വാർത്താ വിചാരണ-സിപിഎമ്മിന്റെ ഫണ്ട് പിരിവിനെകുറിച്ച് ഉയർന്ന ആക്ഷേപങ്ങൾക്കുള്ള മറുപടി

വാർത്താ വിചാരണ

സിപിഎമ്മിന്റെ പാട്ടപ്പിരിവിനെ കുറിച്ച്‌ വാചാലരാകാത്ത ഉത്തമൻമാർ ആരാണുള്ളത്‌. എന്തിനും ഏതിനും പിരിവ്‌ എന്നാണ്‌ ആക്ഷേപം. ശരിയാണ്‌. സിപിഎം പ്രവർത്തിക്കുന്നത്‌ ബഹുജനങ്ങൾ നൽകുന്ന സംഭാവന സ്വീകരിച്ചാണ്‌. ജനങ്ങൾ സ്വമേധയാ നൽകുന്ന ആ നാണയത്തുട്ടുകളാണ്‌ സിപിഎമ്മിന്റെ കരുത്ത്‌. പാർടി ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളുമെല്ലാം ഇതേ നിലയിലാണ്‌ പടുത്തുയർത്തിയത്‌. അതോടൊപ്പം പാവപ്പെട്ടവർക്കുള്ള സഹായവും സിപിഎം മുഖമുദ്രയാണ്‌. തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലെ പ്രധാന തീരുമാനമായിരുന്നു ഓരോ ലോക്കലിലും ഓരോ വീട്‌ എന്നത്‌. അങ്ങനെ 90 ശതമാനം ലോക്കലുകളിലും ഓരോന്നും അതിൽ കൂടുതലും സ്‌നേഹ വീടുകൾ വെച്ചു നൽകി. വർഗബഹുജുന സംഘടനകളും അധ്യാപകരുടേയും ജീവനക്കാരുടേയും സംഘടനകളും നിർമ്മിച്ചു നൽകിയ വീടുകൾ വേറെ. സർക്കാർ ആശുപത്രികളിലും മറ്റുമായി ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോർ വിതരണം. നാട്ടിലെ ഓരൊ ജനകീയ പ്രശ്‌നത്തിലുമുള്ള ഇടെപെടലുകൾ. ഇങ്ങനെ പ്രവർത്തിക്കുന്ന ഒരു പാർട്ടിയുടെ ധനസമാഹരണത്തെ പാട്ടപ്പിരിവ്‌ എന്നാക്ഷേപിക്കുന്നവരിൽ മുമ്പൻമാർ നമ്മുടെ മാധ്യമങ്ങളാണ്‌. അതിലും മുമ്പിൽ മലയാള മനോരമയാണല്ലൊ? ആ മനോരമയുടെ തനിനിറം കൂടിയാണ്‌ ഇന്നലെ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ വെബ്‌സൈറ്റിലൂടെ പുറത്ത്‌ വിട്ട ഇലക്‌ട്രൽ ബോണ്ട്‌ എന്ന രാഷ്‌ട്രീയ ബോംബ്‌.
സിപിഎം നടത്തിയ വർഷങ്ങൾ നീണ്ട നിയമ യുദ്ധത്തിന്‌ ശേഷമാണ്‌ പരമോന്നത നീതിപീഠത്തിന്റെ ഇടപെടലിലൂടെ ഇലക്‌ട്രൽ ബോണ്ട്‌ വിവരം ഭാഗികമായെങ്കിലും തെരഞ്ഞെടുപ്പ്‌ കമ്മീഷൻ പുറത്ത്‌ വിട്ടിരിക്കുന്നത്‌. ആ പട്ടികയിൽ മലയാള മനോരമയുടെ മുതലാളിമാരായ എംആർഎഫിന്റെ പേരുണ്ട്‌. പക്ഷെ, മനോരമ ഇന്ന്‌ ഒന്നാം പേജിൽ കൊടുത്ത വാർത്തയിൽ എംആർഎഫിന്റെ പേരില്ല. ഒന്നാം പേജിൽ എന്നല്ല ഒരു പേജിലും കാണാനില്ല. ഒന്നാം പേജിൽ തന്നെ ഇലക്‌ട്രൽ ബോണ്ട്‌ വാർത്ത കൊടുത്തതാകട്ടെ തികച്ചും അപ്രധാനമായി. ഏറ്റവും താഴെ ഒരു മൂലയിൽ. ആ വാർത്ത ലീഡ്‌ പോലും ആയില്ല. ലീഡ്‌ ആയതോ പെട്രോളിനും ഡീസലിനും രണ്ട്‌ രൂപ കുറച്ചത്‌. പെട്രോളും ഡീസലും ലിറ്ററിന്‌ 50 രൂപയാക്കുമെന്ന്‌ പറഞ്ഞ്‌ അധികാരത്തെിലെത്തിയിട്ട്‌ വർഷം പത്തായി. കുറച്ചില്ല എന്ന്‌ മാത്രമല്ല, സെഞ്ച്വറി അടിച്ചു. അതിനിടയിലാണ്‌ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ കണ്ണിൽ പൊടിയിടാൻ രണ്ട്‌ ഉലുവ കുറച്ചത്‌. അത്‌ മഹാസംഭവമാക്കി പാദസേവ നടത്തിയ ഈ പത്രത്തിന്റെ മുതലാളിമാർ ലക്ഷക്കണക്കിന്‌ രൂപയാണ്‌ ഇലക്‌ഷൻ ബോണ്ട്‌ നൽകിയത്‌. പട്ടിക ഭാഗികമായി മാത്രം പുറത്ത് വന്നതിനാൽ മനോരമ മുതലാളിമാർ ആർക്കാണ് കൂടുതൽ കൊടുത്തതെന്ന് വ്യക്തമല്ല. ഏതായാലും ബിജെപിക്കായിരിക്കും കൂടുതൽ. പഴയ പറ്റുകാരായ കോൺഗ്രസിനും കൊടുത്ത് കാണുമെന്ന് ഉറപ്പാണ്. ഇവിടെ മനോരമ മുതലാളിമാരോട്‌ ഒരു ചോദ്യം. സ്വതന്ത്ര മാധ്യമപ്രവർത്തനമെന്ന്‌ ഇനിയെങ്കിലും ബഡായി പറയുന്നത്‌ അവസാനിപ്പിക്കാമൊ? ഇനിയെങ്കിലും സിപി എം ബഹുജനങ്ങളിൽ നിന്നും മാത്രം ഫണ്ട്‌ സമാഹരിക്കുന്നതിനെതിരായ വിമർശനം നിർത്തുമോ? ഇതൊന്നും നിങ്ങൾ ചെയ്യില്ല എന്നറിയാം. കാരണം സകല തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനുമെല്ലാം നിങ്ങൾക്കുള്ള മറയാണ്‌ പത്രവും ചാനലുമെല്ലാം. അഴിമതിക്കും കോഴക്കുമെതിരെ ഘോര ഘോരം തള്ളുന്ന മനോരമയും കോഴ കൊടുത്ത് ഭരണവർഗത്തെ പാട്ടിലാക്കിയിരിക്കുന്നു
നിങ്ങൾ ഉൾപ്പെടെ കൊടുത്ത ഈ കൈക്കൂലി ബോണ്ട് വാങ്ങാത്ത പാർടിയാണ് സിപി എം. ബോണ്ടിനെതിരെ സിപിഎം നടത്തിയ നിയമ പോരാട്ടത്തിൻ്റെ വിജയവുമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ. പട്ടിക പുറത്ത് വിട്ടെങ്കിലും ആര് ആരിൽ നിന്ന് ബോണ്ട് വാങ്ങി, അല്ലെങ്കിൽ ആര്‌ ആർക്ക് കൊടുത്തു എന്ന് പുറത്ത് വന്നിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷനോ അതല്ലെങ്കിൽ എസ് ബി ഐയോ ബോധപൂർവമായി അത് മറച്ച് വെച്ചിരിക്കുകയാണ്.
ഇത് സുപ്രീം കോടതി വിധിയുടെ അന്ത.സത്തക്ക് നിരക്കുന്നതല്ല. പകുതി മാത്രം വെളിപ്പെടുത്തി പരമോന്നത നീതിപീoത്തെ കബളിപ്പിക്കുന്നത് കോടതിയലക്ഷ്യവുമാണ്.
ബോണ്ട് വാങ്ങിയ കൂട്ടത്തിൽ കോവിഡ് വാക്സിൻ ഉത്പാദിപ്പിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് തൊട്ട് കേരളത്തിൽ ചിലേടങ്ങളിൽ ദേശീയപാത ജോലി കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻസിൻ്റെ സഹോദര സ്ഥാപനം വരെ ഉണ്ട്. ഇതിനൊക്കെ പിന്നിൽ എന്തൊക്കെയായിരിക്കും എന്ന് പുറത്ത് വരേണ്ടതുണ്ട്. വേദാന്ത തൊട്ട് ഈ വമ്പൻമാർ എടുത്ത ബോണ്ടിൻ്റെ ഏറിയ പങ്കും പോയത് ബിജെപി അക്കൗണ്ടിലേക്കാണ്. ബാക്കി കോൺഗ്രസിനും മറ്റ് വലത് പാർടികൾക്കും.