ഇടതുപക്ഷമുണ്ടെങ്കിലേ ഇന്ത്യയുള്ളൂ"
“ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം കേരളത്തിൽ അവസാനിക്കുകയാണ്. നാളത്തെ കൊട്ടിക്കലാശത്തോടെ പൊതു പ്രചാരണത്തിന് സമാപനമാകും. ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. 10 വർഷത്തെ സംഘപരിവാർ ഭരണം സാധാരണക്കാരന്റെ ജീവിതം ദുരിതപൂർണമാക്കിയതു മാത്രമല്ല രാജ്യത്തിന്റെ ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയും നിലനിൽക്കണോ എന്ന ചോദ്യവും പ്രധാന വിഷയമായി ഉയർന്നുകഴിഞ്ഞു
കോർപറേറ്റ്– -വർഗീയ കൂട്ടുകെട്ടിന് നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിന് അന്ത്യംകുറിക്കണമെന്നത് ഇന്ത്യയുടെ പൊതുവികാരമായി മാറിയതാണ് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത.”
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും പരമാവധി സീറ്റോടെ അധികാരത്തിൽ തിരിച്ചെത്തിയ ബിജെപിക്ക് ആ സീറ്റുകൾ നിലനിർത്താനാകില്ലെന്ന് അവർക്ക് നന്നായി അറിയാം. 400 കടക്കുമെന്ന മോദിയുടെ അവകാശവാദം വെറും തള്ളാണെന്ന് എല്ലാവർക്കും മനസ്സിലാകും. ഒരു സീറ്റെങ്കിലും കൂടുതൽ കിട്ടുന്ന സംസ്ഥാനം ചൂണ്ടിക്കാണിക്കാൻ അവർക്കില്ല. മത ധ്രുവീകരണത്തിൽ ഊന്നൽ നൽകി മാത്രമാണ് പ്രചാരണം. ഹിറ്റ്‌ലറുടെ ആശയങ്ങളിൽ പ്രചോദിതരായി രൂപീകരിച്ച ആർഎസ്‌എസ് നയിക്കുന്ന ബിജെപിക്ക് നുണപ്രചാരണത്തിലാണ് കമ്പം. പ്രധാനമന്ത്രിമുതൽ പ്രാദേശിക നേതാക്കൾവരെ നുണ പലതവണ ആവർത്തിച്ച് സത്യമാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ്. പരസ്യങ്ങളായും പ്രസംഗങ്ങളായും നുണയുടെ കുത്തൊഴുക്ക് കേരളത്തിലും നാം കാണുകയാണ്. പ്രധാന സംസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർടികൾ തമ്മിലുള്ള ഐക്യം, ബിജെപിയെ കാത്തിരിക്കുന്നത് വൻ തിരിച്ചടിയായിരിക്കുമെന്നതിൽ സംശയമില്ല.
"കേരളത്തിൽ പ്രധാന മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ത്രികോണ മത്സരത്തിനുപോലുമുള്ള ശേഷി ബിജെപിക്കില്ല. ചില മാധ്യമങ്ങളുടെ സഹായത്തോടെ അങ്ങനെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അതിന് വസ്‌തുതയുമായി ബന്ധമില്ല. അഖിലേന്ത്യാതലത്തിൽ ബിജെപിയെ എതിർക്കാൻ ബാധ്യതയുള്ള കോൺഗ്രസാകട്ടെ അതിൽനിന്നെല്ലാം ഒളിച്ചോടി കേരളത്തിലെ ഇടതുപക്ഷത്തിനെ എതിർക്കാൻ സർവ ഊർജവും ഉപയോഗിക്കുന്ന കാഴ്‌ചയാണ് നാം കാണുന്നത്. ബിജെപിയെ പേടിച്ച് വയനാട്ടിൽ വന്ന് ഇടതുപക്ഷത്തിനെതിരായി മത്സരിക്കുന്ന രാഹുൽ ഗാന്ധിതന്നെ ഇതിന് നല്ല ഉദാഹരണം. 80 സീറ്റുള്ള യുപിയിൽ എസ്‌പിയുടെ സഹായത്തോടെ 17 സീറ്റിൽമാത്രം മത്സരിക്കുന്ന കോൺഗ്രസിന് അവരുടെ സ്ഥിരം മണ്ഡലമായ അമേത്തിയിലും റായ്‌ബറേലിയിലും രാഹുലിനെയോ പ്രിയങ്കയെയോ മത്സരിപ്പിക്കാൻ ധൈര്യമില്ല. അത്രയ്‌ക്ക് ദയനീയമാണ് കോൺഗ്രസിന്റെ സ്ഥിതി. ബിജെപിയെ പേടിച്ച് പ്രധാന ഘടക കക്ഷിയായ മുസ്ലിംലീഗിന്റെ കൊടിപിടിക്കാൻപോലും അനുവദിക്കാത്ത കോൺഗ്രസ് ബിജെപിയുടെ ഇന്ത്യാവിരുദ്ധ നയങ്ങളെയും എതിർക്കാൻ പേടിക്കുകയാണ്. സിഎഎ, യുഎപിഎ, പിഎംഎൽഎ തുടങ്ങിയ നിയമങ്ങളെക്കുറിച്ച് മിണ്ടാൻപോലും ധൈര്യമില്ല. പ്രകടനപത്രികയുടെ കരടിൽ ഉൾപ്പെടുത്തിയ ഈ വിഷയങ്ങൾ പിന്നീട് കോൺഗ്രസ് നേതൃത്വം ഒഴിവാക്കിയതാണെന്ന വിവരവും ഇപ്പോൾ പുറത്തുവന്നു.
ബിജെപിക്കെതിരെ മൗനംപാലിക്കുന്ന കോൺഗ്രസ് സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനെതിരെ ഒന്നും പറയാനില്ലാത്തതിനാൽ നുണകളിലും അശ്ലീല പ്രചാരണങ്ങളിലും മുഴുകിയിരിക്കുകയാണ്. ഡൽഹി, ജാർഖണ്ഡ് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചതുപോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന തരംതാണ ചോദ്യമാണ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുംകേരളത്തിൽ വന്ന് ചോദിക്കുന്നത്. എന്തിനാണ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹം ഏതെങ്കിലും കേസിൽ പ്രതിയാണോ. ചെറിയൊരു അഴിമതിയെങ്കിലും നടത്തിയെന്ന് തെളിയിക്കാൻ ഇന്നേവരെ കഴിഞ്ഞിട്ടുണ്ടോ. എത്രയെത്ര അന്വേഷണം നടത്തി. അന്വേഷിക്കാത്ത കേന്ദ്ര ഏജൻസികളുണ്ടോ. സംശുദ്ധ രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്ന പിണറായിക്കെതിരെ ആര് അന്വേഷിച്ചാലും ഒന്നും കണ്ടെത്താൻ കഴിയില്ല. എന്നാലൂം കള്ളക്കേസുണ്ടാക്കി ജയിലിലടയ്‌ക്കണമെന്നാണ് രാഹുലും പ്രിയങ്കയും പറഞ്ഞ് നടക്കുന്നത്. അര നൂറ്റാണ്ടിലധികം രാജ്യം ഭരിച്ച പാർടി എത്തിച്ചേർന്ന ദുരവസ്ഥ എന്നല്ലാതെ എന്ത് പറയാൻ.
രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഇടതുപക്ഷമാണ് മുന്നിലെന്നത് എല്ലാവർക്കും അറിയാം. പാർലമെന്റിന് അകത്തും പുറത്തും ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ എതിർക്കാൻ ഇടതുപക്ഷത്തിനേ ആകൂ. അവർക്ക് അംഗബലം ഉണ്ടെങ്കിലേ ജനക്ഷേമ നടപടികൾ എടുക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കാനാകൂ. ഒന്നാം യുപിഎ സർക്കാരിൽ ഇത് നാം കണ്ടതാണ്. ഇടതുപക്ഷ പിന്തുണ ഇല്ലാതെ ഭരിക്കാൻ സാഹചര്യമുണ്ടായ രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതിയും ജനവിരുദ്ധ നയങ്ങളുമാണ് ബിജെപി ഭരണത്തിന് കളമൊരുക്കിയത്. എൻഡിഎ സർക്കാരിന്റെ ജനവിരുദ്ധനയങ്ങളെ എതിർക്കാനും ഇടത് എംപിമാരാണ് മുന്നിലുണ്ടായത്. കേരളത്തിൽനിന്ന് 18 എംപിമാരുണ്ടായിട്ടും കേരളത്തിനുവേണ്ടി ഒരക്ഷരംപോലും ശബ്ദിക്കാത്തവരാണ് യുഡിഎഫ്. ജനവിരുദ്ധ ബില്ലുകളെ എതിർക്കാനും ഇടതുപക്ഷം മാത്രമാണുണ്ടായത്. 50 തികയ്‌ക്കാൻ പാടുപെടുന്ന കോൺഗ്രസ് ബിജെപി ആശയങ്ങളോട് ഒട്ടിനിൽക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്ന് ജനങ്ങൾക്ക് നന്നായി അറിയാം. ഇടതുപക്ഷമുണ്ടെങ്കിലേ നമ്മുടെഇന്ത്യയുള്ളൂ എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടെന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. കേരള ജനത ഇടതുപക്ഷത്തിനൊപ്പം ചേർന്നുനിൽക്കുന്ന ആവേശകരമായ കാഴ്‌ചയാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുമ്പോൾ കാണാനാകുന്നത്"