ആരോഗ്യ മേഖലയും കേരളവും 2

മെഡിക്കൽ കോളേജുകളിൽ വൻ വികസനം
തൃതീയ തലത്തില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് വലിയ തുക തന്നെ കിഫ്ബിയില്‍ നിന്നും ലഭ്യമാക്കി. 760 കോടിയിലേറെ രൂപയാണ് തിരുവനന്തപുരം മെഡിക്കല്‍ കേളേജിന് ലഭ്യമായത്. ഇതുപോലെ മറ്റെല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും മാസ്റ്റര്‍ പ്ലാനിനനുസരിച്ച് പണം ലഭ്യമാക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ചില പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി, ചിലത് ഇപ്പോഴും തുടരുകയാണ്. മെഡിക്കല്‍ കോളേജുകളില്‍ വന്നുചേരുന്ന ജനത്തിരക്ക് ഒരു പ്രധാനപ്പെട്ട പ്രശ്നമായി കേരളത്തില്‍ അനുഭവപ്പെടുന്നുണ്ട്. പ്രാഥമിക – ദ്വിതീയ തലങ്ങളെ ശക്തമാക്കി രോഗികളെ താഴേക്ക് വിന്യസിക്കുന്നതിലൂടെ മാത്രമേ മെഡിക്കല്‍ കോളേജുകളിലെ അനാവശ്യമായ തിരക്ക് ഒഴിവാക്കാന്‍ സാധിക്കുകയുള്ളു. മെഡിക്കല്‍ കോളേജുകള്‍ എറ്റവും മികച്ച റിസര്‍ച്ച് സെന്ററുകളും പഠന കേന്ദ്രങ്ങളുമായി മാറേണ്ടതുണ്ട്. അതോടൊപ്പം മികച്ച ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്ന സംവിധാനങ്ങളും മെഡിക്കല്‍ കോളേജുകളില്‍ ഒരുങ്ങണം. ഇങ്ങനെയൊരു മാറ്റം ഭാവിയില്‍ ഉണ്ടാക്കുന്നതിനുവേണ്ടിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍ ഈ കാര്യം പൂര്‍ണമായി നടപ്പിലായെന്ന് പറയാന്‍ കഴിയില്ല. കാരണം പൂര്‍ണമായി പ്രാഥമിക – ദ്വിതീയ മേഖലകള്‍ സജ്ജമായാല്‍ മാത്രമേ ഈ കാര്യങ്ങള്‍ പ്രാവര്‍ത്തികമാവുകയുള്ളു. ഒരേ സമയത്ത് പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഇത്തരത്തിലുള്ള പുനര്‍വിന്യാസ നടപടികളും കൈക്കൊള്ളേണ്ടതുണ്ട്. മെഡിക്കല്‍ കോളേജുകളിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളെയും അഭിവൃദ്ധിപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങളാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ സജ്ജമാക്കുകയും എല്ലാ വിധത്തിലുള്ള ചികിത്സാ സൗകര്യങ്ങളും മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതിന്റെ അടിസ്ഥാനത്തില്‍ കാന്‍സര്‍ ചികിത്സാ വിഭാഗവും ശസ്ത്രക്രിയാ വിഭാഗവുമൊക്കെ ശക്തമാക്കാന്‍ നല്ല പരിശ്രമം നടന്നു. പ്രധാനപ്പെട്ട കാന്‍സര്‍ സെന്ററുകള്‍ക്കു പുറമെ എല്ലാ മെഡിക്കല്‍ കോളേജുകളിലും കാന്‍സര്‍ ചികിത്സാ വിഭാഗം ശക്തമാക്കി മാറ്റുകയുണ്ടായി. ഇതോടൊപ്പം തന്നെ ശസ്ത്രക്രിയാ വിഭാഗങ്ങളും നവീകരിക്കാന്‍ സാധിച്ചു. കരള്‍ മാറ്റ ശസ്ത്രക്രിയ ഗവൺമെന്റ് മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമായിരുന്നില്ല. 2019–20 കാലഘട്ടത്തില്‍ അതിനുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും കോട്ടയം മെഡിക്കല്‍ കോളേജില്‍ 2021 ല്‍ കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തുകയും ചെയ്തുവെന്നത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുദാഹരണമാണ്. എന്നാല്‍ പശ്ചാത്തല സൗകര്യങ്ങള്‍ പൂര്‍ണമാകുന്നതോടുകൂടി മാത്രമേ എല്ലാ ആധുനിക സംവിധാനങ്ങളും പൂര്‍ണമായി മെഡിക്കല്‍ കോളേജുകളില്‍ വിന്യസിക്കാന്‍ കഴിയുകയുള്ളു.

അപകട മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു
പൊതുജനാരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതില്‍ നടത്തിയ മറ്റൊരു ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് അപകടമരണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി അടിയന്തിര ചികിത്സാ വിഭാഗത്തില്‍ നടത്തിയ പരിഷ്കരണങ്ങള്‍. എല്ലാ ആശുപത്രികളുടെയും കാഷ്വാലിറ്റികള്‍ നവീകരിക്കാന്‍ തീരുമാനിച്ചു. സമ്പൂര്‍ണ ട്രോമാ കെയര്‍ പദ്ധതി സംസ്ഥാനത്ത് ആവിഷ്കരിക്കുകയും മെഡിക്കല്‍ കോളേജുകളില്‍ ഏറ്റവും ആധുനിക ട്രോമാ കെയര്‍ സംവിധാനം ലഭ്യമാക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡല്‍ഹി എയിംസിന്റെ മാതൃകയിലുള്ള ഏറ്റവും ആധുനികമായ ട്രോമാ കെയര്‍ സംവിധാനം നിലവില്‍ വന്നു. ട്രയാജ് സംവിധാനവും ആധുനിക സര്‍ജറി വിഭാഗവുമെല്ലാം ചേര്‍ന്ന ഈ പദ്ധതി അഭിമാനകരമായൊരു നേട്ടമാണ്.

മറ്റ് മെഡിക്കല്‍ കോളേജുകളിലും ഇതിന് സമാനമായ സൗകര്യങ്ങള്‍ തയ്യാറാക്കിവരുന്നു. തിരുവന്തപുരത്ത് ഇതുമായി ബന്ധപ്പെട്ട സ്റ്റിമുലേഷന്‍ സെന്റര്‍ ആരംഭിക്കുകയും നിരന്തരമായ പരിശീലന പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. 315 ജീവന്‍ രക്ഷാ ആംബുലന്‍സുകള്‍ (കനിവ്þ108) സംസ്ഥാനത്ത് ഉടനീളം വിന്യസിച്ചു. ട്രോമ കെയര്‍ പദ്ധതിയുടെ മൂന്നാംഘട്ടമായി പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നതിന് തീരുമാനിക്കുകയും എറണാകുളത്ത് അത്തരം പരിശീലന പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ച്ചയായ പരിശീലന പദ്ധതിയിലൂടെ ബഹുജനങ്ങളെ അപകട സമയത്തുള്ള സുരക്ഷാ നടപടികളെക്കുറിച്ച് ബോധവല്‍ക്കരിക്കേണ്ടതുണ്ട്.

അപകടമരണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഈ ആരോഗ്യ വിദ്യാഭ്യാസം തീര്‍ച്ചയായും ഉതകും. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന നിര്‍ദ്ദേശങ്ങളുടെ ഭാഗമായി 23 പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് 2025 ഓടുകൂടി കൈവരിക്കാനുള്ള നേട്ടങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ക്ഷയ രോഗം, കുഷ്ഠ രോഗം, മന്ത് രോഗം തുടങ്ങിയവയുടെ പകര്‍ച്ച ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍, മാതൃ–ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍, പകര്‍ച്ച വ്യാധി വ്യാപനത്തിനെതിരായ പദ്ധതികള്‍, ജീവിത ശൈലീരോഗ നിയന്ത്രണ പദ്ധതികള്‍ തുടങ്ങി എല്ലാ മേഖലയെയും സ്പര്‍ശിച്ചുകൊണ്ടുള്ള ആരോഗ്യ ലക്ഷ്യങ്ങളാണ് ഈ സുസ്ഥിര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവ നടപ്പിലാക്കുന്നതിനാവശ്യമായ പ്രത്യേക സംഘങ്ങളെ നിശ്ചയിക്കുകയും പ്രത്യേക പരിശീലനങ്ങളിലൂടെയും പദ്ധതി രൂപീകരണത്തിലൂടെയും ഈ ടീമുകളുടെ ഇടപെടലുകള്‍ വലിയ തോതില്‍ ഫലമുണ്ടാക്കുകയും ചെയ്തു. ഇതില്‍ എടുത്തുപറയത്തക്ക നേട്ടമുണ്ടായത് ശിശുമരണ നിരക്കിലെ കുറവാണ്. 2016 ല്‍ 1000 പ്രസവത്തിന് 12 എന്നതായിരുന്നു ശിശുമരണ നിരക്കെങ്കില്‍ 2020 ല്‍ അത് 5.4 ആയി കുറയുകയുണ്ടായി. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതിയില്‍ നിരവധി ഉപ പദ്ധതികള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നാണ് ജന്മനാ ഉള്ള ഹൃദയ വൈകല്യം കാരണം കുട്ടികള്‍ മരണപ്പെടുന്നത് ഒഴിവാക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ഹൃദ്യം പദ്ധതി. മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിനും ഇതുപോലുള്ള നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. വലിയ നേട്ടമാണ് ഈ രംഗത്ത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നമുക്ക് കൈവരിക്കാന്‍ സാധിച്ചത്. കേരളത്തിലെ മാതൃമരണ നിരക്ക് 2016 ല്‍ 1ലക്ഷം പ്രസവത്തിന് 67 എന്നതായിരുന്നു.

മാതൃമരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞു
ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശമനുസരിച്ച് ഇന്ത്യാ ഗവണ്‍മെന്റ് മുന്നോട്ടുവച്ചത് എല്ലാ സംസ്ഥാനങ്ങളും മാതൃമരണ നിരക്ക് 67 ല്‍ താഴെയായി കുറയ്ക്കണം എന്നാണ്. എന്നാല്‍ നമുക്ക് ആ ലക്ഷ്യം 2016 ല്‍ തന്നെ പ്രാപ്തമായതിനാല്‍ മാതൃമരണ നിരക്ക് വീണ്ടും കുറയ്ക്കുന്നതിന് നാം ആലോചിച്ചു. ഒരു പ്രത്യേക മുദ്രാവാക്യം എന്ന നിലയില്‍ ഈ ടീം മുന്നോട്ടുവച്ചത് 2020 ഓടെ മാതൃമരണനിരക്ക് 30 ആയും 2030ഓടുകൂടി 20 ആയും കുറയ്ക്കുക എന്നുള്ളതാണ് (Thirty By Twenty Twenty By Thirty) കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പ്രസവ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കുകയും മറ്റ് ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയുമൊക്കെ ചെയ്തതിന്റെ ഭാഗമായി 2018 ല്‍ 43 ആയും 2020 ല്‍ 20 ആയും മാതൃമരണ നിരക്ക് കുറയ്ക്കാന്‍ സാധിച്ചു. ഇതും ആരോഗ്യ രംഗത്ത് ഉണ്ടാക്കിയിട്ടുള്ള വലിയ മുന്നേറ്റമാണ്.

ഇതോടൊപ്പം തന്നെ അന്താരാഷ്ട്ര ഉച്ചകോടികള്‍ സൂചിപ്പിച്ച പല കാര്യങ്ങളിലും കേരളം ഇടപെടല്‍ നടത്തി. അതിലൊന്ന് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് വഴിയുണ്ടാവുന്ന പ്രശ്നങ്ങളില്‍ പ്രതികരിക്കുകയായിരുന്നു. വിദഗ്ധരെ പങ്കെടുപ്പിച്ച് കേരള ആന്റി മൈക്രോബിയല്‍ ആക്ഷന്‍ പ്ലാന്‍ (KARSAP) രൂപീകരിക്കുകയും ഉപയോഗ ശൂന്യമായ ആന്റിബയോട്ടിക്കുകളും ഉപയോഗ തീയതി കഴിഞ്ഞ മരുന്നുകളും ശേഖരിച്ച് അവ നിര്‍മാര്‍ജനം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. ടണ്‍ കണക്കിന് ഉപയോഗശൂന്യമായ മരുന്നുകളാണ് പ്രത്യേക സംസ്കരണ കേന്ദ്രത്തിലേക്ക് 2018 മുതല്‍ 20 വരെയുള്ള കാലഘട്ടത്തില്‍ കയറ്റിയയച്ചത്.

എന്നാല്‍ ഈ പ്രക്രിയ വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നാല്‍ മാത്രമേ നമുക്കു ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളു. മറ്റു വകുപ്പുകളുടെ കൂടി സഹായത്തോടുകൂടി വളര്‍ത്തു മൃഗങ്ങള്‍ക്കും മറ്റും നല്‍കുന്ന ആഹാരത്തില്‍ കലര്‍ന്നിട്ടുള്ള ആന്റിബയോട്ടിക്കുകളുടെ അളവ് കുറച്ചുകൊണ്ട് നമുക്ക് ഈ പ്രശ്നത്തെ നേരിടാന്‍ സാധിക്കണം. കേരളത്തില്‍ ആന്റിബയോട്ടിക് സാക്ഷരത ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റ് തുടരുകയാണ്. ഒരേസമയത്ത് തന്നെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യ മേഖലയില്‍ തുടക്കം കുറിച്ചത്. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നില്ല. ഇത്രയും വിശദമായി കാര്യങ്ങൾ സൂചിപ്പിച്ചത് പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ എൽഡിഎഫ് ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുന്നതിന് മാത്രമാണ്. ഇതാണ് മറ്റു സംസ്ഥാനങ്ങളനില്‍ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നത്.

എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ മുന്നോട്ടു പോകുന്നില്ലെന്നതാണ് വസ്തുത. നേരത്തെ സൂചിപ്പിച്ചതുപോലെ ലോക രാഷ്ട്രങ്ങളില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ള നവലിബറല്‍ ആശയങ്ങള്‍ നമ്മുടെ രാജ്യത്തും ഭരണാധികാരികള്‍ നടപ്പിലാക്കുന്നു എന്നതാണ് വസ്തുത. നേരത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റായാലും ഇപ്പോള്‍ ബിജെപി ഗവണ്‍മെന്റായാലും ജനകീയ ആരോഗ്യ സംവിധാനങ്ങള്‍ ശക്തമാക്കാനുള്ള പരിശ്രമമല്ല നടത്തുന്നത്. ആരോഗ്യ രംഗത്തേക്കുള്ള മുതല്‍ മുടക്ക് പോലും പരിമിതമാണ്.

മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 2 ശതമാനത്തില്‍ താഴെയാണ് ആരോഗ്യ മേഖലയ്ക്കുവേണ്ടി വകയിരുത്തുന്നത്. ഇത് ഒട്ടും പര്യാപ്തമല്ല. നേരത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ കാലം മുതല്‍ സ്വീകരിച്ചുവന്ന നടപടികളും പൊതുജനാരോഗ്യ ശൃംഖലയെ മെച്ചപ്പെടുത്തുന്നതായിരുന്നില്ല. ലോക ബാങ്ക്, ലോക വ്യാപാര സംഘടന, ഐഎംഎഫ് തുടങ്ങിയവയുടെ നിര്‍ദേശങ്ങള്‍ക്കു വിധേയമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ഇന്ത്യന്‍ ഭരണകൂടവും ശ്രമിച്ചിട്ടുണ്ട്. നവലിബറല്‍ ആശയങ്ങളുടെ ഭാഗമായി രൂപീകരിച്ച GAT കരാറുകളും അതിന്റെ തന്നെ വിഭാഗമായിട്ടുള്ള ഗാട്ട്സ് (GATS), TRIPS (ബൗദ്ധിക സ്വത്തവകാശ നിയമം) തുടങ്ങിയ നിര്‍ദേശങ്ങളും പൊതുജനാരോഗ്യ രംഗത്തെ ഹാനികരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ ഒരു പൊതു നന്മ (Common Good)ആയി കണക്കാക്കുന്നതിന് പകരം സേവന മേഖലയടക്കം കച്ചവടോപാധിയാക്കി മാറ്റുന്നതായിരുന്നു ഗാട്ട്സ് നിയമാവലികള്‍. പൊതു – സ്വകാര്യ പങ്കാളിത്തമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരോഗ്യ മേഖലയില്‍ സ്വകാര്യ മേഖലയ്ക്ക് നിക്ഷേപം നടത്തുന്നതിനും അതിലൂടെ ലാഭം കൊയ്യുന്നതിനുമുള്ള അവസരമാണ് പലയിടത്തും കേന്ദ്ര സർക്കാർ ഉണ്ടാക്കിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളടക്കം ഈ പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കുന്ന അനുഭവങ്ങള്‍ ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ജില്ലാ ആശുപത്രികളെ ഇങ്ങനെ പൊതു– സ്വകാര്യ പങ്കാളിത്തത്തിന് വിട്ടുകൊടുക്കാമോ എന്ന അഭിപ്രായം അറിയിക്കാന്‍ കേന്ദ്രത്തില്‍ നിന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ ജില്ലാ ആശുപത്രികള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളാണെന്നും അത് സ്വകാര്യവല്‍ക്കരണത്തിന് വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ലെന്നും അറിയിക്കുകയുമാണ് ഞങ്ങള്‍ ചെയ്തത്. ഇന്ത്യയില്‍ 1970 ല്‍ നിലനിന്നിരുന്ന പേറ്റന്റ് നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭേദഗതി ചെയ്ത് കുത്തകകള്‍ക്ക് അനുകൂലമാക്കി മറ്റുന്നതിനെതിരെ ഇടതുപക്ഷം ശക്തമായി പ്രതികരിച്ചിരുന്നു. 70 ലെ പേറ്റന്റ് നിയമമനുസരിച്ച് പ്രക്രിയ (Process) പാറ്റന്റ് മാത്രമാണ് നാം കൊടുത്തിരുന്നത്, ഉത്പന്ന പാറ്റന്റ് കൊടുത്തിരുന്നില്ല. എന്നാല്‍ നിയമ ഭേദഗതിയിലൂടെ വന്‍കിട കുത്തകകള്‍ക്ക് ഉത്പന്ന പാറ്റന്റ് കൊടുത്തതോടുകൂടി കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള മരുന്നുകള്‍ ഉൽപാദിപ്പിക്കാന്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് കഴിയാതെ വന്നു. അതുവരെ ‘ലോകത്തിന്റെ ഫാര്‍മസി’ എന്നറിയപ്പെട്ടിരുന്ന ഇന്ത്യയിലെ മരുന്ന് നിര്‍മാണം കുത്തകകളുടെ കൈയിലേക്ക് മാറ്റപ്പെട്ടു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാറ്റന്റ് നിയമം ഭേദഗതി ചെയ്യുന്ന ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയിലെ ജനങ്ങള്‍ ആ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയതായി അന്ന് വാര്‍ത്ത വന്നിരുന്നു. കാരണം ലോകത്തിലെ ദരിദ്ര ജനങ്ങള്‍ക്ക് താരതമ്യേന കുറഞ്ഞ വിലയ്ക്ക് ജീവന്‍ രക്ഷാ ഔഷധങ്ങള്‍ കിട്ടുന്നയിടമായിരുന്നു ഇന്ത്യ. ക്രമേണ ഇന്ത്യയിലും മരുന്നിന് വലിയ തോതില്‍ വിലകയറാന്‍ ഇടയായത് പാറ്റന്റ് നിയമ ഭേദഗതിയിലൂടെയാണ്. ഏറ്റവും ഒടുവില്‍ കോവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും നല്‍കണമെന്ന അപേക്ഷ പോലും കേന്ദ്ര സര്‍ക്കാര്‍ ചെവിക്കൊള്ളാതിരുന്നത് ഇത്തരത്തില്‍ പാറ്റന്റ് കുത്തകയായി വയ്ക്കുന്നതിന്റെ കൂടി ഭാഗമായിട്ടായിരുന്നു.

വിശദമായി ചില കര്യങ്ങള്‍ സൂചിപ്പിച്ചത് എങ്ങനെയാണ് പൊതുജനാരോഗ്യ രംഗത്ത് സര്‍ക്കാര്‍ മുതല്‍മുടക്കുക, ജനകീയ പങ്കാളിത്തത്തോടുകൂടി പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുകയെന്ന് വ്യക്തമാക്കുന്നതിനുവേണ്ടിയാണ്. എന്നാല്‍ ഇത്തരം സംവിധാനം ഒരുക്കുകയെന്നത് കേരളം പോലുള്ള സംസ്ഥാനത്തിന് വലിയ വെല്ലുവിളി തന്നെയാണ്. റവന്യു വരുമാനം വളരെ കുറവായതിനാല്‍ ആരോഗ്യ രംഗത്ത് ആവശ്യമായ ഉപകരണങ്ങളും മനുഷ്യ വിഭവ ശേഷിയും സംഭാവന ചെയ്യാന്‍ നല്ല പ്രയാസം തന്നെ അനുഭവിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും അര്‍ഹമായ വിഹിതം കിട്ടുമ്പോള്‍ മാത്രമേ തൃപ്തികരമായ രീതിയില്‍ പൊതുജനാരോഗ്യ മേഖലയെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുകയുള്ളു. സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലാണ് ഇപ്പോള്‍ പൊതുജനാരോഗ്യ സംവിധാനം നിലനിര്‍ത്തിപ്പോരുന്നത്.

സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു
2016 ല്‍ ജനസംഖ്യയുടെ 33 ശതമാനം ആളുകളാണ് സര്‍ക്കാര്‍ മേഖലയെ ചികിത്സയ്ക്കായി ആശ്രയിച്ചതെങ്കില്‍ സംവിധാനങ്ങള്‍ മെച്ചപ്പെട്ടതിന്റെ ഭാഗമായി ഇപ്പോള്‍ 50 ശതമാനത്തിലേറെപ്പേര്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നുണ്ട്. ഇതിനനുസരിച്ച് കാര്യങ്ങൾ ക്രമീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടത്തിയ പരിഷ്കാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാവും. ആശുപത്രി വികസന സമിതികളെ ശക്തമാക്കുകയും ദരിദ്രര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമായി നിലനിര്‍ത്തുകയും ഉയര്‍ന്ന ഇടത്തരം വിഭാഗങ്ങളില്‍ നിന്ന് ഈടാക്കുന്ന മിതമായ ഫീസുകള്‍ വികസന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രീയമായി വിനിയോഗിക്കുകയും ചെയ്താല്‍ മാത്രമേ പൊതുജനാരോഗ്യ ദൗത്യത്തിന്റെ ലക്ഷ്യം പൂര്‍ണമായി നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ 18 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതി നടപ്പിലാക്കുന്നതിനുള്ള 60 ശതമാനം തുക മാത്രമാണ് തരാന്‍ തയ്യാറായത്. എന്നാല്‍ 42 ലക്ഷത്തിലേറെ ബിപിഎല്‍ കാര്‍ഡുകളുള്ള കേരളത്തില്‍ അത്രയും പേര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ നമ്മള്‍ ബാധ്യസ്ഥരായിരുന്നു. അത് കേരളം നിര്‍വഹിക്കുകയും ചെയ്തു. ഇത്രയും കുടുംബങ്ങള്‍ക്കാവശ്യമായ പ്രീമിയം പൂര്‍ണമായും സര്‍ക്കാരാണ് അടയ്ക്കുന്നത്. എന്നാല്‍ ആ പദ്ധതിയെ റിലയന്‍സ് പോലുള്ള സ്വകാര്യ കമ്പനികളില്‍ നിന്നും മോചിപ്പിച്ച് കേരള സര്‍ക്കാര്‍ രൂപീകരിച്ച എസ്എച്ച്എയുടെ(State Health Authority) ഉത്തരവാദിത്വത്തില്‍ നടപ്പിലാക്കാന്‍ തീരുമാനമെടുത്തതും 2019 ല്‍ ആരോഗ്യ മേഖലയിലുണ്ടാക്കിയ വലിയ മുന്നേറ്റമായിരുന്നുവെന്ന് കാണാം.

ഇന്‍ഷുറന്‍സ് പദ്ധതി കൃത്യമായി തുടരുകയും ഈ പദ്ധതി പ്രകാരം നടത്തിയ ചികിത്സയുടെ തുക അതത് ആശുപത്രികള്‍ക്ക് ലഭ്യമാക്കുകയും ആ തുക എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ സാധിക്കുക. അതിന് അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള കൃത്യമായ പഠനവും നിയന്ത്രണവും ആവശ്യമാണ്. ഈ പദ്ധതിയില്‍ നിന്നും ഒഴിവായിട്ടുള്ള അര്‍ഹരെയെല്ലാം ഉള്‍പ്പെടുത്തുന്നതിനുള്ള നടപടിയും സ്വീകരിക്കേണ്ടതാണ്.

ഇത്രയും വിശദമായി സൂചിപ്പിച്ചത് ആഗോള അടിസ്ഥാനത്തിലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പൊതുജനാരോഗ്യ ശൃംഖല ശക്തമാക്കുകമാത്രമാണ് പോംവഴി എന്നതുകൊണ്ടാണ്. കോവിഡ് മഹാമാരിക്കാലത്ത് കേരളത്തില്‍ ഇത്രയും വിപുലമായ സര്‍ക്കാര്‍ ആശുപത്രി സംവിധാനങ്ങള്‍ ഉള്ളതുകൊണ്ടാണ് നമുക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള, പ്രായംചെന്നവരുടെ ജനസംഖ്യ എറ്റവും കൂടുതലുള്ള കേരളത്തില്‍ മരണ നിരക്കും ഏറ്റവും ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നമ്മുടെ വിപുലമായിട്ടുള്ള ആരോഗ്യ സംവിധാനങ്ങളും വികേന്ദ്രീകൃത ആസൂത്രണ രീതിയും ഉപയോഗപ്പെടുത്തിയാണ് നാം കോവിഡിനെതിരെ പോരാട്ടം നടത്തിയത്.

കോവിഡ് മരണനിരക്ക് പിടിച്ചുനിർത്തി
2020 ല്‍ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി കോവിഡ് മരണ നിരക്ക് പിടിച്ചുനിര്‍ത്താന്‍ നമുക്ക് സാധിച്ചു. 5000 ല്‍ താഴെയായിരുന്നു കേരളത്തില്‍ മരണം. ആത്മഹത്യയും അപകടമരണങ്ങളും കോവിഡ് മരണത്തില്‍ അന്ന് ഉള്‍പ്പെടുത്താന്‍ ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദേശമുണ്ടായിരുന്നില്ല. എന്നാല്‍ അതെല്ലാം കൂട്ടിച്ചേര്‍ത്താലും കൂടുതലായി വരുന്നത് 1000 ത്തോളം മരണങ്ങള്‍ മാത്രമായിരിക്കും. എന്നാല്‍ നമ്മുടെ നേട്ടങ്ങളെ അംഗീകരിക്കാന്‍ മനസ്സില്ലാത്തവര്‍ നമ്മുടെ ഇടയില്‍ തന്നെ ഉള്ളതിനാല്‍ മരണസംഖ്യ പൂഴ്-ത്ത-ിവച്ചു എന്നൊരു വാദഗതി മുന്നോട്ടുകൊണ്ടുവരാന്‍ ചിലര്‍ ശ്രമിച്ചു. കേരളത്തില്‍ മരണങ്ങള്‍ മറച്ചുവയ്ക്കാന്‍ കഴിയില്ല. 100 ശതമാനം മരണ രജിസ്ട്രേഷനുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ കോവിഡ് മരണങ്ങളില്‍ രേഖപ്പെടുത്തിയില്ലെങ്കിലും ആ മരണങ്ങള്‍ മറ്റു മരണങ്ങളില്‍ രേഖപ്പെടുത്തപ്പെടും. എന്നാല്‍ കേരളത്തില്‍ വിവിധ ഏജന്‍സികള്‍ 2020 ല്‍ നടത്തിയ അധിക മരണ പരിശോധനയില്‍ (Excess Death Analysis) കോവിഡിന് മുമ്പുള്ള 2019 നേക്കാള്‍ മരണ സംഖ്യ 2020 ല്‍ 8 ശതമാനം കുറവായിരുന്നു. ഇതു കാണിക്കുന്നത് മരണ സംഖ്യ മറച്ചുവെച്ചിട്ടില്ല എന്നതുതന്നെയാണ്. വിവിധ കാരണങ്ങളാല്‍ സുതാര്യമായ പ്രവര്‍ത്തന സംവിധാനങ്ങളുള്ള കേരളത്തില്‍ മനപ്പൂര്‍വ്വം മരണ സംഖ്യമറച്ചുവയ്ക്കാന്‍ സാധിക്കുമായിരുന്നില്ല. നാം കൂട്ടായി നടത്തിയ സംയോജിതവും ശാസ്ത്രീയവുമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് മികച്ച നേട്ടം കൈവരിക്കാന്‍ നമുക്കു കഴിഞ്ഞത്. 2021 ലെ അസംബ്ലി തിരഞ്ഞെടുപ്പോടുകൂടി കോവിഡ് വർദ്ധിച്ചു; നേരത്തെ നമ്മളുണ്ടാക്കിയ സംവിധാനങ്ങള്‍ക്ക് കുറച്ച് അയവു വരികയും ചെയ്തു. ആ സമയത്ത് കോവിഡിന്റെ ഡെല്‍റ്റ വകഭേദം പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ കോവിഡ് വ്യാപനം കേരളത്തിലും അല്‍പം രൂക്ഷമായി. മരണസംഖ്യയിലും വര്‍ദ്ധനവുണ്ടായി. എന്നിട്ടും ശരാശരി മരണ നിരക്ക് ഒരു ശതമാനത്തില്‍ താഴെയായി പിടിച്ചു നിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞുവെന്നത് നമ്മുടെ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്.

ആരോഗ്യ പരിപാലന മേഖലയില്‍ ആധുനിക ചികിത്സാ രീതിയെ മാത്രമല്ല ആയുഷ് മേഖലയെയും കേരളം പരിഷ്കരിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ റിസര്‍ച്ച് സെന്ററിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. ഇതോടൊപ്പം യോഗാ പരിശീലനം വ്യാപകമാക്കാനുള്ള ശ്രമവും മുന്നോട്ടുപോകുന്നു. ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ ശാഖകളും കേരളത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കേവലം ആരോഗ്യ വകുപ്പിന്റെ മാത്രം പ്രശ്നമായി ഒതുക്കാന്‍ സാധിക്കില്ല. ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെട്ടതാണത് നേരത്തെ സൂചിപ്പിച്ചതുപോലെ ദാരിദ്ര്യ നിര്‍മാര്‍ജനം, വിദ്യാഭ്യാസ രംഗത്തുണ്ടാക്കുന്ന പുരോഗതി, വിപുലമായ ബോധവല്‍ക്കരണ പ്രക്രിയകള്‍, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍, പകര്‍ച്ച വ്യാധികള്‍ തടയാനുള്ള മുന്നൊരുക്കങ്ങള്‍ എന്നിവയിലൂടെയാണ് മനുഷ്യ സമൂഹത്തിന് രക്ഷപ്പെടാന്‍ സാധിക്കുക.

കായികാരോഗ്യത്തിനെന്നപ്പോലെ മാനസികാരോഗ്യത്തിനും ഒരുപോലെ ഊന്നല്‍ കൊടുക്കണം. ആഗോള സന്തോഷ സൂചികയില്‍ നാം വളരെ പിറകില്‍ നില്‍ക്കുകയാണ്. മനുഷ്യരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തി ഈ മേഖലയില്‍ കൂടി മുന്നേറാന്‍ സാധിക്കുമ്പോള്‍ മാത്രമേ നാം ആരോഗ്യമുള്ള ജനതയായി മാറുകയുള്ളു. ഒരു മുതലാളിത്ത സമൂഹത്തില്‍ ഇവയെല്ലാം നേടിയെടുക്കുകയെന്നത് വളരെ പ്രയാസകരമാണ്. എങ്കിലും ഇടതുപക്ഷ ആശയങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ കുറേയേറെ മുന്നേറ്റമുണ്ടാക്കാന്‍ കേരളത്തെ സഹായിച്ചു എന്ന് സൂചിപ്പിക്കുന്നതിനാണ് ഇത്രയും വിശദമായി കാര്യങ്ങള്‍ പറഞ്ഞത്. നമുക്ക് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. മുന്നോട്ടുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും കൂട്ടായ്മയിലൂടെ അവ പരിഹരിച്ച് മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. :diamonds:
(അവസാനിച്ചു)