‘‘കൊല്ലാനോ മരിക്കുവാനോ തയ്യാറാകുക. ഇതല്ലാതെ മറ്റൊരു മാർഗമില്ല. ഇവിടെ പൊലീസുണ്ട്, നേതാക്കളുണ്ട്, സൈന്യമുണ്ട്; ഓരോ ഹിന്ദുവും വംശശുദ്ധി വരുത്തുന്നതിനായി സ്വയം മാറണം; അവിശ്വാസികളുടെ തലയറുക്കാൻ നമുക്കിവിടെ വേണ്ടത്ര മഴുവുണ്ട്; ഹർഹർ മഹാദേവ്, ഹർഹർ മഹാദേവ്’’.
സ്ക്രീനിൽ ഒരു മാധ്യമ പ്രവർത്തകന്റെ നിറഞ്ഞുനിൽക്കുന്ന ദൃശ്യം. അദ്ദേഹം സംസാരിക്കുകയാണ്.
‘*‘എന്റെ പേര് അലിഷാൻ ജാഫ്രി.
ഞാനൊരു മാധ്യമ പ്രവർത്തകനാണ്. വെറുപ്പും വിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ് ഞാൻ സ്ഥിരമായി റിപ്പോർട്ടു ചെയ്യുന്നത്. ഇന്ത്യ തീവ്രവാദ രാഷ്ട്രീയത്തിന്റെ പിടിയിലാണ്. മുസ്ലീങ്ങൾക്കെതിരായ വംശഹത്യയ്ക്കുള്ള ആഹ്വാനം ഇവിടെ ന്യായീകരിക്കപ്പെടുന്നു, വർധിച്ചുവരുന്നു’’.
ദൃശ്യത്തിൽ അലിഷാൻ ജാഫ്രിയുടെ മുഖം തെളിഞ്ഞു നിൽക്കുന്നു. വീണ്ടും കേൾക്കുന്നത് കലാപാഹ്വാനത്തിന്റെ ശബ്ദം: ‘‘ഈ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുന്നതിനുവേണ്ടി നമ്മൾ പൊരുതും, വേണ്ടി വന്നാൽ കൊന്നൊടുക്കും, നാമതിന് തയ്യാറാകണം, ഭാരത് മാതാ കീ ജയ്!’’
വീണ്ടും അലിഷാൻ ജാഫ്രി സംസാരിക്കുന്നു: ‘‘ഇത് കലാപത്തിനുള്ള പ്രത്യക്ഷ ആഹ്വാനം തന്നെയാണ് - ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള കലാപം’’.
ശബ്ദം:
‘‘നാമെല്ലാവരും ആയുധങ്ങൾ ഉപയോഗിക്കാൻ പഠിക്കണം. അവിശ്വാസികളെ മുഴുവൻ കൊന്നൊടുക്കണം’’.
അലിഷാൻ ജാഫ്രിയുടെ വാക്കുകൾ:
‘‘ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതിനെതിരെ പറയുമായിരിക്കും. പക്ഷേ അദ്ദേഹം ഒന്നും മിണ്ടുന്നില്ല’’.
പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയായി ചുമതലയേൽക്കാനെത്തുന്ന മോദിയുടെ വാഹനവ്യൂഹം; അന്തരീക്ഷത്തിൽ അനുയായികളുടെ ആരവങ്ങൾ; സത്യപ്രതിജ്ഞ ചെയ്യുന്ന മോദിയുടെ ചിത്രം തെളിയുന്നു. അന്തരീക്ഷത്തിൽ ബിബിസി അവതാരകയുടെ ശബ്ദം; ‘‘ഇപ്പോഴദ്ദേഹം, നരേന്ദ്ര ദാമോദർ ദാസ് മോദി, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവാണ്’’.
മോദി അധികാരമേൽക്കുന്നതിന്റെ ആരവങ്ങൾ. ഭാരത് മാതാ കീ ജയ് എന്ന മോദിയുടെ വാക്കുകൾ ഏറ്റുവിളിക്കുന്ന അനുയായികൾ.
പൊടുന്നനെ പശ്ചാത്തലത്തിൽ വെടിവെയ്പിന്റെയും കലാപത്തിന്റെയും ചിതറിയോടുന്ന ആൾക്കൂട്ടത്തിന്റെയും ദൃശ്യങ്ങൾ; അന്തരീക്ഷത്തിൽ അവതാരകയുടെ ശബ്ദം:
‘‘രാജ്യത്തിന് സമൃദ്ധിയുടേതായ പുതുയുഗം വാഗ്ദാനം ചെയ്താണ് മോദി അധികാരത്തിൽ വരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ഭരണകാലം വർഗീയ കലാപങ്ങളാലാണ് അടയാളപ്പെടുത്തപ്പെടുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനമായി ഒട്ടേറെ ആളുകൾ കരുതുന്ന പുതിയ പൗരത്വ നിയമത്തോടുള്ള എതിർപ്പും അക്രമാസക്തമായ പ്രതിഷേധങ്ങളുമാണ് രാജ്യത്ത് ഉയരുന്നത്. ഈ നിയമം മോദി വാഴ്ചയുടെ കടുത്ത മുസ്ലീം വിരോധമാണ് പ്രകടമാക്കുന്നത്. ഇന്ത്യയിലെ മുസ്ലീം സമൂഹവുമായുള്ള നരേന്ദ്രമോദിയുടെ മോശമായ ബന്ധത്തിന്റെ കഥ പറയുകയാണ് ഈ പരമ്പര’’.