക്കോട്‌ കിൻഫ്രയിൽ 6000 കോടി നിക്ഷേപം; 2200 പേർക്ക് തൊഴിൽ
കഞ്ചിക്കോട്‌ കിൻഫ്രാ പാർക്കിലെ നിക്ഷേപം 6000 കോടി രൂപ കടന്നു. 2200 പേർക്ക്‌ തൊഴിൽ നൽകുന്ന 91 സംരംഭങ്ങൾ പ്രവർത്തിക്കുന്നു. 19 സംരംഭങ്ങൾ തുടങ്ങാനുള്ള പ്രവർത്തനത്തിലാണ്‌. പാർക്കിലെ 169 ഏക്കർ ഭൂമിയിൽ 118 ഏക്കറും സംരംഭകർക്ക്‌ കൈമാറി. ഭക്ഷ്യസംസ്‌കരണം, എൻജിനിയറിങ്‌, ക്രഷർ യന്ത്രങ്ങൾ, ചാക്ക്‌, ബെഡ്‌, ആശുപത്രികൾക്കായുള്ള സാമഗ്രികൾ എന്നിവയുടെ കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതോടെ പാർക്ക്‌ വികസിക്കും. കൂടുതൽ സംരംഭകരും നിക്ഷേപവും തൊഴിലുമുണ്ടാകും. കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ്‌ ഇടനാഴി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും പാർക്കിൽ നിക്ഷേപമെത്തും.

വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള പാലക്കാട്‌ ഇന്റഗ്രേറ്റഡ്‌ മാനുഫാക്‌ച്ചറിങ്‌ ക്ലസ്‌റ്റിൽ (ഐഎംസി) 10,000 കോടിയുടെ നിക്ഷേപവും 10,000 തൊഴിലവസരവുമാണ്‌ പ്രതീക്ഷിക്കുന്നത്‌. ദേശീയപാതയോടുചേർന്ന വ്യവസായ പാർക്കുകളിൽ ഭക്ഷ്യസംസ്‌കരണം, ഇലക്‌ട്രോണിക്‌, ഐടി, പരമ്പരാഗത ഉൽപ്പന്നങ്ങൾ എന്നിവയുടെ യൂണിറ്റുകൾ, ലോജിസ്‌റ്റിക്‌ പാർക്കുകൾ, സംഭരണ കേന്ദ്രങ്ങൾ, ശീതീകരണ സംഭരണശാലകൾ എന്നിവ വരുന്നുണ്ട്‌. ഇത്‌ നിലവിലുള്ള കിൻഫ്ര പാർക്കിലെ സംരംഭകർക്ക്‌ വലിയ സാധ്യത നൽകും.

കാറ്റാടി യന്ത്രങ്ങളിൽ 16 മെഗാവാട്ട്‌ വൈദ്യുതി

കിൻഫ്ര പാർക്കിലെ കാറ്റാടി യന്ത്രങ്ങൾ കെഎസ്‌ഇബിക്ക്‌ ദിവസവും നൽകുന്നത്‌ 16 മെഗാവാട്ട്‌ വൈദ്യുതി. എട്ട്‌ കാറ്റാടി യന്ത്രങ്ങളാണുള്ളത്‌. ഒന്നിൽനിന്ന്‌ രണ്ട്‌ മെഗാവാട്ട്‌ വൈദ്യുതി ലഭിക്കും. നോയിഡയിലെ ഇനോക്‌സ്‌ വിൻഡ്‌ എനർജി ലിമിറ്റഡിന്‌ നൽകിയ 16.85 ഏക്കർ ഭൂമിയിലാണ്‌ വൈദ്യുതി നിലയം പ്രവർത്തിക്കുന്നത്‌. ഏഴ്‌ വർഷം മുമ്പാണ്‌ പ്രവർത്തനമാരംഭിച്ചത്‌. കെഎസ്‌ഇബിയുടെ 220 കെവി സബ്‌സ്‌റ്റേഷൻ വഴിയാണ്‌ വൈദ്യുതി കൈമാറുന്നത്‌.