വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് നാല് മാസം കഴിയുമ്പോഴും കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര ധനസഹായം ഇതുവരെയും ലഭിച്ചിട്ടില്ല. ദുരന്തമുണ്ടായി പതിനൊന്നാം ദിനം വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആശുപത്രിയിലും ദുരിതാശ്വാസ ക്യാമ്പിലുമെത്തി ദുരിതബാധിതരെ കണ്ടു, അവർ ഒറ്റക്കല്ലെന്നും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എല്ലാ സഹായവും നൽകുമെന്നും കേന്ദ്രം ഒപ്പമുണ്ടെന്നുമൊക്കെ ഉറപ്പുകൾ നൽകി തിരിച്ചുപോയി. പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1202 കോടിരൂപയുടെ പ്രാഥമിക സഹായമാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്രസഹായം വൈകരുതെന്നും വയനാടിനായി അടിയന്തരമായി കാര്യങ്ങള്‍ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍, കേന്ദ്രത്തിന് മിണ്ടാട്ടമുണ്ടായില്ല. സഹായം വൈകുന്നത് പുനരധിവാസത്തെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും കേന്ദ്രം അനങ്ങിയില്ല. ഒരു വശത്ത് കേന്ദ്ര സർക്കാർ പ്രതികാരമനോഭാവത്തോടെ വയനാട് ദുരന്തത്തെ സമീപിക്കുമ്പോൾ മറുവശത്ത് ബി.ജെ.പി ഇതിനെ രാഷ്ട്രീയമായി മുതലെടുക്കുന്നു.