***കുറച്ച് നാള്‍ മുന്‍പാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മുതുകില്‍ എസ്എഫ്‌ഐ ചാപ്പ കുത്തി എന്ന വാര്‍ത്ത ഗ്രനേഡ് പൊട്ടുന്ന പോലെ മനോരമ അവതരിപ്പിച്ചത്. അക്കാലത്ത് സോഷ്യല്‍മീഡിയ അത്രയ്ക്ക് Strong അല്ലാത്തത് കൊണ്ട് തന്നെ ഈ വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായി. എസ്എഫ്‌ഐയെ കല്ലെറിയാന്‍ കിട്ടിയ അവസരം മാധ്യമങ്ങള്‍ ശരിക്കും മുതലെടുത്തു. മാപ്രകളുടെ നുണരചന പൊതുസമൂഹം അറിയാതെ തന്നെ വിശ്വസിച്ചു. പക്ഷേ കാലക്രമേണ സത്യം പുറത്ത് വന്നു. പ്രചരിപ്പിച്ച നുണ തിരുത്താന്‍ നാളിതുവരെയും മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല.
അതുപോലെ ഇന്ന് മറ്റൊരു നിര്‍ഭാഗ്യകരമായ സംഭവം കൂടി നടന്നിരിക്കുന്നു. വയനാട് ഒരു കോളജില്‍ ഒരു വിദ്യാര്‍ത്ഥി ജീവനൊടുക്കി. അത് തീര്‍ത്തും വേദനാജനകവും പ്രതിഷേധവുമാണ്. വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ആരാണോ കാരണക്കാര്‍ അവരെല്ലാം ശിക്ഷിക്കപ്പെടണം. ഇനി ഇത്തരത്തില്‍ ഒന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ തക്കമുള്ള ശിക്ഷ തന്നെ ഉറപ്പാക്കേണ്ടതുണ്ട്.
ഇനി, യഥാര്‍ത്ഥത്തില്‍ ഇവിടെ എന്താണ് സംഭവിച്ചത്…? സിദ്ധാര്‍ത്ഥിനെ ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണങ്ങളില്‍ ഒന്നായി പറയുന്ന സംഭവത്തില്‍ 16 പേരാണ് പ്രതികള്‍. അതില്‍ നാല് പേര്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍, അതില്‍ തന്നെ രണ്ട് പേര്‍ മാത്രമാണ് ഭാരവാഹികള്‍.
ഇനിയുള്ള ചോദ്യങ്ങള്‍, ഞങ്ങളുടെ കുട്ടികള്‍ എന്ന് പറഞ്ഞു കൊലയാളിയെ ചേര്‍ത്ത് പിടിച്ച സുധാകരനെ പോലെ എസ് എഫ് ഐ നേത്യത്വം ഇവരെ സംരക്ഷിച്ചോ? ഇരന്ന് വാങ്ങിയ മരണം എന്ന് അധിക്ഷേപിച്ചോ…? കൊലപാതകി ജയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ജനപ്രതിനിധികള്‍ അടക്കം മാലയിട്ട് സ്വീകരിച്ചത് പോലെ സ്വീകരിച്ചോ…? അവന് വീണ്ടും സ്ഥാനമാനങ്ങള്‍ നല്‍കിയോ ? തുടങ്ങിയവയാണ്.
മേല്‍പറഞ്ഞതൊന്നും തന്നെ ഉണ്ടായില്ല. വിവാദത്തിലേയ്ക്ക് കൂപ്പുകുത്തും മുന്‍പേ തന്നെ എസ് എഫ് ഐ നേതൃത്വം അവര്‍ക്ക് എതിരെ നടപടി എടുത്തു. ആ കുടുംബത്തെ സന്ദര്‍ശ്ശിച്ച് അവര്‍ക്ക് ഒപ്പമുണ്ടെന്ന് പ്രഖ്യപിച്ചു. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ തങ്ങളും ഒപ്പമുണ്ടാകുമെന്ന് അവരെ അറിയിച്ചു. ഒരു സംഘടനയ്ക്ക് ഇതില്‍ മറ്റെന്താണ് ചെയ്യാനാകുക? എന്നിട്ടും അധിക്ഷേപിച്ചവര്‍ മാന്യരും തള്ളിപ്പറഞ്ഞവര്‍ കുറ്റക്കാരും ആകുന്നതെങ്ങനെയാണ്…?
ശരിയാണ്, സിദ്ധാര്‍ത്ഥിന് മര്‍ദ്ദനം ഏറ്റിരുന്നു. ആ ക്യാമ്പസ്സിലെ നൂറോളം, ഏതാണ്ട് പൂര്‍ണ്ണമായും കുട്ടികള്‍ അതിന് സാക്ഷിയുമാണ്. ഇതിന് പിന്നില്‍ മറ്റൊരു സംഭവവും പറഞ്ഞ് കേള്‍ക്കുന്നു. അതൊരു പെണ്‍കുട്ടിയുമായി ബന്ധപ്പെടുത്തിയാണ്. ആ കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മര്‍ദ്ദനം ഏല്‍ക്കുന്നത്. അതിന്റെ മനോവിഷമത്തിനൊപ്പം നാട്ടിലേയ്ക്ക് മടങ്ങിയ പെണ്‍കുട്ടി തിരികെ വരുന്ന ദിവസം പരാതി നല്‍കും എന്ന വാര്‍ത്തയും അവനെ സ്വയം ജീവനെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കാം എന്നാണ് പറയുന്നത്.
അങ്ങനെ ആണെങ്കില്‍ കൂടി സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിക്കാന്‍ ആര്‍ക്കും അവകാശമില്ല. ആധുനിക കാലത്ത് ആള്‍ക്കൂട്ടം വിചാരണ നടത്തുന്നത് അംഗീകരിക്കാനുമാകില്ല. എന്നാല്‍ ഇന്ന് ആ ആത്മഹത്യ എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടന കമ്മിറ്റി കൂടി പ്ലാന്‍ ചെയ്ത് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പോലെയാണ് മലയാളത്തിലെ ഒന്നൊഴിയാത്ത മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്, പതിനാറ് കുറ്റവാളികളില്‍ നാല് പേര്‍ക്ക് എസ്.എഫ്.ഐ ബന്ധമുള്ളത് കൊണ്ട് മാത്രം അത് എസ്.എഫ്.ഐ കൊലപാതകമാകുന്നു.
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ആണെന്നത് പോലും ചര്‍ച്ച ചെയ്യാതെ റാഗ് ചെയ്ത് കൊന്നു എന്നൊക്കെ പൊതുബോധം ഉണ്ടാക്കുന്നു. എസ്.എഫ്.ഐ ഫാസിസമെന്ന അച്ച് വീണ്ടും പുറത്തെടുക്കുന്നു. ഇത് കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ മിണ്ടാതിരിക്കാനാവും…?
ക്യാമ്പസ്സില്‍ ഏറ്റവും അധികം സഖാക്കളെ നഷ്ടമായ സംഘടനയാണ് എസ് എഫ് ഐ, ക്യാമ്പസ്സുകളില്‍ എസ് എഫ് ഐ മാത്രമായത് വിദ്യാര്‍ത്ഥികള്‍ക്ക് ആ സംഘടനെയെക്കുറിച്ച് ബോദ്ധ്യമുള്ളത് കൊണ്ട് തന്നെയാണ്. എസ് എഫ് ഐയാല്‍ കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് എടുക്കാന്‍ പോയവര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങി വന്നിട്ടില്ല, എന്നാല്‍ എസ് എഫ് ഐ വെച്ച ലിസ്റ്റ് അങ്ങനെ തന്നെ ഉണ്ട്. സഖാക്കള്‍ അഭിമന്യൂവും ധിരജുമടക്കം.
അവസരം മുതലെടുത്ത് ,കൊടും കുറ്റവാളിയ്ക്ക് ഒപ്പം ഇളിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവന്റെ കഥാപ്രസംഗം കാണുമ്പോള്‍, കോഴി കുഞ്ഞിന്റെ മരണത്തില്‍ വേദനിക്കുന്ന കുറുക്കന്റെ ഓരിയിടലാണ് ഓര്‍മ്മിപ്പിക്കുന്നത്. . മരണപ്പെട്ട സിദ്ധാര്‍ത്ഥ് മനുഷ്യന്‍ എന്ന നിലയില്‍ അനുതാപവും അവനെ കായികമായി കൈകാര്യം ചെയ്തവരോട് അതിയായ അമര്‍ഷവുമുണ്ട്.
എന്നാല്‍ നിങ്ങള്‍ക്കൊന്നും അത് പോലുമല്ലെന്നും ഇപ്പുറം കൊത്തി വലിക്കാന്‍ എസ്.എഫ്.ഐ എന്ന പേര് കണ്ടതിന്റെ ആര്‍ത്തിയാണെന്നും നല്ല ബോധ്യവും ഉണ്ട്. അതിന്റെ കൂടെ, അങ്ങനെ നിങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുന്ന പൊതുബോധത്തിനൊപ്പം നില്‍ക്കാന്‍ മനസില്ലെന്ന് തന്നെ പറയുന്നു.