Congress G 23
എന്താണ് ജി-23
ജി-23, കോൺഗ്രസിലെ വിമതപക്ഷമാണ്. 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി തോറ്റപ്പോൾ, ഒരു കൂട്ടം പാർട്ടി നേതാക്കൾ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്ന് കരകയറാൻ ശ്രമിച്ചു. പാർട്ടി തലത്തിലുള്ള പരിഷ്കാരം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോൺഗ്രസിലെ വിമതപക്ഷം വാദിച്ചു. ഈ നീക്കം കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം സൃഷ്ടിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അന്നത്തെ പാർട്ടി അധ്യക്ഷനായ രാഹുൽ ഗാന്ധി അമേഠിയിൽ തോറ്റതോടെ വിമതപക്ഷത്തിന്റെ ആവശ്യങ്ങൾ കനക്കുകയായിരുന്നു.
2020 ഓഗസ്റ്റിൽ, 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ നേതൃത്വത്തെ സജീവമാക്കണമെന്നും, സംഘടനാ പുനസ്സംഘടന നടത്തണമെന്നും അഭ്യർത്ഥിച്ച് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. ലോകസഭാ, സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ അടിക്കടിയുള്ള പരാജയങ്ങൾ കണക്കിലെടുത്ത് പാർട്ടിക്കുള്ളിൽ ഒരു പുനസ്സംഘടന നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം കാലക്രമേണ ശക്തമായി.
കോൺഗ്രസിനെ തിരുത്താനും നേരെ നടത്താനും ശ്രമിച്ചവരുടെ കൂട്ടായ്മയാണ് .
കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ചതോടെയാണ് ജി -23 നേതാക്കൾ ശ്രദ്ധാകേന്ദ്രമായത്. പ്രവർത്തകസമിതി യോഗത്തിൽ എ കെ ആന്റണി അടക്കം ചിലര്‍ ഇവര്‍ക്കെതിരെ രംഗത്തെത്തി. ഗുലാംനബിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ജി -23 നേതാക്കൾ ഉറച്ചുനിന്നതോടെ ജൂണിനുള്ളിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കേണ്ടിവന്നു. പിന്നാലെ ഗുലാംനബിയെയും ആനന്ദ് ശർമയെയും തെരഞ്ഞുപിടിച്ച് സ്ഥാനങ്ങളിൽനിന്ന് നീക്കി. ബിജെപിയെ ചെറുക്കുന്നതിൽ രാഹുൽ പരാജയമാണെന്ന നിലപാടാണ് വിമതര്‍ക്ക്. ആന്റണിയെയും വേണുഗോപാലിനെയും പോലെ ദേശീയ രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്തവര്‍ സോണിയയിലും രാഹുലിലും അമിതസ്വാധീനം ചെലുത്തുന്നതും വിമതനീക്കത്തെ വിമർശിച്ചിരുന്നു
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കോൺഗ്രസ് ദുർബലമായെന്ന് മുതിർന്ന നേതാക്കൾ യോഗം ചേർന്ന് പരസ്യമായി പറഞ്ഞിരുന്നു .ശാന്തി സമ്മേളൻ എന്ന പേരിൽ ജമ്മുവിൽ വിളിച്ച വിമതയോഗത്തിലാണ് ഗുലാംനബി ആസാദ്, രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ, മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, യുപി പിസിസി അധ്യക്ഷനായിരുന്ന രാജ് ബബ്ബർ, വിവേക് തൻഖ തുടങ്ങിയവര്‍ കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ പരസ്യമായി ചോദ്യംചെയ്തത്.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനെതിരെയും കടുത്ത വിമർശനം ഉന്നയിച്ചിരുന്നു
ഗുലാംനബിയുടെ സമ്പന്നമായ അനുഭവസമ്പത്ത് കോൺഗ്രസ് എന്തുകൊണ്ട് പ്രയോജനപ്പെടുത്തുന്നില്ലെന്ന് കപിൽ സിബൽ ആരാഞ്ഞു. "അദ്ദേഹത്തെ പാര്‍ലമെന്റില്‍നിന്ന് ഒഴിവാക്കുകയാണെന്നറിഞ്ഞപ്പോള്‍ ദുഃഖം തോന്നി. അദ്ദേഹം തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. കോൺഗ്രസ് ദുർബലപ്പെടുകയാണ്. അതുകൊണ്ടാണ് ഈ ഒത്തുചേരൽ. നേരത്തെയും ഒത്തുചേർന്നിരുന്നു. എല്ലാവരും യോജിച്ച് പാർടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്’–- സിബൽ പറഞ്ഞു
തിരുത്താൻ പരമാവധി ശ്രമിച്ച ശേഷം കോൺഗ്രസ് അതിന് യാതൊരു വിലയും കൊടുക്കുന്നില്ലെന്ന് കണ്ടപ്പോൾ കപിൽ സിബൽ കോൺഗ്രസ് വിട്ടു
പത്തുവര്‍ഷത്തിനിടെ കോൺഗ്രസ് ദുർബലമായെന്ന് ആനന്ദ് ശർമ പറഞ്ഞു. "പുതിയ തലമുറയ്‌ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ല. ഏറെ സഞ്ചരിച്ചാണ് ഇവിടെ എത്തിയത്. ആരും ജനാല വഴി ചാടിവന്നവരല്ല. വാതിലിലൂടെ നടന്നുവന്നവരാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും വന്നവരാണ്. നിങ്ങൾ കോൺഗ്രസുകാരനാണോ എന്ന് ചോദിക്കാനുള്ള അവസരം ആർക്കും നൽകിയിട്ടില്ല.’–-ശർമ പറഞ്ഞു.ആനന്ദ് ശർമ സ്റ്റിയറിങ് കമ്മറ്റി അധ്യക്ഷസ്ഥാനം അടുത്ത കാലത്ത് രാജിവെച്ചു
നേതൃമാറ്റം ആഗ്രഹിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ജി 23 യെ മുൻപ് കശ്മീരില്‍ വിമതയോഗം വിളിക്കാന്‍ പ്രേരിപ്പിച്ചത് മുതിർന്ന നേതാവ് ഗുലാംനബി ആസാദിനെ രാജ്യസഭയിൽനിന്ന് നിഷ്‌കരുണം ഇറക്കിവിട്ട ഹൈക്കമാന്‍ഡ് നടപടിയാണ് . ലോക്‌സഭയിൽ പരാജയമായ കെ സി വേണുഗോപാലിനെ രാജസ്ഥാന്‍ വഴി രാജ്യസഭയിലെത്തിച്ച സോണിയയും രാഹുലും ഗുലാംനബിക്ക് അവസരം നിഷേധിച്ചത് നീതികേടാണെന്ന നിലപാടായിരുന്നു വിമതര്‍ക്ക്.
ഇതിനേയൊന്നും കോൺഗ്രസ് നേതൃത്വം ഗൗരവമായി കാണണോ ചർച്ച നടത്താനോ തിരുത്തൽ വരുത്താനോ ശ്രമം പോലും നടത്തിയില്ല
ജി - 23 അംഗങ്ങൾ
ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ഭൂപീന്ദർ സിംഗ് ഹൂഡ, മിലിന്ദ് ദേവ്റ, മുകുൾ വാസ്നിക്, മനീഷ് തിവാരി, ശശി തരൂർ, രജീന്ദർ കൗർ ഭട്ടർ, എം വീരപ്പ മൊയ്ലി, പൃഥിരാജ് ചവാൻ, കപിൽ സിബൽ, വിവേക് തൻഖ, ജിതിൻ പ്രസാദ, രേണുക ചൗധരി, പി. ജെ. കുര്യൻ, രാജ് ബബ്ബാർ, കുൽദീപ് ശർമ്മ, യോഗാനന്ദ് ശാസ്ത്രി, അഖിലേഷ് പ്രസാദ് സിംഗ്, അരവിന്ദൻ സിംഗ് ലൗലി, കൗൾ സിങ് താക്കൂർ, അജയ് സിംഗ്, സന്ദീപ് ദീക്ഷിത് എന്നിവരാണ് തുടക്കത്തിലുണ്ടായിരുന്നത്. ഈ ഗ്രൂപ്പിലിപ്പോൾ പുതിയ ചില നേതാക്കളും എത്തിയിരിക്കുന്നു. ശങ്കർസിങ് വഗേല, പ്രണീത് കൗർ, മുഹമ്മദ് അലി ഖാൻ, മണിശങ്കർ അയ്യർ തുടങ്ങിയവരാണ് പുതുതായി എത്തിയിരിക്കുന്നത്.