പി ജയരാജൻ വധശ്രമക്കേസിൽ ഒരാളൊഴികെയുള്ള പ്രതികളെ വെറുതെവിട്ട ഹൈക്കോടതിവിധി വന്നത് കഴിഞ്ഞ ദിവസമാണ്.ഈ കേസിനെ നമ്മുടെ മാധ്യമങ്ങൾ എങ്ങനെയാണ് സമീപിച്ചത്?
ഏതാനും ദിവസം മുമ്പ് ടി പി ചന്ദ്രശേഖരൻ വധക്കേസ് ആഘോഷിച്ച മാധ്യമങ്ങൾക്ക് ജയരാജനെ ഇഞ്ചിഞ്ചായി അരിഞ്ഞ് വീഴ്‌ത്തിയത് തീർത്തും നിസ്സാര സംഭവമാണ്.
മാധ്യമ വിചാരണകൾ എങ്ങനെയെല്ലാം നീതിപീഠത്തെ സ്വാധീനിക്കുന്നുവെന്ന് ഈ രണ്ട് കേസുകളും താരതമ്യം ചെയ്‌താൽ മനസിലാകും.
വ്യക്തമായ സാക്ഷിമൊഴികളും തെളിവുകളുമുണ്ടായിട്ടും ഒരാളൊഴികെയുള്ള പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു.
രാഷ്‌ട്രീയ എതിരാളികളുടെ കള്ളസാക്ഷ്യങ്ങൾപോലും മുഖവിലയ്‌ക്കെടുത്ത് അപ്പീൽകോടതി ശിക്ഷിക്കുമ്പോഴാണ് ജയരാജനും ഭാര്യയും നേരിൽക്കണ്ട പ്രതികൾക്ക് നിയമത്തിന്റെ പഴുത് രക്ഷാകവചമാക്കിയുള്ള കോടതിവിധി.
ജയരാജന്റെ ഭാര്യയുടെ കൺമുന്നിൽ വെച്ചായിരുന്നു ഈ അരുംകൊലപാതക ശ്രമം.
ജയരാജനും ഭാര്യയും സാക്ഷികളെ തിരിച്ചറിഞ്ഞു. കോടതിയിലും മൊഴി നൽകി. എങ്കിലും ഭാര്യ അവിടെ ഉണ്ടായിരുന്നുവെന്നത് ബഹു ഹൈക്കോടതിക്ക് വിശ്വസനീയമല്ല പോലും.കീഴ്ക്കോടതികളുടെ വിധികൾ മേൽക്കോടതികൾ റദ്ദാക്കുന്നത് സ്വാഭാവികമാണ്.
എന്നാൽ ജുഡീഷ്യറിയുടെ പല തലങ്ങളിലും ആർ.എസ്.എസിൻ്റെ ഇടപെടലുകൾ സാർവ്വത്രികമായി ചർച്ച ചെയ്യപ്പെടുന്നത് കൊണ്ടു തന്നെ കേരള ഹൈക്കോടതിയുടെ ഈ കേസിലെ നടപടി ക്രമങ്ങൾ സസൂക്ഷ്മം പഠന വിധേയമാക്കേണ്ടതാണ്.
കാരണം ആർ.എസ്.എസ്. പ്രമുഖൻ കൂടി പ്രതികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.2023 ഡിസംബർ 20 നാണ് അപ്പീൽ ഹരജികൾ ബഹുമാനപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചത്. പരിഗണനക്കെടുത്തപ്പോൾ കേസ് മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് ഗവൺമെൻ്റ് പ്ലീഡർ കോടതിയോടപേക്ഷിച്ചു .
അപ്പീൽ ഹരജി കേൾക്കുന്നത് ക്രിസ്മസ് വെക്കേഷന് ശേഷം പരിഗണിക്കാമെന്ന് ജഡ്ജ് പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസം അതായത് ഡിസംബർ 21ന് ഈ മൂന്ന് അപ്പീലുകളും പരിഗണനക്കായി പോസ്റ്റ് ചെയ്യുകയാണുണ്ടായത്. 21ന് ഈ കേസ് പരിഗണനക്കെടുത്തപ്പോൾ തലേ ദിവസത്തെ കോടതിയുടെ തീരുമാനം വെക്കേഷന് ശേഷം പരിഗണിക്കണമെന്നായിരുന്നുവെന്ന കാര്യം ഗവൺമെൻ്റ് പ്ലീഡർ ഓർമ്മിപ്പിച്ചു. അങ്ങനെയാവാമെന്ന് കോടതിയും.
ക്രിസ്മസ് അവധിക്ക് ശേഷം 2024 ജനുവരി 4ന് കേസ് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെയാണ് അസ്വാഭാവികമായ നടപടിയുണ്ടായത്. ഈ കേസ് ‘ഭാഗീകമായി കേട്ടു’ എന്നു കൂടി കോടതി രേഖപ്പെടുത്തി. യഥാർത്ഥത്തിൽ അപ്പീലുകളുടെ ഭാഗമായി ഒരു വാദവും ആരും ഉയർത്തിയിരുന്നില്ല.
ഇത് ഇങ്ങനെ രേഖപ്പെടുത്തിയത് നീതിനിർവഹണ കാര്യത്തിൽ ഗൗരവമായ പ്രശ്നമാണ്. അപ്പീൽ പരിഗണിച്ച ബെഞ്ചിലെ വീഡിയോ ഫുട്ടേജ് പരിശോധിച്ചാൽ മേൽപറഞ്ഞതെല്ലാം വസ്തുതയാണെന്ന് വ്യക്തമാവും.
ഇതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് 2023 ഡിസംബർ 26ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഞാൻ രേഖാമൂലം പരാതി നൽകിയത്.ക്രിസ്മസ് അവധിക്ക് ശേഷം പരിഗണനക്ക് വെച്ച കേസ് തൊട്ടടുത്ത ദിവസം തന്നെ പരിഗണനക്കെടുത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് 20ന് വൈകുന്നേരമാവുമ്പോഴേക്ക് ക്രിസ്മസ് അവധിക്ക് ശേഷമുള്ള ബെഞ്ചുകളുടെ ക്രമീകരണം ഹൈക്കോടതി തയ്യാറാക്കിയിരുന്നു.
അതനുസരിച്ച് ഇപ്പോൾ വിധി പറഞ്ഞ ബെഞ്ചിൻ്റെ മുമ്പിലല്ല അപ്പീലുകൾ വരിക. രണ്ടാമതായി തലേ ദിവസം ഭാഗീകമായി കേട്ടു എന്ന് രേഖപ്പെടുത്തിയിരുന്നില്ല. 21ന് 'ഭാഗീകമായി കേട്ടു ’ എന്ന് (കേൾക്കാതെ) രേഖപ്പെടുത്തിയാൽ വിധി പറഞ്ഞ ബെഞ്ചിൻ്റെ മുമ്പിൽ തന്നെ ക്രിസ്മസ് അവധിക്ക് ശേഷവും അപ്പീലുകൾ പരിഗണനക്ക് വരും.
ഇക്കാരണങ്ങളാലാണ് നീതി ലഭിക്കുന്നതിന് വേണ്ടി റോസ്റ്റർ പ്രസിദ്ധീകരിച്ച പ്രകാരം ക്രിമിനൽ അപ്പീലുകൾ കേൾക്കുന്ന ബെഞ്ച് കേസ് പരിഗണിക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഡിസംബർ 26ന് തന്നെ രേഖാമൂലം ജയരാജൻ അപേക്ഷിച്ചത്.
ഈ അപേക്ഷ പരിഗണിക്കപ്പെട്ടില്ല.
കോടതിയുടെ മഹനീയമായ പദവിയെ ജനങ്ങൾ ആദര പൂർവ്വമാണ് കാണുന്നത്. ന്യായാധിപന്മാർക്ക് നിർഭയമായും ധാർമ്മിക സത്യസന്ധത പാലിച്ചു കൊണ്ടും സമ്പത്തിൻ്റെയും അധികാരത്തിൻ്റെയും പ്രലോഭനങ്ങൾക്ക് വശംവദരാവാതെയും ജനങ്ങൾക്ക് നീതി ലഭ്യമാക്കാനുള്ള ബാധ്യതയുണ്ട്. ജയരാജനെ വെട്ടിനുറുക്കിയ കാപാലികർ രക്ഷപ്പെട്ടുവെന്ന് കരുതുകയും വേണ്ട.