പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനിമൂലം നഷ്ടം സംഭവിച്ച കർഷകർക്കു കേന്ദ്രത്തിൽ നിന്നും അനുവദിക്കേണ്ട നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് കേരളം കേന്ദ്ര സർക്കാരിന് വീണ്ടും നിവേദനം നൽകി.
പക്ഷിപ്പനി, പന്നിപ്പനി എന്നിവയ്‌ക്ക് കർഷകർക്ക് നഷ്‌ടപരിഹാരമായി മുമ്പ് വിതരണം ചെയ്‌ത തുകയിൽ കേന്ദ്രം കേരളത്തിനു നൽകാനുള്ളത് 7.10 കോടിരൂപ. കുടിശിക കാരണം നിലവിലെ നഷ്‌ടപരിഹാരം നൽകാൻ കഴിയാത്ത അവസ്ഥയാണ്. പക്ഷിപ്പനിയുടെയും ആഫ്രിക്കൻ പന്നിപ്പനിയുടെയും നഷ്‌ടപരിഹാരമായി മുൻപ് കർഷകർക്ക് കേരളം നൽകിയത് 22.5 കോടിരൂപയാണ്. കേന്ദ്രവിഹിതമായ 7.10 കോടി രൂപയടക്കമാണിത്.
പക്ഷിപ്പനിമൂലം 2022 നവംബർ മുതൽ ജനുവരിവരെ നാലു ജില്ലകളിൽ 78,051 പക്ഷികളെ കൊന്നു. 767 മുട്ടയും 1,644 കിലോ തീറ്റയും നശിപ്പിച്ചു. പനിബാധിച്ച് 12,919 പക്ഷികൾ ചത്തു.
ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായിരുന്നു എച്ച്5 എൻ1 വൈറസ് ബാധ ഉണ്ടായത്. 14 കർഷകർക്ക് നഷ്‌ടമുണ്ടായി. ചാത്തമംഗലം പൗൾട്രിഫാമിൽ മാത്രം 3,900 കോഴികളെ കൊന്നു. ഗ്രാമശ്രീ, ഗ്രാമപ്രിയ, കലിംഗ ബ്രൗൺ, ഓർണമെന്റൽ ഇനത്തിൽപ്പെട്ട കോഴികളെയാണ് കൊന്നത്. കേരളം നൽകിയ കേന്ദ്രവിഹിതം ഉടൻ അനുവദിക്കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്ര മൃഗസംരക്ഷണ–-ക്ഷീരവികസന സെക്രട്ടറി അൽക്ക ഉപാധ്യായയെ കണ്ട് ആവശ്യപ്പെട്ടു. തെരുവുനായശല്യം രൂക്ഷമായതിനാൽ മൃഗജനന നിയന്ത്രണ നിയമം ഭേദഗതി ചെയ്യണമെന്നും ചിഞ്ചുറാണി ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്ന് ഉറപ്പു ലഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.