10.12.2023
ധൈര്യമായി മുന്നോട്ടു പോകു ഞങ്ങൾ കൂടെയുണ്ട് എന്ന സന്ദേശമാണ് സദസ്സിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ സർക്കാരിന് നൽകുന്നത്. നാട് ആഗ്രഹിക്കുന്ന വികസനം അതേപടി പ്രാവർത്തികമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. 2016 നുശേഷം നാടിനെ പുതുക്കിപ്പണിയാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിയത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ നിരവധി പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞു. ഒന്നും നടക്കില്ലെന്ന് കരുതി നാടുവിട്ട ദേശീയ പാത അതോറിറ്റി, ഗെയ്ൽ, പവർഗ്രിഡ് കോർപ്പറേഷൻ എന്നിവരെയൊക്കെ തിരിച്ച് കൊണ്ടുവരാൻ കഴിഞ്ഞു.
ഗെയ്ൽ പൈപ്പ് ലൈന്റെ ഭാഗമായുള്ള ഗ്യാസ് അടുക്കളകളിൽ എത്താൻ തുടങ്ങി. വ്യവസായ സ്ഥാപനങ്ങളിലെ അടുക്കളയിൽ ഇന്ധനമായും ഗ്യാസ് ഉപയോഗിക്കാനായി. അത് കൂടുതൽ ഉപയോഗത്തിലേക്ക് വരാൻ പോകുകയാണ്. പവർ ഗ്രിഡ് കോർപ്പറേഷന്റെ ലൈനുകളിലൂടെ വൈദ്യുതി പ്രവഹിച്ചു തുടങ്ങി. ദേശീയ പാത യാഥാർഥ്യമാകുമോ എന്ന ആശങ്ക ആർക്കും ഇപ്പോഴില്ല. തീരദേശ ഹൈവേയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ആകർഷകമായ പാക്കേജാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്. തീരദേശ ഹൈവേ പൂർത്തിയാകുന്നതോടെ ടൂറിസം രംഗത്ത് വലിയ മാറ്റമുണ്ടാകും. കടലോര റോഡിലൂടെയുള്ള സഞ്ചാരം ടൂറിസ്റ്റുകളെ ആകർഷിക്കും. മലയോര ഹൈവയും അതിവേഗം യാഥാർഥ്യമാകും. കിഫ്ബി മുഖേന പതിനായിരം കോടി രൂപയാണ് തീരദേശ ഹൈവേക്കും മലയോര ഹൈവേക്കും അനുവദിക്കുന്നത്.
ജലപാതയുടെ പ്രവർത്തനങ്ങൾ ഏതാനും ആഴ്ചകൾക്കകം ഭാഗികമായി പൂർത്തീകരിക്കും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭൂമിയേറ്റെടുത്ത് കനാൽ നിർമ്മിക്കാനുള്ളതിനാൽ ആദ്യഘട്ടത്തിൽ കോവളം മുതൽ ചേറ്റുവ വരെയുള്ള പാതയാണ് പൂർത്തിയാകുന്നത്. കോവളം മുതൽ ചേറ്റുവ വരെ സഞ്ചരിക്കാവുന്ന രീതിയിൽ കനാൽ പൂർത്തിയാകും. ചില പ്രദേശങ്ങളിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. കോവളം മുതൽ ചേറ്റുവ വരെയുള്ള ജലപാത ടൂറിസ്റ്റുകളെ വലിയ തോതിൽ ആകർഷിക്കുന്നതാണ്. ജലപാതയിൽ അമ്പത് കിലോമീറ്റർ ഇടവിട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരുക്കും. പ്രാദേശിക കലാരൂപങ്ങൾ, നാടൻ ഭക്ഷ്യവിഭവങ്ങൾ, നാടൻ ഉത്പന്നങ്ങൾ എന്നിവയെല്ലാം ഈ കേന്ദ്രങ്ങളിലുണ്ടാകും. ഈ പദ്ധതിക്കായി സ്ഥലമെടുക്കുന്നതിനുള്ള പണവും കിഫ്ബി വഴി കണ്ടെത്തും.
റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. സിൽവർ ലൈൻ പദ്ധതിക്കെതിരായ കേന്ദ്ര നിലപാട് ഇതു വ്യക്തമാക്കുന്നതാണ്. ഈ നിഷേധാത്മക സമീപനം എല്ലാക്കാലവും കേന്ദ്രസർക്കാരിന് തുടരാൻ കഴിയില്ല. നാടിന്റെ വികസനത്തിൽ അതീവ പ്രാധാന്യമുള്ളതാണ് വേഗതയുള്ള ട്രെയിനുകൾ. വന്ദേഭാരത് ട്രെയിൻ വന്നപ്പോഴാണ് വേഗതയുള്ള ട്രെയിനുകളുടെ ആവശ്യകത എല്ലാവർക്കും ബോധ്യമായത്. കൃത്യസമയം പാലിക്കുന്നതിന് വന്ദേഭാരത് ഓടുമ്പോൾ മറ്റ് ട്രെയിൻ യാത്രക്കാർ വലിയ പ്രയാസം നേരിടുകയാണ്. നിലവിലെ റെയിൽവേ ലൈൻ തന്നെ ഉപയോഗിക്കുന്നതിനാലാണിത്. പ്രത്യേകമായ റെയിൽവേ ലൈനായിരുന്നു കേരളത്തിന്റെ പദ്ധതി. അത് നല്ല രീതിയിൽ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. അതിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. റെയിൽവേയുടെ മറ്റ് വികസന പദ്ധതികളിലും അനുകൂലമല്ലാത്ത നിലപാടാണ് കേരളത്തോട് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.
റോഡുകൾ, പാലങ്ങൾ, ഓവർബ്രിഡ്ജുകൾ, ഫ്ളൈ ഓവറുകൾ, ഇവയെല്ലാം മികച്ച രീതിയിൽ പൂർത്തിയാക്കുകയാണ്. നാടിന്റെ രൂപവും മുഖച്ഛായയും മാറ്റുന്നതിന് സഹായകമായ പദ്ധതികളാണ് പുരോഗമിക്കുന്നത്.
സർക്കാരിന്റെ വികസന പദ്ധതികൾ നല്ല നിലയിൽ പ്രാവർത്തികമായ ജില്ലയാണ് എറണാകുളം. ആകെ 2716 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾക്കാണ് എറണാകുളം ജില്ലയിൽ ഭരണാനുമതി നൽകിയിരിക്കുന്നത്. അമൃത് പദ്ധതിയിൽ കൊച്ചിയിൽ ഉൾപ്പെടെ 70 കോടി രൂപയുടെ പദ്ധതികളാണ് നിർവഹണത്തിലിരിക്കുന്നത്. ആലുവയിൽ 190 എം.എൽ.ഡി പ്ലാന്റ് കൂടി യാഥാർഥ്യമാകുന്നതോടെ എറണാകുളത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
എറണാകുളത്തിന്റെ എക്കാലത്തെയും വലിയ പ്രശ്‌നമായ ചെല്ലാനത്തെ കടൽക്ഷോഭത്തെ നേരിടാൻ ക്രിയാത്മകമായ ഇടപെടലാണ് സർക്കാർ നടത്തിയത്. അതിന്റെ ഭാഗമായി ചെല്ലാനം പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാകും വിധം പൂർത്തിയാക്കാൻ കഴിഞ്ഞു. ഇന്ന് ചെല്ലാനത്തുകാർക്ക് പേടിയില്ലാതെ ഉറങ്ങാൻ കഴിയുന്നു. സാമ്പത്തിക ഞെരുക്കത്തിനിടയിലും കേന്ദ്ര സർക്കാരിന്റെ ഉപരോധ സമാനമായ സമീപനത്തിനിടയിലും വികസന പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നാം തയാറാകുന്നില്ല. ഐക്യമുള്ള നാടിന് ഒന്നും അസാധ്യമല്ല എന്ന് ലോകസമക്ഷം തെളിയിച്ചവരാണ് നാം.
തകർന്നടിയുമെന്ന് ലോകം മുഴുവൻ കരുതിയ സമയത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഉയർത്തെഴുന്നേറ്റവരാണ് നാം. ഓഖിയും നിപ്പയും മഹാപ്രളയവും തുടർന്ന് കോവിഡുമൊക്കെ വന്നപ്പോൾ ഐക്യത്തോടെ നിന്ന് അതിനെയെല്ലാം നാം അതിജീവിച്ചു. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര സർക്കാർ സഹായിച്ചില്ലെന്ന് മാത്രമല്ല ഉപദ്രവിക്കുകായും ചെയ്തു, കേരളം തകരട്ടെ എന്ന കേന്ദ്രത്തിന്റെ മനസ്സിനെ ഐക്യവും ഒരുമയും കൊണ്ടാണ് നാം നേരിട്ടത്. നമുക്ക് മുന്നോട്ടുപോയേ തീരൂ എന്ന് നാം ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. അങ്ങിനെ മുന്നോട്ടുപോയ നാം ഇന്ന് എല്ലാ മേഖലയിലും അഭിവൃദ്ധി പ്രാപിച്ചു. നമ്മുടെ തനത് വരുമാനം വർധിച്ചു. പ്രതിശീർഷ വരുമാനത്തിൽ രാജ്യത്ത് മുന്നിലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്ന് ഇന്ന് കേരളമാണ്. ഈ മേന്മ നിലനിർത്താനും കൂടുതൽ മുന്നോട്ടു പോകാനുമുള്ള ആവേശമാണ് നവകേരള സദസ്സിൽ തടിച്ചു കൂടുന്ന ജനങ്ങൾ പകർന്നു നൽകുന്നത്.
കെ റെയിൽ മുതൽ ചെറു പാതയുടെ വികസനം വരെ ചർച്ച ചെയ്താണ് കോട്ടയം ജില്ലയിലെ നവകേരള സദസ്സിന്റെ ആദ്യ പ്രഭാത യോഗം അവസാനിച്ചത്. സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവരുടെ ക്രിയാത്മകമായ അഭിപ്രായപ്രകടനങ്ങളാണ് കോട്ടയം ജെറുസലേം മാർത്തോമ ചർച്ച് പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ ഉയർന്നത്.
ആദ്യം സംസാരിച്ച ജസ്റ്റിസ് കെ.ടി. തോമസ് ആണ് കേ കെ റെയിലിന്റെ വിഷയം ഉന്നയിച്ചത്. എതിർപ്പുകൾ ഉണ്ടായാലും കെറെയിൽ നടപ്പാക്കുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് അദ്ദേഹത്തിന് മറുപടിയായി പറഞ്ഞു. പണലഭ്യത ഇക്കാര്യത്തിൽ പ്രശ്‌നമല്ല. സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടായത്. കെ റെയിൽ നമ്മൾ മാത്രം വിചാരിച്ചാൽ നടപ്പാക്കാൻ സാധിക്കുന്നതല്ല. കേന്ദ്ര അനുമതി ഇല്ലാതെ നടപ്പാക്കാൻ പറ്റില്ല. സാധാരണ നിലയിൽ കേന്ദ്രസർക്കാർ അനുമതി നൽകേണ്ടതാണ്. ചില സങ്കുചിത മനസുകൾ അനുവദിച്ചില്ല. കെറെയിൽ നടപ്പാക്കുന്നതു സംബന്ധിച്ചു ദക്ഷിണ റെയിൽവേയോട് പരിശോധിക്കാൻ പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിനെയും എതിർക്കുന്നതാണ് കണ്ടത്.
ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് സർക്കാർ ഗൗരവതരമായാണ് കാണുന്നതെന്നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ചോദ്യത്തിന് മറുപടിനൽകി. കമ്മാള വിഭാഗത്തിൽനിന്ന് സിറോ മലബാർ സഭയിൽ അംഗമായവർക്ക് ഒ ബി സി സംവരണം നൽകണമെന്നായിരുന്നു മാർ ജോസഫ് പെരുന്തോട്ടം ഉയർത്തിയ ആവശ്യം. സംവരണം പരാതിയില്ലാതെ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. സംവരണ വിഭാഗങ്ങളുടെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കൽ സംസ്ഥാനത്ത് ഉണ്ടാവുകയില്ല. പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നത്തിൽ അതിന്റെ നടപടിക്രമങ്ങൾ വേണ്ടതുണ്ട്.
പരീക്ഷണ സിനിമകൾക്ക് കെഎസ്എഫ്ഡിസിയുടെ ഒരു തീയേറ്റർ എങ്കിലും സ്ഥിരമായി കൊടുക്കണം എന്നായിരുന്നു ചലച്ചിത്ര സംവിധായകനായ ജയരാജ് ആവശ്യപ്പെട്ടത്. അവശത അനുഭവിക്കുന്ന സിനിമ -മറ്റിതര കലാകാരന്മാർ എന്നിവരെ പുനരധിവസിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും പാക്കേജ് നടപ്പാക്കാൻ പറ്റണമെന്നും ജയരാജ് പറഞ്ഞു. അവശഅനുഭവിക്കുന്ന കലാകാരന്മാരെ പുനരധിവസിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതികൾ നടപ്പാക്കുന്നുന്നകാര്യം അദ്ദേഹത്തെ അറിയിച്ചു. കലാസൃഷ്ടികൾ അടക്കമുള്ള വ സംരക്ഷിക്കുന്നതിനുള്ള പാക്കേജാണ് ഉദ്ദേശിച്ചതെങ്കിൽ എന്ത് ചെയ്യാൻ പറ്റും എന്ന് പരിശോധിക്കും.
കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ദക്ഷിണ കേരള ജം ഇയാത്തുൾ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ആവശ്യപ്പെട്ടു. കോട്ടയം നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഗതാഗതകുരുക്ക് അഴിക്കുന്നതിനായി ഇന്നർ-ഔട്ടർ റോഡുകൾ, ഫ്‌ളൈ ഓവറുകൾ, സബ്‌വേകൾ എന്നിവ അത്യാവശ്യമാണെന്ന് കോട്ടയം യാക്കോബായ ബിഷപ്പ് തോമസ് മാർ തിമോത്തിയോസ് പറഞ്ഞു. ശാസ്ത്രീ റോഡിന്റെ നിർമ്മാണം കളത്തിപ്പടി വരെ നീട്ടി പൂർത്തീകരിക്കണം. കോടിമതയിൽ നിന്നാരംഭിച്ച് കൊല്ലാട് പുതുപ്പള്ളിവഴി മണർകാട് എത്തുന്ന കെ.കെ റോഡിനു സമാന്തരമായി റോഡ് നിർമ്മിക്കണം തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
യുവജനങ്ങൾ സംസ്ഥാനം വിട്ടു പോകുന്നതുകൊണ്ടു ഭാവിയിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ മനസിലാക്കി പഠിച്ച് ധാരണ ഉണ്ടാക്കി നടപടി സ്വീകരിക്കണമെന്ന് കോട്ടയം ഓർത്തഡോക്‌സ് ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ് കൊറസ് പറഞ്ഞു.
2020ൽ കൊണ്ടുവന്ന ഉത്തരവ് പ്രകാരം പട്ടികജാതി- പട്ടിക വിഭാഗകർക്കു പട്ടയം നൽകുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്കിൽ ഏഴായിരത്തോളം അപേക്ഷകൾ വാങ്ങി വച്ചിട്ടും സർവേ നടപടികൾ ആരംഭിച്ചിട്ടില്ലെന്നും നടപടികൾ വേഗത്തിലാക്കണമെന്നും മല അരയസഭ സംസ്ഥാന അധ്യക്ഷൻ പി.കെ. സജീവ് ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളിയിലെ ഏഴായിരത്തോളം പട്ടയ അപേക്ഷകളിൽ സർവേ നടത്തി അർഹത പരിശോധിച്ച് അടുത്ത വർഷം തന്നെ പട്ടയം നൽകുമെന്ന് വ്യക്തമാക്കി. കോട്ടയത്തും ഇടുക്കിയിലും ട്രൈബൽ മാനേജ്‌മെന്റിൽ രണ്ട് കോളേജുകളിലും മതിയായ രീതിയിലുള്ള കോഴ്‌സുകളും തസ്തികകളും ലഭ്യമാക്കണമെന്നും പി.കെ. സജീവ് ആവശ്യപ്പെട്ടു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ മലയരയ സമുദായത്തിൽ ഉൾപ്പെട്ട രണ്ട് പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നും അടച്ചിട്ടിരിക്കുന്ന കാൽനട തീർഥാടന പാതകൾ മുഴുവൻ സമയം തുറന്നു കൊടുക്കുന്ന നടപടി സ്വീകരിക്കണമെന്നും പി.കെ. സജീവ് പറഞ്ഞു.
വെള്ളപ്പൊക്കം പരിഹരിക്കാനും കാർഷിക മേഖലയിൽ ജലസമൃദ്ധി ഉണ്ടാക്കുന്നതിനുമായി മീനച്ചിൽ നദീതട പദ്ധതി നടപ്പിലാക്കണമെന്ന കർഷകപ്രതിനിധി സുരേഷ് ജേക്കബിന്റെ ആവശ്യത്തോട് അനുകൂലമായ നിലപാട് സ്വീകരിക്കാമെന്നു അറിയിച്ചു. നെല്ല് വില കൃത്യമായി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന ആവശ്യത്തിന് കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലാതെയാണ് കേന്ദ്രം സംസ്ഥാനങ്ങളെ പരിഗണിക്കുന്നത് എന്ന് പ്രതികരിച്ചു. 57000 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് കിട്ടാനുള്ളത്. ഇത്തരത്തിൽ സംസ്ഥാനത്തെ കേന്ദ്രം ബുദ്ധിമുട്ടിക്കുന്നത് കൊണ്ടാണ് കുടിശിക കൊടുത്തുതീർക്കാൻ സാധിക്കാത്തതെന്നും വിശദീകരിച്ചു.
മത മൈത്രി നിലനിർത്തുന്നതിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ അഭിനന്ദനാർഹമാണെന്നു മലങ്കര യാക്കോബായ സുറിയാനി ക്‌നാനായ ബിഷപ്പ് മാർ കുര്യാക്കോസ് സേവറിയോസ് പറഞ്ഞു. മാലിന്യ നിർമാർജനത്തിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകളെയും അദ്ദേഹം അഭിനന്ദിച്ചു.
സൈബർ ഇടങ്ങളിൽ ആത്മ വിശ്വാസത്തെ തകർക്കുന്ന രീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അവയ്ക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നു സിനിമ സീരിയൽ താരം ഗായത്രി വർഷ പറഞ്ഞു.
റബ്ബർ വ്യാപാരികൾക്കുള്ള വില സ്ഥിരതാ പദ്ധതി ആശ്വാസകരമാണെന്നു റബർ പ്ലാൻ അസോസിയേഷൻ പ്രതിനിധി ജോർജ് വാലിയിൽ കൂരാലി പറഞ്ഞു. വില സ്ഥിരത അടുത്ത ഘട്ടത്തിൽ 170ൽ നിന്നും 200 എങ്കിലും ഉയർത്തണം. രണ്ട് ലക്ഷത്തിലധികം റബ്ബർ അധികം ഉൽപാദിപ്പിക്കാനാകും. അതിലൂടെ 3000 കോടി രൂപ കർഷകലേക്ക് എത്തിച്ചേരും. പുതിയ രജിസ്‌ട്രേഷൻ കാലാവധി നവംബർ 30ന് അവസാനിക്കും. ഇത് രണ്ടുമാസത്തേക്ക് നീട്ടി കിട്ടണം. വെല്ലൂർ റബ്ബർ ഫാക്ടറി പ്രവർത്തനം വേഗത്തിലാക്കാൻ നടപടിവേണമെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷം മുമ്പ് നിർത്തലാക്കിയ മിനി മീറ്റുകൾ കായികമേഖലയുടെ വികസനത്തിനായി പുനരാരംഭിക്കണമെന്നു ദ്രോണാചാര്യ അവാർഡ് ജേതാവ് കെ പി തോമസ പറഞ്ഞു.
കായികരംഗത്തേക്ക് വരുന്ന കുട്ടികളെ സ്‌കൂൾ അധികൃതർ നിരുത്സാഹപ്പെടുത്തുന്നതു നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ അഭിപ്രായങ്ങളോടും തത്സമയം പ്രതികരിക്കാൻ സമയപരിമിതി മൂലം കഴിഞ്ഞില്ല. ഏറ്റുമാനൂർ,കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട ഇരുന്നൂറിലേറെ അതിഥികളാണ് പ്രഭാത യോഗത്തിൽ എത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംവിധായക ചിന്മയി നായർ മുതൽ സ്വാതന്ത്ര്യസമര സേനാനിയായ എം.കെ. രവീന്ദ്രൻ വൈദ്യർ അടക്കമുള്ളവരുടെ സവിശേഷ സാന്നിധ്യമുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കോട്ടയത്തെ വാർത്താസമ്മേളനത്തിൽ നിന്ന്
13.12.23
…
നവകേരള സദസ്സ് നവംബർ 18 ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഇപ്പോൾ പത്താമത്തെ ജില്ലയിലാണ്. ഇതുവരെ 91 മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി.
നവകേരള സദസ്സിൽ ഇടുക്കി ജില്ലയിൽ 42,234 നിവേദനങ്ങളാണ് ആകെ ലഭിച്ചത്.
Sabarimala
മുഖ്യമന്ത്രി പിണറായി വിജയന്റെ കോട്ടയത്തെ വാർത്താസമ്മേളനത്തിൽ നിന്ന്
13.12.23
…
നവകേരള സദസ്സ് നവംബർ 18 ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഇപ്പോൾ പത്താമത്തെ ജില്ലയിലാണ്. ഇതുവരെ 91 മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി.
ശബരിമലയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ ഇന്ന് കാണുന്നുണ്ട്. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഏഴു വർഷം കൊണ്ട് 220 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായ വികസന പ്രവർത്തനങ്ങൾ ഹൈക്കോടതി ഹൈപവർ കമ്മിറ്റിയുടെ അംഗീകാരത്തോടെ നടന്നു വരുന്നു. ശബരിമല തീർത്ഥാടകർക്കും തീർത്ഥാടന കാലത്തിനു ശേഷം പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന 6 ഇടത്താവളങ്ങൾ പൂർത്തിയായി വരുന്നു. കിഫ്ബിയിൽ നിന്നും 108 കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂർ, കഴക്കൂട്ടം, ചിറങ്ങര, എരുമേലി, നിലയ്ക്കൽ, മണിയംകോട് എന്നിവിടങ്ങളിൽ ഇടത്താവളം നിർമിക്കുന്നത്.
കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ കേരളത്തിലെ വിവിധ ദേവസും ബോർഡ് ക്ഷേത്രങ്ങൾക്ക് ഉൾപ്പെടെ 467 കോടി രൂപയുടെ സഹായമാണ് സർക്കാർ നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രം 144 കോടി നൽകി. ശബരിമല സീസണിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പത്തനംതിട്ട , കോട്ടയം ജില്ലകൾക്ക് 16 ലക്ഷം രൂപയും അനുവദിച്ചു.
ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാണ്. ഇവിടെ മണ്ഡല കാലത്തെ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് അനിയന്ത്രിതമായി വർധിക്കുന്നത് നമ്മുടെ നിയന്ത്രണങ്ങൾക്കപ്പുറത്തെ ചില അപകടങ്ങൾക്ക് കാരണമാകും. അത് മുന്നിൽ കണ്ടുകൊണ്ട് ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. സന്നിധാനത്തെ ഓരോ സമയത്തുമുള്ള ഭക്ത ജനത്തിരക്ക് നോക്കിയാണ് തീർഥാടകരെ മുകളിലേക്ക് കടത്തി വിടുന്നത്.
കഴിഞ്ഞ മണ്ഡല കാലത്തിന്റെ ആദ്യ നാളുകളിൽ ശരാശരി 62,000 പേരായിരുന്നുവെങ്കിൽ ഇത്തവണ ഡിസംബർ 6 മുതലുള്ള 4 ദിവസങ്ങളിൽ തന്നെ തീർത്ഥാടകരുടെ എണ്ണം ശരാശരി 88,000 ആയി വർദ്ധിച്ചു. ദേശീയ തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ കേരളത്തിന് പുറത്തുനിന്നുള്ളവർ വലിയ തോതിൽ എത്തുന്നുണ്ട്. ചെന്നൈയിലെ പ്രളയം, തെലങ്കാന തെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് ആദ്യനാളുകളിൽ വരാൻ കഴിയാതിരുന്നവരും ഇപ്പോൾ കൂട്ടത്തോടെ എത്തുന്നു. ഇത് മനസ്സിലാക്കി, ദർശനസമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചു.
സ്പോട്ട് ബുക്കിംഗ് വഴി ഏതാണ്ട് ഇരുപതിനായിരം പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. പുല്ലുമേട് കാനനപാതയിലൂടെ ശരാശരി അയ്യായിരം പേർ വന്നു. എല്ലാം ചേർത്ത് ഒരു ദിവസം 1,20,000 ത്തിലധികം തീർത്ഥാടകർ എത്തുകയാണ്. പൊതു അവധി ദിവസങ്ങളിൽ തിരക്ക് വല്ലാതെ വർധിച്ചു. ഇതിന്റെ ഫലമായി ശബരിമലയിൽ എത്തിച്ചേരാൻ കൂടുതൽ സമയം വേണ്ടിവരുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ ഇതാണ് അവിടെ സംഭവിച്ചത്.
പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറിൽ 4200 പേർക്കാണ് സാധാരണ നിലയിൽ ദർശനം സാധ്യമാവുക. എത്തിച്ചേരുന്നവരിൽ വയോജനങ്ങളും കുട്ടികളും പ്രായമായ സ്ത്രീകളും ഉണ്ട്. ഇവർക്ക് പടികയറാൻ അല്പം സമയം കൂടുതൽ വേണം. ഇത് മനസ്സിലാക്കിയാണ് വെർച്ച്വൽ ക്യു വഴിയുള്ള ദർശനം 80,000 ആയി ചുരുക്കിയത്.
തിരക്ക് വർധിച്ച പശ്ചാത്തലത്തിൽ ഇന്നലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രത്യേക യോഗം വിളിച്ചു. സ്പോട്ട് ബുക്കിങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനമെടുത്തത്. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നുണ്ട്. കൂടുതൽ ഏകോപിച്ച സംവിധാനമൊരുക്കാനും തീരുമാനിച്ചു.
ഇത്തരം യോഗങ്ങളും നടപടികളും ആദ്യത്തേതല്ല. ശബരിമലയിലെ മണ്ഡലം മകരവിളക്ക് സീസൺ ഏറ്റവും സുഗമമാക്കി നടത്താനുള്ള ആസൂത്രണം സർക്കാർ നേരത്തെ തന്നെ തുടങ്ങിയതാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഇടപടൽ ആണുണ്ടായത്.
ഈ തീർത്ഥാടന കാലം സുഗമമായി നടത്താൻ ഉദ്ദേശിച്ചുള്ള ആലോചനായോഗങ്ങൾ മാസങ്ങൾക്കു മുമ്പേ തന്നെ തുടങ്ങിയതാണ്.
ഇതിനു പുറമെ, ദുരന്ത നിവാരണ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയും സ്റ്റേറ്റ് പോലീസ് മേധാവിയും ജില്ലാ കളക്ടറും നേരിട്ട് യോഗങ്ങൾ വിളിക്കുകയും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.
നിലയ്ക്കൽ 86 ഉം പമ്പയിൽ 53 ഉം സന്നിധാനത്ത് 50 ഉം കുടിവെള്ള കിയോസ്കുകൾ സ്ഥാപിച്ചു. പമ്പ-സന്നിധാനം കാനന പാതയുടെ ഇരുവശങ്ങളിലായി സ്ഥാപിച്ച ടാപ്പുകൾ വഴി ശുദ്ധീകരിച്ച കുടിവെള്ളമാണ് നൽകുന്നത്. കുടിവെള്ളത്തിനായി അടിയന്തര കിയോസ്‌കുകളും സജീവമാണ്. നിലയ്ക്കലിൽ ശുദ്ധീകരിച്ച വെള്ളവും മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളവും ടാങ്കർ ലോറിയിലൂടെ വിതരണം ചെയ്യുന്നു. ജല അതോറിറ്റിയുടെ പമ്പാ തീർഥം കുടിവെള്ള പദ്ധതിയും ദേവസ്വം ബോർഡിന്റെ സൗജന്യ ചുക്ക് വെള്ളം പദ്ധതിയും കുറ്റമറ്റ നിലയിൽ നടപ്പാക്കുന്നു. ഇതിനു പുറമേ നടപ്പന്തലിലും ക്യൂ കോപ്ലക്‌സുകളിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന എല്ലാ പരിസരങ്ങളിലും ദേവസ്വം ബോർഡ് ചുക്ക് വെള്ളവും ബിസ്‌ക്കറ്റും നൽകുന്നു.
നവകേരള സദസ്സ്: മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്
12.12.23
…
നവകേരള സദസ്സ് ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് കോട്ടയം ജില്ലയിലേയ്ക്ക് കടന്നിരിക്കുകയാണ്. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ, മലയോരമേഖലയിലെ അടിസ്ഥാനസൗകര്യ വികസനം, പരിസ്ഥിതിയ്ക്കനുഗുണമായ വ്യവസായ സാധ്യതകൾ ഒക്കെ ഇടുക്കിയിലെ പ്രധാന ചർച്ചാ വിഷയങ്ങളായിരുന്നു. ആ മേഖലകളിൽ സർക്കാർ ഇതുവരെ നടത്തിയ ഇടപെടലുകൾ മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു.