ഷിബിൻ വധം -മുസ്ലിം ലീഗ് പ്രവർത്തകർ കുറ്റക്കാർ

ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന സ. തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. 1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി. കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. ഈ മാസം 15ന് ശിക്ഷ വിധിക്കും. ശിക്ഷ വിധിക്കുന്ന ദിവസം പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

2015 ജനുവരി 22ന് രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. സംഭവ ദിവസം രാത്രി രാഷ്ട്രീയ വിരോധത്താല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഷിബിനെ കൊലപ്പെടുത്തുകയായിരുന്നു. ഒന്നുമുതല്‍ 11വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും 12 മുതല്‍ 17വരെ പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരുമാണ്. 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് പൊലീസ് സമർപ്പിച്ചിരുന്നത്.

image

തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിന്റെ ആസൂത്രിത കൊലപാതകത്തിൽ മുസ്ലിംലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധിയിലൂടെ തെളിയുന്നത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ആക്രമണത്തിന്റെ ക്രൂരമുഖം. സമാധാനത്തിന്റെ വെള്ളരിപ്രാവ് ചമയുന്ന ലീഗിന് കനത്ത തിരിച്ചടിയായി വിധി.

മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണം ലീഗിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു. ആറുപേർക്ക് വെട്ടേറ്റത് ലക്ഷ്യം കൂട്ടക്കൊലയാണെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. ലീഗ് അക്രമം തടയാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും വെട്ടേറ്റു. ഷിബിന്റെ വിലാപയാത്രക്കിടയിലും രണ്ട് സിപിഐ എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചു. സമാധാന അക്ഷരീക്ഷം നിലനിന്ന പ്രദേശത്താണ് തെയ്യമ്പാടി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള ലീഗ് ക്രിമിനൽ സംഘം മിന്നലാക്രമണം നടത്തിയത്.

ലീഗ് ക്രിമിനലായ ഇസ്മായിലിനെ വളർത്തിയത് കോൺഗ്രസും ചേർന്നാണെന്ന് പരിക്കേറ്റ പ്രവർത്തകർ അന്നത്തെ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരനോട് പറയുന്നതിന്റെ വീഡിയോ പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. ലീഗിന്റെ സജീവ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും ഏത്‌ ക്രൂരകൃത്യവുംചെയ്യാൻ പാകത്തിൽ ലീഗ് വളർത്തിയ ഗുണ്ടയാണ് തെയ്യമ്പാടി ഇസ്മായിലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുധീരനെ ധരിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പുറത്തെത്തിയത് ലീഗിന്റെ പൊയ്‌മുഖം ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കുന്നതായിരുന്നു.

ഇസ്മായിൽ അടക്കമുള്ള പ്രതികളുടെ വസ്ത്രത്തിൽ ഷിബിന്റെ ചോരപ്പാടുകൾ ഉണ്ടായിരുന്നുവെന്ന് ഫോറൻസിക് വിദഗ്‌ധർ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രത്യക്ഷത്തിൽതന്നെ ശക്തമായ തെളിവുണ്ടായിരുന്നിട്ടും യുഡിഎഫ്‌ ഭരണത്തിന്റെ തണലിൽ കേസ്‌ അട്ടിമറിക്കുകയായിരുന്നു.

വിധി ആശ്വാസം: ഷിബിന്റെ കുടുംബം
ഷിബിൻ വധക്കേസിൽ യഥാർഥ പ്രതികൾക്കാണ് ശിക്ഷ ലഭിക്കാൻ പോകുന്നതെന്ന്‌ ഷിബിന്റെ പിതാവ് സി കെ ഭാസ്കരൻ പറഞ്ഞു.സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി കുടുംബത്തെ ചേർത്തുനിർത്തി നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണിത്‌. വിധി ആശ്വാസകരമാണ്‌–- ഭാസ്‌കരൻ പറഞ്ഞു. വെള്ളി രാവിലെ ഹൈക്കോടതി വിധി പറയുമ്പോൾ സിപിഐ എം നേതാക്കൾക്കും അഭിഭാഷകർക്കും ഒപ്പം ഭാസ്‌കരനും ഭാര്യ അനിതയും കുടുംബവും ഹൈക്കോടതിയിൽ ഉണ്ടായിരുന്നു. സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തു, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, എ മോഹൻദാസ് എന്നിവരും ഹൈക്കോടതിയിലെത്തി. സംസ്ഥാന സർക്കാർ നിയോഗിച്ച അഭിഭാഷകൻ എസ് യു നാസർ, പി വിശ്വൻ, അരുൺ കുമാർ, പി രാഹുൽ രാജ്, പൂജ എന്നിവർ വർഷങ്ങളായി തുടർന്ന നിയമപോരാട്ടമാണ് ഒടുവിൽ വിജയംകണ്ടത്.

image

ഡിവൈഎഫ്ഐ പ്രവർത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന ഹൈക്കോടതി വിധി മുസ്ലിംലീഗ് ക്രിമിനൽ രാഷ്ട്രീയനേറ്റ കനത്ത പ്രഹരമാണെന്ന് ഡിവൈഎഫ്ഐ. ഷിബിന് നീതി ലഭിക്കുവാൻ ഉള്ള പോരാട്ടത്തിൽ ഏതറ്റംവരെയും മുന്നോട്ടു പോകുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

2015 ജനുവരി 22ന് രാത്രി മുസ്ലിംലീഗ് ക്രിമിനലായ തെയ്യമ്പാടി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷിബിനെ വധിച്ചത്. പണക്കൊഴുപ്പിന്റെയും കയ്യൂക്കിന്റെയും ബലത്തിൽ ഷിബിൻ കൊലക്കേസ് പ്രതികളെ രക്ഷിച്ചെടുക്കാമെന്ന് മുസ്ലിംലീഗ് വ്യാമോഹത്തിനേറ്റ തിരിച്ചടിയാണിത്.
നാദാപുരത്തിന്റെ മണ്ണിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെയും യുവജന പ്രസ്ഥാനത്തിനെതിരെയും നിരന്തരമായി കടന്നാക്രമണം നടത്തി കൊലപാതകങ്ങൾ നടത്തി അഴിഞ്ഞാടിയ മുസ്ലിംലീഗിനേറ്റ കനത്ത പ്രഹരമാണ് വിധി. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.