ലിംഗസമത്വ ചിന്തയിൽ മുന്നിൽ കേരളം (Mar 4, 2022- ദേശാഭിമാനി വാർത്തിയിൽ നിന്ന്)

ലിംഗസമത്വ ചിന്തയിൽ മുന്നിൽ കേരളം (Mar 4, 2022- ദേശാഭിമാനി വാർത്തിയിൽ നിന്ന്)

ലിംഗസമത്വ ചിന്തയിൽ രാജ്യത്ത്‌ മുന്നിൽ കേരളമെന്ന്‌ സർവേ ഫലം. കുടുംബങ്ങളിലും സമൂഹത്തിലും സ്‌ത്രീകളുടെ പങ്ക്‌ പുരുഷന്‌ തുല്യമാണെന്നാണ് കേരളത്തിന്റെ ചിന്താ​ഗതി.

അതേസമയം, പരമ്പരാഗത സങ്കൽപ്പങ്ങളെ ഉപേക്ഷിക്കാൻ തയ്യാറാകാത്തവരും ഉണ്ടെന്ന് സർവേയിൽ വ്യക്തമായി. അമേരിക്കയിലെ വാഷിങ്‌ടൺ ആസ്ഥാനമായ പ്യൂ റിസർച്ച്‌ സെന്ററിന്റേതാണ്‌ സർവേ.

"കുടുംബങ്ങളിലും സമൂഹത്തിലുമുള്ള ലിംഗപരമായ പങ്കാളിത്തം ഇന്ത്യക്കാർ എങ്ങനെ കാണുന്നു?’ എന്ന തലക്കെട്ടോടെ യാണ് സർവ്വെഫലം പ്രസിദ്ധീകരിച്ചത്.

രാജ്യത്ത്‌ 87 ശതമാനം പേർ ഭർത്താവിനെ അനുസരിച്ച്‌ ജീവിക്കണമെന്ന്‌ അഭിപ്രായപ്പെടുമ്പോൾ കേരളത്തിലിത് 30 ശതമാനം.

ജോലി ലഭിക്കുന്നതിൽ പുരുഷന്മാർക്ക്‌ മുൻഗണന വേണമെന്നാണ്‌ 55 ശതമാനത്തിന്റെയും അഭിപ്രായം. കേരളത്തിലാകട്ടെ ഈ അഭിപ്രായം 28 ശതമാനമാണ്‌.

കർണാടകത്തിലും ആന്ധ്രപ്രദേശിലും പരമ്പരാഗത കാഴ്ചപ്പാടുകൾ പിന്തുടരുന്നവർ കൂടുതലാണെങ്കിൽ കേരളത്തിൽ പുരോഗമന ചിന്താഗതികൾക്കാണ്‌ പ്രമുഖ്യം.

കർണാടകത്തിൽ 81 ശതമാനവും ആന്ധ്രപ്രദേശിൽ 60 ശതമാനവും മാതാപിതാക്കളുടെ അന്ത്യകർമങ്ങൾ ആൺമക്കൾ മാത്രം ചെയ്യണമെന്ന്‌ അഭിപ്രായപ്പെടുമ്പോൾ മലയാളികൾ ഇത്‌ 30 ശതമാനമാണ്.

കുടുംബത്തിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്നതിൽ പുരുഷന്മാർക്ക്‌ കൂടുതൽ പ്രാധാന്യം ഉണ്ടെന്ന്‌ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ അഭിപ്രായപ്പെടുമ്പോൾ കേരളം വ്യത്യസ്തമായി ചിന്തിച്ചു.

23 ശതമാനം മാത്രമാണ്‌ പിന്തുണച്ചത്.

രക്ഷിതാക്കളുടെ പാരമ്പര്യസ്വത്ത്‌ മക്കൾക്ക് ഒരുപോലെ അവകാശപ്പെട്ടതാണെ‌ന്ന്‌ രാജ്യത്ത്‌ 64 ശതമാനം പേരും പറയുമ്പോൾ ആൺമക്കൾക്ക്‌ മാത്രമെന്ന്‌ 34 ശതമാനം കരുതുന്നു.

കേരളത്തിൽ ഇത്‌ 12 ശതമാനമാണെന്നും സർവ്വെ പറയുന്നു.