കേരള ആരോഗ്യമേഖല

സാർവദേശീയ നിലവാരം പരിഗണിച്ച് വിലയിരുത്തിയാൽ പോലും ആരോഗ്യമേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രദേശമാണ് കേരളം. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ വികസിത രാജ്യങ്ങൾക്കൊപ്പം ഏതാണ്ട് തുല്യമായ നേട്ടങ്ങൾ കേരളം കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്. പൊതുജനാരോഗ്യസംവിധാനങ്ങളുടെ ലഭ്യതയും പ്രാപ്ത്യതയും കേരളത്തിൽ മെച്ചപ്പെട്ടതാണ്. ആരോഗ്യനിലവാരം നിർണ്ണയിക്കുന്നതിനായി ഉപയോഗിക്കാറുള്ള ഏറ്റവും പ്രധാനപ്പെട്ട സൂചികകളായ മാതൃമരണ നിരക്കിലും ശിശുമരണ നിരക്കിലും വികസിതരാജ്യങ്ങളോടൊപ്പം കേരളം എത്തിക്കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല എല്ലാ ജനവിഭാഗങ്ങൾക്കും പ്രദേശ-സാമൂഹ്യാവസ്ഥാവ്യത്യാസമില്ലാതെ ആരോഗ്യസേവനം ലഭ്യവുമാണ്. വികസിതരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിലെ ആരോഗ്യച്ചെലവ് ആപേക്ഷികമായി കുറവുമാണ്. ഇതെല്ലാം പരിഗണിച്ച് സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ ചെലവ് കുറഞ്ഞ ആരോഗ്യസംവിധാനം (Good Health at Low Cost, Good Health with Social Justice and Equity) എന്നാണ് കേരള ആരോഗ്യമാതൃകയെ അന്താരാഷ്ട്ര ഏജൻസികൾ വിശേഷിപ്പിക്കാറുള്ളത്.

കേരളത്തിന്റെ നേട്ടങ്ങളിൽ സന്തോഷിക്കുമ്പോൾ തന്നെ ആരോഗ്യമേഖലയിൽ കേരളം നേരിടുന്ന വെല്ലുവിളികൾ നാം കാണാതെ പോവരുത്. വർധിച്ചുവരുന്ന രോഗാതുരത, പ്രാന്തവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങൾ നേരിടുന്ന സവിശേഷമായ ആരോഗ്യപ്രശ്നങ്ങൾ, പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും സ്വകാര്യ ആരോഗ്യചെലവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വർധന തുടങ്ങി നിരവധി പ്രതിസന്ധികൾ കേരളം ആരോഗ്യമേഖലയിൽ നേരിട്ടുവരികയാണ്. രോഗാതുരതയുടെ വർധന പൊതുജനാരോഗ്യമേഖലയെ വലിയ സമ്മർദ്ദത്തിനു വിധേയമാക്കും. സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ആരോഗ്യച്ചെലവ് വർധിക്കും. ആരോഗ്യപരിപാലനത്തിലൂടെ ആയുസ്സ് നിലനിർത്താൻ കഴിയുമെങ്കിലും രോഗാതുരത ഉയർന്നുനിന്നാൽ ജീവിതഗുണത (Quality of Life) കുറവായിരിക്കും. ജീവിതത്തോട് പ്രായം ചേർക്കുകയല്ല പ്രായത്തോട് ജീവിതം ചേർക്കുക (Add life to years, not years to life) എന്ന ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം അപ്രായോഗ്യമാവും.

പകർച്ചേതര- ദീർഘസ്ഥായി- ജീവിതശൈലീ രോഗങ്ങൾ
1970 കളിൽ ഡോ. പി ജി കെ പണിക്കരും ഡോ. സി ആർ സോമനും നടത്തിയ പഠനത്തെ തുടർന്ന് കേരളാവസ്ഥയെ “Low Mortality High Morbidity Syndrome’’ (കുറഞ്ഞ മരണനിരക്ക്, കൂടിയ രോഗാതുരത) എന്ന് വിശേഷിപ്പിച്ചിരുന്നു, ആരോഗ്യമേഖലയിലെ ഗുണകരമായ വശമായ മരണനിരക്ക് കുറഞ്ഞിരിക്കുമ്പോൾ തന്നെ രോഗാതുരത കൂടുതലാണെന്ന് അവർ ചൂണ്ടിക്കാട്ടി. മരണനിരക്ക് കുറയുമ്പോൾ പ്രായാധിക്യമുള്ളവർ സമൂഹത്തിൽ വർധിക്കുകയും വയോജനങ്ങളെ കൂടുതലായി ബാധിക്കുന്ന പ്രമേഹം, രക്താതിമർദ്ദം, കാൻസർ തുടങ്ങിയ രോഗങ്ങൾ കൂടുകയും ചെയ്യാൻ സാധ്യതയുണ്ട്. മരണനിരക്ക് കുറച്ചുകൊണ്ടുള്ള ആരോഗ്യമേഖലയിലെ നമ്മുടെ വിജയത്തിന് കൊടുക്കേണ്ടിവരുന്ന വിലയായി വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ എന്നുവിശേഷിപ്പിക്കപ്പെടാറുള്ള ദീർഘസ്ഥായി-പകർച്ചേതര രോഗങ്ങളെ കാണാവുന്നതാണ്.

എന്നാൽ സാധാരണഗതിയിൽ പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ് കേരളത്തിൽ ഇത്തരം രോഗങ്ങളുടെ സാന്നിധ്യം. കേരളത്തിൽ ഏറ്റവും കുറഞ്ഞത് 20% പേർ പ്രമേഹരോഗികളാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. അറുപത്തി ആറു ശതമാനം പേർ പ്രമേഹപൂർവ്വ (Pre Diabetic State) സ്ഥിതിയിലാണ്. പ്രമേഹരോഗികളുടെ അമിതമായ വർധന മൂലം കേരളം രാജ്യത്തെ പ്രമേഹരോഗികളുടെ തലസ്ഥാനമായി കരുതപ്പെടുന്നു. മൂന്നിൽ ഒന്നു പേരും രക്താതിമർദ്ദം ബാധിച്ചവരാണ്. വർഷം തോറും 60,000 ത്തോളം പേരെ വിവിധ തരത്തിലുള്ള കാൻസറുകൾ ബാധിക്കുന്നു, 2020 ൽ 57,155 പേരിലും 2022 ൽ 59,143 പേരിലും കാൻസർ കണ്ടെത്തി. ഒരേ സമയം കേരളത്തിൽ മൂന്നുലക്ഷത്തോളം കാൻസർ രോഗികളാണുള്ളത്. 2016 ൽ ഒരുലക്ഷം പേരിൽ 136.3 പേർക്ക് കാൻസറുണ്ടായിരുന്നത് 2022 ൽ 169 പേരായി വർധിച്ചിട്ടുണ്ട്. കാൻസർ മൂലമുള്ള മരണം ഒരു ലക്ഷത്തിൽ 92 പേരാണ്. കാൻസർ മൂലം 2020 ൽ 31,166 പേർ മരിച്ചപ്പോൾ 2022 ൽ മരണമടഞ്ഞവർ 32,271 ആയി വർധിച്ചു. അടുത്തകാലത്തായി സ്ത്രീകളിലെ അതും മധ്യവയസ്കരുടെ ഇടയിൽ സ്തനാർബുദം വർധിച്ചുവരുന്നുണ്ട്. ജീവിതരീതികളിൽ പിന്തുടർന്നുവരുന്ന അനാരോഗ്യകരമായ ആഹാരരീതികൾ, വ്യായാമരാഹിത്യം തുടങ്ങിയ ജീവിതരീതികളും അമിതമായ മദ്യപാനം തുടങ്ങിയ ദുഃശീലങ്ങളുമാണ് പകർച്ചേതരരോഗങ്ങൾ വർധിച്ചുവരാനുള്ള പ്രധാന കാരണം. മാത്രമല്ല പകർച്ചേതര രോഗങ്ങൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും ഉചിതമായ ചികിത്സ സ്വീകരിച്ച് രോഗം നിയന്ത്രിക്കുന്നവർ വളരെ കുറവാണെന്നതും വലിയ വെല്ലുവിളിയായി ഉയർന്നുവന്നിട്ടുണ്ട്. പ്രമേഹം, രക്താതിമർദ്ദം എന്നീ രോഗങ്ങൾ നിയന്ത്രിക്കപ്പെട്ടിട്ടുള്ളവർ കേവലം 15 ശതമാനത്തിൽ താഴെ മാത്രമാണെന്ന് ഒരു പഠനം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടതുണ്ട്.

ഉചിതമായ ജീവിതരീതി മാറ്റങ്ങളിലൂടെയും പ്രാരംഭഘട്ട ചികിത്സയിലൂടെയും പകർച്ചേതര രോഗങ്ങൾ നിയന്ത്രിക്കുകയും മൂർച്ചാവസ്ഥ (Complications) തടഞ്ഞ് ഗുരുതരമാവുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രമേഹം, രക്താതിമർദ്ദം എന്നീ രണ്ടുരോഗങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ അവയുടെ ഫലമായുണ്ടാവുന്ന ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങൾ തടയാൻ കഴിയും. ബൈപാസ്- ഡയാലിസിസ് കേന്ദ്രങ്ങൾ വർധിപ്പിച്ചും അവയവമാറ്റ ശസ്ത്രക്രിയകൾ കൂടുതലായി നടത്തിയും മാത്രം നമുക്കിനി മുന്നോട്ടുപോവാനാവില്ല. രോഗപ്രതിരോധത്തിനും (Disease Prevention), ആരോഗ്യ പരിപോഷണത്തിനും (Health Promotion) ഊന്നൽ നൽകേണ്ടിയിരിക്കുന്നു. 30 വയസ്സിനുമുകളിൽ പ്രായമുള്ളവരിലെ ജീവിതശൈലീരോഗങ്ങളുടെ നിയന്ത്രണത്തിനായി “അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’’ എന്നൊരു പദ്ധതി ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുള്ളത് സ്വാഗതാർഹമാണ്. ഇതിന്റെ ഭാഗമായി അരക്കോടി പേർക്ക് വീട്ടിലെത്തി ജീവിതശൈലീ രോഗനിർണ്ണയ സ്ക്രീനിംഗ് നടത്തിയിട്ടുണ്ട്. സ്ക്രീനിംഗിനു വിധേയരാക്കപ്പെട്ടവരിൽ 18.89 ശതമാനം പേർ ഏതെങ്കിലും ഗുരുതര രോഗസാധ്യതയുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കുള്ള തുടർ ചികിത്സയും പരിചരണവും മറ്റും നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ച് പൊതുജനാരോഗ്യ വിദഗ്ധർ ഈ പദ്ധതിയുടെ ഫലസിദ്ധിയെ സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തേണ്ടതാണ്.

ജീവിതശൈലി രോഗപ്രതിരോധം മുതിർന്നവരിൽ മാത്രമായി പരിമിതപ്പെടുത്തരുത്. പ്രധാനമായും പ്രായമേറുമ്പോൾ പ്രത്യക്ഷപ്പെടുന്ന പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ശാരീരികരോഗങ്ങളുടെയും അതോടൊപ്പം മാനസികരോഗങ്ങളുടെയും വിത്ത് വിതയ്-ക്കപ്പെടുന്നത് ചെറുപ്രായത്തിലാണ്. കുറഞ്ഞത് 30 ശതമാനം കുട്ടികളെങ്കിലും ഭാരക്കൂടുതലുള്ളവരാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇവർക്ക് ഉചിതമായ ആരോഗ്യവിദ്യാഭ്യാസം നൽകേണ്ടതുണ്ട്. ഏതാണ്ട് നിലച്ചുപോയ സ്കൂൾ ആരോഗ്യപദ്ധതി പുന:രാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത് ശുഷ്കാന്തിയോടെ നടപ്പിലാക്കണം. സ്കൂളുകൾക്കുപുറമേ കോളേജ് തലത്തിലും ആരോഗ്യപദ്ധതി നടപ്പിലാക്കേണ്ടതാണ്. അതോടൊപ്പം വിദ്യാർത്ഥികളുടെയിടയിൽ വർധിച്ചുവരുന്ന മയക്കുമരുന്നാസക്തി, മദ്യപാനം തുടങ്ങിയവ ആരോഗ്യത്തെ മാത്രമല്ല സാമൂഹ്യ ജീവിതത്തേയും പ്രതികൂലമായി ബാധിക്കുന്ന ദുഷ് പ്രവണതകളാണ്. അവ തടയുന്നതിനുള്ള കർശന നടപടികളും സ്വീകരിക്കേണ്ടതാണ്. ഇത്തരം രോഗങ്ങളുടെ പ്രതിരോധം കൂടി പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരേണ്ടതാണ്.

സ്തനാർബുദ പ്രതിരോധം
കേരളത്തിൽ സ്തനാർബുദമുള്ളവരുടെ എണ്ണം വർധിച്ചു വരികയാണ്. ലഭ്യമായ വിവരങ്ങളനുസരിച്ച് വർഷം തോറും 11,000 സ്ത്രീകളെ സ്തനാർബുദം ബാധിക്കുന്നുണ്ട്. പ്രായാധിക്യമുള്ളവരിൽ മാത്രമല്ല മധ്യവയസ്കരിലും സ്തനാർബുദ നിരക്ക് വർധിച്ചുവരുന്നുണ്ട്. ശസ്ത്രക്രിയ, ഔഷധചികിത്സ, റേഡിയേഷൻ എന്നീ മേഖലകളിൽ വന്നിട്ടുള്ള വളർച്ചമൂലം പ്രാരംഭഘട്ടത്തിൽ കണ്ടെത്തിയാൽ ഏതാണ്ട് പൂർണ്ണമായി ചികിത്സിച്ചു മാറ്റാവുന്ന രോഗമായി സ്തനാർബുദം മാറിയിട്ടുണ്ട്. ആധുനിക സ്തനാർബുദ ചികിത്സാ സൗകര്യങ്ങൾ കേരളത്തിൽ സർക്കാർ -– സ്വകാര്യമേഖലകളിൽ ലഭ്യമാണ്. എന്നാൽ രോഗപ്രതിരോധത്തിനുള്ള പദ്ധതികളൊന്നും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല. ജനിതക വ്യതിയാനം, അമിതഭാരം, രക്തത്തിലെ കൊഴുപ്പിലെ വർധന, ഹോർമോൺ ചികിത്സ, മുലയൂട്ടാൻ വിമുഖത തുടങ്ങി നിരവധി ഘടകങ്ങൾ സ്തനാർബുദ കാരണങ്ങളായി കണ്ടെത്തിയിട്ടുണ്ട്.

ഉചിതമായ ജീവിതക്രമീകരണത്തിലൂടെയും (വ്യായാമം, ഭക്ഷണരീതി ക്രമീകരണം) , സ്തനസ്വയം പരിശോധന (Breast Self- Examination), മാമോഗ്രാഫി ടെസ്റ്റ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയും സ്തനാർബുദ സാധ്യത തടയാനും രോഗം പ്രാരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകാനും കഴിയും ഇതിലേക്കുള്ള ഒരു സമഗ്ര സ്തനാർബുദ നിയന്ത്രണ പദ്ധതി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നത് പരിഗണിക്കേണ്ടതാണ്. കാൻസർ ചികിത്സകർ, സ്ത്രീ രോഗ ചികിത്സകർ, പൊതുജനാരോഗ്യ വിദഗ്ധർ എന്നിവരുമായി ചർച്ചചെയ്ത് പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കാവുന്നതാണ്.

പകർച്ചവ്യാധികൾ
പകർച്ചേതര രോഗങ്ങളോടൊപ്പം കേരളത്തിൽ നിരവധി പകർച്ചവ്യാധികളും നിലനിൽക്കുന്നു. പകർച്ചേതര -– പകർച്ചാവ്യാധികളുടെ ഇരട്ട രോഗഭാരം പേറുന്ന സമൂഹമായി കേരളം മാറിയിരിക്കുകയാണ്. ഡങ്കി, ചിക്കുൻ ഗുനിയ, എച്ച് 1 എൻ 1. വയറിളക്ക രോഗങ്ങൾ, എലിപ്പനി (Leptospirosis), വെസ്റ്റ് നൈൽ, മസ്തിഷ്കജ്വരം (Japanese Encephalitis), സ്ക്രബ് ടൈഫസ് (Scrub Typhus), കരിമ്പനി (Leishmaniasis), കുരങ്ങ്പനി (Kyasanur Forest Disease) തുടങ്ങിയ പകർച്ചവ്യാധികൾ കേരളത്തിൽ പ്രാദേശിക രോഗമായി (Endemic) ഏറിയും കുറഞ്ഞും നിലനിൽക്കുകയും നിരവധിപ്പേരുടെ ജീവൻ വർഷംതോറും അപഹരിച്ചു വരികയുമാണ്. നിപ, സിക തുടങ്ങിയ രോഗങ്ങളും കേരളത്തിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൊതുകുകൾ, കീടങ്ങൾ എന്നിവയാണ് ഇവയിൽ മിക്ക രോഗങ്ങളും പരത്തുന്നത്. കേരളീയർ കൂടുതലായി ഉപയോഗിക്കുന്ന കിണർ വെള്ളത്തിലെ ജൈവമാലിന്യം വളരെ കൂടുതലാണ്. വയറിളക്ക രോഗങ്ങൾക്കു കാരണമായ ഇ കോളൈ (Escherichia coli) കിണർ വെള്ളത്തിൽ വ്യാപകമായി കാണുന്നുണ്ട്. കക്കൂസ് നിർമ്മാണത്തിലെ അപാകതകളാണ് ഇതിനൊരു കാരണം. അടുത്തകാലത്തായി പേപ്പട്ടി വിഷബാധയും കേരളത്തിൽ വർധിച്ചുവരികയാണ്. ഭക്ഷ്യമാലിന്യങ്ങൾ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നതാണ് തെരുവു നായ്ക്കളുടെ വർധനക്കുള്ള പ്രധാനകാരണം.

ഇത്തരം രോഗങ്ങൾ തടയുന്നതിനായി കൊതുകു നശീകരണം, മാലിന്യനിർമ്മാർജ്ജനം, ശുദ്ധജലലഭ്യത എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. ഈഡിസ് ഈജിപ്റ്റൈ കൊതുകുകളുടെ സാന്ദ്രത കുറയ്-ക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാരകമായ മഞ്ഞപ്പനിയും കേരളത്തിൽ എത്താൻ സാധ്യതയുണ്ട്. കൊതുക് നശീകരണം വേണ്ടത്ര മുന്നോട്ടുകൊണ്ടു പോവാൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. പ്രാണീജന്യ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ-, തദ്ദേശ സ്വയം ഭരണ വകുപ്പുകൾ സംയുക്തമായി വെക്ടർ കൺട്രോൾ പ്രോഗ്രാം ഫലവത്തായി നടപ്പിലാക്കേണ്ടതുണ്ട്. അധികം പേരെ ബാധിക്കാതെയാണെങ്കിലും ആവർത്തിച്ച് പ്രത്യേക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന നിപ, സ്ക്രബ് ടൈഫസ്, കരിമ്പനി, കുരങ്ങുപനി എന്നിവ നിയന്ത്രിക്കുന്നതിനായി അതത് രോഗങ്ങളുടെ സവിശേഷ രോഗഉറവിട വ്യാപനരീതികൾ പരിഗണിച്ച് ഉചിതമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കേണ്ടതാണ്.

ഫ്ലൂ വാക്സിനും രോഗം ബാധിച്ചാൽ ചികിത്സക്കായുള്ള ആന്റി വൈറൽ മരുന്നും ലഭ്യമാണെങ്കിലും എച്ച് 1 എൻ 1 മൂലം വർഷം തോറും കുറഞ്ഞത് അൻപത് പേരെങ്കിലും മരണമടയുന്നുണ്ട്. അത് ഒഴിവാക്കപ്പെടേണ്ടതാണ്. ഫ്ലൂ പ്രതിരോധത്തിനുള്ള വാക്സിനേഷൻ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇതേപോലെ രോഗപ്രതിരോധത്തിനും ചികിത്സയ്-ക്കും മരുന്ന് ലഭ്യമായ എലിപ്പനിമൂലമുള്ള മരണങ്ങളും തടയേണ്ടതാണ്. എലികളെ നിയന്ത്രിച്ചും പാടത്തും കന്നുകാലിത്തൊഴുത്തിലും മറ്റും ജോലിചെയ്യുന്നവർ ഷൂസും കൈയുറയും ധരിച്ചും എലിപ്പനി പ്രതിരോധിക്കാൻ ശ്രമിക്കേണ്ടതാണ്.

പകർച്ച-–പകർച്ചേതര രോഗങ്ങൾ ഒരു വിഷമവൃത്തം പോലെ അനേ-്യാന്യം രോഗമൂർച്ചയ്-ക്കും കാരണമാവുന്നു,. പകർച്ചവ്യാധികൾ പ്രമേഹം പോലുള്ള രോഗങ്ങളെ മൂർച്ചിപ്പിക്കയും ചെയ്യും. പകർച്ചേതര അനുബന്ധ രോഗമുള്ളവരിലാണ് കോവിഡ് പോലുള്ള പകർച്ചവ്യാധികൾ മരണത്തിനും ഗുരുതരാവസ്ഥകൾക്കും കാരണമാവുന്നത്, കേരളത്തിലെ പകർച്ച-– പകർച്ചേതര രോഗാതുരത നിയന്ത്രിക്കുന്നതിനായി വ്യക്തമായ കാര്യപരിപാടികൾ ആസൂത്രണം ചെയ്ത് ബൃഹത്തായ കർമ്മപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടിയിരിക്കുന്നു.

ശിശുമരണനിരക്ക്, ആയുർദൈർഘ്യം തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം ആരോഗ്യമേഖലയിൽ വികസിതരാജ്യങ്ങൾക്ക് ഏതാണ്ട് തുല്യമായ സ്ഥാനം നേടിയതായി കരുതപ്പെടുന്നത്. എന്നാൽ വികസ്വരരാജ്യങ്ങളിൽ നിന്നും ആരോഗ്യമേഖലയിൽ മികച്ചുനിൽക്കുന്ന ക്യൂബ, നിക്കാരാ ഗ്വെ, ശ്രീലങ്ക തുടങ്ങിയ വികസ്വരരാജ്യങ്ങളിൽ നിന്നും തുടച്ചുനീക്കപ്പെടുകയോ പൂർണ്ണമായി നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകർച്ചവ്യാധികൾ പലതും കേരളത്തിൽ കാണപ്പെടുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. പകർച്ചവ്യാധികളുടെയും മറ്റും സാന്നിധ്യം പരിഗണിച്ച് നിഷേധ പരിഗണന (നെഗറ്റീവ് വെയ്റ്റേജ്) നൽകിയാൽ കേരളം ആരോഗ്യമികവിൽ മറ്റു രാജ്യങ്ങളുടെ പട്ടികയിൽ പുറകിലാവാൻ സാധ്യതയുണ്ട്.

സബ് സെന്ററുകൾ ശക്തിപ്പെടുത്തുക
ആരോഗ്യമേഖലയെ വലിയ നവീകരണത്തിന് വിധേയമാക്കിയ ആർദ്രം മിഷൻ വിപുലീകരിച്ച് രോഗാതുരത കുറച്ച് ഗുണാത്മക ആരോഗ്യമുള്ള ജനസമൂഹമായി കേരളത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള പദ്ധതികൾ ആരോഗ്യ വകുപ്പ് തയ്യാറാക്കിവരുന്നുണ്ട് എന്നത് ശുഭാപ്തി വിശ്വാസം നൽകുന്നുണ്ട്. ആർദ്രം മിഷന്റെ ഭാഗമായി പകർച്ചേതര രോഗങ്ങൾ, മാനസികരോഗം, ശ്വാസകോശരോഗങ്ങൾ എന്നിവയ്-ക്കായി പ്രത്യേക ക്ളിനിക്കുകൾ സ്ഥാപിച്ചും അവശ്യ മരുന്നുകളെല്ലാം ലഭ്യമാക്കിയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ചികിത്സാസംവിധാനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും ആരോഗ്യ പോഷണത്തിനുമായി പ്രവർത്തിക്കേണ്ട സബ്സെന്ററുകളുടെ പ്രവർത്തനം വേണ്ടത്ര മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ആർദ്രം മിഷന്റെ തുടർപ്രവർത്തനങ്ങളിൽ സബ്സെന്ററുകളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. സബ്സെന്ററുകളെ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് അതേപോലെ കേന്ദ്രസർക്കാരിന്റെ പദ്ധതിയായ വെൽനസ് ക്ളിനിക്കുകൾ സബ് സെന്ററുകൾ കേന്ദ്രീകരിച്ചു നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുമുണ്ട്. ഇതെല്ലാം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ചികിത്സാവിഭാഗങ്ങളുടെ അനുബന്ധങ്ങളായി മാറാതെ രോഗപ്രതിരോധത്തിനു കൂടുതൽ ഊന്നൽ നൽകുന്ന കേന്ദ്രങ്ങളാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കോവിഡാനന്തര രോഗങ്ങൾ
കോവിഡ് കാലത്തിനുശേഷം വലിയൊരു ജനവിഭാഗം ആളുകൾ വിധേയമാവാൻ സാധ്യതയുള്ള കോവിഡാനന്തര രോഗങ്ങൾമൂലം (Post Covid Syndromes) കേരളീയരുടെ രോഗാതുരത ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. ഇവർക്ക് ഉചിതമാ‍യ ചികിത്സ നൽകാൻ ഇതിനകം ആരംഭിച്ചിട്ടുള്ള ചികിത്സാകേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിവരും.

മാനസികാരോഗ്യം
കേരളസമൂഹത്തിൽ വർധിച്ചുവരുന്ന ആത്മഹത്യാപ്രവണത, മയക്കുമരുന്ന് ആസക്തി, സ്ത്രീപീഡനം, മദ്യപാനം, ഹിംസാത്മകത, അന്ധവിശ്വാസങ്ങൾ തുടങ്ങിയ നിരവധി സാമൂഹ്യതിന്മകൾക്ക് കേരളീയരുടെ ദുർബലമായ മാനസികാരോഗ്യവും ഒരു പ്രധാന കാരണമാണ്. ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ശാരീരികപ്രശ്നങ്ങൾ പരിഹരിക്കാൻ കാട്ടുന്ന താത്പര്യം വ്യക്തികളും സമൂഹവും മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ സ്വീകരിച്ചു കാണുന്നില്ല, കേരളീയരുടെ മാനസികാരോഗ്യത്തെക്കുറിച്ചു നടത്തിയ ഒരു പഠന പ്രകാരം 2002 നും 2018 നുമിടക്ക് മാനസികരോഗങ്ങളിൽ വലിയ വർധനയുണ്ടതായി കണ്ടെത്തിയിട്ടുണ്ട്. 2008 ൽ ആയിരം പേരിൽ 272 പേർക്കാണ്- മാനസികരോഗമുണ്ടായിരുന്നത്. 2018 ൽ മാനസികരോഗികളുടെ എണ്ണം ആയിരത്തിന് 400 ആയി വർധിച്ചു. ഇവരിൽ കുറഞ്ഞത് 12% പേർക്കെങ്കിലും ആശുപത്രിചികിത്സ ആവശ്യമായ മാനസികരോഗങ്ങളുണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതേയവസരത്തിൽ രാജ്യം മൊത്തമെടുത്താൽ ഇതേകാലയളവിൽ മനോരോഗികളായിരുന്നവരുടെ എണ്ണം ആയിരംപേരിൽ 105 എന്നത് 100 ആയി കുറയുകയാണുണ്ടായത്.

കുട്ടിക്കാലത്തുതന്നെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികൾ ആവിഷ്കരിക്കേണ്ടതുണ്ട്. വിദ്യാലയആരോഗ്യപദ്ധതിയിലൂടെ ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യം സംരക്ഷിക്കുവാനും വിദ്യാർത്ഥികൾക്ക് ആരോഗ്യവിദ്യാഭ്യാസം നൽകാനും ലക്ഷ്യമിടേണ്ടതാണ്. ഇപ്പോൾ സ്കൂൾ– കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തപ്പെടേണ്ടതുണ്ട്. ആധുനിക കാലത്തിനനുസൃതമായി അധ്യാപകർക്കും മാതാപിതാക്കൾക്കും പരിശീലനം നൽകുകയും കൗൺസിലർമാർക്ക് പുന:പരിശീലനം നൽകുകയും ചെയ്യേണ്ടതാണ്.

ആരോഗ്യവകുപ്പ്, മെഡിക്കൽ കോളേജുകൾ എന്നിവയുടെ കീഴിലുള്ള മാനസികാരോഗ്യ വിഭാഗങ്ങൾ, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലുള്ള മൂന്ന് മാനസികാരോഗ്യ ആശുപത്രികൾ, കോഴിക്കോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ്, മെന്റൽ ഹെൽത്ത് അതോറിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ശക്തിപ്പെടുത്തേണ്ടതുണ്ട്. സ്വകാര്യമേഖലയിലും സന്നദ്ധമേഖലകളിലുമുള്ള മാനസികാരോഗ്യകേന്ദ്രങ്ങളുടെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്. അതോടൊപ്പം മാനസികാരോഗ്യചികിത്സകരുടെ എണ്ണത്തിൽ ഇപ്പോഴുള്ള കുറവും പരിഹരിക്കപ്പെടേതുണ്ട്. പതിനായിരം പേർക്ക് 3 വീതം സൈക്കിയാട്രിസ്റ്റുകളൂം ക്ളിനിക്കൽ സൈക്കോളജിസ്റ്റുകളും സൈക്കിയാട്രിക് സോഷ്യൽ വർക്കേഴ്സും, റീഹാബിലിറ്റേഷൻ വർക്കേഴ്സും വേണ്ടസ്ഥാനത്ത് കേരളത്തിൽ യഥാക്രമം 0.12, 0.06, 0.006, 1 എന്നിങ്ങനെ മാത്രമാണുള്ളത്. മാനസികാരോഗ്യ ചികിത്സകർക്കായി ഇപ്പോൾ നിലവിലുള്ള കോഴ്സുകളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചും കൂടുതൽ കേന്ദ്രങ്ങളിൽ കോഴ്സുകൾ ആരംഭിച്ചും ഈ കുറവ് പരിഹരിക്കേണ്ടതാണ്.