18‐ാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.ഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഈ മുദ്രാവാക്യം മുന്നോട്ടുവെക്കുന്നതിനുള്ള അടിസ്ഥാനം, ആര്‍.എസ്.എസ് സ്ഥാപിക്കപ്പെട്ട് 100 വര്‍ഷം പൂര്‍ത്തിയാവുന്ന 2025 ല്‍ ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യം തകര്‍ക്കുകയെന്ന കാഴ്ചപ്പാടോടുകൂടിയാണ്. ഭരണഘടന ഭേദഗതി ചെയ്ത് തങ്ങളുടെ അജൻഡ പ്രാവര്‍ത്തികമാക്കാനാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനുവേണ്ടി വലിയ പ്രചാരവേലയുമായി സംഘപരിവാര്‍ പുറപ്പെട്ടത്. എന്നാൽ ഈ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെന്നു മാത്രമല്ല കേവല ഭൂരിപക്ഷം തന്നെ ലഭിക്കാത്ത സാഹചര്യമാണുണ്ടായത്-. അവസാന ഘട്ടത്തില്‍ ബീഹാറിലും ആന്ധ്രപ്രദേശിലും മുന്നണി രൂപീകരിക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ കഴിയില്ലായിരുന്നു. ശക്തമായ ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ച് ജനങ്ങളെ അണിനിരത്താന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നുവെങ്കില്‍ ബി.ജെ.പിയുടെ സീറ്റ് നിലയില്‍ വലിയ കുറവ് ഉണ്ടാക്കാന്‍ പറ്റുമായിരുന്നു. ബിജെപിയും കോണ്‍ഗ്രസും മുഖാമുഖം ഏറ്റുമുട്ടിയ സംസ്ഥാനങ്ങളായ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണ്ണാടകം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ബി.ജെ.പിക്ക് വലിയ തോതിലുള്ള സീറ്റ് ലഭിച്ചത്. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികള്‍ വിശാലമുന്നണിക്കു നേതൃത്വം നൽകിയ തമിഴ്നാട്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വലിയ തിരിച്ചടി ബി.ജെ.പിക്കുണ്ടായത് എന്നും കാണാം.
18–ാം ലോക്സഭയില്‍ ബി.ജെ.പിക്ക് കേരളത്തില്‍ നിന്നും ഒരു സീറ്റ് നേടാനായിട്ടുണ്ട്. കേരളത്തില്‍ നേരത്തേയും എന്‍.ഡി.എക്ക് ഒരു സീറ്റ് ലഭിച്ചിരുന്നു. 2004ൽ നിയമസഭയില്‍ നേമത്തും ഒരു സീറ്റ് നേടാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. എന്നാല്‍ ഈ രണ്ട് സീറ്റുകളും പിന്നീട് നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല. മൂന്ന് സീറ്റുകളിലും ബി.ജെ.പി വിജയിച്ചപ്പോള്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്ത് എത്തുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. ഇത് കാണിക്കുന്നത് യു.ഡി.എഫും, ബി.ജെ.പിയും തമ്മില്‍ രഹസ്യ ധാരണകള്‍ രൂപപ്പെടുമ്പോഴാണ് അവര്‍ക്ക് വിജയിക്കാനാവുന്നത് എന്നതാണ്.
തൃശ്ശൂരില്‍ എന്‍.ഡി.എയുടെ വിജയം 74,656 വോട്ടുകള്‍ക്കാണ്. യു.ഡി.എഫിന് ഇവിടെ കഴിഞ്ഞ തവണ ലഭിച്ച 86,695 വോട്ടുകള്‍ കുറയുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. എല്‍.ഡി.എഫിനാവട്ടെ 16,196 വോട്ടുകള്‍ വര്‍ദ്ധിക്കുകയാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. ഈ തിരഞ്ഞെടുപ്പില്‍ 11 അസംബ്ലി മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ലീഡ് നേടാനായിട്ടുണ്ട്. തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് ഇതുണ്ടായിട്ടുള്ളത്. 2014 ലെ ലോക്-സഭ തിരഞ്ഞെടുപ്പില്‍ 4 സീറ്റുകളില്‍ ബി.ജെ.പിക്ക് ലീഡുണ്ടായിരുന്നു. എന്നാല്‍ ആ മണ്ഡലങ്ങളിലൊന്നും നിലനിര്‍ത്തുന്നതിന് പിന്നീട് ബിജെപിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സ്ഥായിയായ ഒരു മുന്നേറ്റമായി ഈ ലീഡ് നിലയെ വിലയിരുത്തേണ്ടതില്ല. എന്നാല്‍, ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടുന്നതിനിടയായ സാഹചര്യങ്ങള്‍ മനസ്സിലാക്കി തിരുത്തി മുന്നോട്ടുപോകുകയെന്നത് ഏറെ പ്രധാനമാണു താനും.
കേരളത്തിലെ വോട്ടിംഗ് ശതമാനം പരിശോധിച്ചാല്‍ എല്‍.ഡി.എഫിന് 2019 ല്‍ ലഭിച്ചതിനേക്കാള്‍ 1.75 ശതമാനത്തിന്റെ കുറവാണ് കാണാനാവുന്നത്. 2019 ല്‍ 47.23 ശതമാനം വോട്ട് നേടിയ യു.ഡി.എഫിന് 45.12 ശതമാനം വോട്ട് മാത്രമേ ഇത്തവണ ലഭ്യമായിട്ടുള്ളൂ. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്. ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 4 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനത്തിലുള്ള വര്‍ദ്ധനവ് തീവ്ര ഹിന്ദുത്വ പ്രചരണത്തോടൊപ്പം തന്നെ മറ്റു വിഭാഗങ്ങളെക്കൂടി ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചും കൂടെ നിര്‍ത്തിയതിന്റെ ഫലം കൂടിയാണ്. ഇത് എല്ലാ കാലവും ആവര്‍ത്തിക്കാന്‍ കഴിയുകയില്ലായെന്നോര്‍ക്കണം.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 16 അസംബ്ലി മണ്ഡലങ്ങളിലായിരുന്നു എല്‍.ഡി.എഫിന് ഭൂരിപക്ഷം. എന്നാല്‍, 2024 ആകുമ്പോഴേക്കും അത് 18 മണ്ഡലങ്ങള്‍ എന്ന നിലയില്‍ ഉയരുകയാണുണ്ടായത്. പിന്നീട് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലും വലിയ വിജയം നേടിയാണ് എല്‍.ഡി.എഫ് അധികാരത്തിലെത്തിയത്. ഒരു തിരിച്ചടിയെന്നുള്ളത് സ്ഥായിയായ വിജയമായി കണക്കാക്കേണ്ട കാര്യമില്ല. കഴിഞ്ഞകാല അനുഭവങ്ങളും അതാണ് കാണിക്കുന്നത്. 2019 ല്‍ ഒരു സീറ്റ് നേടിയ എല്‍.ഡി.എഫാണ് പിന്നീട് തുടര്‍ച്ചയായ വിജയങ്ങളിലേക്ക് എത്തിച്ചേര്‍ന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
കേരളത്തിലെ എല്‍.ഡി.എഫിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുണ്ടാകുന്ന ആപത്തിനെക്കുറിച്ച് ശക്തമായ പ്രചരണമാണ് എല്‍.ഡി.എഫ് നടത്തിയത്. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനും, ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ രൂപപ്പെടുത്തുന്നതിനും ഇടതുപക്ഷത്തിന്റെ അംഗസംഖ്യ പാര്‍ലമെന്റില്‍ വര്‍ദ്ധിക്കേണ്ടതിന്റെ പ്രാധാന്യം കൂടിയാണ് ഇടതുപക്ഷം മുന്നോട്ടുവെച്ചത്.
കേന്ദ്രത്തില്‍ അധികാരത്തിലെത്താനോ, കൂടുതല്‍ എണ്ണം സീറ്റുകള്‍ നേടാനോ എല്‍.ഡി.എഫിന് കഴിയുന്ന സാഹചര്യമല്ല ഉള്ളതെന്ന് കേരളത്തിലെ ഒരു വലിയ വിഭാഗം വോട്ടര്‍മാര്‍ വിലയിരുത്തി. അതുകൊണ്ട് ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ കൊണ്ടുവരികയെന്ന സമീപനമാണ് മതനിരപേക്ഷത സംരക്ഷിക്കണമെന്ന് താല്‍പര്യമുള്ള ജനവിഭാഗങ്ങള്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ യാതൊരു പ്രവര്‍ത്തനവും നടത്താതെ തന്നെ ഈ വിഭാഗം യു.ഡി.എഫിനനുകൂലമായി വോട്ട് ചെയ്യുന്ന നിലയുണ്ടായി. അത്തരമൊരു നിലപാടാണ് യു.ഡി.എഫിന് കൂടുതൽ വോട്ട് ലഭിക്കുന്ന സാഹചര്യമുണ്ടാക്കിയത്. അല്ലാതെ യു.ഡി.എഫിന്റെ രാഷ്ട്രീയ നയത്തോട് കേരള ജനതക്കുണ്ടായ താല്‍പര്യമാണ് എന്നു വിലയിരുത്തേണ്ടതില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ സ്ഥിതിവിശേഷം പൊതുവില്‍ ആവര്‍ത്തിച്ചുവെന്നാണ് കാണേണ്ടത്. അതുകൊണ്ടുതന്നെ ഈ തിരിച്ചടി പലരും പ്രചരിപ്പിക്കുന്നതുപോലെ എല്‍.ഡി.എഫിന്റെ അടിത്തറയെ തകര്‍ക്കുന്ന ഒന്നായിരുന്നുവെന്ന് കാണേണ്ടതില്ല.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലാത്ത പ്രവര്‍ത്തനമാണ് തിരിച്ചടിക്കു കാരണമായത് എന്ന് ചിലര്‍ വിലയിരുത്തുന്നുണ്ട്. ഇതു വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ജനങ്ങള്‍ക്ക് നല്‍കിയ 900 വാഗ്ദാനങ്ങളും നിറവേറ്റാന്‍ പറ്റുന്നവിധമുള്ള നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് എന്നു വ്യക്തമാകും. അതിന്റെ അടിസ്ഥാനത്തില്‍ അവ പൂര്‍ത്തീകരിക്കുന്ന സ്ഥിതിയുണ്ട്. ഓരോ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമ്പോഴും കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് സര്‍ക്കാരിന്റെ നേട്ടമെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്യുന്ന സ്ഥിതി ഉയര്‍ന്നുവരും. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ എല്‍.ഡി.എഫിന്റെ തിരിച്ചുവരവ് ഇതാണ് കാണിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നവകേരള സൃഷ്ടിക്കുവേണ്ടിയുള്ള വ്യക്തമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ പ്രകടന പത്രിക അംഗീകരിച്ച ശേഷം കേരളത്തിന്റെ തുടര്‍ഭരണത്തിന്റെ സാഹചര്യത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാമെന്ന ആത്മവിശ്വാസം സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ് സംസ്ഥാനത്തിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത ഉപരോധം പ്രഖ്യാപിച്ചത്. സംസ്ഥാനത്തിനു ലഭിക്കേണ്ട 1,57,000 ത്തോളം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുന്ന സാഹചര്യമുണ്ട്.
സംസ്ഥാനത്തിനോട് കാണിക്കുന്ന അവഗണനയുടെ തലം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ഇത്തരം നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍പ്പോയി സമരം നടത്തേണ്ട സാഹചര്യം സംസ്ഥാനത്ത് രൂപപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും, എം.പിമാരും, എം.എല്‍.എമാരും എല്ലാം ചേര്‍ന്ന് വലിയ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളും ഈ സമരത്തിനോട് ഐക്യപ്പെട്ട് മുന്നോട്ടുവരികയും ചെയ്തു. ഇതേ മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ കൂടി സമര രംഗത്ത് വന്നതോടെ അതുവരെ ഇതിനെ എതിര്‍ത്തുവന്നിരുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്തുവരികയും ചെയ്തു. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുവാനുള്ള നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. ഇങ്ങനെ സംസ്ഥാനത്ത് എല്‍.ഡി.എഫ് വിരുദ്ധമായ രാഷ്ട്രീയ ശക്തികളും, അവരെ പിന്തുണയ്ക്കുന്ന വലതുപക്ഷ മാധ്യമങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഫലപ്രദമല്ലയെന്ന പ്രചരണം സംഘടിപ്പിക്കുകയും ചെയ്തു.
സംസ്ഥാന ഭരണം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം രാഷ്ട്രീയ താല്‍പര്യത്തോടുകൂടി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക ഉപരോധവും അതിനെ പിന്തുണച്ചുകൊണ്ടുള്ള യു.ഡി.എഫ് നിലപാടുമാണ്. ജിഎസ്ടി വന്നതോടെ സംസ്ഥാന സര്‍ക്കാരിന് സ്വന്തമായി നികുതി ചുമത്താനുള്ള അവകാശമില്ലാതായി. ഇങ്ങനെ സംസ്ഥാനത്തിന് നികുതി ചുമത്താനുള്ള അവകാശമില്ലാതിരിക്കുകയും കേന്ദ്രം അര്‍ഹതപ്പെട്ട വിഹിതം നല്‍കാതിരിക്കുകയും ചെയ്യുമ്പോള്‍ ഏതു സംസ്ഥാന ഗവണ്‍മെന്റും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളാണ് ഈ സര്‍ക്കാരിനും നേരിടേണ്ടിവന്നത്. എന്നിട്ടും സംസ്ഥാനത്തു നിന്ന് 30,000 കോടിയോളം രൂപ കൂടുതല്‍ പിരിച്ചെടുത്തുകൊണ്ടാണ് ഈ പ്രതിസന്ധി തരണം ചെയ്ത് മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞത്. കേരളത്തിന് അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍കാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചതും, അതിന്റെ അടിസ്ഥാനത്തില്‍ ഇടക്കാലവിധി പുറപ്പെടുവിച്ചതും. ഇപ്പോള്‍ അത് ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയുമാണ്.
ഗവര്‍ണറെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം കേരളത്തിലും അരങ്ങേറി. എല്ലാ ഭരണഘടനാപരമായ കാഴ്ചപ്പാടുകളേയും കാറ്റില്‍പ്പറത്തി നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍ പോലും ഒപ്പിടാതെ കാലതാമസം വരുത്തുന്ന നടപടികളും ഇവിടെ അരങ്ങേറി. ഇത് സംസ്ഥാനത്ത് ഭരണത്തിന് ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക് പോകുന്നത്. ഇങ്ങനെ നിരന്തരമായ ഭരണഘടനാ വിരുദ്ധ നടപടികളിലൂടെ സംസ്ഥാന സര്‍ക്കാരിനെ ശ്വാസംമുട്ടിക്കാനാണ് ഇവര്‍ ശ്രമിച്ചത്. അതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് എതിരായ പ്രചരണത്തിലും ഇവര്‍ നേതൃത്വം നല്‍കുന്ന സ്ഥിതി ഈ തിരഞ്ഞെടുപ്പിലും ഉണ്ടായിട്ടുണ്ട്.
രാഷ്ട്രീയ താല്‍പര്യത്തോടുകൂടി സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നതിന് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും, എന്നിട്ട് സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന് പറഞ്ഞുപരത്തുകയും ചെയ്യുന്ന തന്ത്രമാണ് ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും, ബി.ജെ.പിയും സ്വീകരിച്ചത്. അല്ലാതെ കേരളത്തിലെ പ്രശ്നങ്ങള്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാരാണ് കാരണമെന്ന പ്രചരണം യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതാണ്. ലോക്-സഭ തിരഞ്ഞെടുപ്പ് വിധിയുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കി ഇടപെടുന്നതിനുപകരം കൂടുതല്‍ ശക്തമായി ഇടപെടുമെന്ന പ്രഖ്യാപനവുമായി ബി.ജെ.പി മുന്നോട്ടുവരികയാണ്.
2021ൽ എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടായതോടെ പ്രതിപക്ഷ കക്ഷികള്‍ക്ക് വിറളി പിടിക്കുന്ന സാഹചര്യമാണ് നിലവിൽ വന്നത്. മുല്ലപ്പള്ളി രാമചന്ദ്രന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും, രമേശ് ചെന്നിത്തലയ്-ക്ക് പ്രതിപക്ഷ നേതാവ് സ്ഥാനവും നഷ്ടപ്പെടുന്ന സ്ഥിതിക്കാണ് ഇത് ഇടയാക്കിയത്. ഇപ്പോൾ തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ട് ബി.ജെ.പിയിലേക്ക് മറിച്ച പ്രശ്നവുമായി ബന്ധപ്പെട്ട് വലിയ സംഘര്‍ഷമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ബി.ജെ.പിയിലാവട്ടെ സംസ്ഥാന പ്രസിഡന്റും, അവരുടെ വക്താവും തമ്മിലുള്ള ഏറ്റുമുട്ടലുകളും പരസ്യമായിക്കഴിഞ്ഞിരിക്കുകയാണ്.
തുടര്‍ഭരണത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലുള്ള ബോധപൂര്‍വ്വമായ പ്രചാരവേലകള്‍ വലതുപക്ഷ ശക്തികളും, അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ചെയ്തുവരികയാണ്. ഇത്തരം പ്രചരണങ്ങളുടെ യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകളുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത സ്ഥാപനത്തില്‍ ഇല്ലാത്ത അക്കൗണ്ടില്‍ പണമുണ്ടെന്ന് പറഞ്ഞുള്ള പ്രചരണങ്ങളും അവര്‍ നടത്തിയെങ്കിലും ആരും അത് അംഗീകരിക്കുന്ന സ്ഥിതിയുണ്ടായില്ല.
യു.ഡി.എഫിന് കേരളത്തില്‍ സീറ്റുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പിക്ക് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായിട്ടുണ്ടെങ്കിലും ഈ പാർടികൾക്കിടയിലെ സംഘര്‍ഷത്തിന്റെ തോതിന് ഒരു കുറവുമുണ്ടായിട്ടില്ല. വിജയം ആഹ്ലാദമല്ല വേദനയാണ് കോണ്‍ഗ്രസിന് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ യു.ഡി.എഫിനും, ബി.ജെ.പിക്കും അകത്ത് സംഘര്‍ഷത്തിന്റെ വിത്ത് പാകിയാണ് സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം കടന്നുപോയത്. അത് കൂടുതല്‍ ശക്തിപ്രാപിക്കുന്ന നിലയായിരിക്കും അടുത്ത ദിവസങ്ങളിലായി നമ്മള്‍ കാണാന്‍ പോകുന്നത്.