മലയാള മനോരമക്ക് കോൺഗ്രെസ്സിനോടുള്ള ഈ കരുതൽ ഇത് ആദ്യമായിട്ട് അല്ല (പാലാക്കാട് )

മലയാള മനോരമയുടെ ഈ കരുതൽ പാലക്കാടൻ ജനത മറക്കരുതേ. അവരുടെ തിരുവനന്തപുരം ലേഖകൻ ആണ്‌ ജനഗണമനം എഴുതുന്നത്‌. ആസ്ഥാന രാഷ്‌ട്രീയ പണ്ഡിതൻ സുജിത്‌ നായരുടെ സൃഷ്‌ടിയാകാനെ തരമുള്ളൂ. അത്രത്തോളം തറവഴി എഴുതുന്നവർ അവിടെ വേറെ ഇല്ലാത്തത്‌ കൊണ്ടല്ല. അതിൽ മുമ്പൻ നായരാണല്ലൊ? പാലക്കാട്ട്‌ ആരുടെ സ്ഥാനാർഥി എന്നാണ്‌ ലേഖകൻ ചോദിക്കുന്നത്‌. മൂന്ന്‌ മുന്നണികളുടെ സ്ഥാനാർഥികളെയും ഒരേ തട്ടിലിട്ട്‌ തൂക്കാനുള്ള അപാരമായ മെയ്‌വഴക്കം.

യഥാർഥത്തിൽ പാലക്കാട്ട്‌ ചർച്ചയാകുന്നത്‌ യുഡിഎഫ്‌ സ്ഥാനാർഥിയെ കെട്ടിയിറക്കയിയതിനെ കുറിച്ചാണ്‌. ആ സ്ഥാനാർഥി മുൻ എംഎൽഎയുടെ നോമിനിയാണെന്ന്‌ പരസ്യമായി പ്രതികരിച്ചത്‌ കെപിസിസി അധ്യക്ഷനാണ്‌. ആ സ്ഥാനാർഥിയല്ല വേണ്ടത്‌ കെ മുരളീധരനാണ്‌ എന്ന്‌ ആവശ്യപ്പെട്ടത്‌ പാലക്കാട്‌ ഡിസിസി ആണ്‌. ആ കത്ത്‌ പുറത്ത്‌ വന്നതിനെ കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ പറഞ്ഞതും കെപിസിസി പ്രസിഡന്റാണ്‌. പക്ഷെ, മനോരമ മെഴുകുന്നത്‌ കാണാൻ നല്ല ചന്തമാണ്‌. ഷാഫി പറമ്പിൽ രാജിവെച്ചപ്പോൾത്തന്നെ രാഹുൽ മാങ്കൂട്ടത്തിന്റെ പേര്‌ ഉയർന്നുവന്നിരുന്നുവെന്നാണ്‌ മനോരമയുടെ ന്യായീകരണത്തൊഴിലാളിയുടെ കണ്ടെത്തൽ. പിന്നെ മുരളീധരന്‌ നൽകാത്തതിനും മനോരമത്തൊഴിലാളി ന്യായീകരണം കണ്ടെത്തുന്നു. മുതിർന്ന നേതാവായ കെ മുരളീധരന്‌ സ്ഥിരത നൽകാതെ മണ്ഡലങ്ങളിലേക്ക്‌ മാറ്റി മാറ്റി അയക്കുന്നത്‌ മര്യാദയല്ലെന്ന വിലയിരുത്തലുണ്ടായി എന്നും മനോരമ പറയുന്നു.

അല്ല മനോരമ ലേ‘ഹ’കാ? ഈ മര്യാദയുടെ കാര്യം ആ മുരളിക്ക്‌ എന്താ ബോധ്യപ്പെടാത്തത്‌. ഈ മര്യാദയുടെ കാര്യം പാലക്കാട്‌ ഡിസിസിക്ക്‌ ബോധ്യപ്പെടാത്തത്‌? ഈ മര്യാദയുടെ കാര്യം ബോധ്യമായിട്ടും സ്ഥാനാർഥിയെ തീരുമാനിച്ച ആ സംഘത്തിൽപ്പെട്ട സാക്ഷാൽ സുധാകർജി എന്താ സ്ഥാനാർഥി ഷാഫിയുടെ നോമിനി മാത്രമാണെന്ന്‌ പറഞ്ഞത്‌. പിന്നെ ഒരു പേര്‌ കൂടി വന്നുവത്രെ. അത്‌ തൃത്താലയിൽ തോറ്റ എംഎൽഎ ആണ്‌. ആ തോറ്റ എംഎൽഎ പിൻമാറിയതോടൈ പിന്നെ ഏകനായി ഇപ്പോഴത്തെ സ്ഥാനാർഥി മാത്രമെന്ന്‌. മനോരമ പറഞ്ഞുവരുന്നത്‌ ഇത്രമാത്രം. ഒരു മുൻധാരണയുമില്ലാതെ തികച്ചും സുതാര്യമായും സത്യസന്ധമായുമാണ്‌ സ്ഥാനാർഥിയെ നിശ്‌ചയിച്ചതെന്ന്‌. അതായത്‌ കെപിസിസി പ്രസിഡന്റ്‌ പറയുന്നത്‌ പോലും പച്ചക്കള്ളമെന്ന്‌. ഡിസിസി പരാതി നൽകിയത്‌ പോലും അനുചിതമെന്ന്‌. ഇത്രയും മനോഹരമായ മാധ്യമപ്രവർത്തനം സ്വപ്‌നത്തിൽ മാത്രം.

അത്‌ മാത്രമോ കോൺഗ്രസിൽ ഈ തർക്കം നിലനിൽക്കുന്നതല്ല എന്നും അങ്ങനെ ആശയക്കുഴപ്പം സൃഷ്‌ടിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും എന്നാൽ അവരുടെ സ്ഥാനാർഥി നിർണ്ണയവും ചർച്ചയാകുന്നുവെന്നും കൂടി ടിപ്പണി ചേർത്തിരിക്കുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടാണ്‌ സരിനെ സ്ഥാനാർഥിയാക്കിയത്‌ എന്നും കഥ. എന്നാൽ സിപിഎമ്മിൽ സ്ഥാനാർഥി നിർണ്ണയം സംബന്ധിച്ച്‌ ഒരു തർക്കവും പരാതിയും വിമർശനവും ഉണ്ടായതായി ഇതുവരെ മാളോകരാരും കേട്ടിട്ടില്ല. പക്ഷെ, മനോരമയുടെ ആ ലേ‘ഹ’കൻ കവടി നിരത്തി കണ്ടെത്തിയിരിക്കുന്നു.
ഇതാണ്‌ മനോരമ സ്‌കൂൾ ഓഫ്‌ ജീർണലിസം. ഈ സ്‌കൂളിൽ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും പഠിച്ച്‌ പണിയെടുക്കുന്നവരുമെല്ലാം ഇങ്ങനെയൊക്കെയാണ്‌ ഭായീ.