കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ ദൃശ്യ മാധ്യമങ്ങള്‍ നല്‍കിയ ചില തലക്കെട്ടുകള്‍ ഇവിടെ വായിക്കാം.
വയനാട്ടില്‍ ചെലവിട്ട കണക്കുമായി സര്‍ക്കാര്ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങിച്ചതിന് 11 കോടി, ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഏഴ് കോടി, പാലത്തിന് അടിയിലെ കല്ല് നിരത്തിയതിന് ഒരു കോടി. മൃതദേഹം സംസ്കരിക്കാന്‍ 2.76 കോടി. എന്നിങ്ങനെ നീളുന്നു സര്‍ക്കാര്‍ കണക്ക്.
പിന്നീട് കൗണ്ടര്‍ പോയിന്‍റ് എന്ന പരിപാടിയുടെ തലക്കെട്ട് ‘കണക്കില്‍ കള്ളമോ?’
ഇത് ഒരു ചാനല്‍ മാത്രം തുറന്നു വിട്ട തലക്കെട്ടുകളാണ്.
മറ്റൊരു ചാനലിന്‍റെ തലക്കെട്ടുകള്‍ ഇങ്ങനെയാണ് :
സര്‍ക്കാരിന്‍റെ അമിത ചെലവ് കണക്ക് പുറത്ത്
വളണ്ടിയര്‍മാരുടെ ഗതാഗതം 4 കോടി, ഭക്ഷണ ചെലവ് പത്തു കോടി.
ദുരിതാശ്വാസ ക്യാമ്പിലെ ജനറേറ്റര്‍ 7 കോടി
ക്യാമ്പിലെ ഭക്ഷണം എട്ടു കോടി
ബെയ്ലി പാലം ഒരു കോടി. ഇങ്ങനെപോവുകയാണ്.
ഓരോ വാചകങ്ങളും ശ്രദ്ധിക്കുക.
പെട്ടെന്ന് കേള്‍ക്കുന്ന ആരെയും ഞെട്ടിക്കുന്ന കണക്കുകള്‍
ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക വളണ്ടിയര്‍മാര്‍ക്ക് എന്നാണ് പ്രമുഖ സ്ഥാനത്തു നില്‍ക്കുന്ന ഒരു ചാനലിന്‍റെ കണ്ടെത്തല്‍.
വയനാടിന്‍റെ പേരില്‍ കൊള്ള എന്ന് മറ്റൊരു കൂട്ടര്‍ വിധിയെഴുതി.
ഓണത്തിന്‍റെ ദിവസങ്ങളിലാണ് ഇങ്ങനെ ഒരു സ്തോഭജനകമായ ‘വാര്‍ത്തچ പ്രചരിക്കപ്പെട്ടത്. ഓണദിവസം അവധി ആയതിനാല്‍ പത്രങ്ങള്‍ക്ക് ചൂടോടെ അത് ഏറ്റെടുക്കാനായില്ല. എന്നാലും മുഖ്യധാരാ പത്രങ്ങള്‍ ഒട്ടും മോശമാക്കിയില്ല. അടുത്ത ദിവസം ഇറങ്ങിയ ഒന്നാം പത്രത്തില്‍ ‘കണക്കു പിഴ’ എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ തന്നെ വാര്‍ത്ത വന്നു. ’ കേന്ദ്രത്തിനു നല്‍കിയത് അവിശ്വസനീയ കണക്കുകള്‍ എന്ന് ആക്ഷേപം’ എന്ന് കൂടി ചേര്‍ത്ത്, വായനക്കാരില്‍ സംശയത്തിന്‍റെ പുകപടലം നിലനിര്‍ത്താനാണ് ആ പത്രം ശ്രമിച്ചത്. ‘കണക്കുകള്‍ വിവാദമായത് സംസ്ഥാന സര്‍ക്കാരിന് മറ്റൊരു തലവേദന’ എന്ന് എഴുതി അവര്‍ ആശ്വാസം കണ്ടെത്തി.
ഒറ്റ ദിവസം കൊണ്ട് ഈ വാര്‍ത്ത ലോകമാകെ സഞ്ചരിച്ചു. വയനാട് ദുരന്തത്തിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷത്തെ പ്രധാന നേതാക്കളും രംഗത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്ഷേപം വന്നു. കേരളത്തിനെതിരായ ദുഷ്പ്രചാരണം എല്ലാ സീമകളും കടന്ന് കുതിച്ചുപാഞ്ഞു.
‘അസത്യം പറക്കുമ്പോള്‍ സത്യം അതിന്‍റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക’ എന്മ്പ്രശസ്ത എഴുത്തുകാരന്‍ ജോനാഥന്‍ സ്വിഫ്റ്റ് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്നത് നാം കണ്ടു.
എന്താണ് യഥാര്‍ത്ഥ സംഭവം എന്ന് വിശദീകരിച്ച് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പ് ഇറക്കിയെങ്കിലും ആദ്യം പറന്ന വ്യാജ വാര്‍ത്തയുടെ പിന്നാലെ ഇഴയാന്‍ മാത്രമേ ആ വിശദീകരണത്തിന് കഴിഞ്ഞുള്ളു.
എന്താണ് ഇതിന്‍റെ ഫലം?
കേരളം കണക്കുകള്‍ പെരുപ്പിച്ച് പറഞ്ഞ് അനര്‍ഹമായ കേന്ദ്ര സഹായം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന വ്യാജ കഥ വലിയൊരു വിഭാഗം ജനങ്ങളുടെ മനസ്സിലേക്ക് കടന്നു കയറി. കേരളീയരും ഇവിടത്തെ സര്‍ക്കാരും ജനങ്ങളും ലോകത്തിനു മുന്നില്‍ അവഹേളിക്കപ്പെട്ടു.
അതുകൊണ്ടാണ് ഇത് കേവലമായ വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മ്മികതയുടെ പ്രശ്നമോ അല്ല എന്ന് പറയേണ്ടിവരുന്നത്. വ്യാജ വാര്‍ത്തകളുടെ വലിയ പ്രശ്നം നുണകളല്ല, ആ നുണകളുടെ പിന്നിലെ അജണ്ടയാണ്. ആ അജണ്ട ഇന നാട്ടിനും ജനങ്ങള്‍ക്കുമെതിരായ ഒന്നാണ്.
രാജ്യവും ലോകമാകെയും പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള രക്ഷാ പ്രവര്‍ത്തനമാണ് വയനാട്ടില്‍ നാം നടത്തിയത്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും എല്ലാത്തരത്തിലുള്ള സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുവരികയാണ്.
ഇതിനോടകം ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷവും സി.എംഡിആര്‍.എഫില്‍ നിന്ന് 2 ലക്ഷവും വീതമാണ് നല്‍കിയത്.
ഇതിനായി എസ്.ഡി.ആര്‍.എഫില്‍ നിന്ന് 5,24,00,000 രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് 2,62,00,000 രൂപയും ചെലവഴിച്ചു.
മരണപ്പെട്ട 173 പേരുടെ സംസ്കാര ചടങ്ങുകള്‍ക്കായി കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കി.
ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രിവാസം ആവശ്യമായി വന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായമായി നല്‍കി. ഇതില്‍ 4,16,000 രൂപ എസ്.ഡി.ആര്‍.എഫില്‍ നിന്നും 13 ലക്ഷം രൂപ സി.എം.ഡി.ആര്‍.എഫി ല്‍ നിന്നുമാണ് അനുവദിച്ചത്.
ദുരന്തത്തില്‍ പരുക്കേറ്റ് ഒരാഴ്ചയില്‍ താഴെ മാത്രം ആശുപത്രിയില്‍ കഴിഞ്ഞ 8 പേര്‍ക്കായി എസ്.ഡിആര്‍എഫ് ല്‍ നിന്ന് 43,200 രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപയും വീതം അനുവദിച്ചു. ആകെ 4,43,200 രൂപ ഈയിനത്തില്‍ ചെലവഴിച്ചു.
ദുരന്ത ബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നല്‍കി. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 5000 രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് 5000 രൂപ വീതവുമാണ് നല്‍കിയത്. 1,01,30,000 രൂപ ഇതിനായി ചെലവഴിച്ചു. **
** ദുരന്ത ബാധിത കുടുംബങ്ങളിലെ 1694 പേര്‍ക്ക് ഉപജീവന സഹായമായി ദിവസം 300 രൂപ വീതം നല്‍കി. 30 ദിവസത്തേക്ക് 1,52,46,000 രൂപ ഈയിനത്തില്‍ നല്‍കിയിട്ടുണ്ട്.
കിടപ്പ് രോഗികളായ 33 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രത്യേക ധനസഹായമായി 2.97 ലക്ഷം രൂപ നല്‍കി.
722 കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക 6000 രൂപ (പ്രതിദിനം 200 രൂപ) വീതം നല്‍കി വരുന്നു. ആദ്യമാസ വാടക ആയി ഇതുവരെ ഈയിനത്തില്‍ 24,95,800 രൂപ ചെലവഴിച്ചു. (വ്യത്യസ്ത ദിവസങ്ങളില്‍ വാടക വീടുകളിലേക്ക് ആളുകള്‍ മാറിയത് കൊണ്ട് ദിവസം 200 രൂപ എന്ന കണക്കിനാണ് വാടക ആദ്യമാസത്തില്‍ നല്‍കിയിട്ടുള്ളത്)
649 കുടുംബങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ബാക്ക് റ്റു ഹോം കിറ്റുകളും നല്‍കി.
ഇത് കൂടാതെ ദുരിതാശ്വാസ ക്വാമ്പിലെ 794 കുടുംബങ്ങളെ 28 ദിവസം കൊണ്ട് താല്‍ക്കാലികമായി പുനരധിവസിപ്പിച്ചു.
ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ സര്‍ക്കാര്‍ എല്‍പി സ്കൂളും വെള്ളാര്‍മല സര്‍ക്കാര്‍ വൊക്കേഷണള്‍ ഹയര്‍സെക്കന്‍ററി സ്കൂളും മേപ്പാടിയില്‍ താല്‍ക്കാലികമായി തുറന്നു. ദുരന്തമേഖലയിലെ 607 വിദ്യാര്‍ത്ഥികളുടെ പഠനം പുനരാംഭിച്ചു. ദുരന്തത്തിന്‍റെ അമ്പതാം ദിവസം തേയിലത്തോട്ടങ്ങളില്‍ ജോലി പുനരാരംഭിച്ചു.
നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഉപസമിതി തുടക്കം മുതല്‍ ദുരന്ത മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. ഒരു മന്ത്രി മുഴുവന്‍ സമയവും അമ്പതാം ദിവസം വരെ അവിടെ മേല്‍നോട്ടം വഹിച്ചു. ഒരുതരത്തിലുമുള്ള ആക്ഷേപങ്ങള്‍ക്ക് ഇട നല്‍കാതെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അതിന് എല്ലാ ഭാഗത്തു നിന്നും സഹകരണവും പിന്തുണുമുണ്ടായി.
ആ പിന്തുണ തകര്‍ക്കുകയും സഹായം തടയുകയും എന്ന അജണ്ടയാണ് ഇപ്പോള്‍ പുറത്തുവന്ന വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്.
ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സംഭാവന നല്‍കുന്ന സാധാരണ ജനങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന ദുഷ്ട ലക്ഷ്യമാണ് അതിന്‍റെ മറ്റൊരു വശം. ഒരു സംശയവുമില്ലാതെ തുടക്കത്തില്‍ തന്നെ പറഞ്ഞുവെക്കട്ടെ, ഈ നശീകരണ മാധ്യമ പ്രവര്‍ത്തനം സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്.
എല്ലാ മാധ്യമങ്ങളും ഇക്കൂട്ടത്തിലാണെന്ന് പറയുന്നില്ല. ചിലവ തെറ്റായ വാര്‍ത്ത കൊടുത്തു എന്ന് മനസ്സിലാക്കി തിരുത്തിയിട്ടുണ്ട്. അത്രയും നല്ലത്.
ഇവിടെ മാധ്യമങ്ങള്‍ പൊതുവെ വിവാദ നിര്‍മ്മാണശാലകളായി മാറിയതാണ് കണ്ടത്. യാഥാര്‍ത്ഥ്യം വസ്തുനിഷ്ഠമായി സമൂഹത്തിലേയ്ക്കെത്തിച്ച് ജനാധിപത്യത്തെ ശക്തമാക്കുക എന്ന ഉത്തരവാദിത്തം വിസ്മരിച്ചു. പകരം വിവാദങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കച്ചവടരാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കുക എന്ന നിലയിലേയ്ക്ക് അധഃപ്പതിച്ചു.