നവകേരള സദസ്സ് -വാർത്ത സമ്മേളനം -മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ തൃശ്ശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നിന്ന് 5.12.2023

നവകേരള സദസ്സ് തൃശൂർ ജില്ലയിലെ രണ്ടാം ദിവസമാണ്. കിഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട്ട് നെൽകൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും സംസാരിച്ചത്.

നവകേരള സദസ്സ്: മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്
6.12.2023

ചലനാത്മകമായ സർക്കാരിന്റെ ഇടപെടൽ ഒരേ സമയം സമഗ്രവും സൂക്ഷ്മവുമാകും. ജനങ്ങളുടെ ഏറ്റവും സൂക്ഷ്മമായ ജീവിതപ്രയാസങ്ങൾ പോലും കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമം അതിന്റെ ഭാഗമായാണ് ഉണ്ടാകുന്നത്. അത്തരം ഇടപെടലിന്റെ ഒരുദാഹരണമാണ് തൃശൂർ ജില്ലയിൽ മലക്കപ്പാറയ്ക്ക് സമീപം തമിഴ്നാടിനോട് ചേർന്ന വനമേഖലയായ വെട്ടിവിട്ട കാട്ടിൽ വൈദ്യുതി എത്തിച്ചത്. അങ്ങോട്ടേക്ക് റോഡ് സൗകര്യമില്ല. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലു കിലോമീറ്റർ കേബിൾ ഇട്ടാണ് വൈദ്യുതി എത്തിച്ചത്. 92,46,000 ലക്ഷം രൂപ ചെലവിട്ടു. 13 കുടുംബങ്ങളിലായി 60 പേരാണ് അവിടെ താമസിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ അങ്കമാലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്

    1. 23

നവംബർ 18,19 തീയതികളിൽ കാസർകോട് ജില്ലയിൽ നവകേരള സദസ്സിന്റെ ഭാഗമായി ഒരുക്കിയ കൗണ്ടറുകളിൽ ആകെ 14701 നിവേദനകളാണ് ലഭിച്ചത്. 255 എണ്ണം തീർപ്പാക്കി. 11950 എണ്ണം വിവിധ വകുപ്പ് ഓഫീസുകളിൽ പരിഗണനയിലാണ്. പൂർണമല്ലാത്തതും അവ്യക്തവുമായ 14 പരാതികൾ പാർക്ക് ചെയ്തു. 2482 എണ്ണം നടപടി ആരംഭിച്ചു.

തദ്ദേശ സ്വയം ഭരണം, റവന്യു, ഭക്ഷ്യ, സിവിൽ സപ്ലൈസ്, സഹകരണം, ജലവിഭവം, പൊതുമരാമത്ത്, പൊതു വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം, പട്ടികജാതി പട്ടിക വർഗ വികസനം എന്നീ വകുപ്പുകളിലാണ് കൂടുതൽ നിവേദനങ്ങൾ ലഭിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പിൽ ലൈഫ് പദ്ധതി ഉൾപ്പെടെ 4488, റവന്യു വകുപ്പിൽ 4139 , കളക്ടറേറ്റിൽ 580, ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിൽ 496, പൊതു വിദ്യാഭ്യാസ വകുപ്പിൽ 359, പൊതുമരാമത്ത് വകുപ്പിൽ 331, തൊഴിൽ വകുപ്പിൽ 305, പട്ടികജാതി പട്ടിക വർഗവികസന വകുപ്പിൽ 303, സഹകരണ വകുപ്പിൽ 302, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 257 എന്നിങ്ങനെയാണ് നിവേദനങ്ങൾ പരിഗണനയ്ക്കു വന്നത്.

കണ്ണൂർ ജില്ലയിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ 28801 നിവേദനങ്ങളാണ് ലഭിച്ചത്… ഏറ്റവുമധികം നിവേദനങ്ങൾ എൽഎസ്ജിഡിയുമായി ബന്ധപ്പെട്ടാണ് വന്നത്. ലഭിച്ച 8663 നിവേദനങ്ങളിൽ 4614 എണ്ണത്തിൽ നടപടി ആരംഭിച്ചു. രണ്ടെണ്ണം തീർപ്പാക്കി. റവന്യു-5836, സഹകരണം-2118, പൊതുവിദ്യാഭ്യാസം-1274, ഭക്ഷ്യ സിവിൽസപ്ലൈസ്-1265, തൊഴിൽ വകുപ്പ്-1231, പൊതുമരാമത്ത്-722, ആരോഗ്യ-കുടുംബക്ഷേമം-719, സാമൂഹ്യനീതി-596, ജലവിഭവം-458 എന്നിങ്ങനെയാണ് വ്യത്യസ്ത വകുപ്പുകളിൽ ലഭിച്ച നിവേദനങ്ങൾ. ഇതിൽ ഇതുവരെ 312 എണ്ണം തീർപ്പാക്കി. 12510 ൽ നടപടി ആരംഭിച്ചു.

വ്യക്തികളേയും സമൂഹത്തെയാകെയും ബാധിക്കുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നവകേരള സദസ്സിനു ഇതിനകം സാധിച്ചു. ഉദാഹരണമായി കാസർകോട് മുളിയാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ഏരിഞ്ചേരിയിൽ 9 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്‌പെൻസറിക്ക് സ്വന്തമായി കെട്ടിടം ഉയരാൻ പോവുകയാണ്. ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സിൽ സമർപ്പിച്ച നിവേദനത്തിനാണ് ദിവസങ്ങൾക്കുള്ളിൽ റവന്യൂഭൂമി അനുവദിച്ച് ഉത്തരവായത്.

30 ശതമാനം പണമടച്ചാൽ ലാപ്‌ടോപ്പ് നൽകാമെന്നറിയിച്ച് പണം വാങ്ങിയശേഷം വഞ്ചിച്ച കൊച്ചി കാക്കനാട്ടെ സ്റ്റാർട്ടപ്പ് കമ്പനിയുടെ നടപടിക്കെതിരെ ആർഡി നഗർ മന്നിപ്പാടിയിലെ വി.അനഘ എന്ന വിദ്യാർത്ഥി നൽകിയ പരാതിയ്ക്ക് ദിവസങ്ങൾക്കുള്ളിൽ പരിഹാരമായി. അനഘയെപ്പോലെ വഞ്ചിതരായ മറ്റ് കൂട്ടുകാർക്കും പണം തിരികെ ലഭിച്ചു. അതുപോലെ കാറ്റിലും മഴയിലും ഭാഗികമായി തകർന്ന വീടിന്റെ പുനരുദ്ധാരണത്തിന് ധനസഹായം ആവശ്യപ്പെട്ട് ഉദുമ മയിലാട്ടിയിലെ എം.രത്‌നാകരൻ നൽകിയ നിവേദനത്തിനും പരിഹാരമായി. രത്നാകരനു തുകയനുവദിക്കുന്ന സെയ്പ് പദ്ധതിയിൽ ജില്ലയിൽ നടപ്പു സാമ്പത്തിക വർഷം 150 പേർ ഗുണഭോക്തക്കളാകും. നിലവിൽ 72 പേർക്ക് സേവനം നൽകി കഴിഞ്ഞു.

തേജസ്വിനി പുഴയുടെ പാലായി തീരവളപ്പ് മുതൽ കരുവാത്തല വരെയുള്ള 500 മീറ്ററോളം പുഴയുടെ വലതു കരയിൽ കരയിടിച്ചിൽ ഭീഷണിയിലായതിനാൽ പേരോൽ സ്വദേശി പി.മനോഹരൻ നൽകിയ അപേക്ഷയിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഈ ഭാഗത്ത് പുഴയുടെ കര കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ജലവിഭവ വകുപ്പിന്റെ പരിഗണനയിലാണ്.

ലഭിക്കുന്ന നിവേദനങ്ങളിൽ പൊതു ആവശ്യങ്ങളും വ്യക്തിഗത ആവശ്യങ്ങളും സങ്കടങ്ങളും സർക്കാരിന്റെ പരിധിയിൽ വരാത്ത കാര്യങ്ങളും ഒക്കെ ഉണ്ട്. വ്യവസ്ഥാപിത രീതിയിൽ അപേക്ഷ സമർപ്പിച്ച് നിശ്ചിത യോഗ്യത തെളിയിച്ച് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾക്കും നിവേദനം സമർപ്പിച്ചവർ ഉണ്ട്. ചില പരാതികൾക്ക് പരിഹാരം കാണാൻ സർക്കാരിന് കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ സ്വന്തം സങ്കടങ്ങളും പരിഭവങ്ങളും സമർപ്പിക്കാൻ തയ്യാറാവുന്നവരുമുണ്ട്. ജനങ്ങൾ സർക്കാരിൽ വിശ്വാസം അർപ്പിക്കുന്നത് കൊണ്ടാണ് കൂടുതൽ പേർ ഇങ്ങനെ മുന്നോട്ടു വരുന്നത്. നിവേദനങ്ങളുടെ എണ്ണം കൂടുന്നത് ശരിയായ അവസ്ഥയാണോ എന്ന ചോദ്യം ചില കേന്ദ്രങ്ങളിൽ ഉയർന്നു കേട്ടു. തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും സർക്കാർ ഉണ്ട് എന്ന വിശ്വാസമാണ്, ഏതു വിഷയവും ഇങ്ങനെ നിവേദനങ്ങളായി നൽകാൻ ജനങ്ങൾക്ക് പ്രചോദനമാകുന്നത്. ആ ജനവിശ്വാസമാണ് ജനാധിപത്യത്തിന്റെ വിജയം എന്നാണ് അവർക്കുള്ള മറുപടി.

ലഭിച്ച എല്ലാ നിവേദനങ്ങളിലും നടപടിയുണ്ടാകും. നടപടികൾ ത്വരിതപ്പെടുത്താൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.

നവകേരള സദസ്സ് ഇന്ന് ഉച്ചക്ക്ശേഷം എറണാകുളം ജില്ലയിൽ പര്യടനം ആരംഭിക്കുകയാണ്. ഇന്നലെ തൃശൂരിലെ നാല് മണ്ഡലങ്ങളിൽ ലഭിച്ച നിവേദനങ്ങൾ
ഇരിങ്ങാലക്കുട -4274
കൊടുങ്ങല്ലൂർ - 3016
കയ്പമംഗലം- 4443
പുതുക്കാട് - 4269

ഇത് കൂടാതെ
മുഖ്യമന്ത്രി പിണറായി വിജയന്റെ എറണാകുളം കലൂരിലെ വാർത്താ സമ്മേളനത്തിൽ നിന്ന്

നവകേരള സദസ്സിനോടനുബന്ധിച്ച് ചേരുന്ന പ്രഭാത യോഗങ്ങളിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള നിർദേശങ്ങൾ വളരെ സജീവമായി ഉയർന്നു വരുന്നുണ്ട്. ഇന്ന് അങ്കമാലിയിൽ ചേർന്ന യോഗത്തിൽ മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർ ഉൾപ്പെടെയുള്ളവർ ഇതേ വിഷയം ഉന്നയിച്ചു.
പുതിയ തലമുറയോട് നീതി ചെയ്യുക, അവർക്കു മുന്നിൽ അവസരങ്ങളുടെ വിശാല ലോകം തുറക്കുക എന്ന നയമാണ് സർക്കാരിന്റേത്. സാമൂഹ്യ നീതിയാണ് ഈ സർക്കാർ എല്ലാകാലത്തും മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം. അതിനനുസൃതമായ ഇടപെടൽ ഏതു പ്രതിസന്ധി ഘട്ടത്തിലും നടത്തുന്നത് കൊണ്ടാണ് സർക്കാർ ആഭിമുഖ്യത്തിലുള്ള ബഹുജന സമ്പർക്ക പരിപാടിയായ നവകേരള സദസ്സിൽ ഉണ്ടാകുന്ന യുവജനങ്ങളുടെ ആവേശത്തോടെയുള്ള പങ്കാളിത്തം

കൊച്ചി നഗരത്തിൻ്റെയും കേരളത്തിന്റെയാകെയും അഭിമാനമായ കൊച്ചി മെട്രോയുടെ വികസനം അതിവേഗം പൂർത്തിയാവുകയാണ്. എസ്.എൻ ജംഗ്ഷനിൽ നിന്നും അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേയ്ക്ക് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി നടത്തി. സ്റ്റേഷൻ്റേയും വയഡക്റ്റിൻ്റേയും നിർമ്മാണം പൂർത്തിയായി. സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ട്രയൽ റണ്ണും അധികം വൈകാതെ പൂർത്തിയാക്കും.
ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിനുള്ളത്.

നവകേരള സദസ്സിന്റെ ഭാഗമായി ഈ വാർത്താസമ്മേളനത്തിനു ശേഷം ഞങ്ങളാകെ കേരളത്തിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ സന്ദർശിക്കുകയാണ്. ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തിൽ അധികം ആളുകളാണ്. അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വാട്ടർ മെട്രോ സർവീസ് വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. 1136.83 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിനുള്ള പരിഹാരമാകുന്നതിനൊപ്പം വലിയ തോതിൽ ടൂറിസം സാധ്യതകളെ വളർത്തുകയും ചെയ്യുന്നു.

കൊച്ചി നഗരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ നടത്തുന്ന നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ഈ പദ്ധതികളുടെ വിജയം. ഈ മാറ്റം സംസ്ഥാനത്താകെ ദൃശ്യമാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഐബിഎം സോഫ്റ്റ്‌വെയറിൻ്റെ സീനിയർ വൈസ് പ്രസിഡന്റ് (പ്രോഡക്ട്സ് ) ദിനേശ് നിർമ്മൽ പറഞ്ഞത് കേരളത്തിലേയ്ക്ക് ഒരു റിവേഴ്സ് മൈഗ്രേഷൻ നടക്കുന്നു എന്നാണ്. അതായത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന് പുറത്തും ഉള്ള ഐബിഎം ലെ ജീവനക്കാർ കേരളത്തിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു.

ഇതാണ് കഴിഞ്ഞ ഏഴു വർഷങ്ങൾ കൊണ്ടു നാടിനുണ്ടായ മാറ്റം. വൻകിട വികസനം സാധ്യമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ആ ധാരണകളെല്ലാം തിരുത്തിക്കുറിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് റാങ്കിങ്ങിൽ 15ആം സ്ഥാനത്ത് ഇക്കാലയളവിൽ നമ്മളെത്തി.

കൊച്ചി ഇൻഫോപാർക്കിൽ ഈയടുത്ത് ഉദ്ഘാടനം ചെയ്ത ഐബിഎം സോഫ്റ്റ്‌വെയർ ലാബിൽ മാത്രം ഒരു വർഷം കൊണ്ട് 1000 ഓളം ആളുകൾക്ക് ജോലി ലഭിച്ചു. ടാറ്റ എലക്സിയുമായി കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ധാരണാപത്രം ഒപ്പിട്ടു. 8 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി ബിൽഡിംഗ് കൈമാറി. ഇവിടെ ഇപ്പോൾ ഏകദേശം 3500 എഞ്ചിനീയർമാർ ജോലി ചെയ്യുന്നു. വിപുലീകരണത്തിൻ്റെ ഭാഗമായി അവർ കിൻഫ്രയിൽ തന്നെ പുതുതായി 2 ലക്ഷം ചതുരശ്ര അടി ആവശ്യപ്പെട്ടിട്ടുണ്ട്.
ടിസിഎസിനു കാക്കനാട് കിൻഫ്രയുടെ 36 ഏക്കർ കൈമാറി. ഇവിടെ അവരുടെ ഇന്നോവേഷൻ ക്യാമ്പസിന്റെ ആദ്യഘട്ടം പൂർത്തിയയാവുമ്പോൾ 5000 എഞ്ചിനീയർമാർക്കും രണ്ടാം ഘട്ടം പൂർത്തിയാവുമ്പോൾ 10000 പേർക്കും തൊഴിൽ ലഭിക്കും.

സിമുലേഷൻ ആൻ്റ് വാലിഡേഷൻ മേഖലയിൽ ലോകത്തെ തന്നെ പ്രമുഖ കമ്പനിയായ ഡി-സ്പേസ് ടെക്നോളജീസ് കേരളത്തിൽ സെൻ്റർ ഓഫ് എക്സലൻസ് ആരംഭിച്ചു. എയ്റോസ്പേസ്/ഡിഫൻസ് മേഖലകളിൽ ആഗോള പ്രശസ്തരായ സഫ്രാൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു.

കളമശ്ശേരിയിൽ കിൻഫ്രയുടെ 30 ഏക്കറിൽ ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് യൂണിറ്റുകൾ അടങ്ങുന്ന നെക്സ്റ്റ് ഹൈടെക്ക് പാർക്ക് പ്രവർത്തനമാരംഭിച്ചു. പദ്ധതി പൂർണമാകുന്നതോടെ 4000 പേർക്ക് ജോലി ലഭിക്കും. ലുലു ഫുഡ് പ്രോസസ്സിംഗ് ആലപ്പുഴയിൽ അരൂരിൽ 150 കോടി രൂപയുടെ ഭക്ഷ്യ സംസ്കരണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കളമശ്ശേരിയിൽ കിൻഫ്രയുടെ 10 ഏക്കറിൽ പൂർത്തിയാവുന്ന ഫുഡ് പ്രോസസിംഗ് യൂണിറ്റ് നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു.

ഭക്ഷ്യസംസ്കരണ മേഖലയിൽ അത്യാധുനിക മെഷിനറികളുമായി യൂറോപ്പ്, അമേരിക്കൻ മാർക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചോയ്സ് ഗ്രൂപ്പ് കൊച്ചിയിൽ മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. 500 കോടി രൂപയുടെ വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്.

2021 ഒക്ടോബറിൽ ആരംഭിച്ച് ഒന്നരവർഷക്കാലം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടിയെടുത്ത ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് മീറ്റ് ദി ഇൻവെസ്റ്റർ. ഇതിലൂടെ ബിൽടെക്, ആസ്കോ ഗ്ലോബൽ, അറ്റാച്ചി, ട്രൈസ്റ്റാർ, വെൻഷ്വർ, സിന്തൈറ്റ്, മുരുളിയ, സ്വരബേബി, നെസ്റ്റോ, അഗാപ്പെ തുടങ്ങിയ 29 കമ്പനികൾ സംസ്ഥാനത്ത് നിക്ഷേപത്തിന് തയ്യാറായി.

ഇത്തരത്തിൽ അന്തർദ്ദേശീയ തലത്തിൽ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താനും കേരളത്തെക്കുറിച്ച് അഭിമാനപൂർവ്വം സംസാരിക്കാനും തുടങ്ങിയിരിക്കുന്നു.
പൊതുമേഖല സ്ഥാപനങ്ങളെ ഇതോടൊപ്പം തന്നെ സംരക്ഷിക്കുന്നതിലും കേരളം മാതൃകയാവുകയാണ്. പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ വിറ്റുതുലക്കുമ്പോൾ അവയെ ഏറ്റെടുത്ത് ലാഭത്തിലാക്കി പൊതുസമൂഹ നന്മയ്ക്കായി നിലനിർത്തുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്.

കേന്ദ്രസർക്കാരിൽ നിന്ന് ലേലത്തിൽ പങ്കെടുത്ത് ഏറ്റെടുത്തതാണ് ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡ്. ഇന്ന് ഇന്ത്യയിൽ തന്നെ പ്രധാനപ്പെട്ട 25-ൽ അധികം പത്രമാധ്യമങ്ങൾക്ക് കെപിപിഎൽ ഇപ്പോൾ കടലാസ് വിതരണം ചെയ്യുന്നു. ചന്ദ്രയാൻ-3 ൽ കേരളത്തിൽ നിന്നുള്ള 6 (കെൽട്രോൺ,കെഎംഎംൽ,സ്റ്റീൽ ആൻ്റ് ഫോർജിങ്ങ്സ് ലിമിറ്റഡ്,ടി.സി.സി, കെഎഎൽ. സിഡ്കോ) പൊതുമേഖലാ സ്ഥാപനങ്ങളും 20 ഓളം എം.എസ്.എം.ഇ സ്ഥാപനങ്ങളും പങ്കാളികളായി എന്നത് ഈ മേഖലയിൽ നമ്മൾ കൈവരിച്ച പുരോഗതിയുടെ തെളിവാണ്.

സംരഭകത്വത്തിനു രാജ്യത്തിനാകെ കേരളം മാതൃകയാവുന്ന ഘട്ടമാണിത്. ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭക വർഷം എം എസ് എം ഇ മേഖലയിലെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തിരഞ്ഞെടുക്കുക്കപ്പെട്ടു. വ്യവസായ വികസനത്തിന്‌ കുതിപ്പ്‌ നൽകാൻ 16 വ്യവസായ പാർക്കുകൾക്ക് അംഗീകാരം നൽകി.

കൊച്ചി - ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി പാലക്കാട് ജില്ലയിൽ ഇന്റഗ്രേറ്റഡ് മാനുഫാക്ച്ചറിംഗ് ക്ലസ്റ്റർ ന്റെ ഭാഗമായി 1710 ഏക്കർ ഭൂമിയിൽ
85 % ഏറ്റെടുത്തുകഴിഞ്ഞു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു. ഇൻഫോ പാർക്കിന് സമീപം അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്ററിൻ്റെ നിർമ്മാണമാരംഭിച്ചു.

ആലപ്പുഴ മെഗാ ഫുഡ് പാർക്ക്, ഇടുക്കി തൊടുപുഴ സ്പൈസെസ് പാർക്ക്, ചേർത്തലയിൽ തുടങ്ങുന്ന മാരിടൈം ക്ലസ്റ്റർ എന്നിവയും എടുത്തു പറയേണ്ടതാണ്.

‘നാളെയുടെ പദാർത്ഥം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപാദനത്തിന് തുടക്കം കുറിച്ചു. കൊച്ചിയിലെ കാർബൊറാണ്ടം യൂണിവേഴ്സൽ ആണ് ഗ്രഫീൻ ഉൽപാദനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ലോകത്താദ്യമായി ഗ്രാഫീൻ പോളിസി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കേരളം. ഇലക്ട്രിക് വാഹന മേഖലയിലെ കുതിപ്പിന് അടിത്തറ പാകിക്കൊണ്ട് കെ- ഡിസ്ക് മുൻകയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യം ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചു.

വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുമ്പോൾ കയറ്റുമതി വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഇൻവെസ്റ്റ്മെന്റ് സോൺ രൂപീകരിക്കും. ഇതിനാവശ്യമായ ഭൂമി തിരുവനന്തപുരം ജില്ലയിൽ ലാൻഡ് പൂൾ രീതിയിൽ കണ്ടെത്തും.

ഇത്തരം ഇടപെടലുകളാണ് നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ സർക്കാർ നടത്തുന്നത്. അത് ജനങ്ങളുടെ മനസ്സിൽ പതിയുന്നുണ്ട് എന്നതിന് തെളിവാണ് നവകേരള സദസ്സിന്റെ വമ്പിച്ച വിജയം.

നവകേരള സദസ്സ് ആരംഭിച്ച് 20 ദിവസം പൂർത്തിയാകുമ്പോൾ 76 നിയമസഭാ മണ്ഡലങ്ങൾ പിന്നിടുകയാണ്.

തൃശ്ശൂർ ജില്ലയിൽ ആകെ 54,260 നിവേദനങ്ങൾ ആണ് ലഭിച്ചത്.

പിണറായി വിജയന്റെ ഇടുക്കിയിലെ വാർത്താസമ്മേളനത്തിൽ നിന്ന്
11.12.23

നവകേരള സദസ്സ് എട്ടു ജില്ലകൾ പിന്നിട്ട് ഇന്നലെ ഇടുക്കി ജില്ലയിലെത്തി. തൊടുപുഴയിൽ വലിയ ബഹുജനമുന്നേറ്റമാണുണ്ടായത്. നവകേരള സദസ്സിന് ഇടുക്കി ജില്ല നൽകുന്ന സ്വീകരണത്തിന്റെ വൈപുല്യവും ആവേശവും നിറഞ്ഞു നിൽക്കുന്നതായിരുന്നു തൊടുപുഴയിലെ ജനസഞ്ചയം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട വേളയിൽ എൽഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ 380 -ആമത്തെ ഉറപ്പ് പ്രാവർത്തികമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് നവകേരള സദസ്സ് ഇടുക്കിയുടെ മണ്ണിലേക്ക് കടക്കുന്നത്. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യം മുൻനിർത്തി, ഇക്കഴിഞ്ഞ സെപ്തംബർ 14 നാണ് 1960 ലെ ഭൂപതിവ് നിയമം കേരള നിയമസഭ ഭേദഗതി ചെയ്തത്. ഇതോടെ 1964 ലെ ഭൂപതിവ് ചട്ടങ്ങൾക്ക് മാറ്റം വരാൻ പോകുകയാണ്.
സ്വന്തം ഭൂമിയിൽ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന മലയോര മേഖലയിലെ ജനങ്ങളുടെ അത്യധികം സങ്കീർണ്ണമായ ഭൂമി പ്രശ്നത്തെ ഏറ്റവും അനുഭാവപൂർവ്വം അഭിസംബോധന ചെയ്യാനാണ് സർക്കാർ ശ്രമിച്ചത്.

കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023 ലെ “കേരളാ സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ” നിയമമാവുന്നതോടെ പതിച്ചു നൽകിയ ഭൂമിയിൽ കൃഷിക്കും വീടിനും പുറമെ സർക്കാർ അനുമതികളോടെ കാർഷിക മേഖലയിലെ വാണിജ്യ കേന്ദ്രങ്ങളിൽ നടത്തിയ നിർമ്മാണപ്രവർത്തനങ്ങളിൽ ഒരളവുവരെയുള്ളവ ഇളവനുവദിച്ച് സാധൂകരിക്കപ്പെടും. ഈ ബിൽ ഇനിയും ഗവർണ്ണർ അംഗീകരിച്ചു നൽകിയിട്ടില്ല.

2016 ലെ സർക്കാർ വരുമ്പോൾ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കിയ നിലയിലായിരുന്നു ഇടുക്കി മെഡിക്കൽ കോളേജ്. വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന് കണ്ട് മറ്റു മെഡിക്കൽ കോളേജുകളിലേക്ക് ഇവരുടെ പഠനം മാറ്റി അംഗീകാരം നേടുകയായിരുന്നു.
മെഡിക്കൽ കൗൺസിൽ ചൂണ്ടിക്കാട്ടിയ മതിയായ കിടക്കകളുള്ള ആശുപത്രി, കുട്ടികൾക്കുള്ള ഹോസ്റ്റൽ അക്കാദമിക്ക് ബ്ലോക്ക് ഇവയെല്ലാം തുടർന്ന് സജ്ജമാക്കി ഒപി ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തീകരിച്ചു.
പുതിയ ബ്ലോക്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ആശുപത്രിയുടെ പ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും അവ പ്രവർത്തിപ്പിക്കുന്നതിനുള്ള മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇടപെടലുകൾ നടത്തുകയും കഴിഞ്ഞ അക്കാദമിക് വർഷം മുതൽ 100 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് അംഗീകാരം ലഭ്യമാകുകയും ചെയ്‌തിട്ടുണ്ട്. ഈ വർഷം പുതുതായി 60 വിദ്യാർത്ഥികൾ അടങ്ങുന്ന നേഴ്സ‌സിംഗ് കോളേജിൻ്റെ ബാച്ചും ആരംഭിച്ചു.

2016-21 കാലയളവിൽ ഇടുക്കി ജില്ലയിൽ 37,815 പേർക്കാണ് പട്ടയം അനുവദിച്ചത്. കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ ഇടുക്കിയിൽ 6459 പട്ടയങ്ങൾ വിതരണം ചെയ്‌തു. വനാവകാശ നിയമപ്രകാരം 368.94 ഏക്കർ ഭൂമിക്ക് കൈവശാവകാശ രേഖ നൽകി.

ആനവിലാസം വില്ലേജ് - മൂന്നാർ മേഖലയിൽ നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്നതും കാർഷികവൃത്തി മുഖ്യസ്രോതസ്സായി നിൽക്കുന്ന മേഖലയായ ആനവിലാസം വില്ലേജിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത് അവിടുത്തെ ജനങ്ങൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഈ വില്ലേജിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് റവന്യൂ വകുപ്പിൻ്റെ എൻഒസി വേണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കി.

മൂന്നാറിന്റെ വർഷങ്ങളായി നിലനിൽക്കുന്ന പരിസ്ഥിതി സന്തുലിത വികസന പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഇക്കാര്യത്തിലുള്ള നിർണ്ണായക ചുവടുവയ്‌പാണ് മൂന്നാർ ഹിൽ ഏര്യ അതോറിറ്റിയുടെ രൂപീകരണം.

മൂന്നാർ മേഖലയിലെ പഞ്ചായത്തുകളുടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള പ്രവർത്തനത്തിലുപരി ദീർഘവീക്ഷണ കാഴ്‌ചപ്പാടോടെ മൂന്നാറിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനം പ്രാദേശിക സർക്കാരുകളുടെ കൂട്ടായ ചർച്ചകളിലൂടെ ആസൂത്രണം ചെയ്യുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യം.

മൂന്നാറിൻ്റെ വികസനം മുന്നിൽകണ്ട് നടപ്പാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അനധികൃത നിർമ്മാണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും വേണം.

ഈ മേഖലയുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി ജോയിൻ്റ് ആസൂത്രണ സമിതി രൂപീകരിച്ചിട്ടുണ്ട്. മൂന്നാറിന്റെ ജൈവ പാരിസ്ഥിതിക വ്യവസ്ഥയും ടൂറിസം സാധ്യതയും നിലനിർത്തുന്നതിന് ഉപയുക്തമായ തരത്തിലായിരിക്കും അതോറിറ്റിയുടെ പ്രവർത്തനം. പരിസ്ഥിതിലോല പ്രദേശങ്ങളുടെ ജൈവവൈവിധ്യം സംരക്ഷിക്കാനും ഉപജീവനമാർഗ്ഗം നിലനിർത്താനുമുള്ള ആവശ്യകത നിറവേറ്റാനും അതോറിറ്റിയുടെ പ്രവർത്തനത്തിലൂടെ സാധ്യമാകും.

പരിസ്ഥിതി സംതുലിത വികസനമാതൃകകൾക്കനുസൃതമായുള്ള നിർമ്മാണങ്ങളിലൂടെ ടൂറിസം സാധ്യത വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ദേശീയതലത്തിൽ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡ് അവാർഡ് നേടിയത് കാന്തല്ലൂർ വില്ലേജാണ്. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ ഗ്രീൻ സ്ട്രീറ്റ് പദ്ധതിക്കാണ് അവാർഡ്. ഈ പദ്ധതി ടൂറിസം, പഞ്ചായത്ത് വകുപ്പുകൾ സംയുക്തമായി നടപ്പാക്കിയതാണ്.
വിനോദ സഞ്ചാരവകുപ്പിൻ്റെ സഹകരണത്തോടെ വാഗമണ്ണിൽ കേരളത്തിലെ ആദ്യത്തെതും ഇന്ത്യയിലെ എറ്റവും നീളം കൂടിയതുമായ കാന്റിലിവർ ഗ്ലാസ്സ് ബ്രിഡ്‌ജ് വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുത്തു.

ഇന്ത്യയിലാദ്യമായി തോട്ടം മേഖലയ്ക്ക് വേണ്ടി ഒരു പ്ലാന്റേഷൻ ഡയറക്ടറേറ്റും ഉദ്യോഗസ്ഥ സംവിധാനവും രൂപീകരിച്ച സംസ്ഥാനമായി കേരളം മാറി. വ്യവസായ വകുപ്പിന് കീഴിലാണ് പ്ലാന്റേഷൻ ഡയറക്ടറേറ്റ്. പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ഉദ്ഘാടനം ജനുവരി മാസത്തിൽ നടക്കും.

വ്യവസായ മേഖല അടിസ്ഥാനമാക്കി സംസ്ഥാനത്തു പുതിയ തോട്ടംനയം രൂപികരിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പ്ലാന്റേഷൻ മേഖലയെ സംബന്ധിച്ച സമഗ്രമായ പഠനം നടത്തുന്നതിന് ഐ ഐ എം കോഴിക്കോടിനെ ചുമതലപ്പെടുത്തി.

സുഗന്ധവ്യഞ്ജന സംസ്കരണ ഫാക്ടറികൾ സ്ഥാപിക്കുന്നതിനായി ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സ്പൈസെസ് പാര്‍ക്ക് ആരംഭിച്ചു. ഇടുക്കി വ്യവസായത്തിൽ പിന്നിൽ ആണെന്ന പ്രചാരണം തെറ്റാണ് എന്ന് തെളിയിക്കുന്ന രീതിയിൽ ഉദ്ഘാടനത്തിനു മുൻപ് തന്നെ ഭൂരിഭാഗം ഭൂമിയും അലോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായി.
സ്‌പൈസസ് പാർക്കിന്‍റെ രണ്ടാം ഘട്ടമായി ബാക്കിയുള്ള ഭൂമിയിൽ വികസന പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതിൽ വികസിപ്പിച്ചെടുത്ത 10 ഏക്കറോളം ഭൂമി കിൻഫ്രയ്ക്ക് വ്യവസായ യൂണിറ്റുകൾക്ക് അലോട്ട് ചെയ്യാൻ കഴിയുന്നതാണ്. 7 ഏക്കർ ഭൂമി സ്പൈസസ് ബോർഡുമായി സംയുക്തമായി സുഗന്ധവ്യഞ്ജന കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുവാനുമാണ് ഉദ്ദേശിക്കുന്നത്.

ഇങ്ങനെ ഇടുക്കി ജില്ലയുടെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. അതിന്റെ പ്രതിഫലനമാണ് ജനങ്ങളുടെ വൻ പങ്കാളിത്തത്തിൽ കാണുന്നത്.
ഇന്നലെ തൊടുപുഴയിൽ മാത്രം 9434 നിവേദനങ്ങളാണ് ലഭിച്ചത്. നിവേദനം സ്വീകരിക്കാനുള്ള സൗകര്യം പോരാതെ വന്നു. ഇത്രയേറെ നിവേദനം അവിടെ എത്തി ജനങ്ങൾ നൽകിയെങ്കിൽ, തൊടുപുഴയിൽ നവകേരള സദസ്സിന് തടിച്ചു കൂടിയ ജനാവലിയുടെ വലുപ്പം ഊഹിക്കാവിന്നതേയുള്ളൂ. ആ ജനങ്ങളുടെ വിശ്വാസമാണ് സർക്കാരിന്റെ കരുത്ത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്