തിരിച്ചടി ഗവർണർക്കു മാത്രമല്ല

28 May 2024
കേരളത്തിലെ പൊതുമണ്ഡലത്തിലും വിദ്യാഭ്യാസരംഗത്തും കാര്യമായ സ്വാധീനമൊന്നുമില്ലാത്ത സംഘപരിവാറിന്റെ മേച്ചിൽപുറമാക്കി കേരളത്തിലെ സർവകലാശാലകളെ മാറ്റാൻ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നടത്തിയ നിഗൂ-ഢ നീക്കത്തിന് കേരള ഹെെക്കോടതിയിൽനിന്ന് കനത്ത തിരിച്ചടിയാണേറ്റത്.

കേരള സർവകലാശാല സെനറ്റിലേക്ക് സർവകലാശാലയിൽനിന്ന് നൽകിയ കലാ–കായിക പ്രതിഭകളുടെയും റാങ്ക് ജേതാക്കളുടെയും പട്ടികയിൽനിന്ന് നാമനിർദേശം നൽകണമെന്ന ചട്ടംലംഘിച്ച് ആർഎസ്-എസ്/ബിജെപി ഓഫീസിൽ നിന്നുള്ള പട്ടികയനുസരിച്ച് യാതൊരു വിധ യോഗ്യതയുമില്ലാത്തവരെ നിയമിച്ച ചാൻസലറുടെ നടപടിയെയാണ് കേരള ഹെെക്കോടതിയിലെ ജസ്റ്റിസ് സി പി മുഹമ്മദ് നിയാസിന്റെ വിധിന്യായത്തിൽ റദ്ദ് ചെയ്തത്.

സർവകലാശാലകളുമായി ബന്ധപ്പെട്ടുതന്നെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് കോടതിയിൽനിന്നു ലഭിക്കുന്ന ആദ്യത്തെ പ്രഹരമല്ലയിത്. താനാണ് പരമാധികാരിയെന്ന അദ്ദേഹത്തിന്റെ ഹുങ്കിനാണ് ഇപ്പോൾ വീണ്ടും തിരിച്ചടിയേറ്റത്. ഗവർണർക്ക് സർവകലാശാലകളുടെ ചാൻസലർ പദവി ലഭിക്കുന്നതുതന്നെ സംസ്ഥാന നിയമസഭ പാസ്സാക്കിയ സർവകലാശാല നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതു മറന്നുള്ള കളികളാണ് ആരിഫ് മൊഹമ്മദ് ഖാൻ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ പ്രതിസന്ധിയിലാക്കുകയും സംഘപരിവാറിന്റെ കാൽക്കീഴിൽ അടിയറവയ്ക്കുകയും ചെയ്യുകയെന്ന ദൗത്യമാണ് താൻ ഏറ്റെടുത്തിട്ടുള്ളത് എന്നും എന്തു തറവേല കാണിച്ചും അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നുമുള്ള ആരിഫ് മൊഹമ്മദ് ഖാൻ എന്ന രാഷ്ട്രീയഭിക്ഷാംദേഹിയുടെ മോഹചിന്തയാണ് ഹെെക്കോടതി വിധിയിലൂടെ പൊലിഞ്ഞത്.

സർവകലാശാലകളുടെ ഭരണം പിടിച്ചെടുത്ത് വിദ്യാഭ്യാസമേഖലയെ സമ്പൂർണമായി കാവിവൽക്കരിക്കുകയെന്ന അജൻഡയാണ് ഗവർണറെ ഉപയോഗിച്ച് സംഘപരിവാർ നടപ്പാക്കാൻ ശ്രമിച്ചത്. ഇപ്പോഴത്തെ ഹെക്കോടതി വിധിയിലൂടെ താൽക്കാലികമായെങ്കിലും ആ അജൻഡയാണ് തകർക്കപ്പെട്ടത്.

സർവലകലാശാലകളുടെ ഭരണ നടത്തിപ്പിനുള്ള ജനാധിപത്യവേദികളാണ് സെനറ്റും സിൻഡിക്കേറ്റും. വിദ്യാർഥികൾ, അധ്യാപകർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് അവയിൽ ഉൾപ്പെടുന്നത്. എന്നാൽ ഇങ്ങനെ തിരഞ്ഞെടുക്കപ്പെടാൻ സാധ്യത കുറവായ കലാ–കായിക പ്രതിഭകൾ, പഠനത്തിൽ ഉന്നതനിലവാരമുള്ള വിദ്യാർഥികൾ തുടങ്ങിയ വിഭാഗങ്ങളെ ഈ ജനാധിപത്യവേദികളിലേക്ക് നാമനിർദേശത്തിലൂടെ നിയമിക്കാൻ ചാൻസലർക്ക്- അവകാശമുണ്ട്. എന്നാൽ ആ അവകാശം തന്നിഷ്ടം പോലെ നടപ്പാക്കാനാവില്ല. അതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അതാണ് ഹെെക്കോടതി ചോദിച്ചത് ഔദ്യോഗികമായ സർവലകലാശാല നൽകിയ പട്ടിക റദ്ദുചെയ്ത്‍ സ്വന്തമായി മറ്റു ചിലരെ തിരുകിക്കയറ്റാൻ സ്വീകരിച്ച മാനദണ്ഡമെന്താണെന്ന്. പക്ഷേ, അതിനു കൃത്യമായ മറുപടി പറയാതെ, തന്റെ ‘‘വിവേചനാധികാരം’’ എന്നു പറയാനേ ചാൻസലറായ ഗവർണർക്ക് കഴിഞ്ഞുള്ളൂ. കോടതിയിൽ കൃത്യമായ മറുപടി പറയാൻ അദ്ദേഹത്തിനാവില്ല. കാരണം, സർവകലാശാലയിൽനിന്ന് ഒൗദ്യോഗികമായി നൽകിയ പട്ടികയിലുള്ളത് മാനദണ്ഡങ്ങൾ പ്രകാരം അതത് മേഖലയിലെ മികവുറ്റവരാണ്. ഗവർണർ നിയമിച്ചവരാകട്ടെ അവർ സംഘപരിവാർ സംഘടനകളിലെ അംഗങ്ങളാണെന്നുള്ളതന്നല്ലാതെ മറ്റൊരു അർഹതയുമില്ലാത്തവരാണ്. സംഘപരിവാർ സംഘടനകൾക്കൊന്നും ജനാധിപത്യപരമായി ഒരാളെപ്പോലും സെനറ്റിൽ എത്തിക്കാൻ കഴിയാത്തിടത്താണ് ഗവർണറെ ചട്ടുകമാക്കി പിൻവാതിലിലൂടെ ഇങ്ങനെ തിരുകിക്കയറ്റാൻ ശ്രമിച്ചത്. അതാണിപ്പോൾ പൊളിഞ്ഞുപോയത്.

കേരള സർവകലാശാലയുടെ വെെസ് ചാൻസലർ സ്ഥാനത്തേക്ക് സംഘപരിവാർ നോമിനിയെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സെനറ്റിൽ പിൻവാതിൽ നിയമനം ഗവർണർ നടത്തിയത്. അക്കാദമികമായ ഔന്നത്യമുള്ളവരായിരിക്കണം സർവകലാശാലകളുടെ വെെസ് ചാൻസലർമാരായിരിക്കേണ്ടത് എന്ന കാഴ്ചപ്പാടോടെയാണ് എല്ലാ കാലത്തും ഇടതുപക്ഷം ആ സ്ഥാനങ്ങളിലേക്ക് നിയമനം നടത്തിയിട്ടുള്ളത്. അത്തരമൊരു പരിഗണനയിൽ സംഘപരിവാറുകാർക്ക് ഒരിക്കലും കേരളത്തിൽ സർവകലാശാലകളുടെ തലപ്പത്ത് എത്താനാവില്ല. കേന്ദ്ര സർവകലാശാലകളിൽ നിയമിതരായവരുടെ ‘നിലവാരം’ നോക്കിയാൽ ഇന്ത്യയിൽ എവിടെയെങ്കിലും അക്കാദമിക മികവുള്ളവരെ ആ സ്ഥാനങ്ങളിൽ എത്തിക്കാൻ അവർക്ക് കഴിയുമോയെന്ന കാര്യം സംശയാസ്പദമാണ്.

അക്കാദമിക മേഖലയുടെ മികവു തകർത്ത് ജനവിരുദ്ധമായ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വിളഭൂമിയാക്കി അതുമാറ്റുകയെന്നതാണ് സംഘപരിവാറിന്റെയും അവരുടെ തുണക്കാരുടെയും ലക്ഷ്യം. അത് കേരള മണ്ണിൽ നടപ്പാക്കാത്തതിലെ രോഷപ്രകടനമാണ് ഗവർണർ ആരിഫ‍് മൊഹമ്മദ് ഖാനിലൂടെ കേന്ദ്ര ഭരണകക്ഷിയായ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. കോടതികളിൽനിന്ന് ആവർത്തിച്ച് അടിയേറ്റിട്ടും പാഠം പഠിക്കാനും തിരുത്താനും ഗവർണറോ ഗവർണറെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന ബിജെപി/ആർഎസ്സ്എസോ തയ്യാറാവില്ലെന്നുറപ്പാണ്. അതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് തദ്ദേശ സ്വയംഭരണ വാർഡുകൾ ജനസംഖ്യാനുപാതികമായി പുനർനിർണയിക്കാനുള്ള ഓർഡിനൻസ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരുപറഞ്ഞ് ഒപ്പിടാതെ മടക്കിയ നടപടി. ജനാധിപത്യ ഭരണസംവിധാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ സമയബന്ധിതമായി നടപ്പാക്കുന്നതിനു തടസ്സം നിൽക്കുന്ന ഇത്തരം നടപടികളിലൂടെ ആരിഫ് മൊഹമ്മദ് ഖാൻ കേരള സമൂഹത്തെയാണ് ആവർത്തിച്ച് വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്.

ഗവർണർക്കും സംഘപരിവാറിനും ഇങ്ങനെ കേരള ജനതയെ വെല്ലുവിളിക്കാൻ ധെെര്യം പകർന്നുനൽകുന്ന സമീപനമാണ് കേരളത്തിലെ കോൺഗ്രസ്സിൽനിന്ന്, യുഡിഎഫിൽനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, ഗവർണറുടെ താന്തോന്നിത്തങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകി ആസ്വദിക്കുന്ന വലതുപക്ഷ മാധ്യമങ്ങളും കേരള സമൂഹത്തോട് സമാധാനം പറയാൻ ബാധ്യസ്ഥമാണ്. എന്നാൽ ഗവർണറെയും ബിജെപിയെയും പോലെ തന്നെ യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും തെറ്റുതിരുത്താൻ തയ്യാറല്ല എന്ന സമീപനമാണ് ആവർത്തിച്ച് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കോടതികൾ ആവർത്തിച്ച് വാളോങ്ങിക്കൊണ്ടിരിക്കുന്നത് മേൽപ്പറഞ്ഞവർക്കെതിരെയും കൂടിയാണ്. അത് കേരള ജനത തിരിച്ചറിയുന്നുണ്ടെന്നുതന്നെയാണ് ഞങ്ങളുടെ ഉറച്ചവിശ്വാസം. :diamonds: