7 വർഷം , 85,540 കോടി ; ഐടി കയറ്റുമതിയിൽ കുതിപ്പ്‌ , 62,000 പേർക്ക്‌ പുതുതായി തൊഴിൽ

സംസ്ഥാനത്തെ സർക്കാർ ഐടി പാർക്കുകൾ ഏഴുവർഷത്തിനിടെ ഐടി കയറ്റുമതിയിലൂടെ നേടിയത്‌ 85,540.73 കോടി രൂപ. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽവന്ന 2016 മുതൽ ഇതുവരെയുള്ള കണക്കാണിത്‌. തിരുവനന്തപുരം ടെക്‌നോപാർക്ക്‌ 44,616 കോടിയും കൊച്ചി ഇൻഫോപാർക്ക്‌ 40,709 കോടിയും കോഴിക്കോട്‌ സൈബർപാർക്ക്‌ 215.73 കോടിയുമാണ്‌ ഈ കാലയളവിൽ നേടിയത്‌. അതിനുമുമ്പുള്ള അഞ്ചുവർഷത്തെ ഐടി കയറ്റുമതി വരുമാനം 34,123 കോടി രൂപയായിരുന്നു.
ഈ ഏഴുവർഷത്തിൽ മൂന്നു പാർക്കിലുമായി 62,000 പേർക്ക്‌ പുതുതായി തൊഴിൽ ലഭിച്ചു. ടെക്‌നോപാർക്കിൽ 22,000 പേർക്കും ഇൻഫോപാർക്കിൽ 37,900 പേർക്കും സൈബർ പാർക്കിൽ 2100 പേർക്കുമാണ്‌ പുതുതായി തൊഴിൽ ലഭിച്ചത്‌. മൂന്നു പാർക്കിലുമായി 504 കമ്പനി പുതുതായെത്തി. നിലവിൽ മൂന്നു പാർക്കിലുമായി 1142 കമ്പനിയാണ്‌ പ്രവർത്തിക്കുന്നത്‌ –- ടെക്‌നോപാർക്കിൽ 486ഉം ഇൻഫോപാർക്കിൽ 572ഉം സൈബർപാർക്കിൽ 84ഉം. മൂന്നിടത്തുമായി 1,40,100 പേർ തൊഴിലെടുക്കുന്നു. 7304.45 കോടി രൂപയുടെ നിക്ഷേപം അധികമായെത്തി. ടെക്‌നോപാർക്കിൽ 1735 കോടിയും ഇൻഫോപാർക്കിൽ 5557.2 കോടിയും സൈബർ പാർക്കിൽ 12.25 കോടിയുമാണ്‌ അധികമെത്തിയ നിക്ഷേപം.
ഐടി മേഖലയിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ എൽഡിഎഫ്‌ സർക്കാർ വലിയ ഇടപെടലാണ്‌ നടത്തിയത്‌. 69.45 ലക്ഷം ചതുരശ്രയടി ഐടി ഇടമാണ്‌ ഏഴു വർഷത്തിനിടെ കൂട്ടിച്ചേർത്തത്. നിലവിൽ മൂന്ന്‌ ഐടി പാർക്കിലുമായി 2.01 കോടി ചതുരശ്രയടി ഇടമാണുള്ളത്‌. രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയും ഡിജിറ്റൽ സയൻസ്‌ പാർക്കും ഇതിനകം യാഥാർഥ്യമായി. സ്‌പെയ്‌സ്‌ പാർക്കിനുള്ള നടപടികൾ പുരോഗമിക്കുന്നു. സർക്കാർ ഐടി പാർക്കുകൾക്കു പുറമെ നിരവധി സ്വകാര്യ ഐടി പാർക്കുകളും സംസ്ഥാനത്തുണ്ട്‌.

504 പുതിയ കമ്പനി , 7304 കോടി അധികനിക്ഷേപം