On VD Satheeshan's response to the journalist who asked about the issue of throwing Gandhi's photo on the floor

On VD Satheeshan’s response to the journalist who asked about the issue of throwing Gandhi’s photo on the floor.

മാധ്യമങ്ങളിലൂടെ കേരളമൊന്നടങ്കം തൽസമയം കണ്ട ഒരു പത്ര സമ്മേളനമായിരുന്നു താൻ വയനാട് നടത്തിയതെന്ന് വി.ഡി. സതീശൻ മറന്നു പോയെന്നു തോന്നുന്നു. സതീശൻ സഭ്യമായാണോ അസഭ്യമായാണോ പെരുമാറിയതെന്ന് എല്ലാവരും മനസ്സിലാക്കിയതാണ്. ചോദ്യങ്ങളെ അഭിമുഖീകരിക്കാനും മറുപടി പറയാനും വിമുഖത കാണിച്ച സതീശൻ അട്ടഹാസം മുഴക്കുന്നത് കേരളം കണ്ടതാണ്. എന്നിട്ടും കണ്ണടച്ച് ഇരുട്ടാക്കാനാണ് സതീശൻ ശ്രമിക്കുന്നത്. ഇന്നത്തെ കാലത്ത് അതു സാധ്യമല്ലെന്ന് മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു കൂപമണ്ഡൂകമാണ് ബഹുമാന്യനായ പ്രതിപക്ഷ നേതാവ് എന്നത് ആശ്ചര്യപ്പെടുത്തുന്നു.

എന്താണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയ ചോദ്യം? അക്രമം നടന്നയുടനെ പുറത്തുവന്ന ദൃശ്യങ്ങളിൽ ഗാന്ധിയുടെ ചിത്രം ചുമരിൽ തന്നെയുണ്ടായിരുന്നല്ലോ എന്നും പിന്നീടത് എങ്ങനെയാണ് അതു തറയിൽ വീണു കിടന്നത് എന്ന തീർത്തും യുക്തിസഹമായ ചോദ്യത്തിന് ഉത്തരം മുട്ടിയപ്പോളാണ് അദ്ദേഹം പത്രക്കാരോട് തട്ടിക്കയറിയത്. അസംബന്ധം പറയരുത് എന്നലറി വിളിച്ച് ചോദ്യം ചോദിച്ചവരെ സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ഉത്തരൻ പറയാൻ പറ്റാത്ത നാണക്കേടിനാൽ അദ്ദേഹത്തിനു നിയന്ത്രണം നഷ്ടപ്പെടുകയുമാണ് ചെയ്തത്.

“നിങ്ങളെ ഇവിടെ നിന്നും പുറത്തിറക്കി വിടുന്ന കാര്യം എന്നെക്കൊണ്ട് ചെയ്യിക്കരുത്. മനസ്സിലായോ? വൈകാരികമായ വിഷയം സംസാരിക്കുമ്പോൾ അസംബന്ധം പറഞ്ഞാൽ…അതു നിർത്തിക്കോ. കയ്യിൽ വച്ചാൽ മതി.” - ഇതാണ് വിഡി സതീശൻ്റെ ‘സഭ്യവും മാന്യവുമായ’ വാക്കുകൾ!

ആ പത്രപ്രവർത്തകർ ചോദിച്ച ചോദ്യത്തിലെ അസംബന്ധമെന്താണ്? അതു വ്യക്തമാക്കാൻ വിഡി സതീശനു സാധിച്ചില്ല. കാരണം ജനവികാരം ഇളക്കാനായി മഹാത്‌മാഗാന്ധിയുടെ ചിത്രം താഴെയിട്ടത് തൻ്റെ ആൾക്കാർ തന്നെയാണെന്ന് സതീശനു അറിയാം. ആ കള്ളം പകൽ പോലെ ആളുകൾക്കു മുന്നിൽ ദൃശ്യമാധ്യമങ്ങൾ വഴി തന്നെ വ്യക്തമാക്കുകയും ചെയ്തു. ആ നാണക്കേടാണ് സതീശനെ ക്ഷുഭിതനാക്കിയത്.