മോദിയുടെ പ്രസംഗങ്ങളിൽ തെളിയുന്നത് സ്വേച്ഛാധിപത്യ മോഹം
ഇതെഴുതുമ്പോൾ ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ ആറ് ഘട്ടങ്ങൾ കഴിഞ്ഞു. ഇനി 57 നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ജൂൺ ഒന്നിന് ഏഴാം ഘട്ടത്തിൽ നടക്കേണ്ടത്. ഇതേ വരെ പൂർത്തിയായ ആറുഘട്ടങ്ങളിലെ വോട്ടെടുപ്പിൽ പ്രകടമായ ജനവികാരവും ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചരണരംഗങ്ങളിൽനിന്നുള്ള മാധ്യമവാർത്തകളും സൂചിപ്പിക്കുന്നത് തുടക്കത്തിൽ ബിജെപിയും മോദിയും പ്രകടമാക്കിയിരുന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുന്നതായാണ്.
ഇക്കാര്യം ഏറ്റവുമധികം പ്രകടമാകുന്നത് പ്രചാരണവേദികളിൽ മോദി നടത്തുന്ന പ്രസംഗങ്ങളിലാണ്. മോദിയുടെ ഗ്യാരന്റിയും വികസന അജൻഡയും 2047 ആകുമ്പോൾ ഇന്ത്യയെ മൂന്നാമത്തെ വൻശക്തിയാക്കലുമെല്ലാം പറഞ്ഞ് പ്രചാരണമാരംഭിച്ച മോദി പ്രചാരണം അവസാനിപ്പിക്കുന്നത് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ഒരു ദിവസത്തെ ധ്യാനമിരുന്നുകൊണ്ടാണ്. ബിജെപിക്കും മോദിക്കും പ്രചാരണരംഗത്ത് ഏറ്റവുമധികം എതിർപ്പും പ്രതിഷേധവും നേരിടേണ്ടതായി വന്ന പഞ്ചാബിലെ 13 സീറ്റിലേക്കുള്ളതുൾപ്പെടെ 57 ഇടത്തെ വോട്ടെടുപ്പിന് തലേദിവസം നിശ്ശബ്ദ പ്രചാരണവേളയിൽ, മതപരമായ പരിവേഷത്തിനൊപ്പം തിരഞ്ഞെടുപ്പ് രംഗത്തും വോട്ടർമാർക്കിടയിൽ നേരിട്ടും സാന്നിധ്യം ഉറപ്പാക്കാനുള്ള ശബ്ദായമാനമായ ഒരു പ്രചാരണതന്ത്രവും കൂടിയാണ് മോദി ധ്യാനം നടത്തുന്നതിലൂടെ ആസൂത്രണം ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇതിനുപിന്നിലുള്ള നിഗൂഢ ഫാസിസ്റ്റ് തന്ത്രത്തിനു നേരെ കണ്ണടയ്ക്കാനാവില്ല.
2019ൽ പുൽവാമയുടെയും ബാലാക്കോട്ടിന്റെയും പശ്ചാത്തലത്തിൽ സൃഷ്ടിക്കപ്പെട്ട അതിതീവ്രദേശീയ വികാരം കത്തിച്ചുനിർത്തി, കൊല്ലപ്പെട്ട പട്ടാളക്കാരുടെ ചോരയുടെ പേരിൽപോലും വോട്ട് ചോദിക്കാൻ മടിക്കാത്ത മോദി പ്രചാരണം അവസാനിപ്പിച്ചത് ഉത്തരാഖണ്ഡിൽ ഹിമാലയ പാർശ്വത്തിലെ ഒരു ഗുഹയിൽ (എയർ കണ്ടീഷൻ ചെയ്തത്) ഒരു ദിവസത്തെ ധ്യാനം കൂടലോടെയായിരുന്നല്ലോ. ഇപ്പോഴാകട്ടെ, തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടംമുതൽ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ജുഗുപ്സാവഹമായ മുസ്ലീം വിരോധപ്രസംഗങ്ങളുടെയും പ്രതിപക്ഷത്തിനെതിരായ അറപ്പുളവാക്കുന്ന നുണപ്രചാരണങ്ങളുടെയും സ്വയം ദെെവികപരിവേഷം എടുത്തണിയലിന്റെയും സമാപനമായാണല്ലോ വിവേകാനന്ദപ്പാറയിലെ ധ്യാനം കൂടൽ ആസൂത്രണം ചെയ്തിരിക്കുന്നത്. മാധ്യമശ്രദ്ധയാകെ അപ്പോഴും മോദിയിലേക്കും ധ്യാനത്തിലേക്കും കേന്ദ്രീകരിക്കുമെന്നും ഉറപ്പാണ്.
ഇന്നേവരെ രാജ്യത്തെ ഒരു പ്രധാനമന്ത്രിയും പറഞ്ഞിട്ടില്ലാത്തത്ര അറപ്പും വെറുപ്പും ഉളവാക്കുന്ന ഭാഷാപ്രയോഗങ്ങളാണ് മോദിയിൽനിന്ന് ഈ തിരഞ്ഞെടുപ്പ് വേളയിലാകെ ഉണ്ടായത്. പ്രതിപക്ഷത്തെ നഗ്നനൃത്തമാടുന്നവരെന്നും ഇന്ത്യാ കൂട്ടായ്മ അധികാരത്തിൽവന്നാൽ ഹിന്ദു അമ്മമാരുടെയും പെൺകുട്ടികളുടെയും മംഗല്യസൂത്രം അഴിച്ചെടുത്ത് മുസ്ലീങ്ങൾക്ക് നൽകുമെന്നും പിന്നാക്കക്കാരുടെയും പട്ടികജാതി–പട്ടികവർഗക്കാരുടെയും സംവരണം കവർന്നെടുത്ത് മുസ്ലീങ്ങൾക്ക് നൽകുമെന്നും റോഡിന്റെയും പാലങ്ങളുടെയും കരാറുകളിൽവരെ മുസ്ലീങ്ങൾക്ക് സംവരണം നൽകുമെന്നും തുടങ്ങി നുണകളുടെ കൂമ്പാരങ്ങളാണ് ഈ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഇന്ത്യയിലുടനീളം മോദി തള്ളിയത്. ഭരണഘടനാ പദവിയിലിരുന്നുകൊണ്ട് ഭരണഘടനയുടെ സർവ അനുശാസനങ്ങളെയും കാറ്റിൽ പറത്തി ഇന്ത്യൻ രാഷ്ട്രീയരംഗത്തെ തന്നെ മലീമസമാക്കുകയായിരുന്നു മോദി.
എന്നിട്ടും, ഇത്രയേറെ വർഗീയവിഷം ചീറ്റിയിട്ടും ബിജെപിക്കനുകൂലമായി ജനത്തിനിടയിൽ ഇളക്കമുണ്ടാകുന്നില്ലെന്നു കണ്ടാണ് ഒടുവിൽ തന്നെത്തന്നെ ദെെവമായി പ്രതിഷ്ഠിക്കാനുള്ള പ്രചാരണതന്ത്രത്തിനു മോദി തുടക്കം കുറിച്ചത്. ശത്രു നിഗ്രഹത്തിനായി ദെെവംതന്നെ തിരഞ്ഞെടുത്ത് അയച്ചിരിക്കുകയാണെന്ന് പറയുന്ന മോദിയെ ഈ ഘട്ടത്തിൽ നാം കണ്ടു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ അയോധ്യയിൽ രാമക്ഷേത്രം പണിതതിന്റെ ക്രെഡിറ്റവകാശപ്പെട്ട് രാമന്റെ പേരിൽ, അതായത് ദെെവത്തിന്റെ പേരിൽ വോട്ടഭ്യർഥിച്ച മോദി പിന്നീട് ദെെവത്തിനും മുകളിലാണ് താനെന്ന് സ്വയം അവതരിപ്പിക്കുന്നതാണ് നാം കണ്ടത്. ഒഡീഷയിലെ പുരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ ഒരു ബിജെപി നേതാവ് പറഞ്ഞത് പുരി ജഗന്നാഥൻപോലും മോദിയുടെ ചഭക്തനാണെന്നാണ്. പിന്നീട്, തന്റെ ജനനം ജെെവികമല്ലെന്നു പറഞ്ഞ മോദി തന്റെ മാതാപിതാക്കളെപോലും നിഷേധിച്ച് സ്വയം ദെെവാവതാരമായി പ്രതിഷ്ഠിക്കുകയാണുണ്ടായത്. യഥാർഥത്തിൽ അധികാരാർത്തി പൂണ്ട, സേ-്വച്ഛാധിപതിയായ മോദി അന്യമത വിശ്വാസങ്ങളെ തള്ളിപ്പറയുക മാത്രമല്ല, ഹിന്ദുമത വിശ്വാസികളുടെ തന്നെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കടയ്ക്കൽ കത്തിവച്ചുകൊണ്ടിരിക്കുകയുമാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ഭരണഘടനാ മൂല്യങ്ങളുമാകെ കാറ്റിൽ പറത്തി മോദി അഴിഞ്ഞാടുമ്പോഴും തിരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്താൻ ബാധ്യതപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരീയമെടുത്ത് അരയിൽകെട്ടി പഞ്ചപുച്ഛമടക്കി മോദിക്കുമുന്നിൽ നിൽക്കുന്നതാണ് നാം കാണുന്നത്. അതങ്ങനെയായില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ. കാരണം തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള സമിതിയെക്കുറിച്ചുള്ള സുപ്രീംകോടതി വിധി മറികടക്കാനായി നിയമഭേദഗതി കൊണ്ടുവന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുൻപ് തന്റെ രണ്ട് ശിങ്കിടികളെ കമ്മീഷൻ അംഗങ്ങളായി (നിലവിലുണ്ടായിരുന്ന രണ്ടുപേരെ കാലാവധി തീരും മുൻപ് പുകച്ച് പുറത്തുചാടിച്ചശേഷം) നിയമിച്ചതുതന്നെ ഇത്തരമൊരു ലക്ഷ്യം മുന്നിൽ കണ്ടായിരുന്നല്ലോ. മോദിയോട് വിശദീകരണം ചോദിക്കാൻപോലും ആർജവമില്ലാത്ത, നട്ടെല്ലില്ലാത്ത ഒന്നാക്കി, മറ്റെല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പോലെ തന്റെ അംഗുലീ ചലനത്തിനൊത്ത് ചാടിക്കളിക്കുന്നതാക്കി തിരഞ്ഞെടുപ്പ് കമ്മീഷനെയും മാറ്റിയാണ് ഫാസിസ്റ്റ് സേ-്വച്ഛാധിപതിയായ മോദി ഇങ്ങനെ അഴിഞ്ഞാടുന്നത്. വേണ്ടി വന്നാൽ തിരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ അട്ടിമറിക്കാൻ തനിക്ക് കൂട്ടുനിൽക്കുമെന്നുറപ്പുള്ള ഒരു കമ്മീഷനെ എന്തിനു ഭയക്കണം മോദി?
അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മറുചോദ്യം ചോദിക്കാത്ത ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെപ്പോലും തള്ളിപ്പറയാനും ‘ഗാന്ധി’ എന്ന സിനിമയ്ക്കു മുൻപ് അദ്ദേഹത്തെ ആർക്കറിയാമെന്നും പറയുമ്പോൾ, അതൊരു വിഡ്ഢിത്തം പറയലായി ചിരിച്ചുതള്ളാനാവില്ല. രാജ്യത്ത് നിലനിൽക്കുന്ന സർവ നന്മകളെയും കാൽക്കീഴിലിട്ട് ചവിട്ടിയരച്ച് ചെങ്കോലും കിരീടവുമണിഞ്ഞ് ഏകാധിപതിയായി വാഴാനുള്ള ഫാസിസ്റ്റിന്റെ വ്യഗ്രതയാണ് അതിൽ നാം കാണേണ്ടത്. ഈ തിരഞ്ഞെടുപ്പ് രംഗത്ത് ഇന്ത്യയിലാകെ ഒരൊറ്റയാളിനു വേണ്ടിയായിരുന്നുവല്ലോ മോദിയും ബിജെപിയും വോട്ടുചോദിച്ചത്! ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികൾക്ക് വോട്ടുചെയ്യാനല്ല, മോദിക്കായി വോട്ടു ചെയ്യാനാണ് ജനങ്ങളോട് ആഹ്വാനം ചെയ്തത്. തനി സേ-്വച്ഛാധിപത്യവാഴ്ചയാണ് സംഘപരിവാറും മോദിയും ശിങ്കിടി കോർപറേറ്റുകളും ലക്ഷ്യം വയ്ക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളാകെ അതീവജാഗ്രത പാലിക്കണമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.