രാജ്യത്താകമാനമുള്ള ഒരു ലക്ഷത്തിലേറെ എംബിബിഎസ് സീറ്റുകളിലേക്ക് അതിന്റെ 24 ഇരട്ടിയോളം വിദ്യാർഥികൾ പങ്കെടുത്ത അഖിലേന്ത്യാ പ്രവേശന പരീക്ഷയാണ് നീറ്റ്. ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും നടന്നുവെന്ന ആരോപണമാണ് പൊതുസമൂഹം ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. അർഹതയുള്ളവർ, അതായത് സമർഥരായ വിദ്യാർഥികൾ പിന്തള്ളപ്പെടുകയും അനർഹർ ആദ്യ റാങ്കുകളിലേക്ക് കടന്നുകൂടുകയും ചെയ്തിരിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് കേന്ദ്ര സർക്കാരിനും പരീക്ഷാ നടത്തിപ്പിന്റെ ചുമതലക്കാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ക്കുമെതിരെ ഉയർന്നിരിക്കുന്നത്. അതിൽ തരിമ്പെങ്കിലും ശരിയുണ്ടെങ്കിൽ തെറ്റു സമ്മതിച്ച് തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് സുപ്രീംകോടതിക്കു തന്നെ പറയേണ്ടതായിവന്നു.
ഇത് ഇന്ത്യയിലെ മനുഷ്യരുടെ ജീവന്റെ വിഷയമാണ്. ലാഘവത്തോടെ കെെകാര്യം ചെയ്യേണ്ട ഒന്നല്ല. എന്നാൽ കേന്ദ്ര സർക്കാരും എൻടിഎയും അർഹിക്കുന്ന ഗൗരവത്തോടെ ഈ പ്രശ്നം കെെകാര്യം ചെയ്തു കാണുന്നില്ല. 720ൽ 720 മാർക്കും നേടി 87 കുട്ടികൾ ഒന്നാം റാങ്ക് കരസ്ഥമാക്കിയെന്നും അത് ഒരു പ്രത്യേക പ്രദേശത്തുനിന്നാണെന്നും കാണുന്നത് വെറും സാധാരണ സംഭവമായി കാണാനാവില്ല. കാരണം മൊത്തം മാർക്ക് 720 ആയിരിക്കെ പരീക്ഷാർഥികൾക്ക് 716ൽ അധികം മാർക്ക് നൽകാൻ പാടില്ലയെന്ന വ്യവസ്ഥയുണ്ട്. മാത്രമല്ല, 2023ൽ രണ്ട് ഒന്നാം സ്ഥാനക്കാർ മാത്രമാണുണ്ടായിരുന്നത്. അത് അസ്വാഭാവികമല്ല. 2022ലും 2021ലും 2020ലുമെല്ലാം ഓരോ ആൾ മാത്രമാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഈ വർഷം മുൻപൊരിക്കലും ഉണ്ടാകാത്ത തോതിൽ 87 പേർ മുഴുവൻ മാർക്കും നേടി ഒന്നാം സ്ഥാനക്കാരായിയെന്നത് വിരൽചൂണ്ടുന്നത് കൃത്യമായും അഴിമതിയിലേക്കാണ്. ഇൗ 87 പേരിൽ മഹാഭൂരിപക്ഷവും ഹരിയാനയിലെയും ഗുജറാത്തിലെയും ചില പ്രത്യേക കോച്ചിങ് സെന്ററുകളിൽ പരിശീലനം നേടിയവരാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ലക്ഷങ്ങൾ കൊടുത്ത് ഏതോ ചില കോച്ചിങ് സെന്ററുകാർ ചോദ്യപേപ്പർ കരസ്ഥമാക്കുകയും അവരത് പണം പറ്റി പലർക്കായി ചോർത്തിക്കൊടുക്കുകയും ചെയ്തുവെന്നും ആരോപിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ പരീക്ഷ മൊത്തം റദ്ദ് ചെയ്ത് പുതിയ പരീക്ഷ നടത്തേണ്ടതാണ്. മാത്രമല്ല, ഈ അഴിമതിക്കും ക്രമക്കേടിനും പിന്നിൽ പ്രവർത്തിച്ചവരെയാകെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം. അതിനായി സമഗ്രമായ അനേ-്വഷണം ആവശ്യമാണ്. കേന്ദ്ര സർക്കാർ അതിനു തയ്യാറാകാത്ത സാഹചര്യത്തിലാണ് എസ്എഫ്ഐ അതിനായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഒപ്പം പ്രക്ഷോഭത്തിന്റെ പാതയിലൂടെ നീങ്ങുകയുമാണ് എസ്എഫ്ഐ.
ബിജെപി ഭരണത്തിൽ ഇത്തരം സംഭവങ്ങൾ ഇതാദ്യ മായല്ല എന്നാണ് കാണേണ്ടത്. മധ്യപ്രദേശിൽ മെഡിക്കൽ എൻട്രസുമായും സർക്കാർ സർവീസിലേക്കുള്ള റിക്രൂട്ടുമെന്റുമായും ബന്ധപ്പെട്ടു നടത്തിയ പൊതുപരീക്ഷകളിലാകെ ക്രമക്കേടുകൾ കണ്ടെത്തിയതാണ്. വർഷങ്ങളോളം ബിജെപി ഭരണത്തിൽ തുടർന്നിരുന്ന വ്യാപം അഴിമതി ഒരു നടപടിയും കൂടാതെ മൂടിവയ്ക്കുകയാണുണ്ടായത്. ആർഎസ്എസ് ഉന്നതരിലേക്കും അന്ന് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാനിലേക്കും അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളിലേക്കും വരെ ഈ അഴിമതിയുടെ ശൃംഖല വ്യാപിച്ചതായി കണ്ടതാണ്. ഈ കേസനേ-്വഷിച്ച പൊലീസ് ഉദ്യോഗസ്ഥരും തെളിവുകൊടുത്തവരും പരാതിക്കാരും ഉൾപ്പെടെ അമ്പതോളം പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടതും വ്യാപം അഴിമതിയുടെ വ്യാപ്തിയും ഗൗരവവും വർധിപ്പിക്കുന്നു. അതുകൊണ്ട് നീറ്റിൽ നടന്ന അത്ര നീറ്റല്ലാത്ത കാര്യങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അനേ-്വഷണം നടത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരണം. ഏറ്റവും ഒടുവിലായി കേട്ട വാർത്ത യുജിസി– നെറ്റ് പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് അതാകെ റദ്ദുചെയ്തതായാണ്. ബിജെപി വാഴ്ചയിൽ ഇൗ രംഗത്ത് നടക്കുന്ന വ്യാപകമായ അഴിമതിയിലേക്കാണ് ഇതും വിരൽചൂണ്ടുന്നത്.