വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തിച്ചേർന്നു. കേരളത്തിന്റെ വികസന ചരിത്രത്തിൽ ഉജ്ജ്വലമായ അധ്യായമാണ് ആ ദിനം തുന്നിച്ചേർത്തത്. അസാധ്യമെന്നു കരുതി നാടിന്റെ വികസനത്തെ മാറ്റി വയ്ക്കാത്ത ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ അഭിമാന നിമിഷമാണിത്. പ്രതിസന്ധികളിൽ തളരാത്ത, അസാധ്യമായത് സാധ്യമാക്കുന്ന കേരള ജനതയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണിത്. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കാനായി എത്ര വലിയ പ്രതിബന്ധത്തെയും കേരളം അതിജീവിക്കും എന്നതിന്റെ തെളിവാണ് വലിയ പ്രതിസന്ധികൾക്കിടയിലും ഈ തുറമുഖത്തിന്റെ നിർമ്മാണത്തിലുണ്ടായ വേഗത.
2015 ആഗസ്ത് 17 നാണ് ഈ തുറമുഖത്തിനായുള്ള കരാർ ഒപ്പുവച്ചത്. ഒരു കരാർ ഒപ്പുവെച്ചു എന്നുള്ളതു കൊണ്ടുമാത്രം ഒരു പദ്ധതിയും നടപ്പാകണമെന്നില്ല. അത്തരത്തിൽ നടപ്പാകാതെ പോയ പദ്ധതികളുടെ പട്ടികയിൽപ്പെട്ട് വിസ്മൃതിയിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വീണുപോകരുതെന്ന് എൽ.ഡി.എഫ് സർക്കാരിനു നിർബന്ധമുണ്ടായിരുന്നു. ഭരണമാറ്റങ്ങൾ വികസന പദ്ധതികളെ ബാധിക്കുന്ന സമീപനം അവസാനിപ്പിക്കണം എന്ന കാര്യത്തിലും എൽ ഡി എഫ് സർക്കാരിനു നിർബ്ബന്ധമുണ്ടായിരുന്നു. വ്യത്യസ്തമായ ഈ രാഷ്ട്രീയബോധവും അതിൽ അധിഷ്ഠിതമായ വികസന കാഴ്ചപ്പാടുമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പൂർത്തീകരണത്തിൽ പ്രധാന പങ്കു വഹിച്ചത്.
2017 ജൂണിൽത്തന്നെ ബർത്തുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നമുക്കു കഴിഞ്ഞിരുന്നു. എന്നാൽ, അതിനുശേഷമുണ്ടായ പ്രകൃതിദുരന്തങ്ങളും മഹാമാരിയും പദ്ധതിയുടെ പൂർത്തീകരണത്തിനായി നിശ്ചയിച്ച സമയക്രമത്തെ ഒട്ടൊക്കെ ബാധിച്ചു എന്നത് വസ്തുതയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമായി ഉയർന്നുവരുമ്പോൾ അതു നമ്മുടെ രാഷ്ട്രത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം തന്നെ ഉയർത്തും. അതിൽ അസഹിഷ്ണുതയുള്ള ചില അന്താരാഷ്ട്ര ലോബികൾ പോലും ഇത് യാഥാർത്ഥ്യമാവാതിരിക്കാൻ രംഗത്തുണ്ടായിരുന്നു. വിഴിഞ്ഞം അങ്ങനെ ഉയരുന്നത് പല വാണിജ്യ ലോബികൾക്കും ഇഷ്ടമായിരുന്നില്ല. അവരും രംഗത്തുണ്ടായിരുന്നു. എന്നാൽ അതിനൊക്കെ മേലേ വിലപ്പോയത് നമ്മുടെ കൂട്ടായ ഇച്ഛാശക്തിയും നിർവ്വഹണശേഷിയുമാണ്. സത്യത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേവലം മറ്റൊരു തുറമുഖം മാത്രമല്ല; കേരളം ഇന്ത്യയ്ക്കു നൽകുന്ന അതിമഹത്തായ സംഭാവനകളിലൊന്നാണ്.
ഇന്ത്യയിലെ മറ്റ് ഒരു തുറമുഖത്തിനുമില്ലാത്ത ഒരുപാട് സാധ്യതകൾ വിഴിഞ്ഞത്തിനു മുന്നിൽ തുറന്നുകിടക്കുകയാണ്. അന്താരാഷ്ട്ര കപ്പൽ ചാലിന്റെ കേലവം 11 നോട്ടിക്കൽ മൈലിനുള്ളിൽ സ്ഥിതി ചെയ്യുന്നതും പ്രകൃതിദത്തമായ 20 മീറ്റർ സ്വാഭാവിക ആഴമുള്ളതുമായ തുറമുഖമാണിത്. മുഖ്യ കടൽപ്പാതയോട് ഇത്രമേൽ അടുത്തുനിൽക്കുന്ന മറ്റൊരു തുറമുഖം ഇന്ത്യയിലില്ല. 400 മീറ്റർ നീളമുള്ള 5 ബർത്തുകളും 3 കിലോമീറ്റർ നീളമുള്ള പുലിമുട്ടും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ആദ്യ ഘട്ടത്തിൽ 400 മീറ്റർ ബർത്ത് പൂർത്തിയായിരിക്കുകയാണ്. ആദ്യഘട്ടം പൂർത്തിയാകുന്നതോടെ പ്രതിവർഷം 10 ലക്ഷം‘ട്വന്റി ഫുട്ട് ഇക്വലന്റ് യൂണിറ്റ്’ കണ്ടെയ്‌നർ കൈകാര്യം ചെയ്യാൻ കഴിയുന്ന തുറമുഖമായി ഇതു മാറും.
ഈ തുറമുഖം സമയബന്ധിതമായി ഈ വിധത്തിൽ പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധയും കരുതലുമാണ് സർക്കാർ കാട്ടിയത്. 2021 ൽ പുലിമുട്ടിന്റെ നീളം ഭാഗികമായി മാത്രമാണ് തയ്യാറാക്കുവാൻ സാധിച്ചത്, കേവലം 650 മീറ്റർ. ആ ഘട്ടത്തിൽ നിർമ്മാണോത്പന്നങ്ങളുടെ ലഭ്യതക്കുറവ് ചെറിയ തോതിലുള്ള പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ അതുകൊണ്ട് തുറമുഖനിർമ്മാണം തടസ്സപ്പെട്ടുകൂടാ എന്ന ലക്ഷ്യത്തോടെ പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കുകയായിരുന്നു. പ്രതിമാസ അവലോകനങ്ങൾ നടത്തി, ദൈനംദിന അവലോകനങ്ങൾക്ക് പ്രത്യേക മൊബൈൽ ആപ്പ് തന്നെ തയ്യാറാക്കി.
സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി. പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കേണ്ട ഓരോ ഘടകത്തിന്റെയും സമയകൃത്യത ഉറപ്പാക്കി. 2022 ജൂൺ 30 ന് ഇലക്ട്രിക് സബ്‌സ്റ്റേഷനും അതേത്തുടർന്ന് പ്രധാന സബ്‌സ്റ്റേഷനും പൂർത്തിയാക്കി. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഗേറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തത്. മേയ് മാസത്തിൽ വർക്ക്‌ഷോപ്പ് കെട്ടിടം പൂർത്തിയാക്കി.
തുടക്കത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് അതിവേഗത്തിലാണ് പുലിമുട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇപ്പോൾ 2,960 മീറ്ററിന്റെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ഇതിൽ 2,500 മീറ്ററോളം അക്രോപോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 11 കിലോമീറ്റർ പ്രകൃതിസൗഹൃദ തുരങ്ക റെയിൽവേ പാത നിർമ്മിക്കുന്നതിന് ഡി പി ആർ സമർപ്പിക്കുകയും അതിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
പോർട്ടിനെ ദേശീയപാത 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. 6,000 കോടി രൂപ ചെലവഴിച്ച് തയ്യാറാക്കുന്ന ഔട്ടർ റിങ് റോഡുകൂടി വരുന്നതോടെ ഈ പദ്ധതി വലിയ നേട്ടം ഉണ്ടാക്കുക തന്നെ ചെയ്യും. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിലും അനുബന്ധ വികസന പ്രവർത്തനങ്ങളിലും എത്രമാത്രം ശ്രദ്ധയാണ് സർക്കാർ ചെലുത്തുന്നതെന്ന് ഇതിൽ നിന്നെല്ലാം മനസ്സിലാകും.
വിഴിഞ്ഞം തുറമുഖത്തിന് 7,700 കോടി രൂപയാണ് ആകെ മുതൽമുടക്ക്. ഇതിൽ 4,600 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്. അതുകൊണ്ടു തന്നെ വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ തുറമുഖമാണ്. രാജ്യത്ത് ആദ്യമായി തുറമുഖ നിർമ്മാണത്തിനായി യൂണിയൻ സർക്കാർ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അംഗീകരിച്ചത് ഈ തുറമുഖത്തിനുവേണ്ടിയാണെന്ന പ്രത്യേകതയുമുണ്ട്.
അദാനി കമ്പനിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാതാക്കളും നടത്തിപ്പുകാരും. ആ നിലയ്ക്ക് പബ്ലിക് – പ്രൈവറ്റ് പാർട്ട്ണർഷിപ്പിന്റെ ഉത്തമ മാതൃകയായി വളരേണ്ട സംരംഭമാണിത്. സമയബന്ധിതമായി ഇത് പൂർത്തിയാക്കുന്നതിൽ അവർ കാട്ടിയ മുൻകൈയും സഹകരണവും അഭിനന്ദനാർഹമാണ്. തുറമുഖ നിർമ്മാണത്തിനുള്ള കരാർ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഈ സർക്കാർ മത്സ്യത്തൊഴിലാളികളോട് വളരെ അനുകൂലമായ നയം സ്വീകരിച്ചതിന്റെ ഫലമായി 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചു. ആ നിലയ്ക്ക് ഈ സർക്കാരിന് കേരളത്തിലെ ജനങ്ങളോടുള്ള, പ്രത്യേകിച്ച് അടിസ്ഥാനവർഗ്ഗങ്ങളോടുള്ള കരുതലിന്റെയും പ്രതിബദ്ധതയുടെയും കൂടി ദൃഷ്ടാന്തമാണ് ഈ തുറമുഖം.
നിർമ്മാണം ആരംഭിച്ചശേഷം പല ഘട്ടങ്ങളിലായി വിഴിഞ്ഞം നിവാസികൾ വിവിധ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. അവയുടെ പരിഹാരത്തിനായി സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തിയും അദാനി കമ്പനിയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും വേണ്ട പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്. തുറമുഖാധിഷ്ഠിത തൊഴിൽപരിശീലനത്തിന് 50 കോടി രൂപ ചെലവിൽ ട്രെയിനിംഗ് സെന്റർ കൂടി ഒരുക്കിക്കൊണ്ട് കൂടുതൽ ചെറുപ്പക്കാർക്ക് ഇത് പ്രയോജനകരമാകുന്നു എന്നുറപ്പുവരുത്തുകയാണ് സർക്കാർ.
കഴിഞ്ഞ ഏട്ടു വർഷമായി അടിസ്ഥാനസൗകര്യ വികസന മേഖലയിൽ കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മുന്നേറ്റത്തിന്റെ ഉദാഹരണങ്ങളിലൊന്നാണ് ഈ വിഴിഞ്ഞം തുറമുഖം. 2016 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ അധികാരത്തിൽ വരുമ്പോൾ വികസന പദ്ധതികൾ മുടങ്ങിക്കിടന്ന അവസ്ഥയാണുണ്ടായിരുന്നത്. ദേശീയപാതാ വികസനവും ഗെയ്ൽ പൈപ്പ്‌ലൈനും പവർഹൈവേയും എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം അവസാനിച്ചിരുന്നു. ജനങ്ങൾക്കിടയിൽ ആകെ ഒരു നിരാശ പടർന്നിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് നാടിനു ഗുണകരമാകുന്ന വികസന പദ്ധതികൾ നടപ്പിലാക്കും എന്ന വാഗ്ദാനത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തുന്നത്. അത് കേവലം വാഗ്ദാനം മാത്രമായിരുന്നില്ല എന്നതാണ് കഴിഞ്ഞ ഏഴര വർഷത്തെ കേരളത്തിന്റെ അനുഭവം.
ഈ തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നർ ബിസിനസ്സിന്റെ കേന്ദ്രമായിട്ട് കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം തുറമുഖം മുതൽക്കൂട്ടാകും. ഇതു സർക്കാരും ജനങ്ങളും ഒരുമിച്ചു നിന്നു യാഥാർത്ഥ്യമാക്കിയ സ്വപ്നമാണ്.