വാർത്താ വിചാരണ
മലയാള മനോരമയിൽ നേരത്തെ വിമതൻ എന്ന അപരനാമത്തിൽ ആഴ്‌ച ക്കുറിപ്പുകൾ എന്ന പംക്തി തയ്യാറാക്കിയിരുന്നത് അന്തരിച്ച ഇ സോമനാഥനെന്ന മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്നു. പക്ഷെ, കഴിഞ്ഞ കുറച്ച് കാലമായി ആ പംക്തി കൈകാര്യം ചെയ്യുന്നത് കെഎസ് യു നിലവാരത്തിലുള്ള ആരോ ആണെന്ന കാര്യത്തിൽ വാർത്താ വിചാരണ ക്കൊരു സംശയവുമില്ല. അത് തൃത്താല ബലരാമനാകാം, രാഹുൽ മാങ്കൂട്ടമാകാം. അതുമല്ലെങ്കിൽ സതീശൻജിയോ സുധാകർജിയോ ആകാം. അതുമല്ലെങ്കിൽ ഇവരുടെയെല്ലാം ക്ലോണിംഗ് പരുവത്തിലുള്ള മനോരമയിലെ പഴയ കെ എസ് യു ക്കാരനും ആകാം. ആ പത്രത്തിൻ്റെ ഏതാണ്ടെന്തൊക്കെയോ ഒരു കനേഡിയൻ മദാമ്മ വന്ന് ചെത്തിമിനുക്കിയിട്ടുണ്ട് പോലും. പക്ഷെ, ആർക്കും ചെത്തിമിനുക്കാൻ കഴിയാത്തതൊന്നുണ്ട്. അത് ആ പത്രത്തിൻ്റെ നിലവാരമാണ്. ആ പത്രമുതലാളിമാരുടെ കമ്യുണിസ്റ്റ് വിരുദ്ധതയ്ക്ക് ജരാനര ബാധിച്ചിട്ടും വിഷം ഒട്ടും കുറഞ്ഞിട്ടില്ല. അത് കുറയുകയുമില്ല. കഴുതക്കാമം ഇങ്ങനെ കരഞ്ഞ് തീർത്തു കൊണ്ടിരിക്കും. ശാപവാക്കുകൾ ഇങ്ങനെ വിഷമഷി രൂപത്തിൽ ഒഴുക്കിക്കൊണ്ടിരിക്കുകയും ചെയ്യും.
വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് എന്നാണ് ഇന്നത്തെ വികലൻ്റെ തല. അതിൻ്റെ താഴേന്ന് മേലോട്ട് പോകാം. അവർ തലതിരിഞ്ഞ് വാർത്ത എഴുതും പോലെ.
സ്റ്റോപ് പ്രസിൽ പറയുന്നു. പിണറായി വിജയൻ്റെ പ്രസംഗമടങ്ങിയ ലഘുലേഖ നൽകുന്നത് ലോഡ് ഷെഡ്ഡിംഗിൽ വീശാനായിരിക്കുമെന്ന് .
വിമതൻ പറയുന്നത് കർണ്ണാടകത്തിലെ ലോഡ് ഷെഡ്ഡിംഗിനെ കുറിച്ചാണൊ? അവിടെ പകലും രാത്രിയുമായി മണിക്കൂറുകളാണ് ലോഡ് ഷെഡ്ഡിംഗ് . അവിടെ ഭരിക്കുന്നത് വിമതൻ്റെ പാർടിയാണ്. അതോ വിമതൻ ഇപ്പോഴും എട്ട് വർഷം പുറകിലത്തെ കാര്യം സ്വപ്നം കാണുകയാണൊ? വിമതൻ്റെ നേതാക്കൾ ഭരിച്ച അഞ്ച് വർഷത്തെ ലോഡ് ഷെസ്സിംഗ് ഓർത്തതാണൊ? വിമതന് ഭാര്യയും കുടുംബവുമൊക്കെ കാണുമല്ലൊ? വല്ലപ്പോഴും പാതിരാത്രിയെങ്കിലും വീട്ടിൽ കയറാറുമുണ്ടാകുമല്ലൊ? അപ്പോഴെങ്കിലും വീട്ടുകാരോട് ചോദിക്കണം. കറൻ്റ് കട്ട് ഉണ്ടോ എന്ന്. അതല്ലാതെ ഒരു മാതിരി ആൻ്റോ ആൻറണിയെ പോലെ മരിച്ച കെ എസ് യുക്കാരുടെ ലിസ്റ്റുമായി വരുമെന്ന് പറഞ്ഞ പോലെ ആകരുത്. അതല്ല, തെരഞ്ഞെടുപ്പ് കാലത്ത് ലോഡ് ഷെഡ്ഡിംഗ് എന്ന് പറഞ്ഞ് ജനവികാരം എതിരാക്കാനാകുമോ എന്ന ചിന്തയല്ലെ. മാത്രമല്ല വിമതൻ്റെ നേതാക്കളുടെ സത്യദീപമാണ് മനോരമ. ഇന്ന് മുതൽ ഇതും വായിച്ച് സതീശൻജിയും സുധാകർ ജിയുമെല്ലാം കേരളത്തിൽ ലോഡ് ഷെഡ്ഡിംഗ് എന്ന് പ്രസംഗിക്കുകയും ചെയ്യും.
വിമതൻ്റെ അടുത്ത കറുപ്പ് നോക്കൂ. ഒരു അറിയപ്പെടാത്ത നർത്തകി, താൻ വലിയ സംഭവം എന്ന് തെറ്റിദ്ധരിച്ച് തൻ്റെ എല്ലാ ഫ്രസ് ട്രേഷനുകളും തീർക്കാനായി ഉളളിൽ അടിഞ്ഞുകൂടിയ വിഷമാകെ പുറത്തൊഴുക്കിവിട്ട് നാടാകെ മലിനമാക്കി. ഏതാണ്ട് മനോരമ പത്രം ദിവസവും ചെയ്യുന്ന പോലെ. അവരുടെ വർണ്ണവിരോധത്തെ വിമതൻ താരതമ്യപ്പെടുത്തുന്നത് മുഖ്യമന്ത്രിക്കെതിരെ വിമതൻ്റെ കുട്ടി നേതാക്കൾ കരിങ്കൊടി കാട്ടിയതിനെതിരായ നടപടിയെ. അറിയപ്പെടാത്ത നർത്തകിയുടെ വർണ്ണവെറിയും കരിങ്കൊടി സമരത്തിനെതിരായ നടപടിയും ഒന്നാക്കുന്ന അപാരമായ മനോനിലയെ കുറിച്ച് എന്ത് പറയാൻ?
മുഖ്യമന്ത്രി പിണറായി വിജയൻ തൃശ്ശൂരിൽ
സിപി എം ജില്ലാ കമ്മിറ്റി ഓഫീസിൽ പോയത് ഇ ഡിപ്പേടിയിലാണത്രെ. മുഖ്യമന്ത്രി തൃശൂരിൽ മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളിൽ സിപി എമ്മിൻ്റെ പല ഓഫീസുകളും സന്ദർശിച്ചിട്ടുണ്ട്. അത് ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ്.
പക്ഷെ, വിമതൻ സ്വപ്നം കണ്ട് കോൾമയിർക്കൊള്ളുന്നത് ഹേമന്ത് സോറനെയും കെജ്റിവാളിനെയും അറസ്റ്റ് ചെയ്ത പോലെ പിണറായി വിജയനേയും അറസ്റ്റ് ചെയ്യുന്നതും കാത്താണ്. കേന്ദ്ര സർക്കാറിൻ്റെ പ്രതികാര നടപടിക്കെതിരെ ഡെൽഹിയിൽ കേരളം സമരം നടത്തിയപ്പോൾ കെജ്റിവാൾ അഭിവാദ്യം ചെയ്തിരുന്നു. അന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാറിൻ്റെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനെ കുറിച്ചും കെജ്റിവാൾ പറഞ്ഞിരുന്നു. സർക്കാറിൻ്റെ ചട്ടുകമായ ഈ ഏജൻസികൾ ഇന്ന് എന്നെയും നാളെ പിണറായി വിജയനെയും അറസ്റ്റ് ചെയ്താൽ അത്ഭുതപ്പെടാനില്ല എന്ന് പറഞ്ഞിരുന്നു. അതിൽ ആദ്യത്തേത് സംഭവിച്ചു. രണ്ടാമത്തെ ഇതാ സംഭവിക്കാൻ പോകുന്നു എന്ന ആഹ്ളാദ പൂത്തിരി കത്തിക്കുകയാണ്. വി ഡി സതീശൻ നേരത്തെ പ്രകടിപ്പിച്ച അത്യാഗ്രഹമാണിത്. അത് വിഴുങ്ങിയാണ് വിമത ശിഷ്യൻ ഛർദ്ദിച്ചിരിക്കുന്നത്. കുറ്റം പറയാനൊക്കില്ല.
കെജ്റിവാൾ നേരത്തെ മറ്റൊരു കാര്യം വെളിപ്പെടുത്തിയിരുന്നു. ബിജെപിയിൽ ചേരാൻ 25 കോടി വാഗ്ദാനം ചെയ്തുവെന്ന്. കെജ്രിവാൾ കോൺഗ്രസിൻ്റെ 11 മുൻ മുഖ്യമന്ത്രിമാരെ പോലെ ആയിരുന്നെങ്കിൽ എന്നേ ആ ഓഫർ സ്വീകരിച്ചേനെ. ചുരുങ്ങിയ പക്ഷം പത്മജ വേണുഗോപാലിനെയും അനിൽ ആൻ്റണിയെയും പോലെ ആയാലും മതിയായിരുന്നു. 25 കോടിയും കിട്ടും. ജയിലിൽ കിടക്കുകയും വേണ്ടിവരുമായിരുന്നില്ല. പക്ഷെ, കെജ്രിവാളിൻ്റെ നട്ടെല്ല് വിമതൻ്റെ നേതാക്കളെ പോലെ വാഴനാരല്ലാതായിപ്പോയി. അശോക് ചവാൻ എന്ന നേതാവ് കൂടയും മുമ്പ് ഒരു ആർത്തനാദം പുറപ്പെടുവിച്ചതായി പുറത്ത് വന്നില്ലെ? ബിജെപിയിൽ ചേർന്നില്ലെങ്കിൽ എന്നെ അറസ്റ്റ് ചെയ്യും എന്നായിരുന്നല്ലൊ കുട്ടികളെപ്പോലെ കരഞ്ഞ് നിലവിളിച്ചത്.