# ഗോവയില്‍ കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു; മുന്‍ മുഖ്യമന്ത്രിയടക്കം 8 എംഎല്‍എമാര്‍ ബിജെപിയിലേക്ക്

ഗോവയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ അടക്കം 8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും. കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വീകരിക്കുന്നതിനായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും നിയമസഭയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് ബിജെപിയില്‍ ലയിക്കുന്നതായി പ്രമേയം പാസാക്കിയതായാണ് റിപ്പോര്‍ട്ട്. മൂന്നില്‍ രണ്ടില്‍ എംഎല്‍എമാര്‍ കൂറുമാറുന്നതിനാല്‍ കൂറൂമാറ്റ നിരോധന നിയമം ഇവര്‍ക്ക് ബാധകമാകില്ല. 11 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് 8 പേര്‍ ബിജെപിയില്‍ ചേരുന്നതോടെ അംഗ സംഖ്യ 3 ആയി ചുരുങ്ങും. ഇതിനിടെയാണ് പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ടുള്ള കൂട്ട രാജി.

ദിഗംബര്‍ കാമത്ത്, മൈക്കല്‍ ലോബോ, ദെലിലാഹ് ലോബോ, രാജേഷ് ഫല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോന്‍കര്‍, അലെയ്ക്‌സോ സെക്വെയ്‌റാ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നീ എംഎഎല്‍മാരാണ് ബിജെപിയില്‍ ചേരുന്നത്

2007 മുതല്‍ 2012 വരെ ഗോവ മുഖ്യമന്ത്രിയായിരുന്ന നേതാവാണ് ദിഗംബര്‍ കാമത്ത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തില്‍ 6 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അയോഗ്യതാ ഭീഷണി ഉയര്‍ത്തി ഈ നീക്കം പൊളിച്ചു. 8 എംഎല്‍എമാരെ ഒപ്പം ചേര്‍ക്കാന്‍ സാധിച്ചതോടെ അയോഗ്യതാ ഭീഷണി ഒഴിവാക്കാന്‍ സാധിച്ചു. ഇതോടെയാണ് കൂറുമാറ്റത്തിന് കളമൊരുങ്ങിയത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തവെയാണ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടുള്ള ഗോവയിലെ കൊഴിഞ്ഞുപോക്ക്.