പ്രമുഖർ നടത്തുന്ന വിദേ-്വഷ പ്രസംഗങ്ങളെക്കുറിച്ച് 2018ൽ എൻഡിടിവി ഒരു പഠനം നടത്തി. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും നടത്തിയ പ്രസംഗങ്ങളുടെ റിപ്പോർട്ടുകളും അവരുടെ സോഷ്യൽമീഡിയ പ്രതികരണങ്ങളും വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഞെട്ടിപ്പിക്കുന്നതായിരുന്നു അതിലെ കണ്ടെത്തൽ. 2014ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ എത്തിയശേഷം അതിനുമുൻപത്തേതിനെക്കാൾ അന്യമതക്കാർക്കെതിരായ, പ്രത്യേകിച്ചും മുസ്ലീങ്ങൾക്കെതിരായ വിദേ-്വഷ പരാമർശങ്ങൾ 500 ശതമാനം വർധിച്ചതായാണ് പഠനത്തിലെ കണ്ടെത്തൽ.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) സെക്ഷൻ 295 എ (മതവികാരത്തിനു മുറിവേൽപ്പിക്കൽ), സെക്ഷൻ 153 (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത പ്രോത്സാഹിപ്പിക്കൽ) തുടങ്ങിയ വകുപ്പുകൾ ഉപയോഗിച്ച് കടുത്ത ശിക്ഷ നൽകാവുന്ന തരം പ്രസ്താവനകളും പ്രതികരണങ്ങളും വർധിച്ചുവെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. അതിനർഥം മോദി അധികാരത്തിൽവന്നശേഷം ശിക്ഷാഭയം കൂടാതെ മുസ്ലീം വിരുദ്ധ വിദേ-്വഷ പരാമർശങ്ങൾ നടത്താവുന്ന അന്തരീക്ഷം സംജാതമായിയെന്നാണ്.
മോദി സർക്കാരിന്റെ കാലത്തെ, 2014 മുതൽ 2018 വരെയുള്ള കാലത്തെ, വിദേ-്വഷപരാമർശങ്ങളും 2009–2014ലെ രണ്ടാം യുപിഎ ഭരണകാലത്തെ വിദേ-്വഷ പരാമർശങ്ങളും തമ്മിലുള്ള താരതമ്യത്തിൽ കണ്ടെത്തിയത് എൻഡിഎ അധികാരത്തിൽ വന്നശേഷം കേസെടുക്കുമെന്നോ നിയമനടപടി നേരിടേണ്ടി വരുമെന്നോ ഏതെങ്കിലും വിധത്തിലുള്ള ശിക്ഷ കിട്ടുമെന്നോ ഉള്ള ഭയമൊന്നും കൂടാതെ വിദേ-്വഷ പരാമർശങ്ങൾ നടത്താവുന്ന സാഹചര്യം ഉണ്ടായതായാണ്. പഠനത്തിൽ കണ്ടെത്തിയത് 45 രാഷ്ട്രീയനേതാക്കൾ വിദേ-്വഷ പരാമർശങ്ങൾ നടത്തിയതിൽ 90 ശതമാനം പേരും ബിജെപിക്കാരാണെന്നാണ്. എന്നാൽ രണ്ടാം യുപിഎ ഭരണകാലത്തെക്കുറിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയത് 21 രാഷ്ട്രീയ നേതാക്കൾ നടത്തിയ വിദേ-്വഷ പരാമർശങ്ങളിൽ 75 ശതമാനം പേർ ബിജെപി/ആർഎസ്എസുകാരാണെന്നാണ്.
മോദി ഭരണകാലത്ത് 45 നേതാക്കൾ വിദേ-്വഷ പരാമർശങ്ങൾ നടത്തിയതിൽ 5 ശതമാനം പേർക്കെതിരെ മാത്രമേ നിയമനടപടി സ്വീകരിച്ചിട്ടുള്ളൂവെന്നും കണ്ടെത്തി. ഈ വിദേ-്വഷ പരാമർശങ്ങൾ നടത്തിയവർ ആരൊക്കെയാണെന്നും അവർ എന്താണ് പറഞ്ഞത് എന്നും കൂടി നോക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി ആദിത്യനാഥും മുതൽ പല തലങ്ങളിലുള്ള നിരവധി ജനപ്രതിനിധികൾ വരെ ഇക്കൂട്ടത്തിലുണ്ട്.
2015 നവംബറിൽ യുപിയിൽനിന്നുള്ള ലോക്-സഭാംഗമായിരുന്ന ഇപ്പോഴത്തെ യുപി മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞത്, സിനിമാതാരം ഷാരൂഖ് ഖാന്റെയും പാകിസ്ഥാൻ ഭീകരസംഘം നേതാവ് ഹാഫിസ് സെയ്ദിന്റെയും ഭാഷയിൽ ഒരു വ്യത്യാസവുമില്ലെന്നാണ്. 2014ൽ പടിഞ്ഞാറൻ യുപിയിൽ നടന്ന വർഗീയകലാപങ്ങളുടെ കാരണം ‘‘മുസ്ലീങ്ങൾ പെറ്റുപെരുകുന്നതു’’ കൊണ്ടാണെന്നാണ‍്. ആദിത്യനാഥിന്റെ വാക്കുകൾ– ‘‘ഒരിടത്ത് ജനസംഖ്യയുടെ 10–20 ശതമാനം പേർ മുസ്ലീങ്ങളാണെങ്കിൽ അവിടെ ഇടയ്ക്കിടെ വർഗീയകലാപങ്ങൾ ഉണ്ടാകാം; അത് 20 ശതമാനത്തിനും 35 ശതമാനത്തിനും ഇടയ്ക്കാണെങ്കിൽ വലിയ വർഗീയ ലഹളകൾ ഉറപ്പാണ്; മുസ്ലീങ്ങൾ 35 ശതമാനത്തിൽ അധികമുള്ളിടത്ത് ഇതരമതക്കാർക്ക് ജീവിക്കാൻ തന്നെ ബുദ്ധിമുട്ടാണ്’’. യോഗി മുഖ്യമന്ത്രിയാകുന്നതിനുമുൻപുതന്നെ ഇത്തരത്തിൽ വർഗീയവിഷം ചീറ്റുന്ന ആറ് പരാമർശങ്ങൾ കൂടി നടത്തി. അതിന്റെ പ്രതിഫലമായി ആദിത്യനാഥിന്റെ മുഖ്യമന്ത്രി പദവിയെ കാണാവുന്നതാണ്.
കർണാടകത്തിൽ നിന്നുള്ള ബിജെപി ലോക്-സഭാംഗം അനന്തകുമാർ ഹെഗ്ഡേ 2016 മാർച്ചിൽ പറഞ്ഞത്, ‘‘ലോകത്ത് മുസ്ലീങ്ങൾ ഉള്ളിടത്തോളം കാലം ഭീകരപ്രവർത്തനവും ഉണ്ടാകും; ഇസ്ലാമിനെ ഇല്ലാതാക്കാതെ ഭീകരതയ്ക്ക് അറുതിവരുത്താനാവില്ല’’ എന്നാണ്. ഇത്തരത്തിൽ വർഗീയ വിഷം ചീറ്റിയ അനന്തകുമാർ എന്ന എംപിയെ കേസെടുത്ത് ജയിലിലടയ്ക്കുന്നതിനുപകരം 2017 സെപ്തംബറിൽ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തി മോദി ആദരിക്കുകയാണുണ്ടായത്. 2014നും 2018നുമിടയ്ക്ക് ഇയാൾ ഇത്തരത്തിൽ ഏഴ് വിദേ-്വഷപ്രസംഗങ്ങൾ നടത്തി. അങ്ങനെയൊരാളിനെ മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരിക്കുന്നതെങ്ങനെ? 2017 ഡിസംബറിൽ, കേന്ദ്രമന്ത്രിയായി മൂന്ന് മാസം കഴിഞ്ഞപ്പോൾ അയാൾ ഒരു നയപ്രഖ്യാപനം തന്നെ നടത്തി, ‘‘മതനിരപേക്ഷത’’ എന്ന പദം തന്നെ ഭരണഘടനയിൽനിന്ന് തങ്ങൾ നീക്കം ചെയ്യുമെന്ന്! ‘‘മതനിരപേക്ഷവാദികൾ എന്ന് സ്വയം പറഞ്ഞു നടക്കുന്നവർ തങ്ങളുടെ അച്ഛനാരെന്ന് അറിയാത്തവരാണ്; സ്വന്തം ചോരയെ തിരിച്ചറിയാത്തവരാണ്’’ എന്നും ഇയാൾ കൂട്ടിച്ചേർത്തു.
കർണാടകത്തിൽ മന്ത്രിയായിരുന്ന, പിന്നീട് പാർലമെന്റംഗമായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ കരന്ത്ലജെ 2017 ജൂണിൽ മാത്രം ഒമ്പത് വിദേ-്വഷ വിഷം മുറ്റിയ ട്വീറ്റുകൾ ചെയ്തു. അതിലൊന്ന് ഇങ്ങനെ: ‘‘ജിഹാദികൾക്കെതിരായ കേസുകൾ സിദ്ധരാമയ്യ സർക്കാർ പിൻവലിക്കുന്നു. സംസ്ഥാനത്ത് ഹിന്ദുക്കളുടെ ജീവന് രക്ഷയില്ലാതായിരിക്കുന്നു.’’ 2018 ജനുവരിയിൽ ശോഭയുടെ മറ്റൊരു ട്വീറ്റ്: ‘‘പാവപ്പെട്ട ഹിന്ദു ചെറുപ്പക്കാർക്കെതിരായ കേസുകൾ പിൻവലിക്കാത്ത സിദ്ധരാമയ്യ മുസ്ലീങ്ങൾക്കെതിരെയുള്ള കേസുകൾ മാത്രം പിൻവലിക്കുന്നതെന്തിന്? ഇതുപോലെ നിരവധി വർഗീയ വിഷം ചീറ്റുന്ന ട്വീറ്റുകളും പ്രസ്താവനകളും നടത്തിയിരുന്ന കർണാടകത്തിൽനിന്നുള്ള പാർലമെന്റംഗം പ്രതാപ് സിൻഹയ്ക്ക് മോദിയിൽനിന്ന് ലഭിച്ച സമ്മാനമായിരുന്നു പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിലെ അംഗത്വം.
ഹിന്ദുക്കളെല്ലാം ആയുധങ്ങളുമായി നടക്കണമെന്നും മറ്റു സമുദായങ്ങളിലുള്ളവർ ഹിന്ദുവികാരം വ്രണപ്പെടുത്തിയാൽ അവരെ കയ്യോടെ കെെകാര്യം ചെയ്യണമെന്നുമാണ് തെലങ്കാനയിലെ പ്രമുഖ ബിജെപി നേതാവും നിയമസഭാംഗവുമായ ടി രാജാസിങ് 2018 ജനുവരിയിൽ പ്രസംഗിച്ചത്. 2017 നവംബറിൽ ‘പത്മാവത്’ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് തീയിടണം എന്ന് ആഹ്വാനം ചെയ്ത വിദ്വാനുമാണിയാൾ. 2015നുശേഷം ഇയാൾ പത്തിലധികം വിദേ-്വഷ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
യുപിയിൽനിന്നുള്ള രാജ്യസഭാംഗം വിനയ് കത്യാറും ത്രിപുരയിലെ മുൻ ഗവർണർ തഥാഗത റോയിയും ഇങ്ങനെയുള്ള നിരവധി പൊതുപ്രസ്താവനകൾ നടത്തിയിട്ടും അധികാരപദവികളിൽ തുടരുന്നവരാണ്.
പശുവിന്റെ പേരിലും വർഗീയ വിദേ-്വഷം
പശുവിന്റെ പേരിലും ബിജെപിക്കാർ, മുഖ്യമന്ത്രിമാരുൾപ്പെടെ വിദേ-്വഷ പ്രസ്താവനകൾ നിരന്തരം നടത്താറുണ്ട്. ഛത്തീസ്-ഗഢ് മുഖ്യമന്ത്രിയായിരുന്ന രമൺസിങ് 2017 ഏപ്രിൽ മാസത്തിൽ പ്രസ്താവിച്ചത്, ‘‘പശുവിനെ കൊല്ലുന്നവൻ ആരായാലും അവന്റെ ജീവൻ ഞങ്ങളെടുക്കും’’ എന്നാണ്. കൊലപാതകത്തിനുള്ള ആഹ്വാനമായിട്ടുപോലും അയാൾ ഭരണാധികാരിയായിത്തന്നെ തുടർന്നു. യുപിയിലെ ബിജെപി എംഎൽഎ വിക്രം സെയ്നി 2017ൽ പറഞ്ഞത്, ‘‘പശുവിനെ അമ്മയായി കാണാത്തവരുടെ കെെയും കാലും ഞാൻ തല്ലിയൊടിക്കും’’ എന്നാണ്. ‘‘നിങ്ങൾ പശുവിനെ കൊന്നാൽ ഞങ്ങൾ നിങ്ങളെ കൊല്ലും’’ എന്നാണ് രാജസ്താനിലെ ബിജെപി എംഎൽഎ ഗ്യാൻദേവ് അഹുജ 2017 ഡിസംബറിൽ പ്രസ്താവിച്ചത്. ‘‘പശു സംരക്ഷകർ’’ എന്ന പേരിൽ ആർഎസ്എസ് സംഘങ്ങൾക്ക് ആൾക്കൂട്ട കൊലപാതകങ്ങൾ നടത്താനും തെരുവുകളിൽ അഴിഞ്ഞാടാനും പ്രചോദനം നൽകുന്നതായിരുന്നു നേതൃനിരയിലുള്ളവരുടെ ഇത്തരം പ്രസ്താവനകൾ.
2014–2018 കാലത്ത് പശുവിന്റെ പേരിലുള്ള അക്രമങ്ങൾ വർധിച്ചതായിട്ടാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. 2010നും 2014 മെയ് മാസത്തിനുമിടയിൽ പശുവിന്റെ പേരിൽ രണ്ട് ആക്രമണങ്ങൾ നടന്നപ്പോൾ (ഇതിനുപിന്നിലും ആർഎസ്-എസുകാർ തന്നെ) 2014 മെയ് മാസത്തിനും 2017 ഡിസംബറിനുമിടയിൽ മാത്രം പശുവിന്റെ പേരിൽ നടന്നത് 76 ആക്രമണങ്ങളാണ്.
നിയമവാഴ്ചയ്ക്കെതിരായ വെല്ലുവിളി
മുസ്ലീം വിശ്വാസപ്രമാണങ്ങളെ തന്നെ അപഹസിക്കുന്ന തരത്തിലുള്ള വിദേ-്വഷപ്രചാരണവും ബിജെപി നേതാക്കളിൽനിന്നുണ്ടാകുന്നുണ്ട്. നോക്കൂ, 2018 ജനുവരിയിൽ ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിങ്ങിന്റെ വാക്കുകൾ: ‘‘നമ്മുടെ ദേശീയ’’ സംസ്കാരവുമായി ഇഴുകിച്ചേരാൻ തയ്യാറുള്ള മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ തുടരാം; അങ്ങനെ മാറാൻ തയ്യാറാല്ലാത്തവർക്ക് മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാം.’’
ബിജെപി ലോക്-സഭാംഗമായ മുസ്ലീം വിരുദ്ധ വിഷം ചീറ്റലിന് കുപ്രസിദ്ധിയാർജിച്ചിട്ടുള്ള സാക്ഷി മഹാരാജ് എന്നറിയപ്പെടുന്ന കാവിക്കാരൻ പറയുന്നത് നോക്കാം. ‘‘മതത്തെ രക്ഷിക്കാൻ’’ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് പറയുന്ന ആ വിദ്വാൻ തുടരുന്നതിങ്ങനെ, ‘‘ രാജ്യത്ത് ജനസംഖ്യാ പ്രശ്നം ഉയർന്നു വരികയാണെങ്കിൽ, അതിനുത്തര വാദി ഹിന്ദുക്കളാവില്ല. മറിച്ച്, ‘നാല് ഭാര്യ’മാരെയും 40 കുട്ടികളെയും കുറിച്ച് പറയുന്നവരാണ് ഉത്തരവാദികൾ.’’ ഇയാൾക്കെതിരെ വിദേ-്വഷ പ്രചരണത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും സംസ്ഥാനത്ത് ഭരണത്തിലെത്തിയ ബിജെപി ആ കേസെല്ലാം മരവിപ്പിക്കുകയാണുണ്ടായത്. മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുബ്രഹ്മണ്യ സ്വാമിയും രാജസ്താനിൽനിന്നുള്ള ബിജെപി എംപി ചൗധരി ബാബുലാലുമെല്ലാം ഇത്തരം വിദേ-്വഷപരാമർശങ്ങളുടെ ആശാന്മാരാണ്. സുബ്രഹ്മണ്യ സ്വാമി 2014 മെയ് മാസത്തിനും 2017 സെപ്തംബറിനുമിടയിൽ 17 തവണയാണ് വിദേ-്വഷ പരാമർശങ്ങൾ നടത്തിയത്. ഹിന്ദു–മുസ്ലീം അങ്കത്തിനു തീയതി കുറിക്കാൻ വെല്ലുവിളിച്ചയാളാണ് ബാബുലാൽ.
2016 ഫെബ്രുവരിയിൽ യുപിയിലെ വിശ്വഹിന്ദു പരിഷത്ത് നേതാവ് അരുൺകുമാർ മുഹർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ വെടിയേറ്റുമരിച്ചു. തൊട്ടടുത്ത ദിവസംതന്നെ മുസ്ലീം വിഭാഗത്തിൽപെട്ട 5 പേരെ അറസ്റ്റുചെയ്ത് ഗവൺമെന്റ് കേസെടുത്തു. ഈ കൊലപാതകത്തിനുപിന്നിൽ വ്യക്തിപരമായ ശത്രുതയാണെന്ന് അയാളുടെ കുടുംബാംഗങ്ങൾ പറയുമ്പോൾ അതംഗീകരിക്കാൻ തയ്യാറാകാതെ ബിജെപിക്കാർ സംഭവത്തെ വർഗീയ വിദേ-്വഷം പരത്താനുള്ള അവസരമാക്കി മാറ്റുകയാണുണ്ടായത്. ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയും (ഇപ്പോൾ പട്ടികജാതി നാഷണൽ കമ്മീഷൻ ചെയർമാൻ) പ്രതികരിച്ചത് ഇങ്ങനെയാണ്, ഇന്ന് നമുക്ക് ഒരു അരുണിനെ നഷ്ടപ്പെട്ടു,… നാളെ വീണ്ടും മറ്റൊരു അരുണിനെ കൂടി നഷ്ടപ്പെട്ടേക്കാം. അതുകൊണ്ട് ഈ കൊലയാളിക്കൂട്ടങ്ങളെ ഒന്നടങ്കം കൊന്നൊടുക്കണം.’’ ഇത് അനുശോചനയോഗത്തിൽ ഒരു കേന്ദ്രമന്ത്രി നടത്തിയ പ്രസംഗത്തിലെ ഭാഗമാണ്.
ഈ യോഗത്തിൽ നടത്തിയ വിദേ-്വഷപ്രസംഗങ്ങളുടെ പേരിൽ ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും കേന്ദ്രമന്ത്രി കത്താരിയയുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നിട്ടും കേസിനെക്കുറിച്ച് ധിക്കാരപൂർവം അയാൾ പ്രതികരിച്ചത് ഇങ്ങനെയാണ്: ‘‘ബിജെപി–വിഎച്ച്പി നേതാക്കൾക്കെതിരായ കേസുകൾ 15 ദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ, ഞങ്ങളുടെ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ 15 ദിവസത്തിനുശേഷം വ്യത്യസ്തമായ ഒരു ഹോളി ആയിരിക്കും ഇവിടെ നടക്കുന്നത്.’’ ചോരപ്പുഴ ഒഴുക്കുമെന്ന സൂചനയാണ് കേന്ദ്രമന്ത്രിയിൽനിന്നുണ്ടായത്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്-വാദി സർക്കാരിനുനേരെയാണ് ഇയാൾ വെല്ലുവിളി ഉയർത്തിയത്.
ദാദ്രിയിൽ 2015ൽ മുഹമ്മദ് അഖ്ലാക്കിനെ പശുവിന്റെ പേരിൽ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ ആൾക്കൂട്ടത്തിലെ പ്രമാണിമാരായ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ യുപിയിലെ നിയമസഭാംഗം സംഗീത് സോം പൊട്ടിത്തെറിച്ചത്, ‘‘നിരപരാധികളെ ശിക്ഷിക്കാനാണ് ഭാവമെങ്കിൽ കനത്ത തിരിച്ചടിയാകും നേരിടേണ്ടി വരുന്നത് എന്നാണ്.
ഇതുവരെ മുഖ്യമന്ത്രിമാരും കേന്ദ്ര സഹമന്ത്രിമാരും ഉൾപ്പെടെയുള്ള സംസ്ഥാനതല നേതാക്കളുടെ പ്രതികരണങ്ങളാണ് പരാമർശിക്കപ്പെട്ടതെങ്കിൽ അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും വാക്കുകളിലെ വിഷവും അൽപ്പംപോലും തീവ്രത കുറഞ്ഞതല്ല. മോദിയുടെ ഗുജറാത്ത് കാലമല്ല ദേശീയതലത്തിലെത്തിയ ശേഷമുള്ള പ്രതികരണങ്ങളെക്കുറിച്ചാണ് പറയുന്നത്.
2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണാവേളയിൽ പ്രധാനമന്ത്രി മോദി- ഫത്തേപ്പൂരിലെ റാലിയിൽ പറഞ്ഞത്, ‘‘ഒരു ഗ്രാമത്തിൽ ഒരു സെമിത്തേരിയുണ്ടെങ്കിൽ അവിടെ ഒരു ശമ്ശാനവും ഉണ്ടായിരിക്കണം. റംസാൻ ദിവസം വെെദ്യുതി ലഭിക്കുന്നുവെങ്കിൽ ഹോളി ദിനത്തിലും വെെദ്യുതി ലഭിച്ചിരിക്കണം. ഒരു വിവേചനവും അനുവദിക്കില്ല.’’ 2015ലെ ബിഹാർ തിരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി മോദി ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞത്, ‘‘ഇപ്പോൾ അധികാരത്തിലുള്ള മഹാഗഢ് ബന്ധൻ സർക്കാർ ഒബിസി, ഇബിസി, ദളിതർ എന്നീ വിഭാഗങ്ങളിൽ നിന്നും 5 ശതമാനം സംവരണം കുറച്ചിട്ട് അത് മുസ്ലീങ്ങൾക്ക് നൽകാൻ പോവുകയാണ്. ഒബിസിയുടെയും ഇബിസിയുടെയും ദളിതരുടെയും അവകാശങ്ങൾക്കായി മരിക്കാൻപോലും ഞാൻ തയ്യാറാണ്.’’ 1989ൽ വി പി സിങ് സർക്കാർ ഒബിസി, ഇബിസി സംവരണം നടപ്പാക്കിയപ്പോൾ അതിനെതിരെ സവർണ വിഭാഗം നടത്തിയ സമരത്തിന്റെ പ്രചോദനവും നേതൃത്വവും ആർഎസ്എസിന് ആയിരുന്നിരിക്കെ സംഘപ്രചാരകനായ മോദി ഇപ്പോൾ സംവരണത്തിന്റെ അപ്പോസ്തലൻ ചമയുന്നത് വിരോധാഭാസമാണ്. 2015ൽ ബിഹാറിൽ പറഞ്ഞതിന്റെ ആവർത്തനമാണ് പ്രധാനമന്ത്രി മോദി 18–ാം ലോക്-സഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പ്രചാരണം മുതൽ നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലീം വിരോധ വിഷം ചീറ്റലിലെ ഒരിനം.
ഇതേ ബിഹാർ തിരഞ്ഞെടുപ്പ് (2015) വേളയിൽ അമിത് ഷാ പറഞ്ഞത്, ‘‘എന്തെങ്കിലും കാരണവശാൽ ബിജെപി പരാജയപ്പെടുകയാണെങ്കിൽ ആ വിജയവും, പരാജയവുമെല്ലാം ബിഹാറിൽ ഒതുങ്ങി നിൽക്കും. ‘പടക്കങ്ങൾ’ക്ക് പാകിസ്ഥാനിലേക്ക് വണ്ടികയറാം’’ എന്നാണ്. ഗുജറാത്തിൽ 2002ൽ പയറ്റിയതിന്റെ തനിയാവർത്തനമാണ് മോദിയും അമിത് ഷായും യുപിയിലും ബിഹാറിലും തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ 2015ലും 2017ലും പയറ്റിയത്. അതാവർത്തിക്കാനാണ് ഇപ്പോഴത്തെ ലോക്-സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ശ്രമിക്കുന്നത്.
ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെട്ട മുസ്ലീങ്ങളെക്കുറിച്ച് ഒരനുതാപവുമില്ലാതെ നിഷ്ഠുരനായ മോദി പ്രതികരിച്ചത്, ‘‘നമ്മൾ കാറോടിച്ചുപോകുമ്പോൾ കുറുകെ ചാടുന്ന പട്ടിക്കുട്ടി കാറിന്റെ ടയറിനടിയിൽപെട്ട് ചതഞ്ഞരഞ്ഞ് ചത്തുപോയാൽ കാറോടിച്ചയാളെ പഴിപറയാനാവില്ലെന്നാണ്’’. മതന്യൂനപക്ഷ വിഭാഗത്തിൽപെട്ട മനുഷ്യരെ തെരുവിലെ പട്ടിക്കുട്ടികളോടാണ് മോദി ഉപമിച്ചത്. മോദിയുടെ ഉള്ളിലെ വർഗീയവിദേ-്വഷം എത്രത്തോളമെന്ന് വെളിപ്പെടുത്തുന്നതാണ് ഈ പ്രതികരണം. 2019ലെ തിരഞ്ഞെടുപ്പിൽ പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്മാരുടെ ചോരയുടെ പേരിൽ വോട്ടു ചോദിച്ച മോദി ഏതറ്റം വരെ താഴാനും മടിക്കില്ലെന്നാണ് ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ മോദിയുടെ വിദേ-്വഷ പരാമർശങ്ങൾ വെളിപ്പെടുത്തുന്നത്.
2014ലും 2019ലുമെന്ന പോലെ തനിവർഗീയതയല്ലാതെ മറ്റൊന്നും പറയാനില്ലാത്ത മോദിയെയാണ് നാമിന്നു കാണുന്നത്. രാജസ്താനിലും യുപിയിലും മധ്യപ്രദേശിലും മോദി നടത്തിയ വംശീയ പരാമർശങ്ങൾ മോദി ഉൾപ്പെടെയുള്ള ആർഎസ്എസുകാർ സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന വർഗീയവിഷം ചീറ്റലിന്റെ ആധുനിക പതിപ്പുമാത്രമാണ്. 2004ലെ ‘‘ഇന്ത്യാ ഷെെനിങ്ങിനെ’’ പോലെ 2024ലെ ‘‘മോദിയുടെ ഗ്യാരന്റി’’യും പാഴ്-വാക്കാണെന്ന് തിരിച്ചറിയുന്ന ജനങ്ങൾ മോദി ഭരണത്തിനെതിരെ പ്രതികരിക്കുമെന്ന ഭയത്തിൽനിന്നാണ് മോദിയുടെ വർഗീയ വിദേ-്വഷ ജല്പനങ്ങളാകെ ഉയർന്നുവന്നിരിക്കുന്നത്-.