എല്ലാവർക്കും ഉപരിപഠനം സാധ്യം

പ്ലസ് ടു ആരംഭിച്ച 1990 മുതൽ 2023 വരെ മലപ്പുറത്ത് കൂടുതൽ ബാച്ചുകൾ അനുവദിച്ചത് എൽഡിഎഫ് സർക്കാരുകൾ. മലപ്പുറത്തിന്‌ ആവശ്യത്തിന്‌ പ്ലസ്‌വൺ സീറ്റ് അനുവദിച്ചില്ലെന്ന പ്രചാരണം തെറ്റെന്ന്‌ തെളിയിക്കുന്നതാണ് കണക്കുകൾ. ഇക്കാലയളവിനിടയിലെ എൽ‍ഡിഎഫ്‌ സർക്കാരുകൾ 671 പ്ലസ്ടു ബാച്ചും യുഡിഎഫ്‌ സർക്കാരുകൾ 449 ബാച്ചുമാണ് മലപ്പുറത്ത് നൽകിയത്.

സ. എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2010-ൽ മലബാർ മേഖലയിൽമാത്രം 179 സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ പ്ലസ്‌ ടു ആരംഭിച്ചു. മലബാറിൽമാത്രം ഹയർ സെക്കൻഡറി അനുവദിച്ചതിനെതിരെ അന്ന് കോൺഗ്രസ് ഉൾപ്പെടെ രംഗത്തുവരുകയും ചെയ്തു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 179 എണ്ണം ഹയർ സെക്കൻഡറി ആയതോടെയാണ്‌ സംസ്ഥാനത്തിന്റെ മറ്റുമേഖലകളുമായുള്ള മലബാറിന്റെ അസന്തുലിതാവസ്ഥയ്‌ക്ക്‌ പരിഹാരമായത്‌.

എന്നാൽ, 2011ൽ യുഡിഎഫ് കൃത്യമായ പഠനമില്ലാതെ സംസ്ഥാനത്ത്‌ തോന്നുംപടി ബാച്ച് വർധിപ്പിച്ചു. ഇത്‌ മലബാറും ഇതര മേഖലകളുമായുള്ള അന്തരം വീണ്ടും വർധിപ്പിച്ചു. തെക്കൻ ജില്ലകളിലെ എയ്‌ഡഡ്‌ സ്‌കൂളുകളിൽ ആവശ്യത്തിന്‌ കുട്ടികളില്ലാത്ത പ്ലസ്‌ടു ബാച്ചുകൾ ഭൂരിഭാഗവും 2011–16 കാലയളവിൽ യുഡിഎഫ്‌ സർക്കാർ അനുവദിച്ചതാണ്‌.