എന്ത് കൊണ്ടാണ് ‘ലോകസഭയിലേക്ക് ഇടത് പക്ഷം ജയിക്കണം. അതാണ് പക്ഷത്തെ ജയിപ്പിക്കുന്നതാണ് കേരളത്തിനും ഇന്ത്യക്കും നല്ലതെന്ന്’ പറയുന്നത് എന്നതിന് പ്രകടമായ ഉത്തരമാണ് ഇന്നത്തെ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക.
ലോകസഭയിലെ എം.പിമാരുടെ പ്രകടനത്തിന്റെ ഡേയ്റ്റയിലും, എം.പി ഫണ്ട് വിനിയോഗത്തിലും, രാഷ്ട്രീയ പ്രാധാന്യമുള്ള ബില്ലുകളുടെ ചർച്ചാ വേളയിലുമൊക്കെ ഇടത് - വലത് എം.പിമാരുടെ പ്രകടനങ്ങൾ നമ്മൾ ഒരുപാട് ചർച്ച ചെയ്ത് കഴിഞ്ഞു. അത് വളരെ പ്രധാനപ്പെട്ടതുമാണ്.
എന്നാൽ അതിനേക്കാളേറെ ഇന്നത്തെ കാലത്ത് സർവ്വ പ്രധാനമായുള്ള കാര്യമാണ് പാർലിമെന്റിലെത്തിയാൽ എത്ര പേര് സ്വന്തം പാർടിയിൽ തന്നെ അടിയുറച്ചു നിൽക്കുമെന്നും, ബിജെപി രാഷ്ട്രീയത്തിനെതിരെ ശബ്ദിക്കുമെന്നുമുള്ള ചോദ്യം.
എ.കെ ആന്റണി എന്ന മനുഷ്യൻ ഒരു അഞ്ച് കൊല്ലം മുന്നേ വരെ കോൺഗ്രസിലെ അവസാന വാക്കായിരുന്നു. ഗാന്ധി കുടുംബ അംഗങ്ങൾ കഴിഞ്ഞാൽ അടുത്ത ഹൈ കമാന്റ്. മൂന്നാം യു.പി.എ എന്നൊന്ന് സംഭവിച്ചിരുന്നെങ്കിൽ രാജ്യത്തിന്റെ രാഷ്‌ട്രപതി. മുക്കാൽ നൂറ്റാണ്ട് നീളുന്ന അങ്ങനെയൊരു കോൺഗ്രസ് ജീവിതമുള്ള ആളുടെ മകനാണ് ഇന്ന് ബിജെപി സ്ഥാനാർത്ഥി. സ്വന്തം വീട്ടിൽ പോലും കോൺഗ്രസിന്റെ ഒന്നാമത്തെ നേതാവ് എന്ത് ബിജെപി വിരുദ്ധ രാഷ്ട്രീയമാണ് പറഞ്ഞ് കൊടുത്തത് എന്നതിന് തെളിവ്. അനിൽ ആന്റണിയുടെ അമ്മയും ഇന്ന് ബിജെപി അനുഭാവിയാണ്. മകനെ കോൺഗ്രസ് ഡിജിറ്റൽ മീഡിയ തലവനാക്കിയ അച്ഛൻ എ.കെ ആന്റണി മാത്രം ഒന്നും അറിയാത്ത ഇള്ള കുഞ്ഞായിരുന്നു എന്ന് വിശ്വസിക്കേണ്ടവർക്ക് അങ്ങനെ വിശ്വസിക്കാം.
കണ്ണൂർ മണ്ഡലത്തിൽ ജില്ലാ കോൺഗ്രസിന്റെ മുൻ ഉപാധ്യക്ഷനും പിണറായി വിജയനെതിരെ മത്സരിച്ച മുൻ കോൺഗ്രസ് സ്ഥാനാർത്ഥിയുമാണ് ഇന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിന്റെ ഉറ്റ അനുയായി. മലപ്പുറത്ത് ലീഗ് നോമിനിയായിരുന്ന മുൻ കാലിക്കറ്റ് വിസി. കോൺഗ്രസിന്റെ മുൻ പി.എസ്.സി ചെയർമാൻ നിയമ സഭാ തെരഞ്ഞെടുപ്പിൽ ത്രിപ്പുണിത്തുറയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.
ഈ തെരഞ്ഞെടുപ്പ് ബിജെപിയെ പരാജയപ്പെടുത്തി പ്രതിപക്ഷം അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചു കൊണ്ട് നമ്മൾ നേരിടുന്ന തെരെഞ്ഞടുപ്പല്ല, അങ്ങനെ ആവണേ എന്ന് നമ്മൾ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിലും. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ നിലനിൽപ്പിന്റെ പോരാട്ടം കൂടിയാണ്. യൂണിഫോം സിവിൽ കോഡ് മുതൽ പൗരത്വ നിയമം വരെ നടപ്പിലാക്കാനായി ബിജെപി അടുപ്പിൽ കയറ്റി വച്ചിട്ടുണ്ട്.
പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ രാജ്യത്തെ ആദ്യത്തെ നിയമ സഭയാണ് കേരള നിയമസഭ. പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച ആളാണ് കേരള മുഖ്യമന്ത്രി. മുത്തലാഖ് ബില്ല് മുതൽ ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ വരെ പാർലിമെന്റിൽ ശക്തമായ പ്രതിരോധം തീർക്കുകയും ഇടപെടൽ നടത്തുകയും ചെയ്തവരാണ് ഇടതുപക്ഷ അംഗങ്ങൾ.
ഇന്ന് ഇന്ത്യൻ പാർലിമെന്റിൽ ഇരിക്കുന്ന മൂന്നിൽ രണ്ട് അംഗങ്ങളും പഴയ കോൺഗ്രസ് നേതാക്കളാണ്, വാ തുറന്നാൽ ന്യൂനപക്ഷ വിരുദ്ധത ശർദ്ദിക്കുന്ന പല സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും മുൻ കോൺഗ്രസ് നേതാക്കളാണ്. ഇതൊക്കെ മുന്നേ നമ്മൾ കേൾക്കുമ്പോൾ കേരളത്തിലെ കോൺഗ്രസിൽ ഇതൊന്നും സംഭവിക്കില്ല എന്ന് കരുതിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് അത് കേരളത്തിലും സംഭവിച്ചിരിക്കുന്നു. ബിജെപിയുടെ പന്ത്രണ്ട് സ്ഥാനാർത്ഥികളിൽ മൂന്ന് പേർ , അതായത് 25%, മുൻ കോൺഗ്രസ് നേതാക്കൾ.
ജനങ്ങൾക്ക് മുന്നിൽ അധികം ആലോചിക്കാനുള്ള കാരണങ്ങൾ പോലുമില്ല. നാളെ ബിജെപിക്ക് വേണ്ടി കൈ പൊക്കാനുള്ളവരെ മതനിരപേക്ഷ
കേരളം ജയിപ്പിച്ചു വിടണോ, ബിജെപി വിരുദ്ധ രാഷ്ട്രീയത്തിൽ വിശ്വസിക്കാവുന്ന അംഗങ്ങളെ പാർലിമെന്റിലേക്ക് ജയിപ്പിച്ചു വിടണോ എന്നതാണ് ചോദ്യം.
ലോകസഭയിലേക്ക് ഇടതുപക്ഷത്തെ ജയിപ്പിക്കുന്നതാണ് കേരളത്തിനും ഇന്ത്യക്കും നല്ലത്.