നീറ്റ് -നെറ്റ് പരീക്ഷകളിൽ കേന്ദ്ര ഗവൺമെന്റിന്റെ അവഗണന

‘ഒരു രാജ്യം, ഒരു പരീക്ഷ’ എന്ന സംഘപരിവാര ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യം നീതീകരിക്കാൻ വകയേതുമില്ലാത്തവിധം തകർന്നുവീഴുന്ന കാഴ്ചയാണ് നീറ്റ്-, നെറ്റ് പരീക്ഷാ കുംഭകോണത്തിലൂടെ രാജ്യം കണ്ടത്. ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ നടത്തിപ്പിലെ കെടുകാര്യസ്ഥതയ്ക്കുമപ്പുറം പല മാനങ്ങൾ ഉണ്ടതിന്. രാജ്യമാകമാനം ഒരൊറ്റ പരീക്ഷയിലൂടെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം നിശ്ചയിക്കുകയെന്ന കാഴ്ചപ്പാട് തന്നെ ഇന്ത്യ പോലൊരു ബഹുസ്വരരാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തോടുപോലും ചേർന്നുപോകുന്നതല്ല എന്നും അത്തരമൊരു നീക്കം അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും എന്നുമുള്ള ആശങ്കകൾ സാധൂകരിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ. പരീക്ഷാ നടത്തിപ്പിൽ വന്ന ചില വീഴ്ചകൾ മാത്രമായി ഇതിനെ ചുരുക്കാനാണ് ബിജെപി നയിക്കുന്ന സർക്കാരിന്റെ ശ്രമം. എന്നാൽ അവർ പിന്തുടരുന്ന നയങ്ങളുടെ പൊള്ളത്തരം കൂടിയാണ് വെളിപ്പെട്ടിരിക്കുന്നതെന്നാണ് വാസ്തവം.

മുപ്പത്തിയാറ് ലക്ഷത്തോളം വിദ്യാർഥികളെയാണ് നീറ്റ്-, നെറ്റ് പരീക്ഷകൾ അട്ടിമറിക്കപ്പെട്ടത് നേരിട്ട് ബാധിച്ചത്. ഒരുപക്ഷേ ഇത്രയധികം വിദ്യാർഥികൾക്ക് ഇരകളാകേണ്ടി വന്ന മറ്റൊരു പരീക്ഷാ അട്ടിമറിയും ലോക ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടുണ്ടാകില്ല. ദുർബലനായിട്ടാണെങ്കിലും നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറി ദിവസങ്ങൾക്കുള്ളിലാണ് അവർ അവകാശപ്പെട്ട കാര്യക്ഷമതയുടെ അവകാശവാദങ്ങൾ പൊളിയുന്നത്. മാത്രവുമല്ല, കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് പരീക്ഷാ നടത്തിപ്പിന്റെ മറവിൽ നടന്നതെന്നും വ്യക്തം. ഡബിൾ എഞ്ചിൻ സർക്കാർ നിർമിച്ച പാലങ്ങൾ തകരുന്നതും ആഘോഷപൂർവം അവർ കൊണ്ടാടിയ രാമക്ഷേത്രത്തിന്റെ ഉത്തരം ചോരുന്നതും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ തുലാസ്സിലാക്കിക്കൊണ്ട് പരീക്ഷകൾ കൊള്ളയും പ്രഹസനവുമാകുന്നതും ദിവസങ്ങളുടെ മാത്രം ഇടവേളയിൽ ലോകം കണ്ടു.

24 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ്, യുജി പരീക്ഷ എഴുതിയത്. ഒരു ലക്ഷത്തോളം സീറ്റുകൾക്ക് (അതിൽ തന്നെ ഗവണ്മെന്റ് സീറ്റുകൾ അൻപത്തയ്യായിരം മാത്രം) വേണ്ടിയാണ് ഇത്രയേറെ വിദ്യാർഥികൾ പരീക്ഷയ്ക്കിരിക്കുന്നത് എന്നതാണ് മറ്റൊരു ദുരന്തം. അതായത് പരീക്ഷയെഴുതുന്നവരിൽ പത്തിലൊരാൾക്ക് പോലും അഡ്മിഷൻ നേടാനുള്ള സൗകര്യം രാജ്യത്തില്ല. കോടിക്കണക്കിന് രൂപയുടെ കോച്ചിംഗ് വ്യവസായമാണ് മെഡിക്കൽ പ്രവേശന പരീക്ഷയുടെയും മറ്റും മറവിൽ രാജ്യത്ത് തഴച്ചുവളർന്നിരിക്കുന്നത്. സാമ്പത്തികമായ പരാധീനതകൾ അനുഭവിക്കുന്ന രക്ഷിതാക്കൾക്കും വലിയ കടബാധ്യത തലയിലേറ്റി മക്കളെ ഇത്തരം കോച്ചിംഗ് സെന്ററുകളിലേക്ക് അയക്കേണ്ടിവരുന്നു.

നീറ്റ് പരീക്ഷാ ഫലം നേരത്തേ നിശ്ചയിച്ചതിൽ നിന്നും പത്ത് ദിവസം നേരത്തേയാണ് ഇത്തവണ പ്രഖ്യാപിച്ചത്. അതും ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന അതേ ദിവസം. അതുകൊണ്ടുതന്നെ പരീക്ഷാഫലത്തിലെ പൊരുത്തക്കേടുകൾ ആദ്യ രണ്ട് ദിവസം കാര്യമായ വാർത്തയായതേയില്ല. പിന്നീടാണ് അസ്വാഭാവികതകളും ക്രമക്കേടുകളും ഒന്നൊന്നായി പുറത്തുവന്നത്. അസാധാരണമാം വിധം 67 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതും എങ്ങനെ കൂട്ടിയാലും ലഭിക്കാൻ അസാധ്യമായ മാർക്ക് വേറെ ചിലർക്ക് ലഭിച്ചതും ഒരേ കോച്ചിംഗ് സെന്ററിൽ പഠിച്ചവർക്കും ഒരേ പരീക്ഷാ കേന്ദ്രത്തിൽ എഴുതിയവർക്കും അതിശയകരമാം വിധം ഉയർന്ന മാർക്ക് ലഭിച്ചതുമെല്ലാമാണ് ആദ്യം പുറത്തുവന്നതെങ്കിൽ പിന്നീട് ചോദ്യ പേപ്പർ തന്നെ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റതിന്റെയും അധ്യാപകരെ നിയോഗിച്ച് ഉത്തരം എഴുതിക്കൊടുത്തതിന്റെ യുമെല്ലാം തെളിവുകൾ പുറത്തുവന്നു. നെറ്റ് പരീക്ഷയുടെ നിലവാരത്തകർച്ചയെക്കുറിച്ചും ഹിന്ദുത്വ അജൻഡയെക്കുറിച്ചും അന്നേ ദിവസം തന്നെ വ്യാപകമായ ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ നീറ്റിലേതിനു സമാനമായ അട്ടിമറി നെറ്റിലും നടന്നെന്ന് വ്യക്തമാകും വിധം തൊട്ടടുത്ത ദിവസം തന്നെ അതും റദ്ദുചെയ്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്താവന വന്നു. അടുത്ത ദിവസങ്ങളിൽ നടക്കാനിരുന്ന സി എസ് ഐ ആർ നെറ്റും നീറ്റ് പിജിയും പരീക്ഷ നടക്കുന്നതിന് മുൻപു തന്നെ റദ്ദ് ചെയ്യപ്പെട്ടു.

രാജ്യത്തെ വിദ്യാഭ്യാസസംവിധാനത്തിന്റെ ഫെഡറൽ സ്വഭാവം അട്ടിമറിച്ചതിന്റെ കൂടി സ്വാഭാവികഫലമാണ് ഇവയെന്ന് കാണാനാകണം. പരീക്ഷാ നടത്തിപ്പിലെയും മറ്റും സുതാര്യതയും കണിശതയും ഉറപ്പാക്കുമെന്നായിരുന്നു ഇന്ത്യയൊട്ടാകെ ഒരൊറ്റ പരീക്ഷ അടിച്ചേൽപ്പിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ അത് വിദ്യാഭ്യാസത്തെ കൂടുതൽ വിവേചനപരമാക്കി മാറ്റുകയും ഇന്ത്യയുടെ സാമൂഹിക യാഥാർഥ്യങ്ങളിൽ നിന്ന് അകറ്റുകയും ചെയ്യുക മാത്രമേയുള്ളൂ എന്ന് ഉറപ്പായിരുന്നു. എങ്ങനെയാണ് നീറ്റ് പരീക്ഷ ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരെയും സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്നവരെയും പുറന്തള്ളാനുള്ള സംവിധാനമായി മാറിയതെന്നതിന് ഓരോ വർഷത്തെയും പരീക്ഷാ ഫലം തന്നെയായിരുന്നു സാക്ഷ്യം. തമിഴ്നാട് സർക്കാർ ഈ വിഷയം പഠിക്കാൻ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട് ഞെട്ടിക്കുന്ന കണക്കാണ് പുറത്തുകൊണ്ടുവന്നത്. ഭാവി ഇരുളടഞ്ഞ നിരവധി വിദ്യാർഥികളാണ് കഴിഞ്ഞ വർഷങ്ങളിൽ ജീവിതം അവസാനിപ്പിച്ചത്. ഇതൊന്നും കേന്ദ്ര സർക്കാരിന്റെ കണ്ണ് തുറപ്പിച്ചില്ല.

സ്വയംഭരണാധികാരമുള്ള സുതാര്യവും സുശക്തവുമായ പരീക്ഷാ നടത്തിപ്പ് ഏജൻസിയായാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ ടി എ) ആദ്യ മോദി സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ചത്. എന്നാൽ ആദ്യ വർഷങ്ങൾ മുതൽ തന്നെ എൻ ടി എ നടത്തിയ പരീക്ഷകളിൽ അപാകതകളും ചോദ്യ പേപ്പർ ചോർച്ച ഉൾപ്പടെയുള്ള ഗുരുതരമായ ക്രമക്കേടുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതിന്റെ ഏറ്റവും ഭയാനകമായ ചിത്രമാണ് ഇത്തവണ പുറത്തുവന്നത്.

മദ്ധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ വ്യാപം പരീക്ഷാ തട്ടിപ്പിന്റെ സമയത്ത് അവിടത്തെ പിഎസ്-സി ചെയർമാൻ ആയിരുന്ന പ്രദീപ്കുമാർ ജോഷിയെയാണ് ഇത്തവണ എൻ ടി എ യുടെ ചെയർമാൻ ആയി നിയോഗിച്ചത്. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളിലെല്ലാം മെറിറ്റും നടപടിക്രമങ്ങളും അട്ടിമറിച്ച് തങ്ങളുടെ ഇച്ഛാവാഹകരെ പ്രതിഷ്ഠിക്കുകയും അതുവഴി ആ സ്ഥാപനങ്ങളെയെല്ലാം തങ്ങളുടെ കോർപ്പറേറ്റ്- ഹിന്ദുരാഷ്ട്ര പദ്ധതിക്കായി ഉപയോഗിക്കുകയും ചെയ്യുന്ന സംഘപരിവാരത്തിന്റെ കുത്സിത നീക്കമാണ് എൻടിഎയിലും നടന്നത്. ഇതൊരു പരീക്ഷാ കുംഭകോണത്തിനപ്പുറം എങ്ങനെയൊക്കെയാണ് ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെ, അതിനകത്തെ സ്ഥാപനങ്ങളെ ഉപയോഗിച്ചുതന്നെ സംഘപരിവാരം ദുർബലമാക്കുന്നത് എന്നതിന്റെ കൂടി അനുഭവമാണ്.

എൻ ടി എ തന്നെയാണ് കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയും നടത്തുന്നത്. ഓരോ സർവകലാശാലയും വ്യതിരിക്തമായ സ്വഭാവം കാത്തുസൂക്ഷിക്കുന്നതാണ്. ഒരു സർവകലാശാലയും മറ്റൊന്നിന്റെ കാർബൺ കോപ്പി ആകരുത്. ഓരോ സർവകലാശാലയ്ക്കും അത് സ്ഥാപിക്കപ്പെടുന്ന സാഹചര്യത്തിൽ ലക്ഷ്യമിടുന്ന ചില സാമൂഹികവും അക്കാദമികവുമായ ലക്ഷ്യങ്ങളും അതിന്റെ രൂപീകരണത്തിലേക്ക് നയിച്ച ഘടകങ്ങളുമുണ്ടാകും. അതിനനുസരിച്ചാണ് അവിടത്തെ കോഴ്സുകളും പഠനരീതിയുമൊക്കെ തീരുമാനിക്കപ്പെടുക. ഇവയെ പരിഗണിച്ചു തന്നെയാകണം അഡ്മിഷൻ പോളിസിയും തയ്യാറാക്കേണ്ടത്. എല്ലാ സർവകലാശാലകൾക്കുമായി ഒരു പ്രവേശന പരീക്ഷ നടപ്പിലാക്കുമ്പോൾ അട്ടിമറിക്കപ്പെടുന്നത് ഈ കാഴ്ചപ്പാട് കൂടിയാണ്. ചുരുക്കത്തിൽ, എൻ ടി എ ഒരു ഭരണഘടനാ വിരുദ്ധ സംവിധാനമാണ്. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും അടിസ്ഥാന തത്വങ്ങളെ ലംഘിച്ചുകൊണ്ടുമാത്രമേ അതിന് നിലനിൽപ്പുള്ളൂ. അതുകൊണ്ടുതന്നെ എൻ ടി എ പരിഷ്കരിക്കുകയല്ല ആവശ്യം, മറിച്ച് പൂർണമായും പിരിച്ചുവിടുകയാണ്. വിവിധ പരീക്ഷകളുടെ നടത്തിപ്പിൽ സർവകലാശാലകൾക്കും പഠനവിഭാഗങ്ങൾക്കും സംസ്ഥാനങ്ങൾക്കും മുഖ്യമായ പങ്കുവഹിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം. കേന്ദ്രീകൃത സ്വഭാവത്തെ ശക്തിപ്പെടുത്തുന്ന എല്ലാ നീക്കങ്ങളും ചെറുക്കപ്പെടണം. :diamonds: