ഗുലാം നബി ആസാദ്
കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് കോൺഗ്രസിൽനിന്ന് രാജിവെച്ചു. കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയകാര്യ സമിതി അംഗമായ ഗുലാംനബി ആസാദ് വിമതവിഭാഗമായ ജി–23നേതാവുമാണ്. കോൺഗ്രസ് ഹൈക്കമാൻഡ് ഏൽപ്പിച്ച ചുമതലകൾ ഏറ്റെടുക്കാനാകില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോൺഗ്രസിനെ ശക്തിപെടുത്താൻ നടപടികളില്ലെന്നും കഴിഞ്ഞ ഒമ്പതുവർഷമായി കൊടുക്കുന്ന നിർദേശങ്ങൾ ചവറ്റുകൂനയിലാണെന്നും രാജിവെച്ചശേഷം ഗുലാം നബി ആസാദ് പറയുന്നു . രാജിക്കത്തിൽ രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിക്കുന്നുമുണ്ട്.
ആഗസ്റ്റ് 17ന് ജമ്മുകശ്മീര്‍ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും ഗുലാംനബി ആസാദ് രാജിവെച്ചിരുന്നു. പ്രധാനപദവികളില്‍ നിന്നെല്ലാം മാറ്റി രാഷ്ട്രീയകാര്യ സമിതിയുടെ ചെയര്‍മാനായി മാത്രമാണ് ഗുലാംനബിയെ നിയമിച്ചിരുന്നത്. കശ്മീരിലെ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഉള്‍പ്പടെയുള്ള അതൃപ്തിയാണ് അന്ന് രാജിയിലേക്ക് നയിച്ചത്.
ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ കശ്മീരിലെ അഞ്ച് മുൻ എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കണമെന്ന് ഇവര്‍ ആസാദിനോട് ആവശ്യപ്പെട്ടു. കപില്‍ സിബലടക്കമുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ക്ക് പിന്നാലെയാണ് മുന്‍ കേന്ദ്രമന്ത്രിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാംനബി ആസാദും രാജി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി പദവിയും, കേന്ദ്രമന്ത്രി സ്ഥാനങ്ങളും ഉള്‍പ്പടെ പാര്‍ട്ടിയുടെ പ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ആളാണ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ അദ്ദേഹവുമുണ്ടായിരുന്നു.
ഗുലാംനബിയെ ജമ്മു -കശ്‌മീരിൽ തളച്ചിടാനുള്ള നീക്കമായാണ് അതിനെ ജി–-23 വിലയിരുത്തുന്നത്. എല്ലാ സംസ്ഥാനത്തിന്റെയും ചുമതല വഹിച്ച, പാർടിയിലെ സീനിയറെ ഒരു കേന്ദ്രഭരണ പ്രദേശത്തിന്റെ പ്രചാരണചുമതല ഏൽപ്പിച്ചത് കടുത്ത അവഹേളനമാണെന്ന് അനുയായികൾ പറയുന്നു. ബുദ്ധിശൂന്യമായ ഈ തീരുമാനത്തിനുപിന്നില്‍ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണെന്നും ജി–-23 വിഭാഗം കരുതുന്നു.
കോൺഗ്രസ് പാർട്ടിയിലും രാഷ്ട്രീയത്തിലും നെഹ്റു-ഗാന്ധി കുടുംബത്തിനുള്ള മേൽകോയ്മ അറിഞ്ഞു കൊണ്ട് തന്നെ നേതൃത്വത്തെ വെല്ലുവിളിച്ച ജി 23 സംഘത്തത്തിലെ കരുത്തനായിരുന്നു . കോൺഗ്രസിൽ നേതൃമാറ്റം അടക്കം അടിമുടി പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട 23
പേരിൽ ഒരാളാണ് അദ്ദേഹം
തിരിച്ചുവരാനാകാത്ത വിധം കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തകര്‍ത്തുവെന്നും രാഷ്ട്രീയ ഇടം ബിജെപിക്ക് വിട്ടുകൊടുത്തുവെന്നും അദ്ദേഹം പ്രതികരിച്ചു .പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുല്‍ ഗാന്ധി തകര്‍ത്തുവെന്നും പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചു എന്നും വിമര്‍ശിക്കുന്നുണ്ട്. രാഹുലും കൂട്ടാളികളുമാണ് തീരുമാനങ്ങൾ എടുക്കുന്നത്. മുതിര്‍ന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒതുക്കി. പക്വതയില്ലാത്ത വിധമാണ് രാഹുലിന്റെ പെരുമാറ്റം. ഒരു രാഷ്ട്രീയ പരിചയവും ഇല്ലാത്തവരുടെ കൂട്ടമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത‍്.
2014ൽ ഭരണനഷ്ടത്തിനിടയാക്കിയതും പാർടിയുടെ തകർച്ചക്കും കാരണക്കാരൻ രാഹുൽഗാന്ധിയാണ്. നിലവിൽ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിന് ഭരണമുള്ളത്. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതിഗതികൾ കൂടുതൽ മോശമായിയെന്നും കത്തിൽ പറയുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുസ്ലിം മുഖങ്ങളിലൊന്നാണ് ഗുലാംനബി ആസാദ്. പാര്‍ട്ടിയുടെ പല നിര്‍ണായക തീരുമാനങ്ങല്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ച വ്യക്തി. ഇന്ദിരാ ഗാന്ധി മുതലുള്ള കോണ്‍ഗ്രസ് നേതാക്കളുമായി വലിയ അടുപ്പമുണ്ടായിരുന്ന നേതാവുമായിരുന്നു ഗുലാം നബി ആസാദ്. ദീര്‍ഘകാലം പാര്‍ലിമെന്റ് അംഗമായിരുന്നു. കോണ്‍ഗ്രസിന്റെ നിലവിലെ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറാണ്. രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവുമായിരുന്നു അദ്ദേഹം