കിഫ്ബി full details

കിഫ്ബി ഇടതുപക്ഷ ബദൽ

സ്കൂളുകൾക്കും ആശുപത്രികൾക്കും ആധുനിക സൗകരങ്ങളായും ഈടുള്ള റോഡുകളും പാലങ്ങളും നവീന തീരസംരക്ഷണ സംവിധാനങ്ങളും എല്ലാമായി സമസ്ത മേഖലകളിലും മനുഷ്യ ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകുന്ന ഇടപെടലായി മാറുമ്പോൾ കിഫ്ബിയെ ആർക്കാണ് ഇത്രമേൽ ഭയം?

ആർക്കാണ് കിഫ്ബി വെല്ലുവിളിയാകുന്നത്?

കേരളത്തിലെ സാധാരണ മനുഷ്യർക്ക് അവർ കാലങ്ങളായി ആഗ്രഹിക്കുന്ന മാറ്റങ്ങൾ കൊണ്ടു വരുന്ന പരിപാടിയാണ് കിഫ്ബി. അതേ സമയം തന്നെ കിഫ്ബിയെ വളഞ്ഞിട്ട് ആക്രമിക്കാനും തകർക്കാനും കൂടുതൽ കൂടുതൽ ആസൂത്രിതമായ ശ്രമങ്ങളും അരങ്ങേറുന്നു.

ആർക്കാണ് കിഫ്ബിയെ ഭയം?

ഇന്നു കാണുന്ന കിഫ്ബി പദ്ധതികൾ വിഭാവനം ചെയ്തു തുടങ്ങിയ സമയം ഉയർന്ന പരിഹാസം ഓർമ്മയുണ്ടോ? ഒരുകാലത്തും പ്രായോഗികമാകാത്ത ‘ആകാശകുസുമ’ങ്ങളാണ് കിഫ്ബി പദ്ധതികൾ എന്നതായിരുന്നു പരിഹാസം.

. എല്ലാ കേന്ദ്ര എജെൻസികളും കിഫ്ബിയെ വട്ടമിട്ടു പറക്കാൻ തുടങ്ങി. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നേ കിഫ്ബിയെ ചൊല്ലി സംസ്ഥാന സർക്കാരിനെ തന്നെ പ്രതിസന്ധിയിൽ ആക്കാൻ ശ്രമം നടന്നു.

കേട്ടു കേൾവി ഇല്ലാത്ത വിധം സി&എജിയെ ഉപയോഗിച്ച് ഒരു സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താൻ തുനിഞ്ഞിറങ്ങി.
ആദായ നികുതി വകുപ്പ്, എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങി സകല കേന്ദ്ര എജെൻസികളും തുനിഞ്ഞിറങ്ങിയിട്ടും ഒന്നും സംഭവിച്ചില്ല. ഇതിനു കൂട്ടു നിന്നവരും കുടപിടിച്ചവരും ആരൊക്കെ എന്നതു പകൽ പോലെ വ്യക്തമാണല്ലോ?

പതിവു സർക്കാർ സംവിധാനങ്ങളിൽ നിന്നും കിഫ്ബി വ്യത്യസ്തമാണ്. ഏറ്റവും നവീനമായ സങ്കേതങ്ങൾ സ്വായത്തമാക്കി പ്രവർത്തിക്കുന്ന, സുതാര്യത മുഖ്യ മൂല്യമായി കരുതുന്ന തികച്ചും പ്രൊഫഷണലായ ഒരു സർക്കാർ സംവിധാനം.

കണക്കുകളും രേഖകളും അന്വേഷണ സംഘങ്ങൾക്ക് തുറന്നു വച്ചത് നാം കണ്ടു. നിയമസഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടത്തിയ നാടകങ്ങൾ അടപടലം പൊളിഞ്ഞതോടെ ഇവർ പിന്മാറി.

ഇപ്പോൾ മറ്റൊരു തെരെഞ്ഞെടുപ്പ് സമീപിക്കുമ്പോൾ അടുത്ത വട്ടം കോപ്പു കൂട്ടലുകൾ രംഗത്ത് എത്തുകയാണ്.

ധനകാര്യ മന്ത്രി എന്ന നിലയിൽ കിഫ്ബിയുടെ ഉപാദ്ധ്യക്ഷനായിരുന്ന. തോമസ് ഐസക്കിന് ഇഡി നോട്ടീസ് നൽകി യിരിക്കുന്നു.

കിഫ്ബി മുന്നോട്ടു വയ്ക്കുന്ന ബദൽ ബിജെപിയെയും യുഡിഎഫിനെയും വിറളി പിടിപ്പിക്കുന്നുണ്ട്.

അത് ഏത് വിധേനയും തകർക്കുക എന്നത് ഇവരുടെ രാഷ്ട്രീയവും ആശയപരവുമായ ആവശ്യമാണ്. അതിന് നിയമ വിരുദ്ധവും സത്യ വിരുദ്ധവുമായ ആരോപണങ്ങൾ ഉയർത്തി ആക്രമിക്കുകയാണ് രീതി.

ഇതിനെ രാഷ്ട്രീയമായി കേരളം നേരിടും.

കേരളം കാലങ്ങളായി അനുഭവിക്കുന്ന പശ്ചാത്തല സൌകര്യ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള ബദൽ സംവിധനാമാണ് കിഫ്ബി.

കേരളം മുന്നോട്ടു വച്ച വികസന വഴിയും അതിന്റെ നേട്ടവും പരിമിതിയും എല്ലാം ലോകം സാകൂതം ചർച്ച ചെയ്തതും പഠിച്ചതുമാണ്.

സർക്കാരിന്റെ സാമ്പത്തിക പ്രയാസം അടിസ്ഥാന പശ്ചാത്തല മേഖലയിലെ മുതൽ മുടക്കിന് വിഘാതമായി മാറി. കേരളത്തിന്റെ ഈ പശ്ചാത്തലസൗകര്യ പരിമിതി (infrastructure deficit) അഭ്യസ്തവിദ്യരായ പുതു തലമുറയ്ക്ക് പണിയെടുക്കാൻ ഉതകുന്ന ആധുനിക തൊഴിലുകളുടെ വികാസത്തിന് തടസ്സമായി മാറി.

നമ്മുടെ നാട്ടിൽ പുതു തലമുറയ്ക്ക് ജോലി ചെയ്ത് ജീവിതം നയിക്കാൻ വേണ്ട സൗകര്യം ഉണ്ടായേ മതിയാകൂ… ആധുനിക പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ പുത്തൻ തൊഴിലുകൾ, അതിനു വേണ്ട നിക്ഷേപങ്ങൾ ഉണ്ടാകൂ.

മറ്റിടങ്ങളിൽ സ്വകാര്യവൽക്കരണമാണ് ഇതിനു പ്രതിവിധിയായി ഉയരുന്നത്.

കേരളത്തിൽ യുഡിഎഫും പലപ്പോഴും സ്വകാര്യവൽക്കരണത്തെയാണ് ഉത്തരമായി കണ്ടിട്ടുള്ളത്.

പൊതു ആശുപത്രികളിൽ വരെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി വാർഡുകൾ എന്ന ആശയം വരെ യുഡിഎഫ് മുന്നോട്ടു വച്ചില്ലേ?

ഗതാഗത പ്രയാസങ്ങൾക്ക് ചുങ്കപ്പാതകൾ ഏക പരിഹാരം എന്ന സ്ഥിതി ഉയർന്നു വന്നു.

സ്കൂളുകളിലും മറ്റും ആധുനിക സൌകര്യങ്ങൾ ഇപ്പോൾ അസാധ്യം എന്ന തീർപ്പു പോലും വന്ന സ്ഥിതി.

സംസ്ഥാനത്തിന്റെ നിത്യദാന ചെലവുകൾക്കപ്പുറം മൂലധന നിക്ഷേപത്തിൽ വലിയൊരു കുതിച്ചുചാട്ടം ഉണ്ടാക്കണമെങ്കിൽ ഒരു ബദൽ മാർഗ്ഗം തേടിയേ മതിയാകൂ എന്ന അവസ്ഥ വന്നുചേർന്നു.

രണ്ടോ മൂന്നോ പതിറ്റാണ്ട് കഴിഞ്ഞു സർക്കാരിന്റെ സാമ്പത്തിക നില നന്നാകുമ്പോൾ റോഡും പാലവും സ്കൂളും നന്നാക്കിയാൽ പോര. അത് ഇപ്പോൾ ചെയ്യണം. ഈ പശ്ചാത്തലത്തിലാണ് എന്താണ് ഒരു ബദൽ എന്ന ചോദ്യം ഉയർന്നത്.

സംസ്ഥാനത്തിന്റെ ഭാവി വരുമാനത്തിൽ ഒരു പങ്ക് മാറ്റി വച്ച് വായ്പ്പയെടുത്ത് ഇതെല്ലാം ഇന്നേ പണിയണം. കാലം കഴിയും തോറും ചെലവും വല്ലാതെ കൂടും. ഇപ്പോഴേ നിർമ്മിച്ചാൽ മുതലും പലിശയും ചേർന്നാലും ഈ വർദ്ധിച്ച ചെലവിലും കുറവായിരിക്കും

സ്വകാര്യവൽക്കരണ, ചുങ്ക, യൂസർ ഫീസ് മതൃകകൾക്കു ബദലായി എൽഡിഎഫ് മുന്നോട്ടുവച്ച, പ്രായോഗികമാക്കിയ ഇടതുപക്ഷ ബദലാണ് കിഫ്ബി.

കിഫ്ബി രൂപപ്പെടുന്നു

2000 ജനുവരി 18-നാണ് 1999 ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ആക്ട് (The Kerala Infrastructure Investment Fund Act 1999) വിജ്ഞാപനം ചെയ്തത്. ഇത്തരമൊരു അടിസ്ഥാന നിക്ഷേപ നിധി രൂപീകരിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് നിയമത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.

അടിസ്ഥാനസൗകര്യ പദ്ധതികളിൽ പണം മുടക്കുന്നതിനായി ഒരു നിധി രൂപീകരിക്കുന്നതിനുള്ള നിയമം. 2011-ലെ ബജറ്റിൽ ഈയൊരു സമീപനത്തെ വിപുലീകരിച്ച് 40000 കോടി രൂപയുടെ നിക്ഷേപത്തിന് ഒരു പരിപാടി മുന്നോട്ടുവച്ചു.

എന്നാൽ അഞ്ചു വർഷക്കാലത്തെ യുഡിഫ് ഭരണകാലത്ത് ഈ സമീപനം മുന്നോട്ട് കൊണ്ടുപോയില്ല.

അതുകൊണ്ട് കിഫ്ബി നിയമം സമഗ്രമായി പരിഷ്കരിക്കാൻ 2016-വരെ കാത്തിരിക്കേണ്ടി വന്നു.

ആധുനിക ധന വിപണിയിൽ നിന്നും പുതിയ മാർഗ്ഗങ്ങൾ അവലംബിച്ച് പണം സ്വരൂപിക്കുന്നതിന് ഉതകുംവിധമുള്ള പുതുക്കലുകളാണ് 2016 ലെ ഭേദഗതി കൊണ്ടു വന്നത്.

ഏതാണ് ഇതേ സമയത്തായിരുന്നു കിഫ്ബി പോലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡികൾക്കും മറ്റും വായ്പകൾ സമാഹരിക്കുന്നതിനുള്ള വ്യവസ്ഥകളിൽ സെബിയും ആർബിഐ ഉം മാറ്റങ്ങൾ വരുത്തിയത്.

ഇതിൻ പ്രകാരം ആധുനിക ധനവിപണിയിലെ നവീനങ്ങളായ ഇൻസ്ട്രമെന്റുകൾ ഉപയോഗപ്പെടുത്തി ധനം സമാഹരിക്കാമെന്ന സ്ഥിതിയുമുണ്ടായി.

ഈ പുതിയ സാഹചര്യത്തിനു ഉതകുംവിധം കിഫ്ബിയെ പുതുക്കിപ്പണിയുക എന്നതായിരുന്നു 2016-ൽ സർക്കാരിന്റെ മുന്നിലുണ്ടായിരുന്ന ദൗത്യം. നിയമസഭ ഭേദഗതികൾ ഏകകണ്ഡമായാണ് പാസാക്കിയത്

ഏജി ഓഡിറ്റ് കോലാഹലം

കിഫ്ബിയുടെ കണക്കുകൾ ഏജി ഓഡിറ്റിന് വിധേയമല്ല എന്നു പറഞ്ഞു നടന്ന കോലാഹലം ഇപ്പോൾ ആലോചിച്ചാൽ രസാവഹമാണ്. ഇതേ ഏജി തന്നെ പലവട്ടം കിഫ്ബിയെ സമഗ്രമായി ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് നല്കിക്കഴിഞ്ഞു.
കണക്കുകളുടെ സമഗ്ര പരിശോധന നടത്തിയിട്ട് ഒരു ക്രമക്കേടും കണ്ടെത്തിയില്ല.
അപ്പോഴാണ് കോടതിയുടെ അധികാരം കൈയ്യാളി ഭരണഘടന വ്യാഖ്യാനിക്കാൻ വരെ ഏജി തുനിഞ്ഞത്

കിഫ്ബി നിയമസഭ പാസ്സാക്കിയ നിയമംമൂലം സ്ഥാപിതമായ ഒന്നാണ്. ആ നിയമത്തിലെ വ്യവസ്ഥകൾ നല്കുന്ന അധികാരം ഉപയോഗിച്ചാണ് കിഫ്ബി ധനസമാഹരണം നടത്തുന്നതും പദ്ധതികൾക്ക് പണം മുടക്കുന്നതും സർക്കാരിൽ നിന്നും നികുതി വിഹിതം സ്വീകരിക്കുന്നതും എല്ലാം.

അപ്പോൾ ഈ നിയമത്തിന്റെ സാധുത പരിശോധിക്കാനുള്ള അധികാരം കോടതിയ്ക്ക് മാത്രമാണ്.

കണക്ക് ഓഡിറ്റ് ചെയ്യാൻ ഏജിയ്ക്കു സമ്പൂർണ്ണ അധികാരം ഉണ്ട്.

അതിൽ നിന്നും മാറി കിഫ്ബി നിയമത്തെയും അതിന്റെ നിയമ പ്രകാരമുള്ള പ്രവർത്തനങ്ങളുടെയും ഭരണ ഘടനാ സാധുത സംബന്ധിച്ച് പരിശോധനയ്ക്കാണ് ഏജി മൂതിർന്നത്.

കോടതി അത് ചെയ്യട്ടെ.
എന്തായിരുന്നു അന്ന് നടന്ന അസാധാരണമായ ഈ നീക്കത്തിന്റെ പിന്നിൽ എന്ന് പിന്നീട് വ്യക്തമായി.

കിഫ്ബിയുടെ മസാല ബോണ്ട് വായ്പ്പ സംബന്ധിച്ച് ഏജി നടത്തിയ പരാമർശം പിന്തുടർന്നാണ് കിഫ്ബിയിൽ ഇഡി കടന്നു വന്നത്.
അങ്ങനെ ഓഡിറ്റ് സംബന്ധിച്ച കോലാഹലം കിഫ്ബിയെ തകർത്ത് കേരളത്തിന്റെ വികസന അജണ്ട അട്ടിമാറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ തുടക്കമായിരുന്നു.

കിഫ്ബിയിൽ പലതരം കണക്കു പരിശോധനകൾ ഉണ്ട്. ഏജി ഓഡിറ്റ് കൂടാതെ കിഫ്ബി നിയമ പ്രകാരം ഒരു സ്വതന്ത്ര സമിതി നിലവിലുണ്ട്.

മുൻ ആക്കൗണ്ടന്റ് ജനറൽ ആയിരുന്ന വിനോദ് റായിയുടെ നേതൃത്വത്തിലുള്ള Fund Trustee Advisory Committee- FTAC സ്വതന്ത്ര സംവിധാനം. ഇവർ കണക്കു പരിശോധിച്ച് നല്കുന്ന റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കണം.

ഈ രീതിയിൽ സ്വതന്ത്രമായ ഒരു പരിശോധനാ സംവിധാനം കിഫ്ബിയുടെ സവിശേഷതയാണ്.

ഇത് കൂടാതെ ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ ഓഡിറ്റ് ഉണ്ട്. ഇതും നിയമസഭയിൽ സമർപ്പിക്കുന്ന കണക്കാണ്.

ഇനി കിഫ്ബിയിൽ ഓഡിറ്റ് ഇല്ല എന്ന് ആരെങ്കിലും പറയുമോ?

കണക്കുകൾ നിയമസഭയിൽ നിന്നും മറച്ചു പിടിക്കുന്നു എന്ന ആക്ഷേപം ഉയർത്തിയത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ?

മസാല ബോണ്ട് വിവാദം

നേരത്തെ സൂചിപ്പിച്ച ഏജി റിപ്പോർട്ട് തിരികൊളുത്തിയ മറ്റൊരു വിവാദം മസാല ബോണ്ട് സംബന്ധിച്ചതാണല്ലോ.

കിഫ്ബിക്ക് മസാല ബോണ്ട് വഴി വായ്പയെടുക്കാൻ അധികാരമുണ്ടോ എന്നതാണു തർക്കവിഷയം.

പക്ഷേ, 2020-ലെ സിഎജി ഓഡിറ്റ് റിപ്പോർട്ടിൽ ഇതു സംബന്ധിച്ചു നടത്തിയ വിശകലനം ഇങ്ങനെയാണ്.

സിഎജി എന്താണ് പറഞ്ഞത്?

ഭരണഘടനയുടെ ഏഴാം പട്ടികയിൽ മൂന്നു ലിസ്റ്റുകൾ ഉണ്ടല്ലോ? സംസ്ഥാന നിയമസഭയ്ക്ക് നിയമം നിർമ്മിക്കാവുന്ന വിഷയങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്ന സ്റ്റേറ്റ് ലിസ്റ്റ്, കേന്ദ്ര പാർലമെന്റിന് മാത്രം നിയമ നിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന യൂണിയൻ ലിസ്റ്റ്, പിന്നെ രണ്ടിനും അധികാരമുള്ള വിഷയങ്ങൾ പറയുന്ന കൺകറന്റ് ലിസ്റ്റ്.

യൂണിയൻ ലിസ്റ്റിലെ ഇനമാണ് വിദേശ വായ്പ്പ എന്നത്. അതിന് അർത്ഥം പാർലമെന്റിനു മാത്രം നിയമ നിർമ്മാണ അധികാരമുള്ള വിഷയമാണ് ഇത് എന്നതാണ്.

അല്ലാതെ വിദേശ വായ്പ്പ കേന്ദ്ര സർക്കാരിന് മാത്രമേ പറ്റൂ എന്നല്ല. അത്തരം ഒരു വ്യാഖ്യാനം നിയമ പരമായ മണ്ടത്തരമാണ്.

ഏജി തങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടിൽ ഈ ദുർവ്യാഖ്യാനമാണു നടത്തിയത്. ഏതായാലും ഈ വിഡ്ഡിത്തം അവർ ഇപ്പോൾ ആവർത്തിക്കുന്നില്ല.

കിഫ്ബി സംസ്ഥാന നിയമസഭയുടെ നിയമംമൂലം സ്ഥാപിതമായ, കേന്ദ്ര നിയമം അനുശാസിക്കുന്ന സ്വഭാവത്തിലുള്ള ഒരു ‘body corporate’ ആണ്.

ഇങ്ങനെ കേന്ദ്ര സർക്കാരിനു കീഴിലും സ്ഥാപനങ്ങൾ ഉണ്ട്. ദേശീയപാതാ അതോറിറ്റി ഇത്തരം ഒരു കേന്ദ്ര സ്ഥാപനമാണ്.

മസാല ബോണ്ട് രൂപാ മൂല്യത്തിലുള്ള ഒരു വിദേശ വാണിജ്യ വായ്പ്പാ ബോണ്ട് ആണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഇത്തരം വിദേശ വാണിജ്യ വായ്പകളെ നിയന്ത്രിക്കുന്ന കേന്ദ്ര സ്ഥാപനം.

FEMA (Foreign Exchange Management Act) എന്ന കേന്ദ്ര പാർലമെന്റ് പാസാക്കിയ നിയമ പ്രകാരം ഇതിനുള്ള അധികാരം അവർക്കാണ്.

ആ അധികാരം ഉപയോഗിച്ച് ആർബിഐ തയ്യാറാക്കിയ ചട്ടപ്രകാരം കിഫ്ബി പോലുള്ള ‘body corporate’കൾക്ക് മസാല ബോണ്ട് പുറപ്പെടുവിക്കാൻ അവകാശമുണ്ട്.

അതിന് റിസർവ്വ് ബാങ്ക് നിശ്ചയിച്ച നടപടിക്രമങ്ങൾ അനുസരിച്ച് കിഫ്ബി അപേക്ഷ സമർപ്പിച്ച്, ആർബിഐയുടെ അനുമതിയും വാങ്ങി.

അതിന്റെ വിനിയോഗം സംബന്ധിച്ച് മാസംതോറും ആർബിഐയ്ക്കു റിപ്പോർട്ടും നൽകുന്നു. ആർബിഐക്ക് ഇതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ല.

ഇങ്ങനെ രാജ്യത്തെ വ്യവസ്ഥാപിത നിയമ നടപടി വഴി, കേന്ദ്ര ബാങ്ക് വഴി സമാഹരിച്ച പണം വിദേശ നാണയ ചട്ട ലംഘനമാണ് എന്ന് ഏജി റിപ്പോർട്ടിൽ എഴുതി വച്ചത് എന്തിനായിരുന്നു?

ഇഡിയ്ക്കു വഴി തുറക്കാൻ നടത്തിയ നാടകമായിരുന്നു. അവർ നിയമസഭാ തെരെഞ്ഞെടുപ്പിന് മുൻപ് വന്നു. എല്ലാ ഉദ്യോഗസ്ഥരെയും വിളിപ്പിച്ചു. എല്ലാ കണക്കും കടലാസും നോക്കി. മടങ്ങി പോയി.

ഇപ്പോൾ ഇതാ വീണ്ടും അന്വേഷണം. അന്നത്തെ ധനമന്ത്രിയ്ക്ക് നോട്ടീസ്.
കേന്ദ്ര സർക്കാർ സ്ഥാപനമായ ദേശീയപാതാ അതോറിറ്റിയും ഇതേ നടപടി ക്രമം വഴി മസല ബോണ്ട് പുറത്തിറക്കി. അവരെ ഏജി പിടിച്ചോ?

ഇഡി വളഞ്ഞോ? അതിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയെ വിളിപ്പിച്ചോ?

ഇല്ലല്ലോ. ഇതാണ് കിഫ്ബിയോടും കേരളത്തോടും കേന്ദ്ര സർക്കാരും അവരുടെ അന്വേഷണ ഏജൻസികളും സ്വീകരിക്കുന്ന ഇരട്ടത്താപ്പ്.

ഇതിനെല്ലാം യുഡിഎഫ് കുടപിടിക്കുകയും ചെയ്യുന്നുണ്ട്.
കിഫ്ബി പൂർണ്ണമായും ബജറ്റ് ധനസഹായത്തിൽ അധിഷ്ഠിതമാണോ?

കിഫ്ബി വായ്പകൾ ബജറ്റേതര ധനസമാഹരണമാണെന്നുള്ള തീർപ്പ് കേന്ദ്രം കൽപ്പിച്ചിരിക്കുന്നു.

അതായത്, സംസ്ഥാന സർക്കാരിന് കേന്ദ്രം അനുവദിക്കുന്ന വാർഷിക വായ്പ്പയയ പരിധി മറികടക്കുന്ന അധിക ധന സമാഹാരണമാണ് കിഫ്ബിയുടേത് എന്ന തീർപ്പ്.

ഇതിനു തുടക്കമിട്ടതും ഏജി ആണെന്നു കാണണം. ഇതിന്റെ അടിസ്ഥാനത്തിൽ നടപ്പ് വർഷം 4000 കോടി രൂപ വെട്ടി ചുരുക്കാൻ ഉത്തരവ് ഇറക്കിയിരിക്കുന്നു.

കിഫ്ബി വായ്പ്പ ഭരണ ഘടനയുടെ അനുശ്ഛേദം 293(1) ന് വിരുദ്ധമാണെന്നും ധനഉത്തരവാദിത്വ നിയമത്തിലെ ധനക്കമ്മി പരിധിയുടെ ലംഘനമാണെന്നുമുള്ള നിരീക്ഷണം നടത്തിയത് ഏജി ആണ്.

ഈ ഭരണഘടനാ വ്യവസ്ഥ സ്റ്റേറ്റ് വായ്പ്പ എടുക്കുന്നത് സംബന്ധിച്ചുള്ളതാണ്. കിഫ്ബി സ്റ്റേറ്റ് അല്ല. ഒരു body corporate ആണെന്നു നാം കണ്ടു.
കിഫ്ബി അല്ലാതെ ഇത്തരം സ്ഥാപനങ്ങൾ വായ്പ്പ എടുക്കുന്നത് സംസ്ഥാനത്തിന്റെ അല്ലെങ്കിൽ കേന്ദ്രത്തിന്റെ നേരിട്ടുള്ള ബാധ്യതയായിട്ടാണൊ കണക്കിലെടുക്കുന്നത്?

എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സ്ഥാപനങ്ങളും വായ്പ്പയുമുണ്ടല്ലോ?

ഉദാഹരണമായി നേരത്തെ പറഞ്ഞ ദേശീയപാതാ അതോറിറ്റിയെ (NHAI) എടുക്കാം. അത് കിഫ്ബിക്ക് സമാനമായ ഒരു കേന്ദ്ര സ്ഥാപനമാണ്.

അവരുടെ ഇപ്പോഴത്തെ വായ്പ്പാ ബാധ്യത 3.05 ലക്ഷം കോടി രൂപയാണ്. ഈ കടം കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ബാദ്ധ്യതയായി കണക്കാക്കുന്നുണ്ടോ? ഇല്ല.

എന്നാൽ ഇത് സംബന്ധിച്ച വിശദീകരണം എന്താണെന്നോ? ഈ NHAI ടോൾ പിരിച്ച് വരുമാനം ഉണ്ടാക്കുന്നുണ്ട്.

കിഫ്ബിയ്ക്കു സ്വന്തമായി വരുമാനമില്ലായെന്നാണ് ആക്ഷേപം. സർക്കാർ നല്കുന്ന നികുതി വിഹിതത്തിനു പുറമേ വരുമാനദായക പ്രൊജക്ടുകളിൽ നിന്നുള്ള തിരിച്ചടവും ഉണ്ടെന്നതാണ് യാഥാർത്ഥ്യം.

ആസ്തി-ബാധ്യത (asset-liability) ഒത്തുനോക്കാൻ സ്ഥിരം സംവിധാനം
കിഫ്ബി നൂതനമായ ഒരു ആന്വിറ്റി മാതൃകയിലുള്ള പദ്ധതിയാണ്.

കിഫ്ബി നിയമ പ്രകാരം മോട്ടോർ വാഹന നികുതിയുടെ പകുതി വിഹിതവും, പെട്രോളിയം സെസ് എന്നിവനൽകണം. അത് കിഫ്ബിയുടെ ഉറപ്പായ വരുമാനമാണ്.

ഇതിനുപുറമേ കിഫ്ബിയ്ക്കു വരുമാനദായക പ്രൊജക്ടുകളിൽ നിന്നും ഇതിനകം 750 കോടി രൂപയോളം വരുമാനം ലഭിച്ചിട്ടുണ്ട്.

കിഫ്ബിയ്ക്കു നിയമംമൂലം ലഭിക്കുന്ന ഈ ഭാവി വരുമാനം ഉപയോഗിച്ച് വിപണിയിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ്പ എടുത്ത് സർക്കാർ തീരുമാനിച്ച് ഏൽപ്പിച്ച പദ്ധതികൾക്കായി മുടക്കുന്നു.

എത്ര വരെ കിഫ്ബി വായ്പ്പ എടുക്കും?

നിശ്ചിത വർഷം കൊണ്ട് ഈ വരുമാനം കൊണ്ട് തിരിച്ച് അടയ്ക്കാൻ കഴിയുന്നത്രയും വായ്പ്പ മാത്രമേ എടുക്കു. ഇത് ഉറപ്പുവരുത്തുന്നതിന് വളരെ കണിശമായ ആസ്തി ബാധ്യത താരതമ്യ വിശകലന മാതൃകയുടെ അടിസ്ഥാനത്തിലാണ് കിഫ്ബിയുടെ പ്രവർത്തനം.

ഭാവിയിൽ ഒരു ഘട്ടത്തിലും കിഫ്ബിയുടെ ബാധ്യത ആസ്തികൾക്കു മുകളിലാവില്ലായെന്ന് ഉറപ്പുവരുത്തിക്കൊണ്ടേ പുതിയ പ്രൊജക്ടുകൾ എടുക്കൂ. ഈ ഗണിത മാതൃകയുടെ ശാസ്ത്രീയതയും കൃത്യതയും കൊണ്ടു കൂടിയാണ് ഇന്ത്യയിലെയും വിദേശത്തുമുള്ള നിക്ഷേപകർ കിഫ്ബി ബോണ്ടുകളിൽ മുതൽമുടക്കാൻ തയ്യാറാകുന്നത്.

നവീന ആന്വിറ്റി മാതൃക

കേരളവും മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ആന്വിറ്റി മാതൃകയിൽ നിർമ്മാണങ്ങൾ നടത്തുന്നുണ്ട്.

സർക്കാർ നിശ്ചയിക്കുന്ന ഒരു പദ്ധതി പ്ലാനും എസ്റ്റിമേറ്റും എല്ലാം തയ്യാറാക്കി ആന്വിറ്റി മാതൃകയിൽ സ്വകാര്യ കോൺട്രാക്ടർമാരെ ഏൽപ്പിക്കുന്നു. ഈ കരാറുകാരനാണ് പണം മുടക്കുന്നത്.

നിശ്ചിത വാർഷിക ഗഡുക്കളായി കരാറുകാരന് കരാർ പ്രകാരമുള്ള പണം സർക്കാർ നല്കും. ഇങ്ങനെയാണ് ആന്വിറ്റി മാതൃകയിലെ നിർമ്മാണ പ്രവർത്തി.
സ്വകാര്യ കരാറുകാരന് പകരം ഇവിടെ ഈ ആന്വിറ്റി നൽകുന്നത് സർക്കാർ സ്ഥാപനത്തിനാണ്.

കിഫ്ബി ആന്വിറ്റി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു കൺട്രോൾഡ് ലിവറേജിംഗ് മോഡൽ ആണ്.

ഇങ്ങനെ സമാഹരിക്കുന്ന തുക എങ്ങനെ സർക്കാർ ബാദ്ധ്യതയായി കണക്കാക്കും?

ഈ താപ്പ് കേന്ദ്ര സർക്കാരിന് ബാധകമായിട്ടുണ്ടോ? ഇല്ല. അവരുടെ ബജറ്റ് രേഖകൾ പ്രകാരമുള്ള ആന്വിറ്റി ബാധ്യത (committed annuity liability) 84,903.51 കോടി രൂപയാണ്.

നടപ്പു വർഷ ബാധ്യത 5,275.88 കോടി രൂപ. കഴിഞ്ഞ വർഷം വരെയുള്ള ആന്വിറ്റി കുടിശിക 38,775.72 കോടി രൂപയാണ്.

ദേശീയപാതാ അതോറിറ്റി (National Highway Authority of India-NHAI) യുടെ കടം 3.05 ലക്ഷം കോടി രൂപയാണ്.

ഇതൊന്നും കേന്ദ്ര സർക്കാരിന്റെ direct liability ആയി കണക്കിലെടുക്കുന്നില്ല എന്നോർക്കണം.

കേരളത്തിനും കിഫ്ബിയ്ക്കും മാത്രം ഇത് ബാധകമാകുന്നത് എന്തു കൊണ്ടാണ്?

കിഫ്ബിയുടേത് ബജറ്റേതര വായ്പ്പയോ?

കിഫ്ബി എടുക്കുന്ന വായ്പ ഒരു ഓഫ് ബജറ്റ് അല്ലെങ്കിൽ എക്സ്ട്രാ ബജറ്ററി കടമെടുപ്പല്ല (off budget borrowing/ Extra budgetary Resource mobilisation). കിഫ്ബിയുടെ പ്രൊജക്ടുകൾ ബജറ്റ് അക്കൗണ്ടിന്റെ ഭാഗമേ അല്ല. ബജറ്റ് സ്കീമുകൾക്ക് ആവശ്യമായ പണം ബജറ്റിനു പുറത്തു നിന്നും കണ്ടെത്തുന്നതിനുള്ള കുറുക്കുവഴിയായിട്ടല്ല കിഫ്ബി രൂപീകരിച്ചിരിക്കുന്നതും അത് വായ്പയെടുക്കുന്നതും.

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് അനിവാര്യമായ പശ്ചാത്തലസൗകര്യ സൃഷ്ടിക്ക് കിഫ്ബി നൽകുന്ന ധനസഹായത്തിനും സൗകര്യങ്ങൾക്കും സംസ്ഥാന സർക്കാർ ആന്വിറ്റിക്ക് സമാനമായ വാർഷിക വിഹിതം ബജറ്റിൽ ഉൾക്കൊള്ളിച്ചു നൽകുകയാണ് ചെയ്യുന്നത്.

ഇങ്ങനെ ഉറപ്പായും ലഭിക്കുന്ന വരുമാനം കിഫ്ബിക്കുണ്ട്. ഈ വരുമാനം അടിസ്ഥാനപ്പെടുത്തി വിപണിയിൽ നിന്ന് വായ്പയെടുത്ത് പശ്ചാത്തലസൗകര്യ സൃഷ്ടിക്കു മുതൽ മുടക്കുന്ന മാതൃകയാണ് ലളിതമായി പറഞ്ഞാൽ കിഫ്ബി മാതൃക. തിരിച്ചടയ്ക്കാൻ കഴിയുന്നത്ര വായ്പയേ കിഫ്ബി എടുക്കുന്നുള്ളൂ.

എടുക്കുന്ന വായ്പ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സമീപനങ്ങളും സ്വീകരിക്കുന്നു.
കേന്ദ്രസർക്കാർ ബജറ്റ് സ്കീമുകളുടെ നടത്തിപ്പിനായി ബജറ്റേതര ധനസമാഹരണം നടത്തുന്നത് ബജറ്റ് സ്റ്റേറ്റ്മെന്റിൽ കാണിക്കുന്നുണ്ടെങ്കിലും അവ കടബാധ്യതയിൽ ഉൾപ്പെടുത്തുന്നില്ല എന്നതുകൂടി ഓർക്കണം.

ദീൻ ദയാൽ ഉപാധ്യായ ഗ്രാംജ്യോതി യോജന, പ്രധാനമന്ത്രി ആവാസ് യോജന, ജൽജീവൻ മിഷൻ, തുടങ്ങിയവയൊക്കെ ഇത്തരം ബജറ്റേതര ധനസമാഹരണം കൊണ്ട് നടത്തുന്ന ബജറ്റ് സ്കീമുകളാണ്.

ഇതിനുപുറമേ ഇന്ത്യൻ റെയിൽവേയ്ക്കു 10200 കോടി രൂപയും എയർ ഇന്ത്യ അസ്സറ്റ് ഹോൾഡിങ് കമ്പനിയ്ക്ക് 7000 കോടി രൂപയും സർക്കാർ പൂർണ്ണമായും തിരിച്ചടയ്ക്കും എന്ന നിബന്ധനയിൽ വായ്പ്പ എടുക്കാൻ കഴിഞ്ഞ രണ്ടു വർഷങ്ങളായി അനുമതി നല്കി.

കേന്ദ്ര സർക്കാരിന്റെ ആന്വിറ്റി ബാധ്യതയ്ക്ക് പുറമെയാണിത്.

ഇവയൊന്നും കേന്ദ്ര സർക്കാരിന്റെ direct liability ആയി കണക്കിലെടുക്കുന്നില്ലല്ലോ?

അപ്പോൾ കേന്ദ്ര സർക്കാറിന് ബാധകമല്ലാത്ത താപ്പുകൾ കേരളത്തെ വരിഞ്ഞു മുറുക്കാൻ ഉപയോഗിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.

ഇതു രാഷ്ട്രീയ പകപോക്കൽ മാത്രമാണ്.


ഓർമ്മയില്ലേ വരദാചാരിയെ?

ലാവലിൻ കരാറിനെ എതിർത്ത ധനകാര്യസെക്രട്ടറിയുടെ തല പരിശോധിക്കണമെന്ന് പിണറായി വിജയൻ ഫയലിലെഴുതി എന്ന കള്ളക്കഥയും. ലാവലിൻ വിവാദകാലത്ത് ഏറെ പ്രചരിപ്പിക്കപ്പെട്ട കഥയാണിത്. ആരോപണത്തിന് തെളിവൊന്നുമുണ്ടായിരുന്നില്ല.

അങ്ങനെയെഴുതിയ ഫയലോ കുറിപ്പോ ഒന്നും ഹാജരാക്കാൻ ആരോപണമുന്നയിച്ചവർക്ക് കഴിഞ്ഞതുമില്ല.

തെളിവില്ലാത്ത ആരോപണം തള്ളിക്കളയുകയായിരുന്നില്ല അന്വേഷണ ഉദ്യോഗസ്ഥർ ചെയ്തത്. ഫലമോ? തെളിവില്ലാത്ത ആരോപണം കുറ്റപത്രത്തിൽ ഇടംപിടിച്ചു.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മൊഴി വിശ്വസിക്കാമെന്നായിരുന്നു സിബിഐയുടെ ഭാഷ്യം. അതിനു മുന്നേ, വാർത്തയിലും എഡിറ്റോറിയലിലും ലേഖന പരമ്പരകളിലും മുഖപ്രസംഗങ്ങളിലും കാർട്ടൂണുകളിലും വരദാചാരിക്കഥ ആഘോഷിക്കപ്പെട്ടു.

ചാനൽ ചർച്ചകളിലും വാർത്താധിഷ്ഠിത പരിപാടികളിലും അനേകം തവണ “വരദാചാരിയുടെ തലപരിശോധനക്കഥ” പറന്നുനടന്നു. തെളിവില്ലാത്ത ആരോപണം പൊതുബോധത്തിന്റെ ഭാഗമാക്കാൻ ചെലവഴിച്ചത് ലിറ്റർ കണക്കിന് അച്ചടിമഷി. എരിച്ചു കളഞ്ഞത് മണിക്കൂർ കണക്കിന് പ്രൈം ടൈം.

ഇങ്ങനെ കള്ളമൊഴികളും കള്ളത്തെളിവുകളും കൊണ്ട് കെട്ടിപ്പൊക്കിയതാണ് ലാവലിൻ കേസ്. ഒടുവിലോ… കുറ്റപത്രം പരിശോധിച്ച സിബിഐ കോടതിയിലെ ജഡ്ജി ഒരു വാചകമെഴുതി കേസ് തള്ളി. തലയ്ക്കുള്ളിൽ നിയമത്തിന്റെ കണികയെങ്കിലുമുള്ളവർക്ക് വിശ്വസിക്കാനാവാത്ത ആരോപണങ്ങൾ എന്നായിരുന്നു കുറ്റപത്രത്തിന് അദ്ദേഹം നൽകിയ വിശേഷണം.

വർഷങ്ങൾക്കു ശേഷം സിബിഐയുടെ സ്ഥാനത്ത് ഇഡി വരികയാണ്. വരവ് കിഫ്ബിയിലേയ്ക്ക്. അവർക്കുമാവശ്യം ഒരു മൊഴിയാണ്. കള്ളം പറയാൻ മടിയില്ലാത്ത ഒരു സാക്ഷിയെയും.

ഇഡി കെട്ടുന്ന മനക്കോട്ടകൾ

ആവശ്യം സിംപിളാണ്. കിഫ്ബിയുടെ മസാലാബോണ്ടിൽ നിക്ഷേപം നടത്തിയ സിഡിപിക്യൂ എന്ന പെൻഷൻ കമ്പനിയെ എസ്എൻസി ലാവലിനുമായി ബന്ധിപ്പിച്ച് ഒരു കുറ്റാരോപണത്തിന്റെ പുക മറയുണ്ടാക്കണം.

വിരമിച്ചതോ, സർവീസിലുള്ളതോ ആയ ഉദ്യോഗസ്ഥരിൽ നിന്ന് അങ്ങനെയൊരു മൊഴി കിട്ടിയാൽ കുശാലായി.

കിഫ്ബിയിലെ മസാലാബോണ്ട് നിക്ഷേപം ലാവലിൻ വക കള്ളപ്പണമാണെന്ന് വാദിക്കാം.
മാധ്യമങ്ങൾ ഏറ്റെടുക്കും. ചർച്ച കൊഴുക്കും. ചാനൽ ജഡ്ജിമാർ വിധി പറയും.

കിഫ്ബി കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ കുരുക്കിലാവും.

കയറിന്റെ മറ്റേ അറ്റത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കിട്ടും. ഈ മനക്കോട്ടകളും കെട്ടിയാണ് ഇഡി ഉദ്യോഗസ്ഥർ കിഫ്ബി ഓഫീസിൽ കയറിയിറങ്ങുന്നത്.

ഫെമ ലംഘനം എന്ന ഓലപ്പാമ്പു കാട്ടിയാണ് കിഫ്ബിയിലേയ്ക്കുള്ള ഇഡിയുടെ വരവ്

. ഈ ആരോപണം തന്നെ ബിജെപിയുടെ സൃഷ്ടിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ഫെമ ലംഘനമെന്ന ആരോപണം ഉയർത്തിയത്.

അന്നു മുതൽ കിഫ്ബിയിൽ കയറിയിറങ്ങുകയാണ് ഇഡി ഉദ്യോഗസ്ഥർ. കിഫ്ബി സിഇഒ, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എന്നിവരെയൊക്കെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.

ആവശ്യപ്പെട്ട പ്രകാരം മൊഴി നൽകാൻ കൂട്ടാക്കാത്ത പലരോടും അപമര്യാദയോടെ പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നുമൊക്കെയുള്ള ആരോപണങ്ങൾ അക്കാലത്തു തന്നെ ഉയർന്നിരുന്നു.

കിഫ്ബി മസാലാ ബോണ്ടു വഴി നിക്ഷേപം സ്വീകരിച്ചതിൽ ഫെമ ലംഘനം ആരോപിക്കുന്നതിൽ ഒരു കഥയുമില്ല. ഒരു കോടതിയുടെയും മുന്നിൽ ഈ ആരോപണം നിലനിൽക്കില്ല. ഇക്കാര്യത്തിൽ അനുമതി നൽകേണ്ടത് റിസർവ് ബാങ്കാണ്. അനുമതിയ്ക്ക് അപേക്ഷിച്ചത് 2018 മെയ് 22ന്.

2673 കോടിയുടെ മസാലാ ബോണ്ട് സ്വീകരിക്കാൻ കിഫ്ബിയ്ക്ക് അനുവാദം നൽകിക്കൊണ്ടുള്ള റിസർവ് ബാങ്ക് അറിയിപ്പ് നൽകിയത് 2018 ജൂൺ ഒന്നിനാണ് (CO. FED.ECRD. 9931/03-02-117/2017-18 നമ്പർ കത്ത്.

അതിൽ We have no objection under the Foreign Exchange Management Act, 1999 എന്ന് ആദ്യഖണ്ഡികയിൽത്തന്നെ എഴുതി വെച്ചിട്ടുണ്ട്. ഈ ഒരൊറ്റക്കത്തു മതി ഇഡിയുടെ ആരോപണം പൊളിയാൻ.

വിവിധ ആർബിഐ നിബന്ധനകളുമായി ബന്ധപ്പെട്ട് തുടർച്ചയായ കത്തിടപാടുകൾ റിസർവ് ബാങ്കും കിഫ്ബിയും അംഗീകൃത ഡീലർ ബാങ്കും തമ്മിൽ നടത്തിയിട്ടുണ്ട്.

മസാലാ ബോണ്ടിന് ലോൺ രജിസ്ട്രേഷൻ നമ്പർ അനുവദിച്ചുകൊണ്ട് ആർബിഐയുടെ അറിയിപ്പ് വന്നത് 2019 മാർച്ച് 22നാണ്.

ഒരു ബോഡി കോർപറേറ്റിന് മസാലാ ബോണ്ടുവഴി നിക്ഷേപം സ്വീകരിക്കാൻ പാലിക്കേണ്ട മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിട്ടുണ്ടെന്നു തെളിയിക്കുന്നതാണ് ഈ കത്തിടപാടുകൾ.

മാത്രവുമല്ല, രാജ്യത്ത് മസാലാ ബോണ്ടു വഴി നിക്ഷേപം സ്വീകരിക്കുന്ന ആദ്യസ്ഥാപനമല്ല കിഫ്ബി.

നാഷണൽ ഹൈവേ അതോറിട്ടി (3000 കോടി), എൻടിപിസി (4000 കോടി), എച്ച്‌ഡിഎഫ്‌സി (6300 കോടി), ഇന്ത്യൻ റിന്യുവബിൾ എനർജി ഡെവലപ്പ്‌മെന്റ്‌ ഏജൻസി ലിമിറ്റഡ്‌ (1950 കോടി), സ്വകാര്യ കമ്പനിയായ ഇന്ത്യാബുൾസ്‌ ഹൗസിങ്‌ ഫിനാൻസ്‌ ലിമിറ്റഡ്‌ (1330 കോടി) എന്നീ സ്ഥാപനങ്ങൾ മസാല ബോണ്ട് വഴി സമാഹരിച്ചത് 18730 കോടി രൂപയാണ്. ഇവർക്കെല്ലാം അനുമതി നൽകിയത് റിസർവ് ബാങ്കാണ്. ആ അനുമതി തന്നെയാണ് കിഫ്ബിയ്ക്കു ലഭിച്ചതും.

അവിടെയൊന്നും ഫെമ ലംഘനമെന്ന ഓലപ്പാമ്പുമായി ഇഡി ഉദ്യോഗസ്ഥരെ വേട്ടയ്ക്കു വിട്ടിട്ടില്ല. പക്ഷേ, കേരളം അടിസ്ഥാനസൗകര്യവികസനത്തിന് നിയമപ്രകാരം ധനസമാഹരണത്തിനിറങ്ങിയപ്പോൾ കേസും ബഹളവും ഭീഷണിയും.

കേരള നിയമസഭ പാസാക്കിയ നിയമം മൂലം സ്ഥാപിതമായ ബോഡി കോർപറേറ്റാണ് കിഫ്ബി.

രാജ്യത്ത് നിലനിൽക്കുന്ന നിയമം വഴി മാത്രമേ അതിന് പ്രവർത്തിക്കാനാവൂ. കിഫ്ബി ചിട്ടിക്കമ്പനിയോ സ്വകാര്യ ബാങ്കോ അല്ല.

കിഫ്ബിയിൽ വ്യക്തികൾക്ക് പണം നിക്ഷേപിക്കാനാവില്ല. എങ്ങനെയൊക്കെയാണ് ഫണ്ട് സമാഹരിക്കേണ്ടത് എന്ന് കിഫ്ബി ആക്ടിന്റെ മൂന്നാം വകുപ്പിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്.

അധികാരത്തിന്റെ ഹുങ്ക്

കിഫ്ബിയിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിന് നൽകിയിരിക്കുന്ന നോട്ടീസിലും അമിതാധികാരപ്രയോഗത്തിന്റെയും ചട്ടമ്പിത്തരത്തിന്റെയും ഭാഷയാണ് ഇഡി ഉപയോഗിച്ചിരിക്കുന്നത്.

ഹാജരാകണമെന്നാവശ്യപ്പെട്ട് ഐസക്കിന് അയച്ച കത്ത് ആദ്യം പത്രങ്ങൾക്ക് ചോർത്തി നൽകി വാർത്ത സൃഷ്ടിക്കുകയാണ് ഇഡി ചെയ്തത്. തനിക്ക് നോട്ടീസ് അയച്ച വിവരം അദ്ദേഹം അറിഞ്ഞത് പത്രങ്ങളിലും ചാനലുകളിലും നിന്ന്.

നോട്ടീസിലെ ആവശ്യമോ?

അക്കൗണ്ട് ബുക്കുകളുമായി 2022 ജൂലൈ 19ന് ഹാജരാകണമെന്നാണ് തോമസ് ഐസക്കിനോട് ഇഡി ആവശ്യപ്പെട്ടത്.

നോട്ടീസ് തയ്യാറാക്കിയ തീയതി 12-7-2022. അതായത് സർക്കാർ രേഖകൾ സമാഹരിക്കാൻ നൽകിയത് വെറും ഒരാഴ്ച.

സർക്കാർ വകുപ്പുമായോ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട അക്കൗണ്ട് ബുക്കുകളും രേഖകളുമൊന്നും ഒരു മുൻമന്ത്രിയുടെയും കൈവശമുണ്ടാകില്ല.

സാധാരണ പൗരനുള്ളതിനേക്കാൾ ഒരവകാശാധികാരവും മുൻമന്ത്രിയ്ക്കില്ല.

മന്ത്രിയോട് രേഖ ചോദിച്ചാൽ, മന്ത്രിയെന്നുള്ള അധികാരം വെച്ച് അത് ഹാജരാക്കാം. മുൻമന്ത്രിയ്ക്ക് അതു പറ്റില്ലല്ലോ.

പണ്ട് വകുപ്പു ഭരിച്ചിരുന്നതാണെന്ന അവകാശവാദവുമായി, അന്നൊപ്പിട്ട ഫയലും രേഖകളുമൊക്കെ വേണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി സമീപിച്ചാൽ സർക്കാരിനു കൈമലർത്താനേ കഴിയൂ.

ഔദ്യോഗികമായി ഏത് പഴയ രേഖ കിട്ടണമെങ്കിലും, ഒരു സാദാ പൗരനെപ്പോലെ വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുകയേ മുൻമന്ത്രിയുടെ മുന്നിൽ മാർഗമുള്ളൂ.