ഗവർണർ ക്ഷണിച്ചു വരുത്തിയ വിവാദം
ഉന്നതമായ ഭരണഘടനാ പദവിയാണ് ഗവര്‍ണറുടേത്. ആ പദവിയുടെ അന്തഃസത്തയില്‍നിന്ന് വ്യതിചലിച്ച് ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാറിപ്പോയതാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് വേദിയെ പ്രക്ഷുബ്ധമാക്കിയതെന്ന് നിസ്സംശയം പറയാം. സാധാരണഗതിയില്‍ ഒരു ഗവര്‍ണറില്‍നിന്ന് പ്രതീക്ഷിക്കാനാകാത്ത പരാമര്‍ശങ്ങളും വിമര്‍ശനങ്ങളുമുയര്‍ന്നപ്പോള്‍ സ്വാഭാവികമായും പ്രതിനിധികള്‍ പ്രതികരിച്ചു. ഒരര്‍ഥത്തില്‍ ഗവര്‍ണര്‍ സ്വയം ക്ഷണിച്ചുവരുത്തുകയായിരുന്നു ഈ പ്രതിഷേധം.
ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന ദേശീയപൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തിപ്പടരുകയാണ്. ചരിത്ര കോണ്‍ഗ്രസ്സുപോലെ അറിയപ്പെടുന്ന ചരിത്രകാരന്മാരും അക്കാദമിക് പണ്ഡിതരും ഗവേഷകരുമെല്ലാം അണിനിരക്കുന്ന വേദിയില്‍ ഈ വിഷയം ഉയര്‍ന്നുവരുന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍, അത്തരം വിമര്‍ശനങ്ങളിലൊന്നും ഇടപെടാതെ തനിക്കു പറയാനുള്ളത് പറഞ്ഞുപോവുക എന്നതായിരുന്നു ഗവര്‍ണര്‍ ചെയ്യേണ്ടിയിരുന്നത്.
ചരിത്രത്തിനുപകരം രാഷ്ട്രീയസ്വഭാവമുള്ള വിഷയങ്ങളാണ് ഇവിടെ ചിലര്‍ ഉന്നയിച്ചതെങ്കിലും ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ആള്‍ എന്ന നിലയില്‍ രാഷ്ട്രീയം പറയാന്‍ പരിമിതിയുണ്ടെന്നു പറഞ്ഞാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. എന്നാല്‍ പൊടുന്നനെ അദ്ദേഹം നിലപാട് മാറ്റി. ഇരുപത്തിയാറാം വയസ്സില്‍ പാര്‍ലമെന്റേറിയനും തുടര്‍ന്ന് യുപി മന്ത്രിയുമായ തനിക്ക് ഇതിനു മറുപടി പറയാതിരിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് പച്ചയായ രാഷ്ട്രീയ പ്രസംഗത്തിലേക്ക് കടന്നത്. പൗരത്വ നിയമഭേദഗതിയെ ഗവര്‍ണര്‍ ശക്തമായി ന്യായീകരിച്ചിട്ടും ആദ്യഘട്ടത്തില്‍ ചെറിയരീതിയിലുള്ള പ്രതിഷേധങ്ങളാണുയര്‍ന്നത്. ജെഎന്‍യുവിലെ രണ്ടു വിദ്യാര്‍ഥിനികള്‍ കൈയിലിരുന്ന കടലാസില്‍ ‘സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ തള്ളുക’ എന്നെഴുതി പ്ലക്കാര്‍ഡുപോലെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. പ്രകോപിതനായ ഗവര്‍ണര്‍ കൂടുതല്‍ കടുത്ത പരാമര്‍ശങ്ങളിലേക്ക് കടന്നതോടെയാണ് പ്രതിഷേധവും കനത്തത്.
പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവേ തന്റെ നടപടിയെ ഗവര്‍ണര്‍ ശക്തിയായി ന്യായീകരിക്കാനും ശ്രമിച്ചു. 'ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ആള്‍ എന്ന നിലയില്‍ ഭരണഘടനക്കും പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനും എതിരായി തന്റെ സാന്നിധ്യത്തില്‍ വിമര്‍ശനമുണ്ടായാല്‍ അതിനു മറുപടി പറയേണ്ട ബാധ്യതയുണ്ടെ’ന്നാണ് ഗവര്‍ണര്‍ അവകാശപ്പെട്ടത്.
ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കുക എന്നതല്ലാതെ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഗവര്‍ണര്‍മാര്‍ക്ക് ബാധ്യതയില്ല. അത് പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഭരണകക്ഷി നേതാക്കളുടെയും ബാധ്യതയാണ്. ഇനി തന്റെ സാന്നിധ്യത്തില്‍ അനിഷ്ടകരമായ പരാമര്‍ശങ്ങള്‍ ഉന്നയിക്കപ്പെട്ടാല്‍പോലും അതിലുള്ള അതൃപ്തി പ്രകടിപ്പിക്കുന്നതിനുപകരം ഗവര്‍ണര്‍ നേരിട്ട് മറുപടി പറയുന്നതും പതിവില്ലാത്തതാണ്.