മറിയക്കുട്ടി എന്ന വൃദ്ധയ്ക്ക് ക്ഷേമപെൻഷൻ രണ്ടുമാസം വെെകിയപ്പോൾ ചില മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും എൽഡിഎഫ് സർക്കാരിനെതിരെ അതൊരായുധമാക്കി മാറ്റിയത് ഏതാനും മാസങ്ങൾക്കുമുൻപാണ്. എന്നാൽ ക്ഷേമപെൻഷൻ മാത്രമല്ല, ക്ഷേമ സമൂഹം എന്ന ആശയംതന്നെ ആധുനിക കാലത്ത് ഉരുവംകൊള്ളുന്നത് സോഷ്യലിസം എന്ന ആശയത്തിനൊപ്പമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം ശക്തമായതോടെ തൊഴിലാളികൾ ഉൾപ്പെടെ ദരിദ്ര ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ഡിമാൻഡുകൾ ഉയർത്തപ്പെട്ടു തുടങ്ങി. അത്തരം ആവശ്യങ്ങൾ നേടിയെടുക്കാനുള്ള സമരങ്ങളെ ഭരണവർഗം സർവശക്തിയുമെടുത്ത് ആക്രമിക്കുകയാണുണ്ടായത്. ഭരണവർഗത്തിന്റെ അടിച്ചമർത്തലുകളെ അതിജീവിച്ചാണ് തൊഴിലാളികൾ പെൻഷൻ പോലെയുള്ള സാമൂഹ്യസുരക്ഷ ഉറപ്പാക്കിയത്. അത്തരം പോരാട്ടങ്ങൾക്കെല്ലാം എതിർവശത്ത് നിന്നിട്ടുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധികളാണ് ഇപ്പോൾ എൽഡിഎഫ് സർക്കാരിനെതിരെ മറിയക്കുട്ടിമാർക്കും കൃഷ്ണൻകുട്ടിമാർക്കും വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം.
കേരളത്തിൽ 1980 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്–ഒന്നാം ഇ കെ നായനാർ സർക്കാർ 60 വയസ്സുകഴിഞ്ഞ കർഷകത്തൊഴിലാളികൾക്ക് പ്രതിമാസം 45 രൂപ നിരക്കിൽ പെൻഷൻ നൽകാൻ തീരുമാനിച്ചത്. അന്ന് അതിനനുകൂലമായി പറയാൻ നമ്മുടെ മുഖ്യധാരക്കാരാരും തയ്യാറായില്ല എന്നു മാത്രമല്ല, ഉൽപ്പാദനക്ഷമമല്ലാത്ത ചെലവാണിതെന്നും ഇങ്ങനെ പെൻഷൻ നൽകുന്നത് ധൂർത്താണെന്നും വരെ സർക്കാരിനെതിരെ വലിയ പ്രചാരണമാണ് അവർ നടത്തിയത്. ഡോ. കെ എൻ രാജിനെപോലെയുള്ള ചില സാമ്പത്തികവിദഗ്ധരെ പെൻഷൻ പദ്ധതിക്കെതിരായ ഈ കാംപെയ്നിൽ മനോരമയും മാതൃഭൂമിയുമെല്ലാം അക്കാലത്ത് അണിനിരത്തുകയും ചെയ്തു. ഇത്തരം എതിർപ്പുകൾക്കിടയിലും ദീർഘകാലമായി കർഷകത്തൊഴിലാളി പ്രസ്ഥാനവും സിപിഐ എമ്മും ഉന്നയിച്ചുകൊണ്ടിരുന്ന ഒരാവശ്യം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു.
1980ലെ എൽഡിഎഫ് ഭരണകാലത്താണ് ജനക്ഷേമവും വിപണി ഇടപെടലും ലാക്കാക്കി മാവേലി സ്റ്റോറുകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ തൃശ്ശൂരിൽ ആദ്യത്തെ മാവേലി സ്റ്റോർ പ്രവർത്തനം ആരംഭിച്ചപ്പോൾ അതിനടുത്തായി, അതിനെതിരെ വാമനസ്റ്റോർ തുറന്നു പ്രവർത്തിക്കുകയായിരുന്നു യുഡിഎഫ്. അന്നത്തെ പ്രതിപക്ഷ നേതാവ് കെ കരുണാകരൻ ഉദ്ഘാടനം ചെയ്ത വാമന സ്റ്റോറിനെ ആഘോഷിക്കുകയായിരുന്നു മനോരമ ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങൾ.
1987 ൽ അധികാരത്തിൽ വന്ന ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരാണ് മറ്റു ചില തൊഴിൽമേഖലയിലുള്ള 60 കഴിഞ്ഞവർക്കും പെൻഷൻ ഏർപ്പെടുത്തിയത്. പക്ഷേ, അതിൽ ഒരു വ്യത്യാസമുണ്ടായിരുന്നു. അതാത് വിഭാഗങ്ങളുടെ ക്ഷേമനിധിക്ക് രൂപം നൽകുകയും ആ ക്ഷേമനിധിയിൽനിന്ന് പെൻഷൻ ഏർപ്പെടുത്തുകയുമായിരുന്നു. മാത്രമല്ല, 1987നുശേഷം, അതിൽ 1987ലെ എൽഡിഎഫ് സർക്കാരാണ് 1981 മുതൽ 45 രൂപ ക്രമത്തിൽ നൽകിയിരുന്ന കർഷകത്തൊഴിലാളി പെൻഷൻ 60 രൂപയാക്കി വർധിപ്പിച്ചത്. 1981ൽ നടപ്പാക്കി തുടങ്ങിയ കർഷകത്തൊഴിലാളി പെൻഷൻ തുടർന്ന് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ (മുഖ്യമന്ത്രി കരുണാകരൻ) 5 വർഷക്കാലത്തിനിടയിൽ ഒരു രൂപ പോലും വർധിപ്പിച്ചില്ല. അതിൽ മാറ്റം വരുത്തിയത് 1996ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. ആ 5 വർഷത്തിനുള്ളിൽ രണ്ട് തവണ വർധനവ് വരുത്തി –2000ത്തിൽ 120 രൂപയിൽ എത്തിച്ചു.
കർഷകത്തൊഴിലാളി പെൻഷനിൽ പിന്നീട് വർധനവ് വരുത്തിയത് 2006ൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയ ശേഷമാണ്. 2007ൽ 130 രൂപയായും 2008ൽ 200 രൂപയായും 2009ൽ 250 രൂപയായും 2010ൽ 300 രൂപയായും 2011ൽ അധികാരമൊഴിയുന്നതിനുമുൻപ് 400 രൂപയായും വർധിപ്പിച്ചു. 1996–2001ലും പിന്നീട് 2006–2011ലും എൽഡിഎഫ് ഭരണകാലത്താണ് 1987 നുശേഷം കൂടുതൽ മേഖലകളിലേക്ക് ക്ഷേമനിധികൾ വ്യാപിപ്പിച്ചതും അത് നിരന്തരം വർധിപ്പിച്ചുകൊണ്ടിരുന്നതും. 2011–2016 കാലത്തെ യുഡിഎഫ് സർക്കാർ 2013ലും 2014ലും 100 രൂപ വീതം കർഷകത്തൊഴിലാളി പെൻഷനിൽ വർധനവ് വരുത്തിയതാണ് ക്ഷേമപെൻഷനിൽ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും 40 വർഷക്കാലത്തെ ചരിത്രത്തിലെ ഏകസംഭാവന. എന്നാൽ 2016 മെയ് മാസത്തിൽ യുഡിഎഫ് അധികാരത്തിൽനിന്ന് പുറത്തായപ്പോൾ 18 മാസക്കാലത്തെ ക്ഷേമപെൻഷനുകൾ കുടിശ്ശികയിട്ടാണ് അധികാരമൊഴിഞ്ഞത്. അതാണ് 2016ൽ എൽഡിഎഫ് അധികാരത്തിൽവന്നശേഷം 2016 ജൂണിൽ ആയിരം രൂപയായും 2017ൽ 1100 രൂപയായും 2019ൽ 1200 രൂപയായും 2020 ഏപ്രിൽ മാസത്തിൽ 1300 രൂപയായും 2020 സെപ്തംബറിൽ (കോവിഡ് കാലത്ത്) 1400 രൂപയായും 2021 ജനുവരിയിൽ 1500 രൂപയായും 2021 ഏപ്രിൽ മാസത്തിൽ 1600 രൂപയായും വർധിപ്പിച്ചത്. എൽഡിഎഫ് അധികാരത്തിൽ വന്നയുടൻ കർഷകത്തൊഴിലാളി പെൻഷൻ തുക വർധിപ്പിക്കുക മാത്രമല്ല, യുഡിഎഫ് കുടിശ്ശികയായി നിർത്തിയിരുന്ന തുക പൂർണമായും കൊടുത്തുതീർക്കുകയും ചെയ്തു. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ 600 രൂപ മാത്രമായിരുന്നത് 5 വർഷം കൊണ്ട് 1600 രൂപയായി വർധിപ്പിക്കുകയും 2023 സെപ്തംബർ വരെ കുടിശ്ശിക കൂടാതെ എല്ലാ പെൻഷൻകാർക്കും എത്തിച്ചുകൊടുക്കുകയും ചെയ്തുവെന്ന കാര്യവും വിസ്മരിക്കാനാവില്ല. മറ്റൊരു കാര്യം കർഷകത്തൊഴിലാളി പെൻഷൻ തുകയിലോ വിവിധ തൊഴിലാളി ക്ഷേമനിധികളിലൂടെ നൽകപ്പെടുന്ന പെൻഷൻ തുകയിലോ ഒരു ചില്ലിക്കാശുപോലും കേന്ദ്ര സർക്കാർ വിഹിതമായി നൽകുന്നില്ല.
വാർധക്യകാല പെൻഷൻ, അംഗപരിമിതർക്കുള്ള പെൻഷൻ, വിധവ പെൻഷൻ എന്നിവയിലാണ് ചെറിയൊരു ഭാഗം കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. കേന്ദ്ര സഹായം ലഭിക്കുന്ന പെൻഷനുകൾ ചുവടെ ചേർക്കുന്നവയാണ്. ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ പദ്ധതി, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി, ഇന്ദിരാഗാന്ധി ദേശീയ അംഗപരിമിതപെൻഷൻ പദ്ധതി. ഈ പെൻഷനുകളെല്ലാം അർഹരായി കണക്കാക്കപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും കേരളത്തിൽ പ്രതിമാസം 1600 രൂപ ക്രമത്തിലാണ് നൽകുന്നത്.
1973ലാണ് കേരളത്തിൽ ആദ്യമായി ഒരു സാമൂഹ്യക്ഷേമ പെൻഷൻ നിലവിൽ വരുന്നത്. 1980ൽ കർഷകത്തൊഴിലാളി പെൻഷനും 1982ൽ അഗതി പെൻഷനിൽനിന്നും വേർപെടുത്തി അംഗപരിമിതർക്കുള്ള പെൻഷൻ പദ്ധതിയും ആരംഭിച്ചു. 1995ൽ ദേശീയ സാമൂഹ്യ സഹായ പദ്ധതി നിലവിൽ വന്നപ്പോൾ വാർധക്യകാല പെൻഷൻ അതിന്റെ ഭാഗമാവുകയും അഗതി പെൻഷൻ വിധവകൾക്കുള്ള പെൻഷൻ എന്ന പേരിൽ മാറുകയും ചെയ്തു. 2001ൽ 50 വയസ്സിനുമുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ പദ്ധതി ആരംഭിച്ചു. ക്ഷേമനിധി ബോർഡുകളിൽ നിന്ന് കുടുംബപെൻഷൻ ലഭിക്കുന്നവർക്ക് മറ്റു പെൻഷനുകളൊന്നും ലഭിക്കുന്നില്ലെങ്കിൽ ഏതെങ്കിലുമൊരു സാമൂഹ്യസുരക്ഷാ പെൻഷൻ പൂർണമായ നിരക്കിൽ ലഭിക്കാൻ അർഹതയുണ്ട്. അംഗപരിമിതർക്കുള്ള പെൻഷൻ ലഭിക്കുന്നവർക്ക് അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി 600 രൂപ നിരക്കിൽ മറ്റൊരു സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കാവുന്നതാണ്. അതുപോലെ തന്നെ മറ്റൊരു സാമൂഹ്യ സുരക്ഷാ പെൻഷൻ അല്ലെങ്കിൽ ക്ഷേമനിധി പെൻഷൻ ലഭിക്കുന്ന അംഗപരിമിതിയുള്ള ഗുണഭോക്താവിന് പുതുതായി 600 രൂപ നിരക്കിൽ അംഗപരിമിതർക്കുള്ള പെൻഷനും ലഭിക്കുന്നതാണ്. പ്രതിമാസം 2000 രൂപ വരെ ഇപിഎഫ് പെൻഷൻ ലഭിക്കുന്നവർക്ക് പൂർണ നിരക്കിലും 2000 രൂപയിൽ കൂടുതൽ ഇപിഎഫ് പെൻഷൻ ലഭിക്കുന്നവർക്ക് 600 രൂപ നിരക്കിലും ഏതെങ്കിലുമൊരു സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതാണ്.
വാർധക്യകാല പെൻഷൻ 1996 ആഗസ്ത് മുതലാണ് കേരളത്തിൽ നടപ്പാക്കി തുടങ്ങിയത്. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ പ്രതിമാസം 110 രൂപയാണ് തുടക്കത്തിൽ നൽകിയിരുന്നത്. 2006 മുതൽ അത് 235 രൂപയായി ഉയർത്തി. 2008ൽ 250 രൂപയായും 2010ൽ 300 രൂപയായും 2011ൽ 400 രൂപയായും ഉയർത്തി. 2016ൽ ഇത് 600 രൂപയായും 2016 ജൂണിനുശേഷം 1000 രൂപയായും, 2017ൽ 1100 രൂപയായും 2019ൽ 1200 രൂപയായും 2020ൽ 1300 രൂപയായും 2020 സെപ്തംബറിൽ 1400 രൂപയായും 2021 ജനുവരിയിൽ 1500 രൂപയായും 2021 ഏപ്രിൽ മാസത്തിനു ശേഷം 1600 രൂപയായും ഈ പെൻഷൻ വർധിപ്പിച്ചു. ഇതിൽ കേന്ദ്ര വിഹിതം എത്രയെന്നോ? 80 വയസ്സുവരെയുള്ള പെൻഷൻകാർക്ക് 200 രൂപയും 80 വയസ്സു കഴിഞ്ഞവർക്ക് 500 രൂപയുമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. 75 വയസ്സുകഴിഞ്ഞ 80 ശതമാനത്തിലധികം അംഗപരിമിതിയുള്ളവർക്ക് 2013 മുതൽ 1100 രൂപയും 2014 മുതൽ 1200 രൂപയും പെൻഷൻ നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ പെൻഷനുകളെല്ലാം തന്നെ ഉമ്മൻചാണ്ടി അധികാരമൊഴിയുമ്പോൾ 18 മാസം കുടിശ്ശികയായിരുന്നു. ഈ കുടിശ്ശിക തീർക്കുകയും ഈ വിഭാഗത്തിനും പെൻഷൻ 1600 രൂപയായി ഉയർത്തുകയും ചെയ്തത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമാണ്.
അംഗപരിമിതർക്കുള്ള പെൻഷൻ 2000ത്തിൽ 110 രൂപ ആയിരുന്നത് 2007ൽ 160 രൂപയായും 2008ൽ 200 രൂപയായും 2009ൽ 250 രൂപയായും 2010ൽ 300 രൂപയായും 2011ൽ 400 രൂപയായും വർധിപ്പിച്ചു. 2016ൽ ഈ വിഭാഗത്തിനുള്ള പെൻഷൻ 1000 രൂപയായി വർധിപ്പിച്ചുവെന്നു മാത്രമല്ല, 18 മാസത്തെ കുടിശ്ശിക പൂർണമായും കൊടുത്തുതീർക്കുകയും ചെയ്തു. പിണറായി സർക്കാർ 2017ലും 2018ലും 2019ലും 2020ൽ രണ്ട് തവണയും 2021ൽ രണ്ടു തവണയും വർധിപ്പിച്ചാണ് ഇന്നത്തെ നിലയിൽ 1600 രൂപയിൽ എത്തിച്ചത്. അംഗപരിമിതർക്കുള്ള പെൻഷനിലും കേന്ദ്ര വിഹിതമായി ലഭിക്കുന്നത് 80 വയസ്സുവരെയുള്ളവർക്ക് 200 രൂപയും 80 കഴിഞ്ഞവർക്ക് 500 രൂപയുമാണ്. അതായത് 1600 രൂപ 80 വയസ്സുവരെയുള്ളവർക്ക് ലഭിക്കുമ്പോൾ അതിൽ 1400 രൂപ സംസ്ഥാന സർക്കാരാണ് നൽകുന്നത് എന്നർഥം. പെൻഷൻ വാങ്ങുന്നയാൾക്ക് 80 വയസ്സുകഴിഞ്ഞാൽ സംസ്ഥാനം 1100 രൂപയും കേന്ദ്രം 500 രൂപയും നൽകുന്നു. ഈ വിഭാഗത്തിൽപെട്ട മൊത്തം പെൻഷൻകാരിൽ പത്തോ പന്ത്രണ്ടോ ശതമാനം പേർ മാത്രമാണ് 80 വയസ്സുകഴിഞ്ഞവരായുള്ളത് എന്നും നാം കാണണം.
വിധവകൾക്കുള്ള പെൻഷൻ 1995ൽ 100 രൂപയായിരുന്നത് 1996 ആഗസ്ത് മുതൽ (നായനാർ ഗവൺമെന്റ്) 110 രൂപയായി വർധിപ്പിച്ചു. പിന്നീട് 2007ൽ വി എസ് ഗവൺമെന്റിന്റെ കാലത്താണ് 120 രൂപയായും 2008ൽ 200 രൂപയായും 2009ൽ 250 രൂപയായും 2010ൽ 300 രൂപയായും ആ ഗവൺമെന്റിന്റെ കാലാവധിക്കുള്ളിൽ തന്നെ 2011ൽ 400 രൂപയായും വർധിപ്പിച്ചത്. എന്നാൽ യുഡിഎഫ് ഭരണകാലത്ത് 2012, 2013, 2014 എന്നീ വർഷങ്ങളിൽ 525 രൂപയായും 700 രൂപയായും 800 രൂപയായും വർധിപ്പിച്ചു. പിന്നീട് 2016ൽ പിണറായി മുഖ്യമന്ത്രിയായശേഷമാണ് വിധവാ പെൻഷൻ 1000 രൂപയായും 2017ൽ 1100 രൂപയായും 2019ൽ 1200 രൂപയായും 2020 ഏപ്രിൽ മാസത്തിൽ 1300 രൂപയായും സെപ്റ്റംബറിൽ 1400 രൂപയായും 2021 ജനുവരിയിൽ 1500 രൂപയായും ഏപ്രിൽ മാസത്തിൽ 1600 രൂപയായും വർധിപ്പിച്ചത്-. യുഡിഎഫ് കുടിശ്ശികയായി അവശേഷിപ്പിച്ച 18 മാസത്തെ പെൻഷനും എൽഡിഎഫ് സർക്കാരാണ് കൊടുത്തുതീർത്തത്. വിധവാ പെൻഷനിലും കേന്ദ്ര വിഹിതം 80 വയസ്സ് തികയാത്തവർക്ക് 200 രൂപയും 80 കഴിഞ്ഞവർക്ക് 500 രൂപയും മാത്രമാണ്.
സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്ന മറ്റൊരു വിഭാഗമാണ് 50 വയസ്സിനു മുകളിൽ പ്രായമുള്ള അവിവാഹിത സ്ത്രീകൾ. 1996 –2001 കാലത്തെ നായനാർ സർക്കാരാണ് 2001ൽ ഈ പെൻഷൻ പദ്ധതിക്ക് തുടക്കമിട്ടത് – 110 രൂപ. പിന്നീടതിൽ വർധന വരുത്തിയത് 2007ൽ വി എസ് സർക്കാരിന്റെ കാലത്താണ് – 120 രൂപയായി അത് ഉയർത്തി. തുടർന്ന് 2008, 2009, 2010, 2011 വർഷങ്ങളിൽ യഥാക്രമം 200 രൂപയായും 250 രൂപയായും 300 രൂപയായും 400 രൂപയായും വർധിപ്പിച്ചു. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് ഇത് 525, 700, 800 എന്നിങ്ങനെ 2012, 13, 14 വർഷങ്ങളിൽ വർധിപ്പിച്ചു. ഈ പെൻഷൻ പദ്ധതിയും 18 മാസം മുടക്കിയാണ് ഉമ്മൻചാണ്ടി അധികാരമൊഴിഞ്ഞത്. 2016ൽ പിണറായി സർക്കാരാണ് ഇത് 800 രൂപയിൽ നിന്ന് 1000 രൂപയായും തുടർന്ന് 2017, 2018, 2019 എന്നീ വർഷങ്ങളിലായി 1200 രൂപയായും 2020ൽ രണ്ടു തവണ വർധിപ്പിച്ച് 1400 രൂപയായും വീണ്ടും 2021ലും രണ്ടു തവണ വർധിപ്പിച്ച് 1600 രൂപയായും ഉയർത്തിയത്-. 50 വയസ്സു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷനിൽ കേന്ദ്ര വിഹിതമില്ല. പൂർണമായും ഇത് സംസ്ഥാന പദ്ധതിയാണ്.
സാമൂഹിക ക്ഷേമ പെൻഷനുകളുടെ തുടക്കവും ഉയർച്ചയും വിശദമായി അവതരിപ്പിച്ചതിൽ നിന്ന് രണ്ടു കാര്യം വ്യക്തമാകുന്നു. എല്ലാ സാമൂഹിക സുരക്ഷ/ ക്ഷേമ പെൻഷനുകളും അവതരിപ്പിച്ചത് ഇടതുപക്ഷ സർക്കാരുകളാണ്. 1973ല്‍ അഗതി പെൻഷൻ കൊണ്ടുവന്നപ്പോൾ ആ മുന്നണിയിലും സർക്കാരിലും സിപിഐ കൂടി ഉണ്ടായിരുന്നുവെന്നോർക്കുക. കോൺഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷ കൂട്ടുകെട്ടും സർക്കാരും ഒരു ഘട്ടത്തിലും ക്ഷേമ പദ്ധതികൾ ഒന്നും ആരംഭിക്കുകയോ തുക വർധിപ്പിച്ചു നൽകുകയോ ചെയ്തില്ലയെന്നു മാത്രമല്ല യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴെല്ലാം പലപ്പോഴും കുടിശ്ശികയാക്കുകയും ചെയ്തിരുന്നു.
1980ലെ എൽഡിഎഫ് സർക്കാർ കർഷകത്തൊഴിലാളി പെൻഷൻ നൽകിയപ്പോൾ അതിനെതിരെ ഉൽപ്പാദനക്ഷമമല്ലാത്തതും ധൂർത്തുമെന്ന് വിമർശനമുയർത്തിയ യുഡിഎഫും വലതു മാധ്യമങ്ങളും പിന്നീട് പുതിയ മേഖലകളിലേക്ക് ക്ഷേമ പദ്ധതി പദ്ധതികൾ വ്യാപിപ്പിച്ച എൽഡിഎഫ് ഭരണകാലങ്ങളെ, പ്രത്യേകിച്ച് 2006 – 11ലെ വി എസ് സർക്കാരിന്റെ കാലത്തെയും 2016 മുതലുള്ള ഒന്നാം പിണറായി സർക്കാരിനെയും പെൻഷൻ ഭരണമെന്ന് വിളിച്ച് അപഹസിക്കുകയും ചെയ്ത ചരിത്രം നാം ഓർമിക്കണം. 2023 സെപ്റ്റംബർ വരെ മുടക്കം കൂടാതെയും 2016 മുതൽ തുടർച്ചയായി വർധന വരുത്തിയും ക്ഷേമപെൻഷനുകൾ നൽകിയ പിണറായി സർക്കാർ അത് മുടങ്ങാതെ കൃത്യമായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ കിഫ്ബി മാതൃകയിൽ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനി യും രൂപീകരിക്കുകയുണ്ടായി. ബജറ്റിനു പുറത്ത് വായ്പയെടുത്തും കുടിശ്ശികയില്ലാതെ കൃത്യമായി പെൻഷൻ നൽകുന്ന ഈ സംവിധാനത്തെയും ഇത്തരം വായ്പകളെക്കൂടി സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കുകയും അതോടൊപ്പം സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്ത കേന്ദ്രസർക്കാർ നടപടി യഥാർഥത്തിൽ സാമൂഹിക സുരക്ഷ സംവിധാനത്തിനെതിരായ കടന്നാക്രമണമായിരുന്നു. അതിനെയും ന്യായീകരിക്കാൻ മടിക്കാത്ത യുഡിഎഫും മാധ്യമങ്ങളും മറിയക്കുട്ടിമാരെ മുന്നിൽ നിർത്തി എൽഡിഎഫ് സർക്കാരിനെതിരെ പോരിനു വരുന്നതിലൂടെ അവരുടെ കാപട്യവും ഇരട്ടത്താപ്പുമാണ് പുറത്തുവരുന്നത്.
സംസ്ഥാനത്തെ സമ്പൂർണമായും ഒരു ക്ഷേമ സംസ്ഥാനമാക്കി മാറ്റുകയെന്ന കാഴ്ചപ്പാടോടെയാണ് എൽഡിഎഫ് തുടർച്ചയായി സാമൂഹിക ക്ഷേമപെൻഷനുകൾ വിപുലീകരിക്കുകയും വർധിപ്പിക്കുകയും ചെയ്തത്. ഇതിനൊപ്പം ലൈഫ് മിഷനുകീഴിലുള്ള സമ്പൂർണ പാർപ്പിട പദ്ധതി (ഭവന രഹിതരില്ലാത്ത കേരളം). സമ്പൂർണ ദാരിദ്ര്യ നിർമാർജനം തുടങ്ങിയ ക്ഷേമ പദ്ധതികൾ, എല്ലാവർക്കും തൊഴിലുറപ്പാക്കാനുള്ള പദ്ധതികൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ എന്നിവയിലൂടെ ഇടതുപക്ഷ ഭരണം കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെല്ലാം വേറിട്ടതാക്കുകയാണ്. ഈ മുന്നേറ്റങ്ങളെയെല്ലാം തുരങ്കം വയ്ക്കാൻ പെടാപ്പാടുപെടുന്നവരാണ് യുഡിഎഫും ബിജെപിയും കുത്തകമാധ്യമങ്ങളും എന്നതാണ് നാം സദാ ഓർമിക്കേണ്ടത്.