ലോകായുക്തയെ പൂട്ടി–- മലയാള മനോരമ
ലോകായുക്ത കൂട്ടിൽ–- മാതൃഭൂമി–
ലോകായുക്ത ഉത്തരവ് സർക്കാറിന് തിരുത്താം–- കേരള കൗമുദി
ഈ മൂന്നിൽ ആദ്യ രണ്ടും ഒന്നാം പേജ് ലീഡ് വാർത്തയാക്കിയപ്പോൾ മൂന്നാമത്തെ പത്രം അത് ഒന്നാം പേജിൽ തന്നെ പ്രധാന വാർത്തയാക്കി.
ഗവർണ്ണർക്ക് തിരിച്ചടി–-ലോകായുക്ത നിയമ ഭേദഗതിക്ക് അംഗീകാരം–- മാധ്യമം–ഉൾപേജിൽ രണ്ട് കോളം ചെറിയ വാർത്ത.
ലോകായുക്ത ബിൽ രാഷ്‌ട്രപതി ഒപ്പിട്ടു–- ഗവർണ്ണർക്ക് തിരിച്ചടി–- ദേശാഭിമാനി ഒന്നാം പേജ് ലീഡ് വാർത്ത.
മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഈ അഞ്ച് പത്രങ്ങളിൽ ഏതാണ് ഈ വാർത്തയോട് നീതി പുലർത്തിയത്. സർക്കുലേഷനിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെന്ന മേനി നടിച്ച് നടക്കുന്ന മലയാള മനോരമയും മാതൃഭൂമിയും എങ്ങനെയാണ് ഒരു വാർത്തയെ വികലവും വികൃതവും വിഷമയവുമാക്കിയതെന്ന് പരിശോധിക്കേണ്ടെ. എന്താണ് യഥാർഥത്തിൽ സംഭവിച്ചത്. കേന്ദ്ര സർക്കാറിന്റെ ചട്ടുകമായി പ്രവർത്തിച്ച്, രാജാവിനെക്കാൾ വലിയ രാജഭക്തി കാണിച്ച് സംസ്ഥാന താൽപര്യങ്ങളെ അട്ടിമറിക്കുന്ന ഗവർണ്ണർ കാട്ടിക്കൂട്ടിയ കോമാളിത്തങ്ങളിൽ ഒന്നിന് അതേ കേന്ദ്ര സർക്കാറിന്റെ ആഭ്യന്തര മന്ത്രാലയം തന്നെ ചുട്ട മറുപടി നൽകിയിരിക്കുന്നു. പക്ഷെ, ഈ പത്രങ്ങൾ ലോകായുക്തയെ പൂട്ടി
ലോകായുക്ത കൂട്ടിൽ തുടങ്ങിയ തലക്കെട്ടുകൾ കൊടുത്ത് വാർത്തയെ അതേ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
കാവിഭൂമിയാകട്ടെ രാഷ്ട്രപതിയോടുള്ള ദേഷ്യം അടക്കാനാവാതെ പല്ലു കൊഴിഞ്ഞ കടുവയെ കൂട്ടിലടച്ച ചിത്രവും ചേർത്ത വാർത്താ വിന്യാസത്തിലൂടെ ലോകായുക്തയെ പരിഹസിക്കുക കൂടി ചെയ്തു.
എന്താണ് സത്യം? കേന്ദ്ര സർക്കാറിന്റെ ലോക്‌പാൽ നിയമത്തിന് തികച്ചും അനുസൃതമായി മാത്രമാണ് സംസ്ഥാന നിയമ ഭേദഗതി. അന്വേഷണ ഏജൻസി തന്നെ വിധി പ്രഖ്യാപിക്കുന്ന ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകളാണ് ഭേദഗതി ചെയ്‌തത്. സുപ്രീംകോടതിക്ക് പോലും ഇല്ലാത്ത അധികാരങ്ങൾ ലോകായുക്തയ്‌ക്ക് ഉണ്ടായിരുന്നു. അതാണ് ലോക്പാൽ നിയമത്തിന് അനുസൃതമായി മാറ്റിയത്. അതാണ് ബില്ലിലൂടെ റദ്ദാക്കിയത്.
ഈ ബില്ലാണ് ഗവർണ്ണറേമാൻ ഒരു വർഷത്തിലേറെ തടഞ്ഞുവെച്ചത്. ഇത്തരം നിരവധി ബില്ലുകൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചപ്പോൾ ഗത്യന്തരമില്ലാതെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.പരമോന്നത നീതി പീഠത്തിൽ നിന്നും തിരിച്ചടി കിട്ടുമെന്ന് ആയപ്പോഴാണ് ഏമാൻ തടിയൂരാൻ ബില്ലുകൾ രാഷ്‌ട്രപതിക്കയച്ചത്. അതിൽ സുപ്രധാനമായ ഒരു ബില്ലാണ് രാഷ്‌ട്രപതി അംഗീകരിച്ചത്.
ഗവർണ്ണറും കേരളത്തിലെ പ്രതിപക്ഷവും ബിജെപിയുമെല്ലാം സംസ്ഥാന സർക്കാറിനെതിരെ പ്രചണ്ഡ പ്രചാരണമാണ് നടത്തിയത്. സംസ്ഥാന സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കാൻ കൊണ്ടു വന്ന ബിൽ എന്ന് ഉൾപ്പെടെ ആക്ഷേപിച്ചു. അതല്ല, ശരി. ലോക്‌പാൽ നിയമത്തിലെ ഭരണഘടനാ വിരുദ്ധ വ്യവസ്ഥകൾ നീക്കുകയാണെന്ന് ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടതോടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നു. ആഴ്‌ചയിൽ അഞ്ച് ദിവസം എന്ന തോതിൽ ഡെൽഹിയിൽ ക്യാമ്പ് ചെയ്‌ത് കേന്ദ്ര ഭരണാധികാരികളുടെ കാലും കയ്യും പിടിച്ച് നടക്കുന്ന ഏമാൻ ബില്ലുകളിൽ രാഷ്‌ട്രപതി ഒപ്പിടുന്നത് തടയാൻ എന്തെല്ലാം വഴിവിട്ട കളികൾ കളിച്ചുവെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.
എന്നിട്ടും കനത്ത തിരിച്ചടി കിട്ടി. ഇനി ഏമാന് ഈ ബില്ലിൽ ഒരു നിമിഷം പോലും അടയിരിക്കാൻ അവകാശമില്ല. മാത്രമല്ല, നിയമസഭയുടെ നിയമ നിർമ്മാണ അധികാരത്തിന് മേൽ നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി ഒരു ഗവർണ്ണർ പ്രവർത്തിച്ചിരിക്കുന്നു. ഇത്തരം ഒരാൾക്ക് ആ പദവിയിൽ തുടരാൻ പോലും അവകാശമില്ല. എന്നിട്ടും അതിനെ അടയാളപ്പെടുത്താതെ രണ്ട് പത്രങ്ങളും വാർത്ത നൽകിയിരിക്കുന്നു.
കേരള കൗമുദിയുടെ തലക്കെട്ടും വിചിത്രമാണ്. ലോകായുക്തയുടെ ഉത്തരവ് സർക്കാറിന് തിരുത്താം എന്ന്. അതല്ല ബിൽ എന്ന് അവർക്ക് അറിയാത്തതാണോ അതോ അങ്ങനെ അഭിനയിക്കുന്നതാണോ? ഓരോ വിഭാഗത്തിലും അപ്പീൽ അതോറിറ്റിയെ നിശ്‌ചയിക്കുകയാണ് ചെയ്‌തത്. അതും ഭരണഘടന വ്യവസ്ഥ ചെയ്യുന്നതനുസരിച്ച് മാത്രം. കേന്ദ്ര ലോക്പാൽ ബില്ലിന് അനുസൃതമായും. മാധ്യമം പത്രം ഈ വാർത്തയെ അപ്രധാനമായാണ് കണ്ടതെങ്കിലും ഗവർണ്ണർക്ക് തിരിച്ചടി–-ലോകായുക്ത നിയമ ഭേദഗതിക്ക് അംഗീകാരം എന്ന തലക്കെട്ടിലൂടെ അൽപമെങ്കിലും മാധ്യമ ധർമ്മത്തോട് നീതി പുലർത്തി.
ഇവിടെയാണ് ദേശാഭിമാനിയുടെ പ്രസക്തി. സത്യസന്ധമായി ആ വാർത്ത വിന്യസിച്ചിരിക്കുന്നു. മലയാള മനോരമയുടേയും മാതൃഭുമിയുടേയും വാർത്താ സൃഷ്‌ടിയെ കുറിച്ച് വാർത്താ വിചാരണയ്‌ക്ക് പറയാനുള്ളത് ഇതാണ്. ഗവർണ്ണറേമാൻ ഇത്തരം ബില്ലുകൾ ഇനി മുതൽ രാഷ്‌ട്രപതി ഭവനിലേക്കല്ല അയക്കേണ്ടത്. പകരം കോട്ടയത്തെ കണ്ടത്തിൽ കുടുംബത്തിലേക്കും കോഴിക്കോട്ടെ ചേനക്കച്ചവടക്കാരുടേയും വയനാട് പുളിയാർമലയിലെ കാപ്പിത്തോട്ടം മുയലാളിമാരുടേയും വീട്ടിലേക്കാണ് അയക്കേണ്ടത്. അവിടങ്ങളിൽ അവരുടെ പൂർവീകർ സ്വന്തമായി ഒരു ഭരണഘടനയും നിയമ വ്യവസ്ഥയും തയ്യാറാക്കി വെച്ചിട്ടുണ്ട്. അതനുസരിച്ചായിരിക്കണം നിയമനിർമ്മാണ സഭകൾ ഇനി മുതൽ നിയമം നിർമ്മിക്കേണ്ടത്