ജി എസ് ടി
നിലവിലുള്ള ജി.എസ്.ടി നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയതാണ്. അതുകൊണ്ട് തന്നെ ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതിനനുബന്ധമായി സംസ്ഥാനതലത്തിലും വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കേണ്ടതുണ്ട്. അത് ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിയമത്തിന്റെ സാങ്കേതികതയുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളില്‍ പോലും കേന്ദ്ര വിജ്ഞാപനം റാറ്റിഫൈ ചെയ്യുക എന്നതിനപ്പുറം സംസ്ഥാനത്തിന് പ്രത്യേകമായി മറ്റൊന്നും ചെയ്യാനില്ല. എന്നാല്‍ അടുത്തിടെ സുപ്രീംകോടതിയുടെ സുപ്രധാനമായ വിധിന്യായത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ സംസ്ഥാനങ്ങളുടെ മുകളില്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാനാകില്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടേത് ഒരു കോ ഓപ്പറേറ്റീവ് ഫെഡറലിസമാണ്. സുപ്രീം കോടതി വിധിയിലൂടെ ജി.എസ്.ടി കൗണ്‍സിലിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള ചെറിയ വാതായനം തുറന്നു കിട്ടിയിരിക്കുകയാണ്. എങ്കിലും സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള സാഹചര്യം ഇപ്പോഴുമില്ല.
ജി.എസ്.ടി നോട്ടിഫിക്കേഷന്‍ പിന്‍വലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് പറയുന്നവര്‍ വിഷയം മനസ്സിലാക്കാതെ പ്രതികരിക്കുന്നവരാണ്. കഴിഞ്ഞ ദിവസം പ്രീ പാക്ക്ഡും ലേബല്‍ഡുമായ നിത്യോപയോഗ സാധനങ്ങള്‍ക്ക് 5 ശതമാനം ജി.എസ്.ടി വര്‍ദ്ധനവ് നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ കേരളം അതിശക്തമായി എതിര്‍ത്തിരുന്നു. വിഷയം ചര്‍ച്ച ചെയ്ത ജി.എസ്.ടി കൗണ്‍സില്‍, മന്ത്രിതല ഉപസമിതി യോഗങ്ങളിലെല്ലാം നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കരുത് എന്ന നിലപാട് സംസ്ഥാനം സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും തുടര്‍ന്ന് മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ കേന്ദ്രത്തിന് കത്തുകളെഴുതിയിരുന്നു.
പ്രീ പാക്ക്ഡ്, ലേബല്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ഒന്നടങ്കം നികുതി ചുമത്തുമ്പോള്‍ അത് ചെറുകിട ഉല്‍പ്പാദകര്‍ ചെറിയ അളവുകളിലായി പാക്ക് ചെയ്യുന്ന അവശ്യ സാധനങ്ങള്‍ക്കും ചുമത്തപ്പെടുന്നു എന്നതാണ് നമ്മള്‍ ചൂണ്ടിക്കാണിച്ച പ്രശ്നം. വന്‍കിട ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതിന് കേരളത്തിന് എതിര്‍പ്പില്ല. എന്നാല്‍ കുടുംബശ്രീ പോലെയുള്ള ചെറുകിട ഉല്‍പ്പാദകര്‍, ചെറുകിട ഇടത്തരം കച്ചവടക്കാര്‍ തുടങ്ങിയവര്‍ പാക്ക് ചെയ്ത് വില്‍ക്കുന്ന സാധനങ്ങള്‍ കൂടി ഈ പരിധിയിലേക്ക് വരികയാണ്. ഇത് സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഒരു നടപടിയാണ്. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ ഇപ്പോഴുണ്ടായ നികുതി വര്‍ദ്ധനയുടെ പേരില്‍ ചെറുകിട ഇടത്തരം കച്ചവടക്കാര്‍ ജനങ്ങളില്‍ നിന്നും അധികവില ഈടാക്കരുത് എന്ന നിര്‍ദ്ദേശം നല്‍കിയത്. നിയമസഭയില്‍ തന്നെ ഇത് പ്രഖ്യാപിച്ചതാണ്. തുടര്‍ന്ന് മുഖ്യമന്ത്രിയും വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ഇതിലൂടെ ലക്ഷ്യമിട്ടത് സംസ്ഥാനത്തുടനീളം ഈ നികുതി വര്‍ദ്ധനവിന്റെ പേര് പറഞ്ഞ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനുള്ള കച്ചവടക്കാരുടെ നീക്കം തടയുക എന്നതായിരുന്നു.
പ്രതിവര്‍ഷം 40 ലക്ഷം രൂപ വരെ വിറ്റുവരവുള്ള കച്ചവട സ്ഥാപനങ്ങള്‍ ജി എസ് ടി നിയമപ്രകാരം നികുതി നല്‍കേണ്ടതില്ല. അതായത് പ്രതിദിനം 11000 രൂപയുടെ കച്ചവടമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഒരു നികുതിയും ഈടാക്കുന്നില്ല. ചുരുക്കത്തില്‍ സാധനങ്ങളുടെ ജി.എസ്.ടി വര്‍ദ്ധിക്കുന്നത് മൂലം കച്ചവടക്കാര്‍ക്ക് ഒരു നികുതിയും സര്‍ക്കാരിലേക്ക് ഒടുക്കേണ്ടിവരുന്നില്ല.
പ്രതിവര്‍ഷം 1.5 കോടി രൂപ വരെ വിറ്റുവരവുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് ആകെ വിറ്റുവരവിന്റെ 1 ശതമാനം മാത്രം കോമ്പോസിഷൻ നികുതിയായി ഒടുക്കണം. അതായത് പ്രതിദിനം 41000 രൂപ കച്ചവടമുള്ള സ്ഥാപനങ്ങളിലും ഇനം തിരിച്ച് ജി.എസ്.ടി ഈടാക്കുന്നില്ല.
· വന്‍കിട മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പോലും പൊതുവായ വലിയ ചാക്കുകളില്‍ നിന്നും കണ്ടയിനറുകളില്‍ നിന്നും ഉപഭോക്താക്കള്‍ സാധനങ്ങള്‍ ചെറിയ കവറുകളിലേക്ക് തൂക്കി വാങ്ങുന്നുണ്ട്. അവ നികുതിയുടെ പരിധിയില്‍ വരുന്നുമില്ല.
· നമ്മുടെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സാധനങ്ങള്‍ വാങ്ങുന്നത് മേല്‍ സൂചിപ്പിച്ച ചെറുകിട ഇടത്തരം സ്ഥാപനങ്ങളില്‍ നിന്നാണ്. ചെറുകിട – ഇടത്തരം നിത്യോപയോഗ സാധനങ്ങള്‍ക്ക് 5 ശതമാനം ജി.എസ്.ടി വര്‍ദ്ധിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ മേല്‍ കടയുടമകള്‍ അധിക നികുതി അടയ്ക്കേണ്ടിവരുന്നില്ല. എന്നാല്‍ പല കച്ചവട സ്ഥാപനങ്ങളും ഈ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് അവശ്യ സാധനങ്ങളുടെ മേല്‍ നികുതി വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിയമസഭയില്‍ തന്നെ ഈ വിഷയത്തില്‍ ഒരു വ്യക്തത വരുത്തിയത്. ബ്രാന്‍ഡഡും ലേബല്‍ഡുമല്ലാതെ കടകളില്‍ ഒന്നും രണ്ടും കിലോഗ്രാമുകളായി പാക്ക് ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ ഉള്‍പ്പടെയുള്ള ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍ നികുതി ചുമത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലായെന്ന് വ്യക്തമാക്കിയത്.