അർഹമായ സാമ്പത്തിക സഹായം തടഞ്ഞുവെച്ചും വെട്ടിക്കുറച്ചും, ഗവർണറിലൂടെ ഭരണനടത്തിപ്പ് തടഞ്ഞും തകർക്കാൻ നോക്കിയിട്ടും കേരളം തളർന്നില്ല. രാജ്യം ശ്രദ്ധിക്കുന്ന ഇടപെടലുകളിലൂടെയും സമാനതകളില്ലാത്ത വികസന, ക്ഷേമ പ്രവർത്തനങ്ങലൂടെയും രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്. തുടർഭരണത്തിന്റെ വിജയകരമായ എട്ടാം വർഷത്തിലേക്കും.
സർക്കാരിന്റെ ഇച്ഛാശക്തിയിൽ 2016 മുതൽ തുടക്കമിട്ട വൻകിട വികസന പദ്ധതികളും പ്രഖ്യാപനങ്ങളും ലക്ഷ്യം കാണുന്ന വർഷമായി ഈ വർഷം മാറും. അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖവും യാഥാർഥ്യമാകും. കാസർകോടുമുതൽ തിരുവനന്തപുരംവരെ നീളുന്ന ദേശീയപാത 66ഉം ഗെയിൽ പൈപ്പ് ലൈനും കെ ഫോൺ പദ്ധതിയും പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ലൈഫ് പദ്ധതിവഴി അഞ്ചു ലക്ഷം വീട് അനുവദിച്ചതിൽ നാലു ലക്ഷത്തിലധികം പൂർത്തിയായി. ഈ സർക്കാർ മൂന്നു വർഷത്തിനുള്ളിൽ 1,53,103 പട്ടയമാണ് വിതരണം ചെയ്‌തത്. ക്ഷേമപെൻഷൻ 1600 രൂപ വീതം 62 ലക്ഷം പേർക്കാണ് നൽകുന്നത്. മുടക്കാൻ കേന്ദ്രം കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ക്ഷേമ പെൻഷൻ ഉറപ്പാക്കുന്നു.
തീരദേശ, മലയോര ഹൈവേകളുടെ നിർമാണം പുരോഗമിക്കുന്നതിനൊപ്പം നിരവധി സംസ്ഥാന പാതകൾ ഉന്നത നിലവാരത്തിലെത്തിച്ചു. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർഥ്യമായി. ഈ സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചതിന് തെളിവാണ് കേരളത്തിലെ സർവകലാശാലകൾക്ക് ഈ വർഷം ലഭിച്ച അംഗീകാരങ്ങൾ. അക്കാദമിക നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾക്കും തുടക്കമായി. സർവകലാശാലകളിൽ നാലുവർഷ ബിരുദം യാഥാർഥ്യമായി.
വ്യവസായ, ഐടി മേഖലകളിലെ കുതിപ്പ് തുടരുകയാണ്. രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി യാഥാർഥ്യമായി. ഐടി മേഖലയിൽ നൂറിലധികം കമ്പനികളെ പുതുതായി എത്തിച്ച്, പതിനായിരത്തിലധികം തൊഴിലവസരം സൃഷ്ടിച്ചു. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 28-ാം റാങ്കിൽനിന്ന് കേരളം 15ലെത്തി. രണ്ടു വർഷത്തിനിടെ 2,43,435 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതുവഴി 15,470.20 കോടിയുടെ നിക്ഷേപവും 5,18,228 തൊഴിലവസരവുമുണ്ടായി.
നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കുന്നതിനൊപ്പം കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവച്ച സ്ഥാപനങ്ങൾ ഏറ്റെടുത്തു കേരളം പ്രവർത്തിപ്പിക്കുന്നു. കേന്ദ്രസർക്കാർ ഒറ്റവർഷം 57,400 കോടി രൂപ വെട്ടിക്കുറച്ചിട്ടും കേരളം തളർന്നില്ല. സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ കാട്ടുന്ന വിവേചനങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തിയും സുപ്രീംകോടതിയെ സമീപിച്ചും മറ്റു സംസ്ഥാനങ്ങൾക്കുകൂടി മാതൃകയാകാൻ ഇക്കാലയളവിൽ കേരളത്തിനായി.
പിണറായി വിജയൻ (മുഖ്യമന്ത്രി )ഫേസ്ബുക് പോസ്റ്റിൽ നിന്ന്
തുടർഭരണം നേടി അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവ്വതലസ്പർശിയുമായ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ഈ കാലയളവിൽ സർക്കാരിനു സാധിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ്.
സാമൂഹ്യക്ഷേമവും സാമ്പത്തിക വികസനവും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കുന്ന നമ്മുടെ നാടിനെ ദേശീയതലത്തിൽ നിരവധി അംഗീകാരങ്ങൾ തേടിയെത്തി. കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചു. ദേശീയ പാത വികസനം ദ്രുതഗതിയിൽ മുന്നേറുന്നു. സംരംഭക വർഷം ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ വ്യവസായ മേഖല വിപുലമാകുന്നു. പൊതുവിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള അടിസ്ഥാന മേഖലകൾ കൂടുതൽ കരുത്താർജ്ജിച്ചു. ഐടിയിൽ വൻകിട കമ്പനികൾ നിക്ഷേപങ്ങൾ ആയി വരികയും സ്റ്റാർട്ടപ്പ് മേഖല അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയും സാമൂഹ്യ സുരക്ഷാ പെൻഷനുകളും കാരുണ്യ ഇൻഷുറൻസും ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികളിൽ രാജ്യത്തിനു മാതൃകയായി. ഭരണ നിർവ്വഹണം, വികസനം, ജീവിത നിലവാരം, വിദ്യാഭ്യാസം ആരോഗ്യം തുടങ്ങി സമസ്ത മേഖലകളിലും നീതി ആയോഗ് നൽകുന്നത് ഉൾപ്പെടെയുള്ള ദേശീയതലത്തിലുള്ള അംഗീകാരങ്ങൾ തേടിയെത്തി.
ജനങ്ങൾ നൽകിയ പിന്തുണയാണ് ഇതെല്ലാം സാധ്യമാക്കാൻ സർക്കാരിനു ഊർജ്ജവും പ്രചോദനവും പകരുന്നത്. നാടിനെ നിരന്തരം ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും പല ശക്തികൾ ശ്രമിച്ചിട്ടും അതിനെയെല്ലാം മറികടന്നു മുന്നോട്ടുപോകാൻ നമുക്കാകുന്നത് സർക്കാരും ജനങ്ങളും പരസ്പരം കൈകോർത്തു നിൽക്കുന്നതിനാലാണ്. വർഗീയതയും വിഭാഗീയതയും പല പ്രദേശങ്ങളേയും കീഴ്പ്പെടുത്തിയപ്പോളും ജനാധിപത്യത്തിൻ്റേയും മതസൗഹാർദ്ദത്തിന്റെയും മാനവികതയുടേയും മഹനീയത ഉയർത്തിപ്പിടിച്ച് മറ്റുള്ളവർക്ക് മാതൃകയാകാൻ നമുക്ക് സാധിച്ചു. ഈ കാഴ്ചപ്പാടുകൾ മുറുകെച്ചേർത്ത് കേരളത്തിന്റെ ശോഭനമായ ഭാവിക്കും സമഗ്ര പുരോഗതിയ്ക്കുമായി നമുക്ക് പ്രയത്നിക്കാം. സർക്കാരിനും ജനങ്ങൾക്കും ഒറ്റക്കെട്ടായി നിൽക്കാം. മൂന്നു വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ നാടിന്റെ നന്മയാഗ്രഹിച്ച് സർക്കാരിനൊപ്പം നിൽക്കുന്ന ഏവർക്കും ഹൃദയപൂർവ്വം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.