19.12.23
…
നവകേരള സദസ്സിൻ്റെ ഇന്നത്തെ പ്രഭാതയോഗം ചേർന്നത് കൊല്ലത്തായിരുന്നു. പുരോഗമന രാഷ്രീയത്തിൻ്റെ ചരിത്രം ഇന്നും ത്രസിക്കുന്ന കൊല്ലത്ത് നടന്ന സംവാദം നവകേരള സൃഷ്ടിക്കുതകുന്ന ആശയങ്ങളാൽ സമ്പന്നമായി. പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമാണ് കൊല്ലം. പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ കൊല്ലം ജില്ലയിൽ ടൂറിസം വലിയ മുന്നേറ്റമാണുണ്ടാക്കിയിരിക്കുന്നത്. വ്യവസായമേഖലയിലും വലിയ മാറ്റങ്ങളാണ് കഴിഞ്ഞ ഏഴു വർഷക്കാലയളവിൽ ഉണ്ടായത്.
നാടിനെക്കുറിച്ചും അതിൻ്റെ ഭാവിയെക്കുറിച്ചും ധാരാളം വികസന സ്വപ്നങ്ങള്‍ ഉള്ളവരാണ് കേരളീയര്‍. അങ്ങനെയുള്ളവരുടെ പരിച്ഛേദമാണ് പ്രഭാതയോഗത്തെ സമ്പന്നമാക്കുന്നത്. ഒട്ടേറെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നവകേരള സദസ്സിലും അനുബന്ധിച്ചുള്ള പ്രഭാതയോഗങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. അവയെല്ലാം അര്‍ഹിക്കുന്ന പരിഗണനയോടെ പരിശോധിക്കുകയും തുടര്‍നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.
വികസനം എല്ലാവരിലേക്കുമെത്തിക്കുകയാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ കാതല്‍. അതു തുടര്‍പ്രക്രിയയാക്കിമാറ്റുന്നതിനാണ് ജനാഭിപ്രായം തേടുന്നത്. വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച സ്വപ്നതുല്യമായ നേട്ടങ്ങൾ യോഗത്തിൽ ചർച്ചാ വിഷയമായി. അടച്ചുപൂട്ടലിൻ്റെ വക്കിലെത്തിയ പൊതുവിദ്യാലയങ്ങളിലേയ്ക്ക് കുട്ടികൾക്ക് പ്രവേശനം നേടാൻ രക്ഷിതാാക്കൾ മത്സരിക്കുന്ന അവസ്ഥയിലേയ്ക്ക് കേരളത്തിലെ വിദ്യാലയങ്ങളുടെ നിലവാരം ഉയർത്താൻ നമുക്ക് സാധിച്ചു. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിജയമാണത്.
വിദ്യാഭ്യാസമേഖലയില്‍ ലാറ്റിന്‍ കത്തോലിക് വിഭാഗക്കാര്‍ക്ക് നാല് ശതമാനം സംവരണം നടപ്പാക്കണം എന്ന ആവശ്യമാണ് കൊല്ലം ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരി ഉന്നയിച്ചത്. തീരദേശമേഖലയില്‍ സമഗ്രവികസനമാണ് കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ ഉണ്ടായതെന്ന് മത്സ്യത്തൊഴിലാളിയായ ഷാജി സെബാസ്റ്റ്യന്‍ പറഞ്ഞു. 86 ഡോക്ടര്‍മാരാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നത്. ഈ വര്‍ഷം രണ്ടു കുട്ടികളെ സൗജന്യമായി വിദേശ പഠനത്തിനും അയക്കാന്‍ സാധിച്ചു. മേഖലയുടെ ഉന്നമനത്തിനായി തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന ഉറപ്പ് യോഗത്തിൽ നൽകി.
കാസ്പ് പദ്ധതിയുടെ സാമ്പത്തിക സഹായം വേഗത്തില്‍ ലഭ്യമാക്കണമെന്ന് എസ്എന്‍ഡിപി കൊല്ലം യൂണിയന്‍ സെക്രട്ടറി എന്‍ രാജേന്ദ്രൻ ആവശ്യപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനമായി കേരളം തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സ പരിരക്ഷകള്‍ നല്‍കുന്നത് കൂടുതൽ മികച്ച രീതിയിൽ തുടരും. നാലു വര്‍ഷത്തില്‍ ചികിത്സാധനസഹായം സര്‍ക്കാര്‍ ഇരട്ടിയാക്കി. സൗജന്യ ചികിത്സയ്ക്കായി 1600 കോടിയാണ് സര്‍ക്കാര്‍ മുടക്കുന്നത്.
ജില്ലയില്‍ ലളിതകലാ അക്കാദമി ഗാലറി ആരംഭിക്കണം എന്ന കലാകാരനായ ഷജിത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും. സൂക്ഷ്മതയോടെയും ജാഗ്രതയോടെയും സാംസ്‌കാരിക സ്ഥാപനങ്ങളെ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടിയാണ് സംവിധായിക വിധു വിന്‍സെന്റ് ആവശ്യപ്പെട്ടത്. കൊല്ലം ജില്ലയിലെ സാംസ്കാരിക മേഖലയുടെ വളർച്ചയ്ക്കായി കൂടുതൽ കാര്യക്ഷമമായ നടപടികൾ സർക്കാർ സ്വീകരിക്കും.
ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി പ്രതിനിധി കല്‍പ്പന സര്‍ക്കാര്‍ നല്‍കിവരുന്ന പിന്തുണയില്‍ നന്ദി അറിയിച്ചു. സര്‍ക്കാര്‍ജോലിയില്‍ രണ്ട് ശതമാനം സംവരണം നടപ്പാക്കണം എന്ന അഭ്യര്‍ത്ഥനയും അവര്‍ നടത്തി. വോട്ടര്‍പട്ടികയില്‍ മൂന്നാംലിംഗം എന്നത് മാറ്റി ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും.
കയര്‍, കൈത്തറി, കശുവണ്ടി മേഖലയുടെ പുനരുദ്ധാരണമാണ് കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ രാമഭദ്രന്‍ ആവശ്യപ്പെട്ടത്. കട്ടിംഗ്, ഷെല്ലിംഗ് വിഭാഗത്തില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കണമെന്നും തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും കശുവണ്ടി തൊഴിലാളിയായ സരോജിനി അമ്മ ആവശ്യപ്പെട്ടു. ഫാക്ടറികൾ പൂട്ടിയിടുകയും തൊഴിലാളികൾ പട്ടിണി കിടക്കുകയും ചെയ്ത ഘട്ടത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റതാണ് നമ്മുടെ കശുവണ്ടി മേഖല. 2015-2016-ൽ വെറും 56 ദിവസം മാത്രമായിരുന്നു കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിച്ചത്. അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ തുറക്കുമെന്ന വാഗ്ദാനം 2016 ൽ അധികാരത്തിലെത്തിയ ഉടനെ സർക്കാർ നിറവേറ്റി. വ്യവസായത്തിന്റെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഒട്ടേറെ നടപടികൾ സ്വീകരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലും നവീകരണത്തിലും ഒട്ടേറെ നടപടികളുണ്ടായി. തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനും, കേരളത്തിൽ നിന്ന് നാടൻ തോട്ടണ്ടി സംഭരിക്കുന്നതിനും ക്യാഷ്യു ബോർഡ് രൂപികരിച്ചു. ഇത് വഴി 2017 മുതൽ 63,061 മെട്രിക് ടൺ കശുവണ്ടി ഇറക്കുമതി ചെയ്യുകയും ഇതിനായി 639.42 കോടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഇനി 5000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് 25 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 17000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ 175 കോടി രൂപ ചെലവഴിക്കും. കാഷ്യു ബോർഡ് രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ വാർഷിക സംഭരണമാണിത്. വരും വര്‍ഷങ്ങളില്‍ 30,000 മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകള്‍ സൗജന്യ പി.എസ്.സി ക്ലാസുകള്‍ തുടങ്ങണമെന്ന് പരിശീലകന്‍ ആര്‍ എല്‍ പ്രദീപ് ആവശ്യപ്പെട്ടു. അഷ്ടമുടി ടൂറിസം വികസനത്തിന് പൂര്‍ണത കൈവരിക്കാൻ മാലിന്യനിര്‍മാര്‍ജന സംവിധാനമാണ് വേണ്ടതെന്ന് ഡോ നായേഴ്‌സ് ആശുപത്രി ഡയറക്ടര്‍ ഡോ മോഹനന്‍ നായര്‍ പറഞ്ഞു. കൊല്ലം നഗര വികസനം ശാസ്ത്രീയമായി രീതിയില്‍ നടത്തി അടിസ്ഥാന സൗകര്യവിപുലീകരണം നടത്തണമെന്ന് ടി എ മുഹമ്മദ് കുഞ്ഞ് സഖാഫി പറഞ്ഞു.
വിദേശപഠനത്തിന് വായ്പ എടുക്കുന്ന വിദ്യാര്‍ത്ഥികളുടെ സാമ്പത്തികസുരക്ഷയ്ക്ക് അനുയോജ്യമായ നടപടികളാണ് നിയമ വിദ്യാര്‍ത്ഥി ആര്‍ ഗൗരി അഭ്യര്‍ത്ഥിച്ചത്. കരുനാഗപ്പള്ളിയില്‍ ഓപ്പണ്‍ ഗാലറി സ്ഥാപിക്കണമെന്ന് എഴുത്തുകാരനായ വള്ളിക്കാവ് മോഹന്‍ദാസ് ആവശ്യപ്പെട്ടു. ക്രേവന്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ആക്കി മാറ്റണമെന്ന് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് പറഞ്ഞു.
പുതിയകാല കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഫാത്തിമ മാതാ കോളേജ് പ്രിന്‍സിപ്പല്‍ സിന്ധ്യ കാതറിന്‍ അഭ്യര്‍ഥിച്ചത്. കൂടുതൽ പുതിയകാല കോഴ്സുകൾ കേരളത്തിൽ ആരംഭിക്കുക എന്നതു തന്നെയാണ് സർക്കാരിൻ്റെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം ഉയരങ്ങളിലേയ്ക്ക് കുതിക്കുന്ന ഘട്ടമാണിത്. 2016-ൽ അന്നത്തെ എൽ. ഡി. എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഈ നാൾ വരെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ മാത്രം പുതിയ 1278 കോഴ്സുകൾ ആരംഭിച്ചു. ഇതുവഴി 47200-ൽ അധികം പുതിയ സീറ്റുകളാണ് സൃഷ്ടിക്കപ്പെട്ടത്.
തീരദേശപ്രദേശം സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് അധ്യാപികയായ സ്മിത ജോണ്‍ അഭ്യര്‍ത്ഥിച്ചു. കഥാപ്രസംഗ കലയുടെ നൂറാം വാര്‍ഷികം ആഘോഷവേളയില്‍ 100 കഥാപ്രസംഗങ്ങള്‍ അവതരിപ്പിക്കാനുള്ള ധനസഹായമായിരുന്നു ഡോ വസന്തകുമാര്‍ സാംബശിവന്റെ ആവശ്യം. മുണ്ടക്കല്‍ -പരവൂര്‍ തീരദേശ പ്രദേശത്തെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമായി കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന് ഫാദര്‍ റൊമന്‍സ് ആന്റണി അഭ്യര്‍ത്ഥിച്ചു. കൃഷിക്കാരില്‍ നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ വാങ്ങണമെന്ന് കര്‍ഷകതിലകം അവാര്‍ഡ് ജേതാവായ ബ്ലെയ്‌സി ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. യോഗത്തിൽ ക്ഷണിതാക്കൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുകയും അവയുടെ സാധ്യതകൾ വിശദമായി പരിശോധിക്കുകയും ചെയ്യും.