**സാധാരണപൗരനുള്ള അത്രയും സ്വാതന്ത്ര്യം മാത്രമാണ് സംസാരവിഷയത്തിൽ പ്രധാനമന്ത്രിക്കുള്ളത്. അനുച്ഛേദം 19(2) നിശ്ചയിച്ചിരിക്കുന്ന പരിധി വിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തിയിട്ടുള്ള പെരുമാറ്റച്ചട്ടത്തിനും സാമാന്യമര്യാദയ്ക്കും നിരക്കാത്ത രീതിയിലുമാണ് നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിക്കുന്നത്. രേഖപ്പെടുത്തപ്പെട്ട വസ്തുതയെ വികലമായി വ്യാഖ്യാനിച്ച് രാജസ്താനിൽ നരേന്ദ്ര മോദി നടത്തിയ മുസ്ലീം വിരുദ്ധ പ്രസംഗംപരമ്പരയിലെ ഏറ്റവും മ്ലേച്ഛമായ എപ്പിസോഡാണ്. രാഷ്ട്രത്തിൻെറ പൊതുസ്വത്ത് പിടിച്ചെടുത്ത് മുസ്ലീങ്ങൾക്ക് വീതിച്ചു കൊടുക്കുമെന്ന് മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കേ പറഞ്ഞുവെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. രേഖപ്പെടുത്തപ്പെട്ട പ്രസംഗമാണ് 2006ൽ ദേശീയ വികസന സമിതി യോഗത്തിൽ മൻമോഹൻ സിങ് നടത്തിയത്. അതിൽ നരേന്ദ്ര മോദി പറയുന്നതുപോലെ മൻമോഹൻ സിങ് പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പൊള്ളയായ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകാം. കപടമായ അവകാശവാദങ്ങൾ നടത്താം. അതൊക്കെ നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളിൽ ആവോളമുണ്ട്. ശ്രാവണമാസത്തിലെ മട്ടൻ കറിയും നവരാത്രിയിലെ മീൻകറിയും നരേന്ദ്ര മോദിയുടെ മെനുവിലെ സ്പെഷ്യൽ ഐറ്റംസാണ്. ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിലാക്കി വേട്ടയാടുന്ന വിദ്വേഷവിഷമാണ് മോദിയുടെ ഗ്യാരന്റി. ഇതുതന്നെയായിരുന്നു അഡോൾഫ് ഹിറ്റ്ലറുടെ രീതിയും മുറയും. അങ്ങനെയാണ് ജൂതനിഗ്രഹം നാസി അജൻഡയായത്.
കുറ്റത്തിനു ശിക്ഷയും ശിക്ഷിക്കുന്നതിന് സംവിധാനവും ഉള്ള നാടാണ് നമ്മുടേത്. കുറ്റം തടയുന്നതിനുള്ള കരുതൽ സംവിധാനവുമുണ്ട്. പ്രധാനമന്ത്രിയുടെ വർഗീയ പരാമർശം പെരുമാറ്റച്ചട്ടത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകളുടെയും ലംഘനമാണ്. ഇടപെടുന്നതിന് അധികാരമുള്ള ഭരണഘടനാസ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പായാൽ സുപ്രീം കോടതിയേക്കാൾ അധികാരം കമ്മീഷനുണ്ട്. ആരുടെയും സംസാരമോ സഞ്ചാരമോ കോടതി വിലക്കാറില്ല. എന്നാൽ കമ്മീഷന് അതിനുള്ള അധികാരമുണ്ട്. പ്രധാനമന്ത്രിയെ നിശ്ശബ്ദനാക്കാൻ അധികാരമുള്ള കമ്മീഷൻ ഭരണഘടന നൽകുന്ന അധികാരം പ്രയോഗിക്കാതെ നിരുത്തരവാദപരമായ നിശ്ശബ്ദതയിൽ ആണ്ടുപോയത് എന്തുകൊണ്ടാണ്? നിശ്ശബ്ദത നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു. ഒരു എളിയ വോട്ടർക്കെങ്കിലും കമ്മീഷന്റെ നിഷ്പക്ഷതയിൽ സംശയം തോന്നിയാൽ തീർന്നു, തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത. തന്റെ ഹിതം രേഖപ്പെടുത്തി പുറത്തേക്കിറങ്ങുന്ന സമ്മതിദായകന് തന്റെ വോട്ട് തന്റെ ഇംഗിതത്തിനനുസരിച്ച് എണ്ണപ്പെടുമെന്ന് വിശ്വസിക്കാൻ കഴിയണം. ശിക്ഷാനിയമത്തിലെ 153എ വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റമാണ് നരേന്ദ്ര മോദി ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വം വോട്ടർമാരെ ആകർഷിക്കാതായപ്പോൾ ബീഭത്സമായ ന്യൂനപക്ഷവിരുദ്ധ വർഗീയതയാണ് മോദിയും കൂട്ടരും പ്രയോഗിക്കുന്നത്. മോദിക്കെതിരെ എഫ്ഐആർ തയാറാക്കാൻ കൈ വിറയ്ക്കാത്ത ഏത് സ്റ്റേഷൻ ഹൗസ് ഓഫീസറാണ് ഇന്ത്യയിലുള്ളത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് നൽകിയ പരാതി ഡൽഹിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ സ്വീകരിക്കാതിരുന്നത് ശരിയായില്ലെന്ന് പൊലീസ് കമ്മീഷണർ സമ്മതിച്ചെങ്കിലും പരാതി അവിടെയും സ്വീകരിക്കപ്പെട്ടിട്ടില്ല. മോദി എന്ന പേരിനെ പരിഹസിച്ചാൽ രാഹുൽ ഗാന്ധി രാഷ്ട്രീയമായി ക്യാപിറ്റൽ പണിഷ്-മെന്റിനു വിധേയനാകും. നരേന്ദ്ര മോദി വ്യത്യസ്തനാണ്. അദ്ദേഹം പരിരക്ഷിതനാണ്. അദ്ദേഹത്തിന് പറയാൻ പാടില്ലാത്തതായി ഒന്നുമില്ല.
സമ്പത്തിന്റെ നീതിപൂർവകമായ വിതരണം നടക്കുമ്പോൾ അവഗണിക്കപ്പെട്ടവർക്കും നിരാകരിക്കപ്പെട്ടവർക്കും ആദ്യപരിഗണന ലഭിക്കണമെന്നാണ് മൻമോഹൻ സിങ് പറഞ്ഞത്. ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും അദ്ദേഹം പരാമർശിച്ചു. ശാക്തീകരിക്കപ്പെടേണ്ടവരുടെ കൂട്ടത്തിൽ മുസ്ലീങ്ങളുടെ കാര്യം അദ്ദേഹം എടുത്തു പറഞ്ഞു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മൻമോഹൻ സിങ് നടത്തിയ പ്രസംഗത്തെ നരേന്ദ്ര മോദി ഉദ്ധരിച്ച് വക്രതയോടെ വ്യാഖ്യാനിച്ചപ്പോൾ മുസ്ലീങ്ങൾ പെറ്റുപെരുകുന്നവരും നുഴഞ്ഞുകയറ്റക്കാരുമായി. പേറ് മുസ്ളീം സ്ത്രീകൾക്കു മാത്രമുള്ളതാണോ? ഇന്ത്യൻ പൗരത്വമുള്ള ഇന്ത്യയിലെ മുസ്ലീങ്ങൾ നുഴഞ്ഞുകയറ്റക്കാരാകുന്നതെങ്ങനെ? പ്രധാനമന്ത്രിക്ക് ചേർന്ന വാക്കുകളല്ല തിരഞ്ഞെടുപ്പ് യോഗങ്ങളിൽ മോദി ഉപയോഗിക്കുന്നത്. ഏതു മാസത്തിലായാലും മട്ടൻകറിയും മീൻകറിയും, മോദി ഭയപ്പെടുന്നതുപോലെ, ആരെയും അശുദ്ധരാക്കുന്നില്ല. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ പറയുന്നതുപോലെ വായിൽനിന്ന് വരുന്നത് ഹൃദയത്തിൽ നിന്നാകയാൽ മനുഷ്യനെ അശുദ്ധനാക്കുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ട് ആവേശഭരിതരാകുന്ന നിർദോഷികളായ ശ്രോതാക്കളിലേക്കും അശുദ്ധി സംക്രമിക്കുന്നുണ്ട്. വിഷം പുരട്ടിയ നാവിൽനിന്ന് പുറപ്പെടുന്ന വാക്കുകൾ വിഷലിപ്തമായിരിക്കും.
മോദിയുടെ വിദ്വേഷപ്രസംഗത്തിനെതിരെ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒപ്പിട്ട കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. ആരും അറിയിക്കാതെ സ്വയം അറിഞ്ഞ് പ്രവർത്തിക്കുന്നതിന് അധികാരമുള്ള സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ശേഷനു മുമ്പും ഈ അധികാരമുണ്ടായിരുന്നു. അതിനുശേഷവുമുണ്ട്. പക്ഷേ പ്രയോഗിക്കാൻ കരളുറപ്പ് വേണം. ഭയമെന്ന സിറോസിസ് ബാധിച്ച കരളിന് ഉറപ്പ് കുറയും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആകുമായിരുന്ന അശോക് ലവാസ കമ്മീഷണർ പദവി ഒഴിഞ്ഞത് എക്സിക്യൂട്ടീവിന്റെ സമ്മർദം താങ്ങാനാവാതെ വന്നപ്പോഴാണെന്ന് ശ്രുതിയുണ്ട്. ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിൽ ഉദ്യോഗം സ്വീകരിച്ച് അദ്ദേഹം രാജ്യം വിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രൂപീകരണത്തിന് സുപ്രീം കോടതി നൽകിയ നിർദേശങ്ങൾ നിരാകരിക്കപ്പെട്ടു. പകരം പ്രധാനമന്ത്രിക്ക് പൂർണാധികാരം നൽകുന്ന സംവിധാനമുണ്ടായി. പ്രധാനമന്ത്രിക്ക് ബോധിച്ചയാളെ കമ്മീഷണറാക്കുന്നതിനുള്ള സൗകര്യവും അയാളെ ഭയപ്പെടുത്തിയോ വിധേയനാക്കിയോ നിലയ്ക്കു നിർത്തുന്നതിന് സംവിധാനവും ഉള്ളപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പിന്റെ ചുമതലക്കാരൻ അതുല്യമായ ആ പദവി ഉപേക്ഷിച്ച് വിദേശത്ത് ബാങ്കിലെ ഉദ്യോഗസ്ഥനാകുന്നത് ആരെയും അത്ഭുതപ്പെടുത്തുന്നില്ല. വഴങ്ങുന്നതിനേക്കാൾ അഭികാമ്യം വിട്ടുപോകലാണ്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണത്തിൽ തൃപ്തരായി സുപ്രീം കോടതിയിലെ രണ്ട് ന്യായാധിപർ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം കുറ്റമറ്റതാണെന്ന് വിധിച്ചതും വലിയ പദ്ധതിയുടെ ചെറിയ ഭാഗമാണ്. വിദ്വേഷപ്രസംഗത്തിന് നടപടി അനിവാര്യമായപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് നോട്ടീസ് അയച്ചു. മോദിയുടെ പ്രസംഗത്തിന് നഡ്ഡ വിശദീകരണം നൽകിയാൽ മതിയെന്ന നവീനവും ഭാവനാപൂർണവും സുരക്ഷിതവുമായ നിലപാടാണ് കമ്മീഷന്റേത്. പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി 2019 മുതൽ പ്രതിപക്ഷപാർട്ടികൾ നൽകിയ 27 പരാതികളിൽ കമ്മീഷൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അവയിൽ 12 എണ്ണം വർഗീയ വിദ്വേഷ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണ്.
ഇന്ത്യ മരിച്ചാൽ ആര് ജീവിക്കുന്നു, ഇന്ത്യ ജീവിച്ചാൽ ആരു മരിക്കുന്നു എന്ന ചോദ്യം ജവഹർലാൽ നെഹ്റുവിന്റേതാണ്. സർവരെയും ആശ്ലേഷിക്കുന്ന സമഭാവനയിൽനിന്ന് ഉതിരുന്ന ഇന്ത്യ എന്ന ആശയത്തെയാണ് ആദ്യത്തെ പ്രധാനമന്ത്രി സമ്യക്കായി അവതരിപ്പിച്ചത്. നെഹ്റുവിൽനിന്ന് മോദിയിലെത്തുമ്പോൾ സാഹോദര്യത്തിന്റെ വിരുന്നുശാലകളിൽ വിളക്കുകൾ അണയുന്നു. വസ്തുതകളെ വളച്ചൊടിച്ചും സത്യമാണെന്ന് കരുതുവോളം നുണകൾക്ക് നിറം പിടിപ്പിച്ചും മോദിയുടെ വാഗ്ധോരണി അനർഗളം പ്രവഹിക്കുമ്പോൾ ജനാധിപത്യം സ്തബ്ധാവസ്ഥയിലാകുന്നു. നെഹ്റുവിന്റെ കാലത്തുനിന്ന് മോദിയുടെ കാലത്തെത്തുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വം ഫലപ്രഖ്യാപനം മാത്രമായി പരിമിതപ്പെടും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിനൊപ്പം ഒരു സ്ഥാനാർത്ഥി എന്ന് അവർ പറയാതെ പറയുന്നുണ്ട്. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മാഞ്ഞുപോകാത്ത അടയാളപ്പെടുത്തലാണ് സൂറത്ത്. അവിടെ ബിജെപി ഒഴികെയുള്ള സ്ഥാനാർത്ഥികൾ അവരുടെ പത്രികയ്ക്കൊപ്പം അപ്രത്യക്ഷരായി. എതിർസ്ഥാനാർത്ഥികളുടെ തിരോധാനം മോദി മാജിക്കിലെ ആകർഷകമായ ഇനമായി ചരിത്രം രേഖപ്പെടുത്തും. എതിർസ്ഥാനാർത്ഥി ഇല്ലാതാകുന്നതും വിജയിക്കുന്ന സ്ഥാനാർത്ഥിക്ക് മുഴുവൻ വോട്ട് കിട്ടുന്നതും ജനാധിപത്യത്തിലെ രീതികളല്ല. ■