വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേയ്ക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങളെ സിപിഐ എമ്മും മുഖ്യമന്ത്രിയും ശക്തമായി അപലപിച്ചിരുന്നു
സമരങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ അവിടെ ലംഘിക്കപ്പെട്ടു എന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും അതിനനുസൃതമായ നിലപാടുകളും നടപടികളുമാണ് സർക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സ്വീകരിച്ചത്.
സംഭവം നടന്നയുടനെത്തന്നെ ഈ വിഷയത്തിൽ മുഖ്യമന്ത്രി പരസ്യമായി പ്രതികരിച്ചു.
“വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണ്.” - എന്നാണ് അദ്ദേഹം പറഞ്ഞത്.
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ തുടങ്ങിയെല്ലാവരും തന്നെ പ്രസ്തുത പ്രശ്നത്തെ അപലപിക്കുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
എസ്.എഫ്.ഐ നേതൃത്വവും മറ്റു കമ്മ്യൂണിസ്റ്റ് ബഹുജനപ്രസ്ഥാനങ്ങളും അക്രമം സൃഷ്ടിച്ചവരെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്.
ഈ നിലപാട് വെറും വാക്കുകളിൽ ഒതുക്കാതെ കൃത്യമായ നടപടികൾ കൈക്കൊള്ളാനും സർക്കാർ തയ്യാറായി.
മാർച്ചും തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണത്തിനു.
പോലീസ് ആസ്ഥാനത്തെ എഡിജിപിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്പെന്റ് ചെയ്യുകയും ചെയ്തു.
കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകുവാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.
ഇതെല്ലാം വ്യക്തമാക്കുന്നത് സിപിഐഎമ്മിൻ്റേയും സർക്കാരിൻ്റേയും അടിയുറച്ച ജനാധിപത്യബോധവും രാഷ്ട്രീയ മര്യാദയുമാണ്.
കുറ്റം ചെയ്തവർ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആർജ്ജവമാണ് സർക്കാർ എപ്പോളുമെന്ന പോലെ ഇക്കാര്യത്തിലും കാണിച്ചത്.
എന്നാൽ ഈ പ്രശ്നത്തെ രാഷ്ട്രീയമായി മുതലെടുക്കാനും അക്രമമഴിച്ചിടാനുമുള്ള അവസരമായി ഉപയോഗിക്കുകയാണ് അവർ ചെയ്യുന്നത്.
കൽപ്പറ്റയിൽ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ് ആക്രമിക്കുകയും ജീവനക്കാർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു.
വയനാട് ബ്യൂറോ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഉടമയായ സ്‌ത്രീകളെയും കുട്ടികളെയും വരെ അക്രമികൾ പരിഭ്രാന്തരാക്കി.
ഡൽഹിയിൽ എകെജി ഭവനിലേയ്ക്ക് മാർച്ച് നടത്തി കലാപാന്തരീക്ഷം സൃഷ്ടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വച്ച് അക്രമിക്കാൻ ശ്രമിച്ചപ്പോൾ സിപിഐഎം പ്രവർത്തകർ ആരും എ.ഐ.സി.സി ആസ്ഥാനത്തേയ്ക്ക് മാർച്ച് നടത്തിയില്ല.
കുറ്റക്കാർക്കെതിരെ തക്ക സമയത്ത് നടപടി സ്വീകരിച്ചിട്ടും പിന്നെ എന്തിനായിരുന്നു പ്രഹസനം.
അപ്പോൾ അതിൻ്റെ ലക്ഷ്യം കലാപാന്തരീക്ഷം സൃഷ്ടിച്ച് നാടിൻ്റെ സമാധാനം തകർക്കുക എന്നതാണ്.
അതിൻ്റെ ഭാഗമായി വയനാട്ടിലും കണ്ണൂരിലും കോട്ടയത്തുമുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ അക്രമം അഴിച്ചു വിട്ടു.
സംരക്ഷണം നൽകാൻ വന്ന പോലീസുകാരെ പോലും അക്രമിക്കുന്ന തരത്തിൽ അധ:പ്പതിച്ചു.
പോലീസുകാരെ അക്രമിച്ചതിനെ തുടർന്ന് ടി.സിദ്ദീഖിൻ്റെ ഗണ്മാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരു തരത്തിലും നീതികരിക്കാനാവത്ത തീർത്തും അമാന്യവും ജനാധിപത്യ വിരുദ്ധവുമായ പ്രതികരണമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നുമുണ്ടായത്.
രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എസ്.എഫ്.ഐക്കാർ ഗാന്ധിജിയുടെ ചിത്രം തറയിൽ വലിച്ചറിഞ്ഞ് അപമാനിച്ചുവെന്ന തരത്തിൽ വലിയ പ്രചരണമാണ് തുടക്കത്തിൽ കോൺഗ്രസ് നടത്തിയത്.
എന്നാൽ പ്രതിഷേധത്തിന് ശേഷം ചിത്രീകരിച്ച പല വീഡിയോകളിലും ഗാന്ധിജിയടക്കമുള്ള മുൻകാല നേതാക്കളുടെ ചിത്രം ചുമരിലുണ്ടെന്ന് വ്യക്തമായതോടെ അതു കോൺഗ്രസുകാർ തന്നെ ചെയ്തതാണെന്ന് അന്നേ വ്യക്തമായി.
ഇക്കാര്യം ചോദിച്ച ദേശാഭിമാനി ലേഖകനോട് അട്ടഹസിക്കുകയും ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് പ്രതിപക്ഷ നേതാവായ വിഡി സതീശൻ ചെയ്തത്.
യൂത്ത് കോൺഗ്രസുകാർ ഗാന്ധിജിയുടെ ചിത്രം താഴെയിട്ടതാണോ വലിയ പ്രശ്‌നമെന്ന പരിഹാസ്യമായ മറുചോദ്യം പത്രക്കാരോട് ചോദിച്ച യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ്റെ നിലപാട് മലർന്നു കിടന്നു തുപ്പുന്നതിനു സമമായിരുന്നു.
ഒരു പ്രാദേശിക കോൺഗ്രസ് നേതാവ് അലറി വിളിച്ചത് മാധ്യമപ്രവർത്തകരുടെ കൈവെട്ടുമെന്നായിരുന്നു.
ഇത്തരത്തിൽ അക്രമ ഭീഷണി ഉയർത്തിയിട്ടും മാധ്യമങ്ങളുടെ പ്രതിഷേധമൊന്നും ഉയർന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഇടതുപക്ഷത്തിനെതിരെ കോൺഗ്രസിൻ്റേയും ബിജെപിയുടേയും പ്രധാന സഖ്യകക്ഷിയായി ഇവിടത്തെ മാധ്യമങ്ങൾ മാറിക്കഴിഞ്ഞു എന്നതിൻ്റെ സൂചനയാണ് അവരുടെ ഈ തണുപ്പൻ പ്രതികരണം.
നീതിയോടും ജനാധിപത്യത്തോടും രാഷ്ട്രീയ മര്യാദയോടുമുള്ള ഇടതുപക്ഷത്തിൻ്റേയും യുഡിഎഫിൻ്റേയും നിലപാടുകൾ തമ്മിലുള്ള അന്തരം ജനങ്ങൾക്കു മുന്നിൽ അനാവൃതമാകുന്ന ഒരു സന്ദർഭം കൂടിയാണിത്.
ഒരു വശത്ത് തെറ്റു നടന്ന ഉടനെ അതിനെ തള്ളിപ്പറയുകയും അതിനെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തുകൊണ്ട് എൽ.ഡി.എഫ് മാതൃക കാണിക്കുമ്പോൾ ഇരട്ടത്താപ്പു നയമാണ് തങ്ങളുടേതെന്ന് നിർലജ്ജം പൊതുജനങ്ങൾക്കു മുന്നിൽ പ്രഖ്യാപിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്.
എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടിക്കെതിരെ ഉറഞ്ഞു തുള്ളിയ കോൺഗ്രസും വലതുപക്ഷ നേതാക്കളും മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ന്യായീകരിക്കുക മാത്രമല്ല അത് ആഘോഷിക്കുകയും ചെയ്യുന്നു എന്നതാണ് വിരോധാഭാസം.
അതിൻ്റെ ഭാഗമായി ജയിൽ വാസത്തിനു ശേഷം പുറത്തുവന്ന അക്രമികൾക്ക് കോൺഗ്രസ് നേതൃത്വം സ്വീകരണം നൽകുകയാണ് ചെയ്തത്.
അവരതു ചെയ്തില്ലെങ്കിലേ അദ്ഭുതമുള്ളൂ. കാരണം നേതൃത്വത്തിൻ്റെ അറിവോടേയും ആശിസ്സോടെയും കൂടിയാണ് അവർ മുഖ്യമന്ത്രിയെ അക്രമിക്കാൻ ശ്രമിച്ചത്.
വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ട്രാവൽ ഏജൻസിയിലേയ്ക്ക് വിളിച്ചത് ഡി.സി.സി ഓഫീസിൽ നിന്നും നേരിട്ടാണെന്നും അതിൻ്റെ പണം ആ ഏജൻസിക്ക് ഇപ്പോളും നൽകാനുമുണ്ടെന്നാണ് കേട്ടത്
. മാത്രമല്ല, കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്റെ അനുചര സംഘത്തിലെ പ്രധാനികളാണ് അക്രമി സംഘത്തിൽപ്പെട്ട നവീൻ കുമാറും ഫർസീൻ മജീദും.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ മൂന്ന് പ്രതികളും നേരെത്തെ പദ്ധതി ഇട്ടിരുന്നതായാണ് ഇതുവരെയുള്ള പോലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്.
വിമാനം ഇറങ്ങുന്നതിനു മുൻപ് മൂന്ന് പേരും നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് മൊഴി ഉണ്ട്.
നിന്നെ വെച്ചേക്കില്ല എന്ന് ആക്രോശിച്ചു പ്രതികൾ അടുത്തേക്ക് വന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റൽ രേഖകളുമുണ്ട്.
പ്രതികളുടെ അക്രമത്തിൽ സുരക്ഷ ജീവനക്കാരന് പരിക്കേറ്റു. മൂന്ന് പേരും 13-ാം തീയതിയാണ് ടിക്കറ്റ് എടുത്തത്.
മൂന്ന് പേരും നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു.ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണം.
വിമാനത്തിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചത് പ്രതിഷേധമാക്കി മാറ്റാനുള്ള ആസൂത്രിത നീക്കമാണ് കോൺഗ്രസും മാധ്യമങ്ങളും നടത്തിയത്.
വിവരം പുറത്തുവന്നയുടൻതന്നെ ‘ആകാശത്തും പ്രതിഷേധം’ എന്ന മട്ടിലാണ് ചില ചാനലുകൾ വ്യാഖ്യാനിച്ചത്.
അതേറ്റു പിടിച്ച് അക്രമികളെ ന്യായീകരിക്കുന്ന പ്രസ്താവനകളുമായി കോൺഗ്രസ് നേതൃത്വം കളം നിറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തൊട്ടുപിറകെ ഇതേരീതിയിലുള്ള പ്രതികരണവുമായി രംഗത്തുവന്നു.
കണ്ണാടിക്കൂട്ടിൽ ഇരുന്നാലും പ്രതിഷേധിക്കുമെന്നു പറഞ്ഞ് വിമാനത്തിനുള്ളിലെ ആക്രമണശ്രമത്തെ വി ഡി സതീശൻ പ്രോത്സാഹിപ്പിച്ചപ്പോൾ കെ സുധാകരൻ അക്രമികളെ തടഞ്ഞ് മുഖ്യമന്ത്രിയെ അപകടത്തിൽ നിന്നും രക്ഷിച്ച ഇ.പി ജയരാജനെതിരെ ഭീഷണി മുഴക്കി.
വിമാനം ലാൻഡ് ചെയ്‌ത് യാത്രക്കാർ പുറത്തിറങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തേക്ക് പാഞ്ഞടുത്തത്.
ഇ പി ജയരാജന്റെ സമയോചിത ഇടപെടലുണ്ടായില്ലെങ്കിൽ പ്രതികളുടെ കൈയേറ്റത്തിനുപോലും മുഖ്യമന്ത്രി ഇരയായേനെ.
വിമാനം പറക്കുന്ന സമയത്തായിരുന്നെങ്കിൽ ഒരു പക്ഷേ ആകാശദുരന്തത്തിനുതന്നെ വഴിവയ്‌ക്കുമായിരുന്നു.മുഖ്യമന്ത്രി വിമാനത്തില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുവെന്ന് ഇന്‍ഡിഗോ നൽകിയ റിപ്പോർട്ടിൽ പറയന്നു.
വിമാനം ലാൻ്റ് ചെയ്ത ഉടനെ രണ്ടു പേർ പ്രതിഷേധവുമായി ആഞ്ഞടുത്തു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സംഭവം എത്രമാത്രം ഗുരുതരമാണെന്ന് ബോധ്യമായിട്ടും ഖേദം പ്രകടിപ്പിക്കാനോ അക്രമികൾക്കെതിരെ നടപടിയെടുക്കാനോ കോൺഗ്രസ് നേതാക്കൾ തയ്യാറയില്ല.
പകരം അവരെ പൂമാലയിട്ടു സ്വീകരിക്കുകയാണ് ചെയ്തത്. അതിൽ വലിയ അദ്ഭുതമൊന്നും കോൺഗ്രസിൻ്റെ ചരിത്രമറിയുന്നവർക്ക് തോന്നില്ല.
പ്രതിഷേധത്തിൻ്റെ പേരിൽ വിമാനം റാഞ്ചാനും മടി കാണിക്കാത്തവരാണ് കോൺഗ്രസുകാർ.
കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാനാണ് കോൺഗ്രസുകാർ ശ്രമിച്ചതെങ്കിൽ 1978ൽ ഇന്ദിര ഗാന്ധിയുടെ മോചനം ആവശ്യപ്പെട്ട് ഒരു വിമാനംതന്നെ കോൺഗ്രസുകാർ റാഞ്ചി.
കൊൽക്കത്തയിൽനിന്ന് ലഖ്‌നൗവിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം 1978 ഡിസംബർ ഇരുപതിനാണ് യുപിയിൽനിന്നുള്ള കോൺഗ്രസ് നേതാക്കളായ ഭോലാനാഥ് പാണ്ഡെയും ദേവേന്ദ്ര പാണ്ഡെയും റാഞ്ചി യത്.
അടിയന്തരാവസ്ഥയ്‌ക്കുശേഷം 1978ൽ ഇന്ദിര ഗാന്ധി ജയിലിൽ അടയ്‌ക്കപ്പെട്ട ഘട്ടത്തിലാണ് സംഭവം. ഇന്ദിരയെ മോചിപ്പിക്കുക, മകൻ സഞ്‌ജയ് ഗാന്ധിക്കെതിരായ എല്ലാ കേസും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റാഞ്ചികൾ ഉയർത്തിയത്. കളിത്തോക്കുകളുമായി ഇവർ ഭീഷണി ഉയർത്തിയതോടെ വിമാനം വാരാണസിയിൽ ഇറക്കി. 130 യാത്രക്കാരെയും ജീവനക്കാരെയും ബന്ദികളാക്കി മണിക്കൂറോളം രാജ്യത്തെ മുൾമുനയിൽ നിർത്തി.
പിന്നീട് മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇരുവരും കീഴടങ്ങി. റാഞ്ചൽ നാടകം നടത്തിയവർക്ക് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയാണ് കോൺഗ്രസ് നന്ദി അറിയിച്ചത്. ഇതാണ് കോൺഗ്രസിൻ്റെ നാണം കെട്ട സംസ്കാരം.
അതിന്നും യാതൊരു തിരുത്തും കൂടാതെ കൂടുതൽ മോശം രീതിയിൽ അവർ മുന്നോട്ടു കൊണ്ടുപോകുന്നു എന്നു മാത്രം.
മേൽ സൂചിപിച്ച എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന എണ്ണിയാലൊടുങ്ങാത്ത സന്ദർഭങ്ങൾ കാണാൻ സാധിക്കും.
ഉദാഹരണമായി സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ അതിനെതിരെ ഏറ്റവും ആദ്യം പ്രസ്താവന നൽകിയ ആളുകളിലൊരാൾ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
കേന്ദ്രസർക്കാരിന് കീഴിലെ രാഷ്ട്രീയ കളിപ്പാവകളെന്ന നിലയിലേക്ക് ഇഡിയടക്കമുള്ള അന്വേഷണ ഏജൻസികൾ അധഃപതിച്ചുവെന്ന നിലപാടാണ് സിപിഐഎം എടുത്തത്. പകരം അതു കോൺഗ്രസിനെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കുകയല്ല ചെയ്തത്.
കൃത്യവും സത്യസന്ധവുമായ രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചത്.
എന്നാൽ ഈ വിഷയത്തിലെ കോൺഗ്രസ് നിലപാട് വളരെയധികം തീർത്തും അവസരവാദപരമായിരുന്നു.
സ്വർണക്കടത്തുകേസിലും അതുമായി ബന്ധപ്പെട്ട മറ്റ് വിവാദങ്ങളിലും കേരളത്തിലെ ഇടതുസർക്കാരിനെതിരെ ഇഡി നടത്തിയ അന്വേഷണ നാടകങ്ങൾക്ക് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും അതു സർക്കാരിനെതിരെ ഉപയോഗിക്കുകയുമാണ് ചെയ്തത്. ബിജെപിക്കൊപ്പം നിൽക്കാൻ അവർക്ക് മടിയുടെ കണിക പോലുമുണ്ടായില്ല എന്നതാണ് സത്യം.
അവരത് 2021 നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമാക്കി.
അവിടെയും നിർത്താതെ കേസിലെ പ്രധാനപ്രതി ഒരു കൊല്ലത്തിനു ശേഷം നടത്തുന്ന ആരോപണ നാടകങ്ങളെ ഉപയോഗപ്പെടുത്തി ഇഡിയെ കൊണ്ട് വീണ്ടും അന്വേഷണമാരംഭിക്കാനും രാഷ്ട്രീയലാഭമുണ്ടാക്കാനും ശ്രമിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. എന്നാൽ കേരളത്തിനുപുറത്ത് തങ്ങളുടെ നേതാക്കൾക്കെതിരെ നടക്കുന്ന അന്വേഷങ്ങളെ ചൂണ്ടിക്കാട്ടി പ്രതിഷേധപരമ്പരകൾ സംഘടിപ്പിക്കുകയും ചെയ്യുന്നും. ഒരേ വിഷയത്തിൽ തന്നെ കടകവിരുദ്ധമായ രണ്ടു നിലപാടുകൾ സ്വീകരിക്കാനുള്ള കപട സാമർത്ഥ്യം ഈ അളവിൽ കോൺഗ്രസിനല്ലാതെ മറ്റാർക്കും കാണില്ല.
അധികാരത്തോടുള്ള അന്ധമായ ആർത്തി മനുഷ്യത്വത്തിൻ്റെ അവശേഷിച്ച അംശം പോലും കോൺഗ്രസിൽ നിന്നുമില്ലാതാക്കി എന്നതാണ് കൂടുതൽ ദൗർഭാഗ്യകരമായ കാര്യം.
എൽ.ഡി.എഫും യുഡിഎഫും തമ്മിലുള്ള ആ അന്തരം പകൽ പോലെ വ്യക്തമായ സന്ദർഭമാണ് ഇടുക്കി എഞ്ചിനീയറിങ്ങ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിനെ യൂത്ത് കോൺഗ്രസ് - കെ.എസ്.യു ഗുണ്ടകൾ അക്രമിച്ചുൻ കൊലപ്പെടുത്തിയ സംഭവം. ഒരു വിദ്യാർഥിയുടെ ജീവനോടു പോലും അനുതപിക്കാൻ കഴിയാത്ത വിധം അവർ അധ:പ്പതിച്ചു പോയി. “ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ഉണ്ടായതെന്നും "തന്റെ കുട്ടികൾ’രണ്ടുംകൽപ്പിച്ച് എത്തിയതാണെന്നുമാണ് കെ. സുധാകരൻ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വിളിച്ചു പറഞ്ഞത്.
കൊലപാതകങ്ങൾക്കു തുനിഞ്ഞു ഇറങ്ങിയിരിക്കുകയാണെന്നാണ് സുധാകരൻ തൻ്റെ പ്രസ്താവനയിലൂടെ സൂചിപ്പിച്ചത്. കുറച്ച് കോളേജിലെങ്കിലും യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ജയിച്ചത് തന്റെ നിർദേശപ്രകാരം പുറത്തുള്ള കോൺഗ്രസുകാർ എത്തി സഹായിച്ചതുകൊണ്ടാണെന്നും സുധാകരൻ പറഞ്ഞു.
കൊലപാതക കേസിലെ പ്രതികൾക്ക് എല്ലാ നിയമസഹായവും നൽകുമെന്നാണ് കെ മുരളീധരൻ പ്രസ്താവിച്ചത്. ‘കർമ്മ’ എന്ന വാക്കാണ് ഒരു കോൺഗ്രസ് വക്താവ് ഉപയോഗിച്ചത്.
ഇതിനെല്ലാം പുറമേ നിരപരാധിയായ ഒരു കുട്ടിയുടെ ജീവനെടുത്ത ഈ കേസിലെ പ്രതി യൂത്ത് കോൺഗ്രസ്സ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്ക് ജാമ്യം ലഭിച്ച ശേഷം കോൺഗ്രസ്സുകാർ വീരോചിതമായ വരവേൽപ്പു നൽകുകയും ചെയ്തു.
കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല അവരെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയിലാണ് കോൺഗ്രസുള്ളത്.