ഇന്ത്യ ഭാവിയില്‍ ഇത്തരത്തില്‍ തന്നെ നിലനില്‍ക്കുമോയെന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തരമൊരു ചിന്ത രൂപപ്പെടാനുള്ള പ്രധാന കാരണം ബി.ജെ.പി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നയസമീപനങ്ങളാണ്. രാജ്യത്തിന്റെ അടിസ്ഥാന ശിലകളായി കരുതപ്പെടുന്ന മതനിരപേക്ഷതയും, പാര്‍ലമെന്ററി ജനാധിപത്യവും ഫെഡറലിസവും സാമൂഹ്യ നീതിയും എല്ലാം തകര്‍ക്കുകയെന്ന സമീപനമാണ് ബി.ജെ.പി സര്‍ക്കാരിനുള്ളത്.
ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതിന് കാരണം അതിനെ നയിക്കുന്നത് സംഘപരിവാറാണ് എന്നതാണ്. രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രം സൃഷ്ടിക്കുകയെന്നതാണ് അവര്‍ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. അതുകൊണ്ടുതന്നെ അതിന് ഉതകുന്ന തരത്തിലുള്ള നയസമീപനമാണ് അവര്‍ സ്വീകരിക്കുന്നത് എന്ന് കാണാം. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നടപടികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുന്നതുമാണ്.
മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി കാണുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞു. ഇത് മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളെ രണ്ടാം തരമായി കാണുന്ന സമീപനത്തിന്റെ തുടര്‍ച്ച തന്നെയാണ്. ഏകീകൃത സിവില്‍ നിയമം അടിച്ചേല്‍പ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ പ്രധാന ലക്ഷ്യം മുസ്ലീം ന്യൂനപക്ഷങ്ങളാണ്. അതുകൊണ്ടാണ് അവ നടപ്പിലാക്കുന്നത് മറ്റ് ജനവിഭാഗങ്ങള്‍ക്കും പ്രതിസന്ധിയുണ്ടാക്കുമെന്ന ചര്‍ച്ച ഉയര്‍ന്നുവന്നപ്പോള്‍ ആ വിഭാഗങ്ങളുടെയെല്ലാം ആശങ്ക പരിഹരിക്കുമെന്ന പ്രഖ്യാപനം നടത്തുന്നതിന് പിന്നിലുള്ളത്. മുത്തലാഖുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനു പിന്നിലും ഇത്തരമൊരു നീക്കം കാണാം. മറ്റ് മതങ്ങളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സിവില്‍ നിയമത്തിന്റെ പരിധിയില്‍ വരുമ്പോഴാണ് മുസ്ലീം വിഭാഗത്തിന് മാത്രം ഇത്തരമൊരു നയസമീപനം സ്വീകരിച്ചിട്ടുള്ളത്.
ഗോ സംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ കാണിക്കുന്ന അക്രമങ്ങള്‍ മുസ്ലീം വിഭാഗങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. ഇതിന്റെ പേരു പറഞ്ഞ് നിരവധി മുസ്ലീം മതവിശ്വാസികള്‍ പീഡിപ്പിക്കപ്പെടുകയും, കൊലപ്പെടുത്തുപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷവും രാജ്യത്തുണ്ടായിരിക്കുകയാണ്. മുസ്ലീം ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് ബുള്‍ഡോസര്‍ രാജിന് വിധേയമാക്കുന്ന സ്ഥിതിയും രാജ്യത്ത് വന്‍തോതില്‍ വ്യാപിച്ചു വരികയാണ്. ട്രെയിനില്‍ പോലും മുസ്ലീങ്ങളെ തെരഞ്ഞു പിടിച്ച് കൊലപ്പെടുത്തുന്ന സംഭവവും, രാജ്യത്ത് വിപുലമായിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ഉപോല്‍പ്പന്നമാണെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
മുസ്ലീം ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളോടും ഇത്തരത്തിലുള്ള വിവേചനപരമായ സമീപനം തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജമ്മു–കാശ്മീരിന്റെ സംസ്ഥാന പദവി തന്നെ എടുത്തുമാറ്റുകയും, അവിടെ കേന്ദ്രത്തിന്റെ അധികാരം ഉറപ്പിച്ചു നിര്‍ത്തിയതും, 370–ാം വകുപ്പ് എടുത്തു മാറ്റുകയും ചെയ്ത നടപടിക്കു പിന്നിലും മുസ്ലീം ജനവിഭാഗത്തിനെതിരായ സമീപനത്തിന്റെ തുടര്‍ച്ച തന്നെയാണെന്ന് കാണാം. ലക്ഷദ്വീപ് ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മുള്ള പ്രദേശമാണെന്ന് പറയാം. അതുകൊണ്ടുതന്നെയാണ് ആർഎസ്എസ് ചിന്താഗതിക്കാരനായ അഡ്മിനിസ്ട്രേറ്ററെ കൊണ്ടുവന്ന് ലക്ഷദ്വീപിന്റെ സംസ്കാരത്തേയും, പാരമ്പര്യത്തേയുമെല്ലാം നശിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് എന്നും വ്യക്തം.
ചരിത്ര പഠനത്തിനോടും ഇത്തരമൊരു സമീപനം തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുഗള്‍ രാജാക്കന്മാരെപ്പറ്റിയുള്ള പാഠങ്ങള്‍ തന്നെ എടുത്തുമാറ്റിക്കൊണ്ട് നടത്തുന്ന ഇടപെടലുകള്‍ ഇതിന്റെ ഭാഗമാണ്. ഇന്ത്യാ ചരിത്രത്തെ ബ്രിട്ടീഷുകാര്‍ കണ്ട രീതിയില്‍ വര്‍ഗ്ഗീയമായ സമീപനത്തോടെ പഠിപ്പിക്കുന്ന നിലപാടുകളിലും ഇത് വ്യക്തമായി കാണാവുന്നതാണ്. ഇത്തരത്തില്‍ വര്‍ഗ്ഗീയമായ ചിന്താഗതികളെ രാജ്യത്തെമ്പാടും എത്തിച്ച് തങ്ങളുടെ ഹിന്ദുത്വ അജൻഡ പ്രചരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം നരേന്ദ്ര മോദിയുടെ മുസ്ലീം വിരുദ്ധ പ്രസംഗത്തെ കാണാന്‍.
രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് കുറച്ചുമുന്‍പ് വരെ 400 സീറ്റ് നേടുന്നതിന്റെ കണക്കുകളുമായാണ് ബി.ജെ.പി രംഗത്ത് വന്നിരുന്നത്. ഇത്തരമൊരു വിജയം ബി.ജെ.പിക്കുണ്ടാവുമെന്ന് പ്രചരിപ്പിച്ച് അവരുടെ അജയ്യത ജനമനസ്സില്‍ സ്ഥാപിക്കുകയായിരുന്നു കോര്‍പ്പറേറ്റ് മാധ്യമങ്ങളിലൂടെ നടത്തിയ ഇത്തരം പ്രചരണത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ തിരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കാന്‍ തുടങ്ങിയതോടെ ബി.ജെ.പിയുടെ ആത്മവിശ്വാസം കുറഞ്ഞുവരുന്ന നിലയാണുണ്ടായത്. അതുകൊണ്ട് തങ്ങളുടെ സഖ്യകക്ഷികളുടെ എണ്ണം വിപുലപ്പെടുത്തുകയെന്ന കാഴ്ചപ്പാട് ബി.ജെ.പി നടപ്പിലാക്കാന്‍ ശ്രമിച്ചു. അകാലിദളുമായും, ബിജു ജനതാദളുമായെല്ലാം ചര്‍ച്ച നടത്തി നോക്കിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
ബി.ജെ.പി വിരുദ്ധ വോട്ടുകളെ കൂട്ടിയോജിപ്പിച്ച് സംസ്ഥാന തലത്തില്‍ മുന്നണിയുണ്ടാക്കുകയെന്ന ഇന്ത്യാ വേദിയുടെ രാഷ്ട്രീയം രാജ്യത്ത് പൊതുവില്‍ ശക്തി പ്രാപിക്കുന്ന സ്ഥിതിയാണ് ഉണ്ടാക്കിയത്. കോണ്‍ഗ്രസിതര മതേതര കക്ഷികള്‍ നേതൃത്വം വഹിക്കുന്ന സംസ്ഥാനങ്ങളില്‍ ഇവ ഫലപ്രദമായി നിലവില്‍ വന്നു. തമിഴ്നാട്, ബീഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള പ്രതിരോധം ശക്തമാവുകയും ചെയ്തു. മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപിയിതര പ്രതിപക്ഷ കക്ഷികള്‍ ശക്തിപ്പെടുന്ന നിലയുണ്ടായി. കോണ്‍ഗ്രസും, ബി.ജെ.പിയും മുഖാമുഖം ഏറ്റുമുട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന സംസ്ഥാനങ്ങളില്‍ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന മറ്റ് കക്ഷികളുമായി സഖ്യമുണ്ടാക്കേണ്ട അവസ്ഥയില്‍ അവര്‍ എത്തിച്ചേരുകയും ചെയ്തു.
ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടാണ് രണ്ട് ഘട്ട തിരഞ്ഞെടുപ്പുകള്‍ രാജ്യത്ത് കടന്നുപോയത്. മോദി പ്രഭാവം അവസാനിച്ചിരിക്കുന്നുവെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ക്കുപോലും എഴുതേണ്ട സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന വിധം വര്‍ഗ്ഗീയമായ ധ്രുവീകരണം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്ന നില ബി.ജെ.പി സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ മുസ്ലീം ജനവിഭാഗങ്ങള്‍ക്കെതിരെ ശക്തമായ അക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത് വന്നിരിക്കുന്നത്.
മുസ്ലീങ്ങള്‍ കുടിയേറ്റക്കാരാണെന്നും, അവര്‍ കുട്ടികളെ പെറ്റുകൂട്ടി ജനസംഖ്യ വര്‍ദ്ധിപ്പിച്ച് നാടിന്റെ സമ്പത്ത് ഊറ്റിക്കുടിക്കുകയാണെന്നും പറയുകയുണ്ടായി. രാജ്യത്തെ ഒരു ജനവിഭാഗത്തിനെതിരെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നോര്‍ക്കണം. എല്ലാ ജനവിഭാഗങ്ങളേയും ഒന്നായി കണ്ട് അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ട ഭരണാധികാരിയാണ് ഇത്തരം ആക്രോശവുമായി രംഗത്തുവന്നിരിക്കുന്നത്. ജനങ്ങളെ വര്‍ഗ്ഗീയമായി ധ്രുവീകരിച്ചുകൊണ്ടു മാത്രമേ രാജ്യത്ത് വിജയം നേടാനാവൂ എന്ന അവസ്ഥയിലേക്ക് അവര്‍ എത്തിയിരിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്.
രാജ്യത്ത് ബി.ജെ.പി ഇത്തരമൊരു അവസ്ഥയിലേക്കെത്തിച്ചേര്‍ന്നത് അവര്‍ നടപ്പിലാക്കിയ കോര്‍പ്പറേറ്റ് þ ഹിന്ദുത്വ അജൻഡ ജനങ്ങളില്‍ ജീവിത ദുരിതത്തിന്റെ പരമ്പരയാണ് സൃഷ്ടിച്ചത് എന്നതുകൊണ്ടാണ്. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്. തൊഴിലില്ലായ്മ അതി രൂക്ഷമാണ്. കാര്‍ഷിക – വ്യാവസായിക മേഖല ദുര്‍ബലമായി കിടക്കുകയാണ്. ഇത്തരത്തിലുള്ള ഗുരുതരമായ സ്ഥിതിവിശേഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായി ജനവികാരം ഉയര്‍ന്നുവരിക സ്വാഭാവികമാണ്. ആ അവസ്ഥയില്‍ ബി.ജെ.പി സര്‍ക്കാര്‍ എത്തി നില്‍ക്കുകയാണ്. ഇതില്‍ നിന്നും മറികടക്കാന്‍ വര്‍ഗ്ഗീയ ധ്രുവീകരണ നടപടികള്‍ സ്വീകരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. തങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയ നേട്ടങ്ങളെക്കുറിച്ച് പറയാന്‍ കഴിയാതെ ഒരു കേന്ദ്ര സര്‍ക്കാര്‍ മാറിയിരിക്കുന്നുവെന്നത് അവര്‍ നടപ്പിലാക്കിയ തെറ്റായ നയങ്ങളുടെ ഭാഗമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജൻഡയുടെ തുടര്‍ച്ചയായാണ് മുസ്ലീം ജനവിഭാഗങ്ങള്‍ക്കെതിരെയുള്ള മോദിയുടെ ഈ പ്രസംഗത്തിന്റെ അടിത്തറയെന്ന് നാം തിരിച്ചറിയണം. ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ ആന്തരിക ഭീഷണികളായി പ്രഖ്യാപിച്ചത് മൂന്ന് വിഭാഗങ്ങളെയാണ്. മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നിവരാണവര്‍. ആന്തരിക ഭീഷണികളെക്കുറിച്ച് പറയുന്ന ഭാഗത്തിന്റെ തുടക്കമിങ്ങനെയാണ്. ‘‘പുറമെ നിന്നുള്ള ശത്രുക്കളെക്കാള്‍ ദേശീയ ഭദ്രതയ്ക്ക് കൂടുതല്‍ അപകടകാരികള്‍ രാജ്യത്തിനകത്തുള്ള ശത്രുഘടകങ്ങളാണെന്നാണ് പല രാജ്യങ്ങളുടേയും ചരിത്രത്തില്‍ നിന്നുള്ള ദുരന്തപാഠം”. ഇത്തരത്തില്‍ പൊതുവായി വിലയിരുത്തിയ ശേഷം മുസ്ലീം ജനവിഭാഗത്തിനെതിരായുള്ള അക്രമണമാണ് വിചാരധാര മുന്നോട്ടുവെക്കുന്നത്. മോദി വിശദീകരിച്ചതുപോലെ രാജ്യദ്രോഹികളും ജനസംഖ്യാ വര്‍ദ്ധനവ് നടത്തുന്നവരും നാടിന്റെ വിഭവം കൊള്ളയടിക്കുന്നവരും എന്ന നിലയിലുള്ള കാര്യങ്ങളെല്ലാം അതില്‍ രേഖപ്പെടുത്തുന്നുണ്ട്. ‘‘ആയുധങ്ങളും, വെടിക്കോപ്പുകളും സംഭരിക്കുന്ന പതിവ് പ്രവര്‍ത്തനം മുസ്ലീങ്ങള്‍ നിര്‍വിഘ്നം തുടരുകയാണ്. പള്ളിക്കുള്ളില്‍ വെച്ചുള്ള യോഗങ്ങളും, അക്രമത്തിന് പ്രേരിപ്പിക്കലും വര്‍ദ്ധിച്ചിരിക്കുന്നു”. ഇത്തരത്തില്‍ ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പ്രതീകമായി മുസ്ലീങ്ങളെ അവര്‍ അവതരിപ്പിക്കുന്നു.
മുസ്ലീങ്ങളെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുന്ന ‘വിചാരധാര’ ഇങ്ങനെ പറയുന്നുണ്ട്, ‘‘പാക്കിസ്ഥാന്‍ നമ്മുടെ രാഷ്ട്രത്തിന് നേരെ സായുധ അക്രമത്തിന് തീരുമാനമെടുക്കുമ്പോൾ ഉള്ളില്‍ നിന്ന് കുത്തുവാന്‍ അവര്‍ തക്കം പാര്‍ത്തിരിക്കുകയാണ്. അവര്‍ കുത്തുമ്പോള്‍ കുഴപ്പങ്ങളെ മുളയില്‍ തന്നെ നുള്ളിക്കളയത്തക്കവണ്ണം നാം ഉണരാത്ത പക്ഷം അത് ഡല്‍ഹിയുടെ പോലും അടിത്തറയിളക്കും”.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് വോട്ട് നേടാനാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഇപ്പോള്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനായുള്ള ഇടപെടലുകളിലേക്ക് ശക്തമായി സംഘപരിവാര്‍ നീങ്ങുന്നത്. മുസ്ലീം ജനവിഭാഗത്തിനെതിരെ മാത്രമല്ല ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയും രാജ്യത്തെമ്പാടും സംഘപരിവാര്‍ അക്രമം സംഘടിപ്പിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരെ പരാജയപ്പെടുത്താന്‍ ഏതറ്റംവരേയും പോകാമെന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത് എന്നും തിരിച്ചറിയണം.
ഇന്ത്യാ രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കാന്‍ ഇത്തരത്തില്‍ ബി.ജെ.പി മുന്നോട്ടുവരുമ്പോള്‍ ശക്തമായ മതനിരപേക്ഷ നിലപാടില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഇതിനെതിരെ ശക്തമായി നിലയുറപ്പിക്കുന്നത് ഇടതുപക്ഷമാണ് എന്നതും രാജ്യത്തിന്റെ അനുഭവമാണ്. രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ അജൻഡയെ പ്രതിരോധിക്കുന്നതിന് മതനിരപേക്ഷതയിലും, ന്യൂനപക്ഷ സംരക്ഷണത്തിലും ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയേണ്ടതുണ്ട്. അതിനുതകുന്ന വിശാലമായ രാഷ്ട്രീയ ഐക്യനിര കെട്ടിപ്പടുക്കുകയെന്നതാണ് കാലഘട്ടത്തിന്റെ കടമ. അത്തരമൊരു സംവിധാനത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം ഏറെ പ്രധാനമാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാട്. അതിനാല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തി മതനിരപേക്ഷതയില്‍ അടിയുറച്ച ഒരു ഭരണസംവിധാനത്തെ രാജ്യത്ത് അധികാരത്തിലേക്ക് എത്തിക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.