മാധ്യമങ്ങളിൽ പരസ്യം നൽകാനായി മോദി സർക്കാർ 2014 മുതൽ ചെലവഴിച്ചത് 6500 കോടിയോളം രൂപയെന്ന് കേന്ദ്ര വാർത്താപ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കുർ ലോക്സഭയെ അറിയിച്ചു. ഇതിൽ പത്രമാധ്യമങ്ങൾ വഴിയുള്ള പരസ്യത്തിനായി 3230 കോടി രൂപയും ദൃശ്യ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലുമായി നൽകിയ പരസ്യത്തിന് 3261 കോടി രൂപയും ഖജനാവിൽ നിന്ന് ചെലവാക്കി. എല്ലാ സൂചികകളിലും ഇന്ത്യ താഴോട്ട് പോയ ഈ എട്ട് വർഷങ്ങളിൽ മോദി സർക്കാരിന്റെ ഭരണപരാജയവും അടിക്കടിയുണ്ടാകുന്ന വീഴ്ചകളും മറച്ചു വയ്ക്കാനാണ് ഇത്തരത്തിൽ പരസ്യങ്ങൾക്കായി വൻതുക ചെലവിടേണ്ടി വരുന്നത്. ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന സർക്കാരുകൾക്ക് അനുവദിക്കേണ്ട ഫണ്ടുകൾ കൊടുക്കാതെയാണ് ഇത്തരത്തിലുള്ള ധൂർത്ത്.
കഴിഞ്ഞ രണ്ട് വർഷത്തിൽ ടിവി ചാനലുകളിൽ പരസ്യത്തിനായി ചെലവാക്കിയ തുകയുടെ 9% ലഭിച്ചത് മുകേഷ് അംബാനിയുടെ കീഴിലുള്ള ന്യൂസ് 18 നെറ്റ്‌വർക്കിന്റെ ചാനലുകൾക്കാണ്. മുമ്പ് യോഗി ആദിത്യനാഥിന്റെ സർക്കാരും വൻതുക അംബാനിയുടെ ചാനലുകൾക്ക് പരസ്യത്തിന് നൽകുന്നത് പുറത്ത് വന്നിരുന്നു. മുഖം മിനുക്കാനായും ഇഷ്ടക്കാരുടെ മാധ്യമ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായും സർക്കാർ ഖജനാവ് ഉപയോഗിക്കുകയാണ് ബിജെപി സർക്കാർ.
ഇതുവഴി ഈ തുക എത്തേണ്ടിയിരുന്ന ക്ഷേമ, വികസന പദ്ധതികളാണ് അവതാളത്തിലാകുന്നത്. പെൺകുട്ടികളുടെ ജനസംഖ്യാനുപാതം വർധിപ്പിക്കുന്നതിനും അവർക്ക് വിദ്യാഭ്യാസം നൽകുന്നതിനെ പ്രോത്സാഹിപ്പിക്കാനുമായുള്ള ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ 80% ഫണ്ടും 2016-2019 കാലയളവിൽ പരസ്യം കൊടുക്കുന്നതിന് വേണ്ടി ചെലവാക്കിയിരുന്നു. കേരള സർക്കാരിൽ നിന്ന് ദേശീയപാത വികസനത്തിനായി 7000 കോടിയോളം രൂപയും പ്രളയകാലത്ത് റേഷൻ വിതരണം നടത്തിയ ഭക്ഷ്യധാന്യങ്ങളുടെ വിലയായി 233 കോടി രൂപയും വാങ്ങിയെടുക്കുന്ന അതേ മോദി സർക്കാർ തങ്ങളുടെ ദുർഭരണം മറച്ചുപിടിക്കാനായി ഖജനാവ് ധൂർത്ത് അടിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനത്തിൽ കിട്ടേണ്ട 422 കോടി രൂപയും കേന്ദ്രം ഇതുവരെ കേരളത്തിന് അനുവദിച്ചിട്ടില്ല